എന്റെ രക്ഷയായ കോട്ട

നിര്‍ജ്ജീവ വിശ്വാസം
July 22, 2016
താങ്ങും കരങ്ങള്‍
July 24, 2016

" ഭയപ്പെടരുത് " എന്ന് ദൈവ വചനത്തിൽ പലപ്രാവശ്യം എഴുതിയിരിക്കുന്നു. അതിന്റെ കാരണം നാം ഭയപ്പെടുകയും, ഭയം നമ്മെ നശിപ്പിച്ച് കളഞ്ഞേക്കാം എന്നതുമാണ് . ഒരിക്കൽ നാം ഇരുളിൽ ആയിരുന്നു, എന്നാൽ ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടശേഷം നാം വെളിച്ചത്തിൽ ജീവിക്കുന്നവരും അവന്റെ രക്തത്താൽ അവന്റെ ജനമായി മുദ്രയിൽപെട്ടവരുമാണ്. നമ്മുടെ ഭൗതീക ശരീരത്തെയും നമുക്ക് വേണ്ടപെട്ടവയെയും പിശാച് നശിപ്പിച്ചെക്കാം എന്ന ഭയമാണ് നമ്മിൽ ഭരിക്കുന്നത് എങ്കിൽ ആത്മീയമായി ഉയരുവാനോ, ആത്മാക്കളെ നേടുവാനോ കഴിയുകയില്ല. പകരം ഇന്ന് കാണുന്ന പോലെ ഭൗതീക വിടുതലിനും അനുഗ്രഹത്തിനുമായി ഓരോ പ്രവാചന്മാരുടെയും പിന്നാലെ ഓടേണ്ടിവരുന്നു. നാം ദൈവത്തോട് പറ്റിയിരിക്കുന്നുവെന്നും അവന്റെ സൈന്യം നമുക്ക് ചുറ്റും കാവൽ ഉണ്ടെന്നും ഉള്ള വിശ്വാസവും ദർശനവും പ്രാപിക്കുന്നുവെങ്കിൽ മാത്രമേ സത്യത്തിനു വേണ്ടി ചേതം വന്നാലും മാറാതെ നിൽക്കുവാനും, മായമില്ലാതെ സത്യം ലോകത്തെ അറിയിക്കുവാനും കഴിയുകയുള്ളു.

Spread the love

വായനാ ഭാഗം: സങ്കീർത്തനങ്ങൾ 91:1-10

91:1 അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ
91:2 യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
91:3 അവൻ നിന്നെ വേട്ടക്കാരന്റെ കണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.
91:4 തന്റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
91:5 രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും
91:6 ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
91:7 നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
91:8 നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
91:9 യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
91:10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.

ചിന്താഭാഗം: അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ, യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.

നാം സാധാരണമായി വീടുകളും പറമ്പുകളും വേലി കെട്ടി തിരിക്കാറുണ്ട്. അതിന്റെ പ്രധാന ഉദ്ദേശം ആ പറമ്പിന്റെ അതിരുകൾ തിരിച്ച് അതിന്റെ ഉടമസ്ഥാവകാശം ഉറപ്പ് വരുത്തുക എന്നതാണ്. അതേ പോലെ തന്നെ ഈ വേലികൾ കൂടുതൽ ബലവത്താക്കി വലിയ മതിലുകളാക്കി വീടിനും മറ്റും സുരക്ഷ ഉറപ്പ് വരുത്തുന്നു. ഒരു സ്ഥലം മതിലോ വേലിയോ കെട്ടി തിരിച്ചിരിക്കയാണെങ്കിൽ പുറത്ത് നിന്ന് ആരും അതിൽ കയറുകയോ അതിൽ നിന്നും എന്തെങ്കിലും വസ്തുവകകൾ കൈവശപെടുത്തുകയോ ചെയ്യുകയില്ല. എങ്കിലും ഇത്തരം മതിലുകളും വേലികളും അതിക്രമിച്ച് കടക്കുന്നവരും ഉണ്ട്, അവരെ മോഷ്ടാക്കൾ എന്ന് വിളിക്കുന്നു.

