സ്വച്ഛജടാമാംസി തൈലം

മു൯കൂട്ടി അറിയിക്കുന്ന ദൈവം
June 16, 2016
സത്യത്തിന്റെ പരിജ്ഞാനം
June 18, 2016

ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് റ്റീമിന് വേണ്ടി പ്രശോഭിച്ച താരമായിരുന്നു ചാൾസ് സ്റ്റഡ്. ഇംഗ്ലണ്ടും ആസ്ത്രേല്യയും തമ്മിലുള്ള ആഷസ് റ്റെസ്റ്റ് പരമ്പരയ്ക്ക് ആ പേര് വരുവാൻ തന്നെ കാരണമായ 1882 ലെ മൽസരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചതിനാൽ തന്റെ പേര് ക്രിക്കറ്റ് ലോകത്തിൽ പ്രസിദ്ധമാണ്. എന്നാൽ അധികമാരും അറിയാത്ത പിൽക്കാല ചരിത്രം അദ്ദേഹത്തിന്റെ ജീവകഥയ്ക്കുണ്ട്. ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചിട്ട് തന്റെ സർവ്വ സ്വത്തും ദൈവ വേലയ്ക്കായി മാറ്റി വച്ച്, അന്നത്തെ ഏറ്റവും വിഷമമേറിയ മിഷൻ സ്ഥലങ്ങളായ ചൈനയിലും ആഫ്രിക്കയിലും ഇന്ത്യയിലും താൻ ഒരു ക്രിസ്തീയ മിഷണറിയായി. വളരെ സമ്പന്നമായ അവസ്ഥയിൽ അല്ലലറിയാതെ ജീവിക്കാനാവുമായിരുന്ന താൻ, സുവിശേഷ വേലയ്ക്കായി അതെല്ലാം ഉപേക്ഷിച്ചതിനാലും തന്റെ വേലയ്ക്കായി ആരോടും സാമ്പത്തിക സഹായം ചോദിച്ച് വാങ്ങില്ല എന്ന തീരുമാനം എടുത്തതിനാലും കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് ദൈവ വേല ചെയ്യുവാനിടയായത്. അതേക്കുറിച്ച് പിൽക്കാലത്ത് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: "ദൈവമായിരുന്ന യേശു ക്രിസ്തു മനുഷ്യനായി എനിക്ക് വേണ്ടി മരിച്ചു എങ്കിൽ, ആ പരിത്യാഗത്തിന് മുന്നിൽ എന്റെ സ്വത്തോ ജീവിതമോ ഏതുമില്ല"

Spread the love

ചിന്താഭാഗം. മർക്കോസ് 14:3-6

14:3 അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
14:4 അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
14:5 ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രർക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭർത്സിച്ചു.
14:6 എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.

ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് റ്റീമിന് വേണ്ടി പ്രശോഭിച്ച താരമായിരുന്നു ചാൾസ് സ്റ്റഡ്. ഇംഗ്ലണ്ടും ആസ്ത്രേല്യയും തമ്മിലുള്ള ആഷസ് റ്റെസ്റ്റ് പരമ്പരയ്ക്ക് ആ പേര് വരുവാൻ തന്നെ കാരണമായ 1882 ലെ മൽസരത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചതിനാൽ തന്റെ പേര് ക്രിക്കറ്റ് ലോകത്തിൽ പ്രസിദ്ധമാണ്. എന്നാൽ അധികമാരും അറിയാത്ത പിൽക്കാല ചരിത്രം അദ്ദേഹത്തിന്റെ ജീവകഥയ്ക്കുണ്ട്. ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചിട്ട് തന്റെ സർവ്വ സ്വത്തും ദൈവ വേലയ്ക്കായി മാറ്റി വച്ച്, അന്നത്തെ ഏറ്റവും വിഷമമേറിയ മിഷൻ സ്ഥലങ്ങളായ ചൈനയിലും ആഫ്രിക്കയിലും ഇന്ത്യയിലും താൻ ഒരു ക്രിസ്തീയ മിഷണറിയായി. ഇന്ത്യയിൽ 1900 മുതൽ 1906 വരെ ഊട്ടിയിലെ ഒരു സഭയിലെ പാസ്റ്റർ ആയിരുന്ന സമയത്ത് അനേകം തദ്ദേശീയരേയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും കർത്താവിലേക്ക് നേടുവാൻ അദ്ദേഹത്തെ ദൈവം എടുത്ത് ഉപയോഗിച്ചു. വളരെ സമ്പന്നമായ അവസ്ഥയിൽ അല്ലലറിയാതെ ജീവിക്കാനാവുമായിരുന്ന താൻ, സുവിശേഷ വേലയ്ക്കായി അതെല്ലാം ഉപേക്ഷിച്ചതിനാലും തന്റെ വേലയ്ക്കായി ആരോടും സാമ്പത്തിക സഹായം ചോദിച്ച് വാങ്ങില്ല എന്ന തീരുമാനം എടുത്തതിനാലും കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് ദൈവ വേല ചെയ്യുവാനിടയായത്. അതേക്കുറിച്ച് പിൽക്കാലത്ത് അദ്ദേഹത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: “ദൈവമായിരുന്ന യേശു ക്രിസ്തു മനുഷ്യനായി എനിക്ക് വേണ്ടി മരിച്ചു എങ്കിൽ, ആ പരിത്യാഗത്തിന് മുന്നിൽ എന്റെ സ്വത്തോ ജീവിതമോ ഏതുമില്ല”

