നാവ്‌ എന്ന തീ .

കേള്‍ക്കാന്‍ ജാഗരൂകരായിരിപ്പിന്‍!
April 27, 2016
എനിക്കു ചിറകുണ്ടായിരുന്നുവെങ്കിൽ!
April 29, 2016

ചെറിയ തീപ്പൊരി കാരണം വീടുകളും വലിയ കാടുകളും  മറ്റും തീപിടിച്ച വാർത്തകൾ കാണാറുണ്ട്. അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നും മറ്റും സകലതും കത്തി നശിക്കുന്നു. തീ കത്തുവാൻ ആരംഭിച്ച് കഴിഞ്ഞാൽ അത് കെടുത്തുന്നത് ആയാസകരമാണ്. തീ കത്തികൊണ്ടിരിക്കുന്ന വസ്തു അതിനോട് ചേർന്നിരിക്കുന്ന വസ്തുക്കളിലേക്ക് പടരുകയും, അതണക്കുവാൻ താമസിക്കുന്നതനുസരിച്ച് സർവതും ദഹിപ്പിച്ച് നാമാവശേഷമാക്കുകയും ചെയ്യുന്നു. ഇത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കുന്ന തീ ഉണ്ടായിട്ട് അണയ്ക്കുന്നതിനേക്കാൾ ഉണ്ടാകാതെ ഇരിക്കുന്നതാണു ഏറ്റവും സുരക്ഷിതം.  അതുകൊണ്ട് തന്നെ തീ ഉണ്ടാകുന്നത് തടയുന്നതിനും, ഏതെങ്കിലും രീതിയിൽ തീയുണ്ടായാൽ അത് ഉടനടി അണയ്ക്കുന്നതിനും ആധുനിക സംവിധാനങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. അതിനോടൊപ്പം തന്നെ സ്കൂളുകൾ മുതല്ക്കേ ഫയർ  സേഫ്ടി പഠിപ്പിച്ചു വരികയും ചെയ്യുന്നു.

Spread the love

വായനാഭാഗം : യാക്കോബ്

3:3 കുതിരയെ അധീനമാക്കുവാൻ വായിൽ കടിഞ്ഞാൺ ഇട്ടു അതിന്റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.
3:4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓടുന്നതായാലും അമരക്കാരൻ ഏറ്റവും ചെറിയ ചുക്കാൻകൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.
3:5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
3:6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
3:7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
3:8 നാവിനെയോ മനുഷ്യർക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
3:9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
3:10 ഒരു വായിൽനിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.

ചിന്താഭാഗം: നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു.

ചെറിയ തീപ്പൊരി കാരണം വീടുകളും വലിയ കാടുകളും  മറ്റും തീപിടിച്ച വാർത്തകൾ കാണാറുണ്ട്. അശ്രദ്ധമായി വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നും മറ്റും സകലതും കത്തി നശിക്കുന്നു. തീ കത്തുവാൻ ആരംഭിച്ച് കഴിഞ്ഞാൽ അത് കെടുത്തുന്നത് ആയാസകരമാണ്. തീ കത്തികൊണ്ടിരിക്കുന്ന വസ്തു അതിനോട് ചേർന്നിരിക്കുന്ന വസ്തുക്കളിലേക്ക് പടരുകയും, അതണക്കുവാൻ താമസിക്കുന്നതനുസരിച്ച് സർവതും ദഹിപ്പിച്ച് നാമാവശേഷമാക്കുകയും ചെയ്യുന്നു. ഇത്രമാത്രം നാശനഷ്ടങ്ങളുണ്ടാക്കുന്ന തീ ഉണ്ടായിട്ട് അണയ്ക്കുന്നതിനേക്കാൾ ഉണ്ടാകാതെ ഇരിക്കുന്നതാണു ഏറ്റവും സുരക്ഷിതം.  അതുകൊണ്ട് തന്നെ തീ ഉണ്ടാകുന്നത് തടയുന്നതിനും, ഏതെങ്കിലും രീതിയിൽ തീയുണ്ടായാൽ അത് ഉടനടി അണയ്ക്കുന്നതിനും ആധുനിക സംവിധാനങ്ങൾ കണ്ടുപിടിച്ചിരിക്കുന്നു. അതിനോടൊപ്പം തന്നെ സ്കൂളുകൾ മുതല്ക്കേ ഫയർ  സേഫ്ടി പഠിപ്പിച്ചു വരികയും ചെയ്യുന്നു.  അപകടകാരി ആണെങ്കിലും ദൈനം ദിന ജീവിതത്തിൽ പലകാര്യങ്ങൾക്കും നമുക്ക് തീ അത്യന്താപേക്ഷിതവുമാണു. അടുക്കള മുതൽ ഫാക്ടറികളിൽ വരെ തീ സുരക്ഷിതമായ രീതിയിൽ ഉപയോഗിക്കുകയും ചെയ്യുന്നു. അപ്പോൾ തീ ഉപയോഗിക്കേണ്ടത് പോലെ ഉപയോഗിച്ചാൽ അപകടം ഉണ്ടാകുകയില്ല.

