സഹിഷ്ണുത എന്ന ഭാഗ്യപദവി

അനാഥരെ സ്നേഹിക്കുന്ന ദൈവം; നമ്മെയും….
August 11, 2016
ഭാവന കൊള്ളാം എന്നാല്‍ ഭാവിച്ചുയരരുത്!
June 1, 2017

മനുഷ്യ സമൂഹത്തിന്, പ്രത്യേകിച്ച് ഈ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ ഒട്ടും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു വാക്കാണ്‌ 'ക്ഷമ' എന്നുള്ളത്. ഇന്ന് ആര്‍ക്കും, ഒന്നിനും ക്ഷമയില്ല. മറ്റുള്ളവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കുവാന്‍ പോലും ക്ഷമയില്ല. ഇന്നത്തെ തലമുറ നേട്ടങ്ങള്‍ കൈ എത്തി പിടിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയ്ക്ക് ഒന്ന് ക്ഷമയോടെ നില്‍ക്കുവാന്‍ അവന് സമയമില്ല.

Spread the love

വായനാഭാഗം:- യാക്കോബ് 5:7-11

7 എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
8 നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്‌ക്കുന്നു.
10 സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
11 സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.

ചിന്താവാക്യം:- വാക്യം 11
“സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ”.

മനുഷ്യ സമൂഹത്തിന്, പ്രത്യേകിച്ച് ഈ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ ഒട്ടും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു വാക്കാണ്‌ ‘ക്ഷമ’ എന്നുള്ളത്. ഇന്ന് ആര്‍ക്കും, ഒന്നിനും ക്ഷമയില്ല. മറ്റുള്ളവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കുവാന്‍ പോലും ക്ഷമയില്ല. ഇന്നത്തെ തലമുറ നേട്ടങ്ങള്‍ കൈ എത്തി പിടിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയ്ക്ക് ഒന്ന് ക്ഷമയോടെ നില്‍ക്കുവാന്‍ അവന് സമയമില്ല.

എന്നാല്‍, ഈ മനുഷ്യന്‍ തന്നെ ശാരീരിക പരിശോധനയ്ക്ക് വേണ്ടി ഒരു വിദഗ്ധ വൈദ്യനെ കാണുവാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കുന്നു. വിദേശ യാത്രയുടെ വിസയുടെയും, മറ്റു ആവശ്യങ്ങള്‍ക്കും വേണ്ടി എംബസ്സികളില്‍ കുത്തിയിരിക്കുന്നു. എന്തിനേറെ പറയുന്നു; സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപറ്റാനും, വിദേശ മദ്യം കരസ്ഥമാക്കാനും മഴയും, വെയിലും അവഗണിച്ച് വരിവരിയായി നില്‍ക്കുന്നു. അപ്പോള്‍, സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉടലെടുക്കുന്ന ഒരു വസ്തുതയാണ് ക്ഷമയെന്നുള്ളത്. ക്ഷമയുടെ ദൈര്‍ഘ്യമനുസരിച്ച് അതിനെ ‘ദീര്‍ഘക്ഷമ’ എന്നും പറയുന്നു.

യാക്കോബ് നമ്മുടെ വായനാഭാഗത്തിലൂടെ കൃഷിക്കാരനെയും, പ്രവാചകന്മാരെയും ദീര്‍ഘക്ഷമയ്ക്ക് ഉദാഹരണമായി ചൂണ്ടി കാട്ടുന്നു. കൃഷിക്കാരന്‍ താന്‍ വിതച്ച വിത്തിന്‍റെ ഫലത്തിനായി നിരവധി ആഴ്ചകള്‍ ദീര്‍ഘക്ഷമയോടെ കാത്തിരിക്കേണ്ടതായി വരുന്നു. കാരണം, അവന്‍ തന്‍റെ ഫലത്തിനെ വിലയേറിയതായി കണക്കാക്കുന്നു.

