ആത്മീയവളർച്ചയുടെ തടസ്സങ്ങൾ

സാത്താൻ നമ്മിൽ നിന്ന് മോഷ്ടിക്കുന്നത് എന്ത്?
June 13, 2016
യജമാനന്റെ ഉപയോഗത്തിനു കൊള്ളാവുന്ന പാത്രങ്ങളാകുക
June 15, 2016

പ്രിയദൈവജനമേ, ഇപ്പോൾ ജനിച്ച ശിശുക്കളെ പോലെ പാൽ മാത്രം കുടിക്കുന്നവരായിരിപ്പാൻ അല്ല ദൈവം നമ്മെ പറ്റി ആഗ്രഹിക്കുന്നത്. വചനത്തിന്റെ മർമങ്ങൾ മനസിലാക്കുവാൻ കഴിയുന്നവരായി നാം ആത്മീയ വളർച്ച പ്രാപിക്കേണം. കൃപാവരങ്ങൾ നിറഞ്ഞവരായി ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിച്ച് ക്രിസ്തുവെന്ന തലയോളം വളരുവാൻ ആഗ്രഹിക്കാം. നാം വിശ്വാസത്തിൽ സ്ഥിരതയുള്ളവരും വച്ചിരിക്കുന്ന വിശ്വാസം മുറുകെ പിടിക്കുന്നവരും ആയിരിക്കട്ടെ . ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ നോട്ടം ക്രിസ്തുവിൽ തന്നെ വച്ച്കൊണ്ട് മുന്നോട്ട് പോകുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കാം.

Spread the love

വായനാഭാഗം: എബ്രായർ 5:11-14

5:11 ഇതിനെക്കുറിച്ചു ഞങ്ങൾക്കു വളരെ പറവാനുണ്ടു; എങ്കിലും നിങ്ങൾ കേൾപ്പാൻ മാന്ദ്യമുള്ളവരായി തീർന്നതുകൊണ്ടു തെളിയിച്ചുതരുവാൻ വിഷമം.
5:12 കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
5:13 പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ.
5:14 കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.
ചിന്താഭാഗം: 5:12 കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു
ഒരു കുഞ്ഞ് ജനിച്ച ശേഷം ഓരോ നിമിഷവും അവൻ വളർന്നു കൊണ്ടിരിക്കുന്നു. ശാരീരികമായും , മാനസീകമായും ബുദ്ധിപരവുമായുള്ള വളർച്ച അവൻ ജീവിക്കുന്ന സാഹചര്യങ്ങളേയും, ലഭിക്കുന്ന ആഹാരത്തേയും, വിദ്യാഭ്യാസത്തെയും അനുസരിച്ച് ഓരോ കുഞ്ഞുങ്ങളിലും വ്യത്യസ്ഥമായിരിക്കുന്നു . കുഞ്ഞ് വളരുന്നില്ലായെങ്കിൽ അതിന് വളർച്ചയ്ക്ക് തകരാറുള്ളതായി കണക്കാക്കുന്നു. ഒരു ആത്മീയ ശിശുവും അതുപോലെ തന്നെയാണ്. പുതുതായി ജനിച്ച വ്യക്തി ക്രിസ്തുവിൽ അനുദിനം വളരേണ്ടിയിരിക്കുന്നു. ഈ വളർച്ച മുരടിച്ച് പോകുന്ന പല കാരണങ്ങളും ജീവിതത്തിൽ ഉണ്ടായേക്കാം. അതിനെ അതിജീവിക്കുന്നുവെങ്കിൽ മാത്രമേ ഒരു വിശ്വാസിക്ക് ക്രിസ്തു എന്ന തലയോളം വളരാൻ കഴിയുകയുള്ളൂ
 