വായനാഭാഗത്തിൽ ഇങ്ങനെ വായിക്കുന്നു, “നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തിൽ അനീതിലോകമായി ദേഹത്തെ മുഴുവൻ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താൽ അതിന്നു തീ പിടിക്കയും ചെയ്യുന്നു”. ആത്മീയ ലോകത്തുണ്ടായിട്ടുള്ള പല നാശങ്ങൾക്കും കാരണം നാവാകുന്നു. ദൈവഭായത്ത്തിലും ഭക്തിയിലും ജീവിച്ച പലരേയും തകർത്തുകളഞ്ഞതിൽ നാവ് പ്രധാന പങ്ക് വഹിക്കുന്നു. നാവ് മരണകരമായ വിഷം നിറഞ്ഞതും ശരീരം മുഴുവൻ മലിനമാക്കി ജീവിത ചക്രത്തിന് തീകൊളുത്തുകയും നരകത്താൽ തീപിടിക്കുന്നതിനു കാരണമാകുന്നു എന്നും ലേഖനത്തിൽ യാക്കോബ് എഴുതിയിരിക്കുന്നു. ദൈവത്തെ സ്തുതിക്കുന്ന അതേ നാവു കൊണ്ട് തന്നെ സഹോദരന്റെ ദൂഷ്യം പറയുകയും ശപിക്കുകയും ചെയ്യുമ്പോൾ നാം ദൈവാത്മാവിനെ ദുഖിപ്പിക്കുകയും ദൈവകൃപ നഷ്ടപെടുത്തുന്നവരും ആയിത്തീരുന്നു. നാവുകളെ മൂർച്ചയുള്ള വാളുകളാക്കി മറ്റുള്ളവരെ കീറിമുറിക്കുവാൻ ഉപയോഗിക്കുന്നവർ യേശുവിന്റെ സ്നേഹവും സമാധാനവും പ്രസംഗിക്കുവാൻ കഴിയുന്നതെങ്ങനെയാണ്?

സൌമ്യതയും സഹിഷ്ണുതയും സ്നേഹവും ക്ഷമയും വ്യക്തിജീവിതങ്ങളിൽ നഷ്ടപെടുമ്പോൾ അവരിലൂടെ പിശാച് വെല്ലുവിളികളും വാഗ്വാദങ്ങളും സൃഷ്ടിച്ച് ആ തീ പടർന്നു ഒരു സമൂഹത്തെ തന്നെ നാശത്തിലേയ്ക്ക് നയിക്കുന്നു. ആത്മീയരായ വ്യക്തികൾ ഏറ്റവും പ്രകോപിതരാകുന്നത് അവരെപറ്റി ആരെങ്കിലും അപവാദങ്ങൾ പറയുമ്പോഴാണ്. എത്ര സൌമ്യരായ വ്യക്തികൾ പോലും ഈ അവസരത്തിൽ പ്രതികരിച്ചു പോകുന്നു. എന്നാൽ ദൈവനാമം നിമിത്തം പീഢിപ്പിക്കപെടുകയും സകലവിധ തിന്മയും കളവായി പറയുകയും ചെയ്യുമ്പോൾ ദൈവ പൈതൽ ഭാഗ്യവാൻ ആണെന്നും അത് സഹിക്കുന്നതിന്റെ പ്രതിഫലം സ്വർഗ്ഗത്തിൽ വലുതാണെന്നും വചനത്തിൽ എഴുതിയിരിക്കുന്നു.

“വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്നും സൂക്ഷിക്കുന്നു “എന്നും “വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക്‌ വെറുപ്പാകുന്നു ” എന്നും ജ്ഞാനികളിൽ ജ്ഞാനിയായ ശലോമൊൻ സദൃശ്യവാഖ്യങ്ങളിൽ എഴുതിയിരിക്കുന്നു. ജീവനെ ആഗ്രഹിക്കുകയും നന്മ കാണേണ്ടതിനു ദീർഘായുസ്‌ ഇച്ഛിക്കുകയും ചെയ്യുന്നവൻ  ദോഷത്തെ ചെയ്യാതെ  നാവിനെയും വ്യാജം പറയാതെ അധരത്തേയും കാത്തുകൊള്ളണം എന്ന് ദാവീദ്‌ രാജാവും മനസ്സിലാക്കിയിരുന്നു. ശരീരത്തിലെ ചെറിയ അവയവം എങ്കിലും മെരുക്കാൻ ഏറ്റവും പ്രയാസമുള്ളാതാണ്‌ നാവ്‌, എങ്കിലും അതിനെ മെരുക്കി സൂക്ഷിക്കേണ്ടത്‌ അത്യന്താപേക്ഷിതം ആണെന്ന് ദൈവവചനത്തിൽ ഉടനീളം മുന്നറിയിപ്പു നൽകുന്നു.

പ്രിയരേ, തീ പോലെ അപകടകാരിയായ നാവ്‌ സൂക്ഷിക്കേണ്ടത്‌ നമ്മുടെ കടമ ആകുന്നു. നാം മൂലം വഴക്കും, വ്യാജവും, അപവാദവും പടർന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും നമ്മിൽ ആകുന്നു. ഒരുവൻ നാവിനെ കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചു കൊണ്ട്‌ താൻ ഭക്തൻ എന്നു കരുതിയാൽ അവന്റെ ഭക്തി വ്യർത്ഥമാകുന്നു. (യാക്കോബ്‌ 1:26). അതുകൊണ്ട്‌ പ്രകോപിതരായിയുള്ള പ്രതികരണവും വ്യാജവും നമ്മിൽ നിന്നും അകന്നിരിക്കട്ടെ. സംസാരം കൃപയോട്‌ കൂടിയതും ഉപ്പിനാൽ രുചി വരുത്തിയതും ആയിരിക്കട്ടെ. നാവിനു കടിഞ്ഞാണിട്ട്‌ അധരത്തിനു കാവൽ നിർത്തിയവരായി നമ്മുടെ വാക്കുകൾ ദൈവനാമ മഹത്വത്തിനും അനേകർക്ക്‌ അനുഗ്രഹമായി തീരുന്നതിനും ഇടയായിതീരട്ടെ .

എഫെസ്യർ
4:29 കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവർദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുതു.
4:30 ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങൾക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.