ഈയ്യോബിന്റെ പുസ്തകത്തിൽ ഇപ്രകാരം വായിക്കുന്നു, “നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു” (ഇയ്യോബ് 1:10 ). ഭൂമിയിൽ ഊടാടി സഞ്ചരിച്ച് വന്ന പിശാച് ഈയ്യോബിനെ പറ്റി ദൈവത്തോട് പറയുന്നവാക്കുകൾ ആണിത്. പിശാചിന് അകത്ത് കടക്കാൻ കഴിയത്തതായും ഒന്നിലും തൊടുവാൻ കഴിയാത്തതുമായ വിധത്തിൽ ദൈവം വേലി കെട്ടി സൂക്ഷിച്ചിരുന്നു എന്നാണതിൽ നിന്നും മനസിലാക്കേണ്ടത്. ഈയ്യോബിനെ തകർത്ത് കളയുവാൻ പിശാച് അവനെ നോട്ടം ഇട്ടിരുന്നു, എങ്കിലും ദൈവത്തിന്റെ അനുവാദം ലഭിക്കുന്നത് വരെ പിശാചിന് അവനെയോ അവനുള്ളതിനേയോ തൊടുവാൻ കഴിഞ്ഞില്ല.

ഇവിടെ വായനാഭാഗത്തിൽ ഇപ്രകാരം വായിക്കുന്നു,”അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.” സങ്കീർത്തനകാരന് താൻ ദൈവത്തിന്റെ സംരക്ഷണയിലാണെന്ന പൂർണ ബോധ്യം ഉണ്ടായിരുന്നു. ഒരു വ്യക്തി ദൈവത്തോട് ചേർന്ന് നടക്കുമ്പോൾ അവനെയും അവനുള്ളതിനേയും ദൈവം വേലി കെട്ടി സൂക്ഷിച്ചിരിക്കുക്കുന്നു. അതുകൊണ്ട് പിന്നെ അയാൾ സ്വന്തം  സുരക്ഷയെ പറ്റി ആവലാതിപ്പെടുന്നതിനു പകരം   ദൈവത്തോട് ചേർന്നിരിക്കുന്നുവോ എന്നുള്ളതാണ് പ്രധാനമായും ഉറപ്പു വരുത്തേണ്ടത്.

ഇന്നത്തെ ആത്മീയ സമൂഹത്തെ നോക്കിയാൽ ജനത്തെ ഭയപ്പെടുത്തി സഭയിലെ തല എണ്ണം കൂട്ടുന്ന പ്രവണത കാണുന്നു . “സാത്താൻ ബന്ധിച്ചിരിക്കുന്നു, തലമുറയോട് പോരാടുന്നു, വാദ് കെട്ടുന്നു, ശത്രു പോര് വിളിക്കുന്നു , കൂടോത്രം ചെയ്തിരിക്കുന്നു, ഞങ്ങളുടെ അടുത്ത് വരിക സൗഖ്യവും വിടുതലും തരാം ” എന്നിങ്ങനെ പഠിപ്പിക്കുന്നവരുടെ  പിന്നാലെ ജനം ഒഴുകുന്നത് കാണുന്നു. എന്നാൽ യേശുക്രിസ്തു എന്താണ് പഠിപ്പിച്ചിരിക്കുന്നത്? മത്തായി 28:18 – 20ൽ ഇപ്രകാരം വായിക്കുന്നു , യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.  ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും , ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു. രക്ഷിക്കപെട്ടു വീണ്ടെടുപ്പ് പ്രാപിച്ച നാം ദൈവത്തിന്റെ മക്കളും ശിഷ്യരുമെങ്കിൽ, നമ്മോട് കൂടെ ദൈവ സാന്നിധ്യവും ഉണ്ടായിരിക്കുന്നു. അങ്ങനെ എങ്കിൽ പിശാചിന് നമ്മെ തൊടുവാൻ കഴിയുകയില്ല. പിന്നെ എന്തിനാണ് പിശാചിന്റെ പ്രവർത്തനങ്ങളെ നാം ഭയക്കുന്നത്? യഹോവ നമ്മോട് കൂടെ ഉള്ളപ്പോൾ നാം പിശാചിനെ ഭയക്കുന്നവരായിട്ടല്ല , പിശാചിന്റെ മേൽ ജയം പ്രാപിച്ചവരും, ആ വിജയം മറ്റുള്ളവരോട് അറിയിക്കുന്നവരും ആയിരിക്കണം . അതാണ് ദൈവം നമ്മെ പറ്റി ആഗ്രഹിക്കുന്നത്.

