ദൈവീക തിരഞ്ഞെടുപ്പ്‌

നമ്മുടെ ദൈവം
June 2, 2016
മടങ്ങിച്ചെല്ലുക
June 4, 2016

ഏതു തൊഴിൽ പരസ്യങ്ങൾ ശ്രദ്ധിച്ചാലും ഉദ്ധ്യോഗാർത്ഥികൾക്ക്‌ ആവശ്യമായ മുൻ പരിചയവും പഠന നിലവാരവും കഴിവുകളും വ്യക്തമായി സൂചിപ്പിചിരിക്കുന്നത്‌ കാണാം. കമ്പനികളിൽ ലക്ഷ്യപൂർത്തീകരണത്തിനായി അധികൃതർ, തങ്ങളുടെ ജോലിക്കാരുടെ കഴിവിലും ബുദ്ധിയിലും അങ്ങേയറ്റം ആശ്രയിക്കുന്നു. എവിടെയും മുൻഗണന മികച്ചവർക്കാകയാൽ അപകടകരമായ ഒരു മത്സര ബുദ്ധി കുഞ്ഞുകുട്ടികളിൽ പോലും പ്രകടമാണ്‌. എന്നാൽ ദൈവവചനം ഇപ്രകാരം പറയുന്നു: "ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു [1 കൊരിന്ത്യർ 1:25]".

Spread the love

വായനാഭാഗം: 1 കൊരിന്ത്യർ 1:25-31

1:25 ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
1:26 സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.
1:27 ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.
1:28 ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;
1:29 ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ.
1:30 നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ  നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു.
1:31 “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

ചിന്താഭാഗം : 1 കൊരിന്ത്യർ 1:27 ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.

ഏതു തൊഴിൽ പരസ്യങ്ങൾ ശ്രദ്ധിച്ചാലും ഉദ്ധ്യോഗാർത്ഥികൾക്ക്‌ ആവശ്യമായ മുൻ പരിചയവും പഠന നിലവാരവും കഴിവുകളും വ്യക്തമായി സൂചിപ്പിചിരിക്കുന്നത്‌ കാണാം. കമ്പനികളിൽ ലക്ഷ്യപൂർത്തീകരണത്തിനായി അധികൃതർ, തങ്ങളുടെ ജോലിക്കാരുടെ കഴിവിലും ബുദ്ധിയിലും അങ്ങേയറ്റം ആശ്രയിക്കുന്നു. എവിടെയും മുൻഗണന മികച്ചവർക്കാകയാൽ അപകടകരമായ ഒരു മത്സര ബുദ്ധി കുഞ്ഞുകുട്ടികളിൽ പോലും പ്രകടമാണ്‌. എന്നാൽ ദൈവവചനം ഇപ്രകാരം പറയുന്നു: “ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു [1 കൊരിന്ത്യർ 1:25]”. ദൈവീക തിരഞ്ഞെടുപ്പുകൾ നാം ശ്രദ്ധിച്ചാൽ മനസിലാകുന്ന ഒരു വസ്തുത, ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ ഒരിക്കലും  ബലത്തിന്റെയൊ ബുദ്ധിയുടെയോ അടിസ്ഥാനത്തിലായിരുന്നില്ല എന്നതാണ്.

ന്യായാധിപന്മാരുടെ പുസ്തകത്തിൽ മിദ്യാന്യർക്ക്‌ എതിരെ ഉള്ള പടയെ തിരഞ്ഞെടുത്തത്‌ പ്രതിപാദിച്ചിരിക്കുന്നു. യിസ്രായേൽ സ്വന്തം കയ്യാൽ രക്ഷപെട്ടു എന്നു വമ്പ് പറയാതിരിക്കേണ്ടതിനു 10,000 ആളുകളിൽ നിന്നും നായ നക്കി കുടിക്കുന്നപോലെ കുടിച്ച  വെറും 300 പേരെ  യഹോവ തിരഞ്ഞെടുത്ത്‌  മിദ്യാന്യർക്കെതിരെ നിർത്തി ആ യുദ്ധം ജയിച്ചതായി വായിക്കുന്നു.

ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ .

പുറപ്പാടു പുസ്തകം വായിക്കുമ്പോൾ ഫറവോനു മുന്നിലേക്ക്‌ അയക്കുവാൻ തിരടുഞ്ഞെടുക്കപ്പെട്ട മോശെ തന്നെ പറ്റി യഹോവയോടു പറയുന്നത്, “ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല, വിക്കനും തടിച്ച നാവുള്ളവനും ആകുന്നു”. എന്നത്രെ! എന്നാൽ, യഹോവ അവനോടു: “മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;  ഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും” എന്നു അരുളിച്ചെയ്തതായി വായിക്കുന്നു. അതുപോലെ ,ദൈവ വചനം വായിക്കുമ്പോൾ എല്ലാവരും പുച്ഛത്തോടെ വീക്ഷിക്കുന്ന കഴുതയെ ദൈവീക പദ്ധതികൾക്കായി തിരഞെടുത്തതായി പരമർശ്ശിച്ചിരിക്കുന്നു. ദൈവത്തിന്റെ മുന്നിൽ ലോകപരമായ ജ്ഞാനവും ശക്തിയും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം അല്ല എന്നു ഇത്തരം സന്ദർഭങ്ങളിലൂടെ ദൈവ വചനം നമ്മെ ഓർമ്മപ്പെടുത്തുന്നു.

പ്രിയരെ, ആരെങ്കിലും നിങ്ങൾക്ക്‌ കഴിവില്ല, പഠിപ്പ്‌ ഇല്ല, വാക്ചാതുര്യം ഇല്ല, ദൈവ വേല ചെയ്യുവാൻ കഴിവില്ല എന്നൊക്കെ ചിന്തിച്ച്‌ ഒതുങ്ങി കൂടി ആയിരിക്കുന്നുവെങ്കിൽ ഇപ്പോൾ നിങ്ങളുടെ ചിന്താഗതികളെ മാറ്റുവാനുള്ള സമയം ആയിരിക്കുന്നു. ദൈവം നമ്മുടെ കഴിവുകളെ അല്ല അളക്കുന്നത്‌, പകരം നമ്മുടെ ഒരുക്കത്തെയും സമർപ്പണത്തെയും ആകുന്നു. വിശ്വാസത്തോടെ ഏൽപ്പിച്ചു കൊടുക്കുക, സ്വന്തവിവേകത്തിൽ ഊന്നരുത്‌, നമ്മളിലൂടെ ദൈവം വലിയവ പ്രവർത്തിക്കുന്നതു കാണുവാൻ ഇടയാകും. കർത്താവു നമ്മെ തിരഞെടുത്തിരിക്കുന്നതിനാൽ, അടിയനിതാ അടിയനെ അയക്കേണമെ എന്നു പറഞ്ഞ് ദൈവകരങ്ങളിൽ സമർപ്പിക്കാം. കർത്താവിന്റെ നാമം നമ്മിലൂടെ ഉയരുവാൻ ഇടയായിതീരട്ടെ.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.