ദൈവനാമ മഹത്വത്തിനു വേണ്ടി അനവധി കഷ്ടതകളിലും, പ്രയാസങ്ങളിലും ക്ഷമയോടെ പിടിച്ചു നിന്നവരാണ് പ്രവാചകന്മാര്‍. എങ്കിലും അവരാരും തങ്ങളുടെ വിശ്വാസം തള്ളി കളയുവാന്‍ ഇടയായില്ല. ഇവിടെയാണ്‌ ക്ഷമയോട് കൂടിയുള്ള സഹിഷ്ണുത വെളിപ്പെട്ടു വരുന്നത്. സാഹചര്യങ്ങളോ, അവസ്ഥകളോ മോശമാകുമ്പോള്‍ ക്ഷമയോടെ നില്‍ക്കുമ്പോള്‍ അതിനെ സഹിഷ്ണുത എന്ന് പറയുന്നു. അപ്പോള്‍; കൃഷിക്കാരനെയും, പ്രവാചകന്മാരെയും അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി ജീവിതത്തില്‍ പകര്‍ത്താന്‍ യാക്കോബ് ഇവിടെ ആഹ്വാനം ചെയ്യുന്നു.

നമ്മുടെ ചിന്താവാക്യത്തില്‍ സഹിഷ്ണുതയുടെ നിറകുടമെന്ന് വേണമെങ്കില്‍ പറയാവുന്ന ഇയ്യോബിനെ കാണുവാന്‍ സാധിക്കുന്നു. വേദപുസ്തക ചരിത്രത്തില്‍ ഇത്രത്തോളം കഷ്ടതയും, പരിശോധനയും അനുഭവിച്ച മനുഷ്യന്‍ വേറെയില്ല. സാത്താനും, ദൈവവും തമ്മിലുള്ള സംഭാഷണത്തെപ്പറ്റി ഒരു വിവരവും അറിയാതിരുന്നിട്ടും ഇയ്യോബ് ആ പരീക്ഷയില്‍ സുഗമമായി വിജയിച്ചു.

ഇയ്യോബിന്‍റെ പുസ്തകത്തില്‍ ആദ്യത്തെ 3 അദ്ധ്യായങ്ങളില്‍ അവന്‍റെ കഷ്ടതകള്‍ കാണുവാന്‍ സാധിക്കും. 4 മുതല്‍ 31 വരെയുള്ള അദ്ധ്യായങ്ങളില്‍ തന്‍റെ സ്നേഹിതന്മാരുമായി നടത്തുന്ന വാദപ്രതിവാദങ്ങള്‍ കാണാം. 38 മുതല്‍ 42 വരെയുള്ള അദ്ധ്യായങ്ങളില്‍ ഇയ്യോബിന്‍റെ വിടുതല്‍ കാണാം. മഹാകരുണയും, മനസ്സലിവുമുള്ളവനായ ദൈവം തനിക്ക് മുന്‍പുണ്ടായിരുന്നതൊക്കെയും ഇരട്ടിയായി മടക്കി കൊടുക്കുന്നു. സഹിഷ്ണുത കാണിച്ചവരെ ഭാഗ്യവാന്മാരായും യാക്കോബ് ചിന്താവാക്യത്തില്‍ പറയുന്നു.

അപ്പോള്‍, ഒരു വിശ്വാസിയുടെ ജീവിതത്തില്‍ കഷ്ടങ്ങളും, ശോധനകളുമെല്ലാം സ്വാഭാവികമാണ്. അത് അവനെ തകര്‍ത്തെറിയുവാനല്ല, മറിച്ച് പണിതെടുക്കുവാന്‍ വേണ്ടിയാണ്. ആ പ്രതിസന്ധി ഘട്ടങ്ങളില്‍ ദീര്‍ഘക്ഷമയോടെയും, സഹിഷ്ണുതയോടെയും പിടിച്ചു നില്‍ക്കുന്നവന്‍ വിജയം നേടുക തന്നെ ചെയ്യും. അതിനാല്‍, ഇയ്യോബിന്‍റെ ജീവിതം ഒരു മാതൃകയാക്കി കൊണ്ട് നമുക്കും തീരുമാനമെടുക്കാം.

“ദൈവമേ; ഈ നശ്വര ജീവിതത്തില്‍ ഉടലെടുക്കുന്ന പ്രതികൂല സാഹചര്യങ്ങളില്‍ ക്ഷമയോടും, സഹിഷ്ണുതയോടും കൂടി പിടിച്ചു നിന്ന് ദൈവനാമം ഉയര്‍ത്തുവാന്‍ സഹായിക്കണമേ”. ആമേന്‍.

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.

Comments are closed.