നാല് സുവിശേഷകരും രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവമാണ് മുകളിൽ ഉദ്ദരിച്ച വേദഭാഗത്ത് പറഞ്ഞിരിക്കുന്നത്. ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്ന സ്ത്രീ തന്റെ ചുറ്റുമുള്ളവർ എങ്ങനെ വിധിക്കും എന്ന് കരുതാതെ അത് യേശുവിനായി സമർപ്പിച്ചു. അനേകർ അതിനെ വെറും ചെലവ് എന്ന് പറഞ്ഞ് വിമർശന വിധേയമാക്കിയപ്പോൾ യേശു ആ പ്രവർത്തിയേക്കാൾ അവളുടെ മനോഭാവത്തെയാണ് കണ്ടത്. പുറമേ കണ്ട് വിധിക്കുന്നവരുടെ ക്രൂരമായ വാക്കുകളേക്കാൾ ആ സ്ത്രീയ്ക്ക് വലിയത് തന്റെ ഉള്ളം ദൂരത്ത് നിന്ന് ഗ്രഹിക്കുന്ന യേശുവിന്റെ അംഗീകാരം മാത്രമായിരുന്നു. അവൾക്ക് കഴിയുന്നതിൽ ഏറ്റവും നല്ലതും ഏറ്റവും ശ്രേഷ്ഠവുമായ ഒരു ആരാധനയും സമർപ്പണവുമാണ് ആ സ്ത്രീ ചെയ്തത്. തനിക്ക് ലഭ്യമായതിൽ ഏറ്റവും വിലയേറിയത് അവർ യേശുവിന് സമർപ്പിച്ചു.

പലപ്പോഴും ദൈവത്തിന് സമർപ്പിക്കുന്ന വിഷയത്തിൽ നമ്മുടെ ഏറ്റവും മികച്ചവ ഏൽപ്പിച്ചു കൊടുക്കുവാൻ നാം മിനക്കെടാറില്ല എന്നത് ഒരു സത്യമല്ലേ? നമുക്ക് ലഭ്യമായതിൽ വില ഉണ്ടെന്ന് നാം കരുതുന്നതാണോ നാം ദൈവത്തിന് സമർപ്പിക്കുന്നത്? ആരാധന എന്നത് കേവലം ബാഹ്യമായ ചില അംഗവിക്ഷേപങ്ങൾ മാത്രമല്ല, മറിച്ച് ഹൃദയം നിറഞ്ഞ സമർപ്പണമാണ്. ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോയി ആരാധനയിൽ “പങ്ക്” കൊള്ളുന്നതോ, സാമ്പത്തിക നന്മയിൽ നമ്മുടെ ആവശ്യങ്ങൾ എല്ലാം കഴിഞ്ഞ് അല്പം ദൈവ വേലക്ക് കൊടുക്കുന്നതോ ആണോ നമ്മുടെ ആരാധന എന്നത് സ്വയ പരിശോധന ചെയ്യാം. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ നമ്മുടെ സ്വന്തം താല്പര്യങ്ങൾക്ക് നാം സമയം കണ്ടെത്താൻ മടിക്കാറില്ല. ദൈവസന്നിധിയിൽ ഇരിക്കുവാൻ മാറ്റി വെയ്ക്കുന്നത് ഏറ്റവും അവസാനവും ഏറ്റവും കുറഞ്ഞതുമായ സമയമാണോ? വരുമാനത്തിന്റെ ഒരു ഭാഗം ദൈവത്തിന് വേണ്ടി മാറ്റി വെയ്ക്കുന്നത് ഒരു ‘ത്യാഗ’മായോ ‘നഷ്ട’മായോ നാം കരുതുന്നുണ്ടോ? എങ്കിൽ നമ്മുടെ ആരാധനയെ പറ്റി പുനചിന്തനം നടത്തേണ്ട സമയമായി.

