ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ…

സ്നേഹത്താൽ സേവിപ്പിൻ
March 10, 2016
നാം ആരെന്നു തിരിച്ചറിയുക
March 12, 2016

പാരമ്പര്യ പ്രകാരം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും, ഫീനഹാസും ആയിരുന്നു യഹോവയുടെ ആലയത്തിന്റെ ചുമതലക്കാർ. എന്നാൽ അവർ നീചന്മാരും, യഹോവയെ ഓർക്കാത്തവരുമായിരുന്നു. അതിനാൽ ശമുവേൽ ബാലന് ദൈവാലയത്തിലെ മഹനീയ ശുശ്രൂഷ ചെയ്യുവാനുള്ള മഹാഭാഗ്യം ലഭിച്ചു. ആ ചെറു പ്രായത്തിൽ തന്നെ ദൈവ ശബ്ദം കേൾക്കുവാനും ശമുവേലിന് സാധിച്ചു.

Spread the love

വായനാഭാഗം:- മർക്കോസ് 10:13-16

13 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
14 യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
15 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
16 പിന്നെ അവൻ അവരെ അണെച്ചു അവരുടെമേൽ കൈവെച്ചു, അവരെ അനുഗ്രഹിച്ചു.

ചിന്താവാക്യം:- വാക്യം 14

“യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ”.

മനുഷ്യരായ നമുക്കെല്ലാം ചെറിയ പൈതങ്ങളെ വലിയ ഇഷ്ടമാണ്. അവരെ കളിപ്പിക്കുവാനും, അവരുമായി സമയം ചിലവഴിക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. യേശു ക്രിസ്തു മനുഷ്യ സാദൃശത്തിൽ ഭൂമിയിലെ തന്റെ പരസ്യ ശുശ്രൂഷ ചെയ്തപ്പോൾ, ശിശുക്കളുമായി തന്റെ സ്നേഹം പങ്കു വെയ്ക്കുന്നതാണ് നമ്മുടെ വായനാഭാഗം. ദൈവരാജ്യവും, ശിശുക്കളുമായുള്ള അഭേദ്യ ബന്ധത്തെപ്പറ്റി അവിടെ പ്രതിപാതിക്കുന്നു. അപ്പോൾ ദൈവരാജ്യത്തിൽ കടക്കണമെങ്കിൽ ശിശു സഹജമായ സ്വഭാവം കരസ്ഥമാക്കണമെന്ന് യേശു പറയുന്നു.

പഴയനിയമ ഭാഗത്തിൽ, ശമുവേലിന്റെ ഒന്നാം പുസ്തകത്തിൽ ഒരു ബാലകനെ നമുക്ക് കാണുവാൻ സാധിക്കും. എല്കാനാ എന്ന വ്യക്തിയ്ക്ക് ഹന്നാ എന്ന സ്ത്രീയിൽ ജനിച്ചവനാണ് ശമുവേൽ. ഗർഭം ധരിയ്ക്കാതിരുന്ന ഹന്നായുടെ കരച്ചിലിന്റെ പ്രതിഫലമാണ് ശമുവേൽ ബാലൻ. യഹോവയുടെ ആലയത്തിൽ വീണ ഹന്നായുടെ കണ്ണുനീർ യഹോവ കണ്ടു. ഒന്നാം അദ്ധ്യായം ഇരുപതാം വാക്യത്തിൽ, യഹോവയോട് അപേക്ഷിച്ചു വാങ്ങിയ ശമുവേലിനെ ഹന്നാ പ്രസവിച്ചു.

അന്ന് ആലയത്തിൽ വെച്ച് ഹന്നാ എടുത്ത പ്രതിജ്ഞയുടെ നിവൃത്തീകരണമാണ് ഇരുപത്തി എട്ടാം വാക്യത്തിൽ കാണുന്നത്, അവിടെ പുരോഹിതനായ ഏലിയുടെ സാന്നിധ്യത്തിൽ ശമുവേലിനെ ദൈവത്തിന് സമർപ്പിക്കുകയാണ്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി ഏലിയോടൊപ്പം ശമുവേലിനെ ജീവപര്യന്തം ഭരമേൽപ്പിയ്ക്കുകയാണ് ആ മാതാപിതാക്കൾ.

പാരമ്പര്യ പ്രകാരം ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും, ഫീനഹാസും ആയിരുന്നു യഹോവയുടെ ആലയത്തിന്റെ ചുമതലക്കാർ. എന്നാൽ അവർ നീചന്മാരും, യഹോവയെ ഓർക്കാത്തവരുമായിരുന്നു. അതിനാൽ ശമുവേൽ ബാലന് ദൈവാലയത്തിലെ മഹനീയ ശുശ്രൂഷ ചെയ്യുവാനുള്ള മഹാഭാഗ്യം ലഭിച്ചു. കൂടാതെ മൂന്നാം അദ്ധ്യായത്തിലേക്ക് കടന്നു വരുമ്പോൾ ഏലി പുരോഹിതനോടുള്ള അരുളപ്പാട്, ദൈവം ശമുവേൽ വഴിയാണ് അറിയിച്ചത്. അപ്പോൾ, ആ ചെറു പ്രായത്തിൽ തന്നെ ദൈവ ശബ്ദം കേൾക്കുവാനും ശമുവേലിന് സാധിച്ചു.

യേശു ക്രിസ്തുവും ഇവിടെ പറയുന്നത്, പൈതങ്ങൾ ദൈവരാജ്യത്തിന് അവകാശമുള്ളവരാണ് എന്നാണ്. അവരെ കൊണ്ട് ദൈവത്തിന് വൻ കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും. ചെറു പ്രായത്തിൽ തന്നെ നമ്മുടെ മക്കളെ ആത്മീക കാര്യങ്ങൾക്ക് ബന്ധപ്പെടുത്തിയാൽ, അത് അവർക്ക് വളരെ അനുഗ്രഹമായിരിക്കും. അത് അവരുടെ ആത്മീകവും, ഭൗതീകവുമായ നന്മകളിൽ ഉയരം പ്രാപിക്കുവാൻ സഹായിക്കുന്നു.

എന്നാൽ, ഇന്നത്തെ മാതാപിതാക്കൾ, തന്റെ മക്കൾ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഭൌതീക മണ്ഡലത്തിൽ പ്രശസ്തരാവണമെന്ന് താല്പ്പര്യപ്പെടുന്നു. ദൈവീക വേലയ്ക്കായി തന്റെ മക്കളെ സമർപ്പിക്കുന്നവർ ചുരുക്കമാണ്. അങ്ങനെയുള്ളവർ തീർച്ചയായും മാതൃകയാക്കേണ്ടവരാണ് ശമുവേലിന്റെ മാതാപിതാക്കൾ. അവരുടെ ജീവിതത്തിലെ ദൈവീക വാഗ്ദത്തം നിറവേറിയപ്പോൾ, അവർ ദൈവസന്നിധിയിൽ എടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചില്ല.

അതിനാൽ നമ്മുടെ തലമുറകളെ ദൈവസന്നിധിയിൽ ഉത്സുകരാക്കാം. അതു വഴി അവർ ദൈവ ശബ്ദവും, വാഗ്ദത്തങ്ങളും ഏറ്റെടുക്കട്ടെ. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.

Comments are closed.