വായനാഭാഗം:- രൂത്ത് 2:19-23
19 അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു അവൾ അമ്മാവിയമ്മയോടു അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാൻ ഇന്നു വേല ചെയ്തതു എന്നു പറഞ്ഞു.
20 നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.
21 എന്റെ ബാല്യക്കാർ കൊയ്ത്തെല്ലാം തീർക്കുവോളം അവരോടു ചേന്നിരിക്ക എന്നുകൂടെ അവൻ എന്നോടു പറഞ്ഞു എന്നു മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.
22 നൊവൊമി തന്റെ മരുമകളായ രൂത്തിനോടു: മകളേ, വെറൊരു വയലിൽവെച്ചു ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന്നു നീ അവന്റെ ബാല്യക്കാരത്തികളോടുകൂടെ തന്നേ പോകുന്നതു നന്നു എന്നു പറഞ്ഞു.
23 അങ്ങനെ അവൾ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാൻ ബോവസിന്റെ ബാല്യക്കാരത്തികളോടു ചേർന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാർക്കയും ചെയ്തു.
ചിന്താവാക്യം:- വാക്യം 20
“നൊവൊമി മരുമകളോടു: ജീവനുള്ളവരോടും മരിച്ചവരോടും ദയവിടാതിരിക്കുന്ന യഹോവയാൽ അവൻ അനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. അയാൾ നമുക്കു അടുത്ത ചാർച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു”.
ഭര്‍ത്താവും, രണ്ട് പുത്രന്മാരും നഷ്ടപ്പെട്ട വിധവയായ നൊവൊമിയെയും, അവളുടെ മരുമകളായ രൂത്തിനെയും ഉള്‍പ്പെടുത്തിയുള്ള ചരിത്രമാണ് രൂത്തിന്റെ പുസ്തകം. 4 അദ്ധ്യായങ്ങള്‍ മാത്രമുള്ള ഈ പുസ്തകം വലിയൊരു ചിന്ത നമുക്ക് പകര്‍ന്നു തരുന്നു. രണ്ടാമത്തെ അദ്ധ്യായത്തിലേക്ക് കടക്കുമ്പോള്‍, നൊവൊമിയുടെ ഭര്‍ത്താവായ എലീമേ ലെക്കിന്റെ കുടുംബത്തിലെ ചാര്‍ച്ചക്കാരനായ ബോവസും ചിന്താവിഷയം കൈകാര്യം ചെയ്യുന്നു. എലീമേ ലെക്കിന്റെയും, നൊവൊമിയുടെയും മരുമകളായ രൂത്തിന്റെ ജീവിതത്തിലേക്ക് ഒരു വലിയ വീണ്ടെടുപ്പിന്റെ ദൌത്യവുമായി ബോവസ് കടന്നു വരുന്നു.
നമ്മുടെ വായനാഭാഗത്തില്‍ അമ്മായിയമ്മയോട് വിശ്വസ്തത കാണിച്ച് കൂടെ നിന്ന രൂത്തിനെ സംരക്ഷിക്കുന്ന ബോവസിനെ കാണുവാന്‍ സാധിക്കും. നന്നേ ചെറുപ്പത്തില്‍ വിധവയായ രൂത്ത്, വേലയ്ക്കായി ബോവസിന്റെ വയലിലേക്കാണ് കടന്നു ചെന്നത്. അവളുടെ പ്രായം കണക്കിലെടുത്താല്‍ ഒത്തിരി പ്രതികൂല സാഹചര്യങ്ങളാണ് ആ വേല സ്ഥലത്ത് കാത്തിരിക്കുന്നത്. എന്നാല്‍ അതിലൊന്നും പെടുത്താതെ വളരെ വലിയ ഒരു സംരക്ഷണമാണ് ബോവസ് കൊടുക്കുന്നത്. അതു മുഖാന്തിരം അമ്മായിയമ്മയുടെ ജീവിതത്തിലേക്കും സന്തോഷം കടന്നു വരുന്നു.
“വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ”. (1 പത്രോസ് 1:18,19)
രൂത്തിന് ബോവസ് എന്നപോലെ, രക്ഷിക്കപ്പെട്ട ഓരോ വ്യക്തിയ്ക്കും ഒരു വീണ്ടെടുപ്പുകാരന് ഉണ്ട്. അവനാണ് യേശുക്രിസ്തു എന്ന നിര്‍ദോഷവും, നിഷ്ക്കളങ്കവുമായ ദൈവകുഞ്ഞാട്. എലീമേലെക്കിന്റെ കുടുംബത്തിലെ ചാര്ച്ചക്കാരന് എന്ന നിലയിലാണ് ബോവസ് രൂത്തിനെ വീണ്ടെടുത്ത് സംരക്ഷിച്ചത്. എന്നാല്‍, യേശുക്രിസ്തു നമ്മെ ഓരോരുത്തരെയും വീണ്ടെടുത്തത് സ്വന്തം ശരീരത്തിലെ രക്തം ക്രൂശില്‍ ചീന്തിയാണ്. നാം ഏല്‍ക്കേണ്ടതായ മരണശിക്ഷ, പാപികളായ നമ്മുടെ വീണ്ടെടുപ്പിന് വേണ്ടി യേശു ഏറ്റെടുത്തു.
രൂത്ത് തന്റെ അമ്മായിയമ്മയായ നൊവോമിയോട് വിശ്വസ്തത കാണിച്ച് കൂടെ നിന്നതു പോലെ, നാമും നമ്മുടെ പിതാവായ ദൈവത്തോട് വിശ്വസ്തത കാണിക്കണം. ആ വിശ്വസ്തതയുടെ പ്രതിഫലനമാണ് തന്റെ പുത്രനായ യേശുക്രിസ്തുവിനെ നമുക്ക് വേണ്ടി യാഗമായി അര്‍പ്പിച്ചതിലൂടെ തെളിയിക്കപ്പെട്ടത്. ക്രിസ്തുവിന്റെ ദൌത്യ നിര്‍വഹണത്തിനു ശേഷം, പിതാവായ ദൈവം പരിശുദ്ധാത്മാവിനെ നമുക്കു വേണ്ടി നിയോഗിച്ചു. അതിനാല്‍, ദൈവത്തിന്റെ സംരക്ഷണം ഒരു ദൈവപൈതലിന് ഒരു നാളും നഷ്ടമാവുകയില്ല എന്ന് നാം മനസ്സിലാക്കിയിരിക്കണം.
ഇത് വായിക്കുന്ന താങ്കളും ഒരു കരുതലും, സംരക്ഷണവും ആഗ്രഹിക്കുന്ന വ്യക്തിയായിരിക്കാം. താങ്കള്‍ക്കു വേണ്ടി കൂടിയാണ് യേശുക്രിസ്തു എന്ന ദൈവകുഞ്ഞാട് യാഗമായി തീര്‍ന്നത്. അതിനാല്‍, ആ വീണ്ടെടുപ്പു വില താങ്കളും തീര്‍ച്ചയായും പ്രാപിക്കണം. അതിലേക്കായി താങ്കളുടെ ഒരു ചുവടുവെയ്പ്പിനായി പിതാവായ ദൈവം കാത്തിരിക്കുന്നു. ആ നിര്‍ദോഷവും, നിഷ്കളങ്കവുമായ വീണ്ടെടുപ്പുകാരനായ ക്രിസ്തുയേശുവിനെ ഹൃദയത്തിലേക്ക് ഏറ്റെടുക്കാം എന്ന ഒരു തീരുമാനമെടുക്കാം. അതിനായി ദൈവം സഹായിക്കട്ടെ. ആമേന്‍.
ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.