ദൈവത്തിന് നമ്മുടെ പണമോ സമയമോ ഊർജ്ജമോ അല്ല വേണ്ടത്. പ്രത്യുത നാം നമ്മെ തന്നെ ദൈവത്തിന് സമർപ്പിക്കുന്നുവോ എന്നതാണ് വിഷയം.  നാം തന്നെയാണ് നമ്മുടെ സ്വച്ഛജടാമാംസി തൈലം. നമ്മുടെ വീക്ഷണവും സമർപ്പണവും നമ്മുടെ പ്രവർത്തികളിൽ പ്രതിഫലിക്കും എന്നത് ഇതിന്റെ മറുപുറമാണ്. അനുഗ്രഹം പ്രതീക്ഷിച്ച് പ്രതിഫലം ആഗ്രഹിച്ച് ദൈവത്തിന് കൊടുക്കുന്നത് സമർപ്പണമല്ല, സ്വാർത്ഥമാണ് എന്ന് പലരും തിരിച്ചറിയുന്നില്ല. നാം ദൈവത്തിന് എത്ര മൂല്യമുള്ളത് എന്നതല്ല ദൈവം നമുക്ക് എത്ര പ്രാധാന്യം ഉള്ളതാണ് എന്നതാണ് വഴിപാടിൽ പ്രതിഫലിക്കേണ്ടത്. ഒരു ഇസ്കരിയോത്താ യൂദയ്ക്ക് യേശുവിന്റെ വില മുപ്പത് വെള്ളിക്കാശായിട്ടാണ് തോന്നിയതെങ്കിൽ ഈ സ്ത്രീക്ക് തന്റെ സകല സമ്പാദ്യത്തെക്കാൾ യേശു വിലയുള്ളതായിരുന്നു. നമ്മുടെ ജോലിയെക്കാൾ, കുടുംബത്തെക്കാൾ, സ്വത്ത് സമ്പാദ്യത്തെക്കാൾ നമ്മുടെ സമയത്തെക്കാൾ നമുക്ക് മൂല്യമുണ്ടെന്ന് നാം കരുതുന്ന മറ്റെല്ലാത്തിനെക്കാൾ യേശു നമുക്ക് പ്രാധാന്യമുള്ളതാണോ?

പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്ന യേശു രണ്ടു കാശ് ഇട്ട വിധവയാണ് എല്ലാവരെക്കാളും അധികം ഇട്ടത് എന്നത് തിരിച്ചറിഞ്ഞു. ഇട്ട പണത്തിന്റെ തൂക്കമല്ല, കൊടുത്ത കൈയുടെ സമർപ്പണമാണ് വഴിപാടിന്റെ അളവായി ദൈവം കരുതുന്നത്. ധനവാന്മാർ പലരും വളരെ കൊടുക്കുന്നുണ്ടായിരുന്നു എങ്കിലും യേശു പറഞ്ഞത് ഇപ്രകാരമാണ്:

എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു – മർക്കോസ് 12:44

അധികമൊന്നും ചെയ്യുവാൻ കഴിയുന്നില്ലെങ്കിലും കഴിയുന്നത് മുഴുവൻ ചെയ്യുവാൻ നമുക്ക് ഒരു സമർപ്പണമുണ്ടായിരിക്കട്ടെ.  നാം ആരാധിക്കുന്നത് എങ്ങനെ എന്നതിലുപരി നമ്മുടെ ജീവിതം തന്നെ ആരാധന ആകുന്നതാണ് ദൈവം പ്രസാദിക്കുന്നത് എന്ന് നമുക്കോർക്കാം. [God is pleased in a lifestyle of worship rather than in the style of the worship]. ആകയാൽ നമ്മുടെ ജീവിതത്തെ ഒരു ആരാധനയായി  ദൈവകരങ്ങളിൽ സമർപ്പിക്കാം

നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. – റോമർ 12:1

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.