“ഭയപ്പെടരുത്” എന്ന് ദൈവ വചനത്തിൽ പലപ്രാവശ്യം എഴുതിയിരിക്കുന്നു. അതിന്റെ കാരണം നാം ഭയപ്പെടുകയും, ഭയം നമ്മെ നശിപ്പിച്ച് കളഞ്ഞേക്കാം എന്നതുമാണ് . ഒരിക്കൽ നാം ഇരുളിൽ ആയിരുന്നു, എന്നാൽ ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ടശേഷം നാം വെളിച്ചത്തിൽ ജീവിക്കുന്നവരും അവന്റെ രക്തത്താൽ അവന്റെ ജനമായി മുദ്രയിൽപെട്ടവരുമാണ്. നമ്മുടെ ഭൗതീക ശരീരത്തെയും നമുക്ക് വേണ്ടപെട്ടവയെയും പിശാച് നശിപ്പിച്ചെക്കാം എന്ന ഭയമാണ് നമ്മിൽ ഭരിക്കുന്നത് എങ്കിൽ ആത്മീയമായി ഉയരുവാനോ, ആത്മാക്കളെ നേടുവാനോ കഴിയുകയില്ല. പകരം ഇന്ന് കാണുന്ന പോലെ ഭൗതീക വിടുതലിനും അനുഗ്രഹത്തിനുമായി ഓരോ  പ്രവാചന്മാരുടെയും പിന്നാലെ ഓടേണ്ടിവരുന്നു. നാം ദൈവത്തോട് പറ്റിയിരിക്കുന്നുവെന്നും അവന്റെ സൈന്യം നമുക്ക് ചുറ്റും കാവൽ ഉണ്ടെന്നും ഉള്ള വിശ്വാസവും ദർശനവും പ്രാപിക്കുന്നുവെങ്കിൽ മാത്രമേ സത്യത്തിനു വേണ്ടി ചേതം വന്നാലും മാറാതെ നിൽക്കുവാനും, മായമില്ലാതെ സത്യം ലോകത്തെ അറിയിക്കുവാനും കഴിയുകയുള്ളു.

പ്രിയ ദൈവ ജനമേ , നമ്മുടെ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തളർന്നു പോകാതെ കർത്താവിനെ കൂടുതലായി ആശ്രയിക്കുക. അവൻ നമ്മെ നശിച്ചു പോകുവാൻ തക്കവണ്ണം പരീക്ഷയിൽ ഏൽപ്പിക്കുന്ന ദൈവമല്ല. ഒരു തള്ള കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകടിയിൽ കരുതുന്നത് പോലെ അവൻ നമ്മെയും പരിപാലിക്കുന്നു. എന്നാൽ ആ ചിറകിൻ മറവിൽ ആയിരിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം.

അതുകൊണ്ട് സങ്കീർത്തനക്കാരനോട് ചേർന്ന് നമുക്കും പറയാം,

യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും”( സങ്കീർത്തനങ്ങൾ 27:1-3)

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.