 വായനാഭാഗത്തിൽ എബ്രായ വിശ്വാസികളുടെ ആത്മീയ വളർച്ചയെ പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു ;കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു. എന്ത് കൊണ്ട്  വിശ്വാസികൾക്ക് ആത്മീയത്തിൽ വളരാൻ കഴിയാതെ പോകുന്നു ? നമ്മെ തന്നെ ഒന്ന് സ്വയം ശോധന ചെയ്തു നോക്കാം. രക്ഷിക്കപെട്ട കാലം മുതൽ ഇപ്പോൾ വരെയുള്ള വളർച്ച പരിശോധിച്ചാൽ നാം ഏത് നിലവാരത്തിൽ ആണ് ആയിരിക്കുന്നത് ? ഏത് ഘട്ടത്തിലാണ് വളർച്ച മുരടിച്ച് പോയത് ? ആത്മാർഥമായി ഒരു സ്വയവിമർശനം നടത്തിയാൽ നാം പ്രായത്തെക്കാൾ വളർച്ചയിൽ വളരെ പുറകിലായതായി മനസിലാക്കാം .എന്നാൽ നമ്മുടെ ആത്മീയ വളർച്ചയെ മുരടിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ് ?
ലൗകിക ചിന്തകൾ: ഒരു പക്ഷെ ആത്മീയ വളർച്ചയുടെ ഏറ്റവും വലിയ തടസം ലോകപരമായ ചിന്തകൾ ആയിരിക്കും. ദൈവത്തെ പിൻപറ്റണമെന്ന ആഗ്രഹം മനസ്സിൽ ഉണ്ടെങ്കിലും ലോകത്തിന്റെ മോഹങ്ങളും ഇമ്പങ്ങളും പുറകോട്ട് വലിയ്ക്കുന്നു. ലോകത്തോടുള്ള സ്നേഹം ദൈവം ഇഷ്ടപെടുന്നില്ല. മനുഷ്യന്റെ ഈ സ്വഭാവം വ്യക്തമാക്കികൊണ്ട് ഉപമകളിലൂടെ തന്റെ ശിഷ്യന്മാരെ യേശു ഉപദേശിച്ചത് സുവിശേഷങ്ങളിൽ വായിക്കുന്നു: ആർക്കും ഒരേ സമയം രണ്ട് യജമാന്മാരെ സേവിക്കാൻ കഴികയില്ല. ദൈവത്തേയും ലോകത്തെയും ഒരേ സമയം സ്നേഹിക്കുവാനും സേവിക്കുവാനും ആർക്കും കഴിയുകയില്ല. ധനവാൻ സ്വർഗരാജ്യത്തിൽ കടക്കുന്നതിനേക്കാൾ ഒട്ടകം സൂചികുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് എഴുതിയിരിക്കുന്നത്, ധനമോഹം സ്വർഗ്ഗരാജ്യത്തിൽ എത്തിക്കുകയില്ല എന്ന അർത്ഥതിലാണ്. ആത്മീയമായി വളരുവാൻ ആഗ്രഹിക്കുന്ന വ്യക്തിയ്ക്ക് ലോകചിന്തകൾക്ക് മേൽ വിജയം നേടുവാൻ കഴിയണം.
പതറിപോകുന്ന മനസ്: എടുത്തിരിക്കുന്ന തീരുമാനത്തിൽ ഉറച്ച് നില്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒരിയ്ക്കലും വിജയത്തിൽ എത്തി ചേരുവാൻ കഴിയുകയില്ല. അസ്ഥിരമായ മനസ് ഏകാഗ്രത നശിപ്പിക്കുന്നു. എകാഗ്ര ഹൃദയത്തോടെ ദൈവസന്നിധിയിൽ ഇരിക്കുന്നുവെങ്കിൽ മാത്രമേ ദൈവത്തിൽ നിന്നും ആലോചനകൾ പ്രാപിക്കുവാനും വചനം പഠിക്കുവാനും കഴിയുകയുള്ളൂ. ദൈവത്തിലേയ്ക്ക് നോക്കുന്ന നോട്ടം പ്രശ്നങ്ങളീലേയ്ക്ക് തിരിയുമ്പോൾ നേരെ നില്കുവാൻ കഴിയാതെ മുങ്ങിപോയേക്കാം. അതുകൊണ്ട് തന്നെ പതറാത്ത മനസുമായി ഉറച്ച വിശ്വാസത്തോടെ വച്ചിരിക്കുന്ന ഓട്ടം മുന്നോട്ട് ഓടേണ്ടത് വിശ്വാസിയ്ക്ക് അത്യാവശ്യമായ സ്വഭാവമാണ്.
അലംഭാവം: ആത്മീയ വളർച്ചയെ ഏറ്റവും കൂടുതൽ മുരടിപ്പിച്ച് കളയുന്ന ഒന്നാണ് നമ്മുടെ അലംഭാവമുള്ള മനോഭാവം. പുറമേ ആളുകളെ ബോധ്യപെടുത്താനുള്ള അഭിനയങ്ങൾ നടത്തിയാലും ദൈവസന്നിധിയിൽ അലംഭവത്തോടും വിധേയത്വമില്ലാത്ത മനസ്സോടും കൂടെ ആയിരുന്നാൽ ആത്മീയ വളർച്ച സാധ്യമല്ല. എന്ന് മാത്രമല്ല നിർജീവ അവസ്ഥയിൽ ആയിത്തീരുകയും ചെയ്യും. “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു”(മത്തായി 15:8) എന്ന് വചനത്തിൽ വായിക്കുന്നു. ദൈവം ഹൃദയങ്ങളെ തൂക്കി നോക്കുന്നവനാണ്. ഉദാസീനമായി ദൈവവേല ചെയ്യുന്നതിൽ ദൈവം പ്രസാദിക്കുകയില്ല.
അജ്ഞത: ആത്മീയ വളർച്ചയെ തടുക്കുന്ന മറ്റൊരു ഘടകമാണ് ദൈവവചനത്തെ കുറിച്ചുള്ള അറിവില്ലായ്മ. ഇന്നത്തെ ക്രിസ്തീയ ലോകത്തിൽ വളരെ വ്യക്തമായി അനുഭവപെടുന്ന ഒന്നാണ് ഈഅജ്ഞത. രോഗ സൌഖ്യം ലഭിക്കുകയോ അത്ഭുതം കാണുകയോ ചെയ്‌താൽ ഉടൻ കർത്താവിനെ രക്ഷിതാവായി സ്വീകരിക്കുന്നു. ധൃതിയിൽ സ്നാനവും ചെയ്തു സഭയോട് ചേരുന്നു. എന്നാൽ അതിനു ശേഷം ആവശ്യമായ രീതിയിൽ ദൈവ വചനം പഠിക്കുന്നതിനു വിശ്വാസികളും പഠിപ്പിക്കുന്നതിന് ദൈവ ദാസന്മാരും പരാജയപെടുന്നു. ജനിച്ച അതേ അവസ്ഥയിൽ യാതൊരു വളർച്ചയും ഇല്ലാത്ത ശിശുക്കളെ കൊണ്ട് സഭകൾ നിറഞ്ഞിരിക്കുന്നു.
 എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ,  കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. (2 പത്രൊസ് 3:17-18) എന്ന് പത്രോസ് അപ്പോസ്തൊലൻ സഭയെ ഓർമിപ്പിക്കുന്നു.  ആത്മീയ വളർച്ചയുടെ ആദ്യപടി പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കുന്ന എന്നതാണ്.  പ്രിയദൈവജനമേ, ഇപ്പോൾ ജനിച്ച ശിശുക്കളെ പോലെ പാൽ മാത്രം കുടിക്കുന്നവരായിരിപ്പാൻ അല്ല ദൈവം നമ്മെ പറ്റി ആഗ്രഹിക്കുന്നത്. വചനത്തിന്റെ മർമങ്ങൾ മനസിലാക്കുവാൻ കഴിയുന്നവരായി നാം ആത്മീയ വളർച്ച പ്രാപിക്കേണം. കൃപാവരങ്ങൾ നിറഞ്ഞവരായി ആത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിച്ച് ക്രിസ്തുവെന്ന തലയോളം വളരുവാൻ ആഗ്രഹിക്കാം. നാം വിശ്വാസത്തിൽ സ്ഥിരതയുള്ളവരും വച്ചിരിക്കുന്ന വിശ്വാസം മുറുകെ പിടിക്കുന്നവരും ആയിരിക്കട്ടെ . ലോകത്തിന്റെ പ്രലോഭനങ്ങളിൽ വീണുപോകാതെ നോട്ടം ക്രിസ്തുവിൽ തന്നെ വച്ച്കൊണ്ട് മുന്നോട്ട് പോകുവാൻ പരിശുദ്ധാത്മാവിൽ ആശ്രയിക്കാം. എത്ര തിരക്കുപിടിച്ച ജീവിതമായാലും പ്രാർഥനയ്ക്കും വചനധ്യാനത്തിനുമായി നമ്മുടെ സമയം മാറ്റിവയ്ക്കാം. അവനവന്റെ ആത്മീയ വളർച്ചയ്ക്ക് തടസമായ കാരണങ്ങൾ എന്തെന്ന് മനസിലാക്കി അതിനെ അതിജീവിക്കുവാൻ പരിശുദ്ധാത്മാവ് ഓരോരുത്തരേയും സഹായിക്കുമാറാകട്ടെ.
Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.