വിവേകത്തിലൂന്നിയ സ്നേഹം

പത്രോസിന്റെ പ്രസംഗം
February 23, 2016
കാണുന്നതും, കാണാത്തതും.
February 25, 2016
Spread the love

വായനാഭാഗം:- ഫിലിപ്പിയർ 1: 9 – 11

“നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാൽ നീതിഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാൻ പ്രാർത്ഥിക്കുന്നു”.

ചിന്താഭാഗം:- ഫിലിപ്പിയർ 1: 9; “നിങ്ങളുടെ സ്നേഹം മേല്‌ക്കുമേൽ പരിജ്ഞാനത്തിലും സകല വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു”.

പൌലോസ് അപോസ്തോലന്‍റെ മറ്റൊരു പ്രാർത്ഥനയാണിത്‌. പൌലോസ് ദൈവജനത്തിനുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നവനായിരുന്നു എന്നതിന് ദൈവവചനത്തിൽ ധാരാളം തെളിവുകളുണ്ട്. ഒരു മഹാപണ്ഡിതന്‍റെ ചാരുതയോട് അതുല്യമായി പദങ്ങളെ കോർത്തിണക്കി സൃഷ്ട്ടിച്ച വാചകങ്ങളിൽ നിറഞ്ഞുനില്‍ക്കുന്ന ദൈവികപരിജ്ഞാനത്തിന്‍റെ പരിമണം ആ പ്രാർത്ഥനകളിൽ ഏതൊരാൾക്കും ദർശിക്കാൻ സാധിക്കും. ഒരു പിതാവിന്‍റെ ആർദ്രതയും, ഒരു മാതാവിന്‍റെ വാത്സല്യവും, ഒരു സ്നേഹിതന്‍റെ കരുണയും, ഒരു സഹോദരന്‍റെ ലാളനയും ഒരു ഉപദേശകന്‍റെ ശാസനയും, ഒരു ദൈവമനുഷ്യന്‍റെ വിചാരങ്ങളും അവന്‍റെ ലേഖനങ്ങളുടെ മുഖമുദ്രയാണ്.

ക്രിസ്തിയസ്നേഹം ദൈവവചന പരിജ്ഞാനത്തിന്‍റെയും, വിവേഹത്തിന്‍റെയും പരിമിധിക്കുള്ളിൽ, ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്ന് പൌലോസ് പ്രബോധിപ്പിക്കുന്നു. വിശ്വാസികളായ നാമാണ് ഈ ലോകത്തിൽ ദൈവസ്നേഹം പരിമണം പ്രസരിപ്പിക്കാൻ വിളിക്കപ്പെട്ടവരും, ദൈവസ്നേഹം ദൈവാത്മാവിൽ ഹൃദയങ്ങളിൽ പകരപ്പെട്ടവരും. അതിലും കൂടുതലായി ദൈവത്തെയും ദൈവജനത്തെയും അകമഴിഞ്ഞ് സ്നേഹിക്കുക നിമിത്തം നാം കർത്താവായ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാരെന്ന് ലോകത്തോട് വെളിപ്പെടുത്തുക കൂടെയാണ് (യോഹന്നാൻ 13:35) ചെയ്യുന്നത്.

നമ്മുടെ ഹൃദയങ്ങളിൽ ദൈവത്മാവ് ദൈവസ്നേഹം പകർന്നിരിക്കകൊണ്ട് (റോമർ 5:5), നാം ദൈവസ്നേഹം കൈവശമുള്ളവരാണ്. നമ്മിലുള്ള ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണ്ടതിനു ദൈവത്തിന്‍റെ പ്രതിപുരുഷന്മാരായി അത് പ്രദര്‍ശിപ്പിക്കാനും, ശുശ്രുഷിക്കുവാനുമുള്ള ഉത്തരവാദിത്വവും, പദവിയും ദൈവം കൃപയാൽ നമുക്ക് നല്കിയിരിക്കുന്നു.
ഫിലിപ്പിയയിലുള്ള വിശ്വാസികളോട് പൌലോസ് പ്രബോധിപ്പിക്കുകയാണ്, സ്നേഹം പ്രദര്‍ശിക്കപ്പെടെണ്ടത്, ദൈവിക വിവേകത്തിലും, പരിജ്ഞാനത്തിലും ആയിരിക്കണമെന്നന്നാണ്. എന്നുപറഞ്ഞാൽ എന്താണ് അതിന്‍റെ അർത്ഥം? ഒരു പ്രവർത്തിയോ, വാക്കോ ഉപരിതലത്തിൽ ദൈവസ്നേഹത്തിലെന്ന്‍ തോന്നിപ്പോയാലും വിവേകത്തിലും, പരിജ്ഞാനത്തിലും അതുണ്ടാകുന്നില്ല എങ്കിൽ അതിനെ ദൈവസ്നേഹത്തിലുള്ള പ്രവർത്തിയെന്ന് വചനപ്രകാരം പറയാൻ സാധിക്കില്ല.
ഈ വിഷയത്തിലെ ആശയം കുറച്ചുകൂടെ വെക്തമായി 2 യോഹന്നാന്‍ 5-11 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നുണ്ട്. വിവേകമില്ലാത്ത വിശ്വാസികൾ ക്രൂശിന്‍റെ ശത്രുക്കളായ ദൂഷകരെ ആദിത്യമര്യാതയുടെ പേരിൽ അവരുടെ ഭവനങ്ങളിൽ സ്വീകരിക്കുകയും അവരുമായി ചങ്ങാത്തം കൂടുകയും ചെയ്തു. അതിനെ യോഹന്നാന്‍ അപോസ്തോലൻ ശാസിക്കുകയാണ് ചെയ്യുന്നത്. ക്രിസ്തുവിന്‍റെ ഉപദേശത്തിൽ നിലനില്‍ക്കാത്തവന് ദൈവം ഇല്ലെന്നാണ് യോഹന്നാന്‍ പറയുന്നത്. ആധുനിക ക്രിസ്തിയലോകം ഉപദേശങ്ങൾ ആളുകളെ വിഘടിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ദൈവവചനവിരുദ്ധമായ ഉപദേശങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് എല്ലാത്തരം ഉപദേശങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്താൻ അവർ അഗോരാത്രം പരിശ്രമിക്കുന്നു.

പൌലോസ് ഈ വിഷയം താൻ തെസ്സലൊനീക്യർക്ക് എഴുതിയ ലേഖനത്തിലും പരാമർശിക്കുണ്ട്. ക്രിസ്തിയ സ്നേഹം ദൈവികപരിജ്ഞാനത്തിൽ പ്രദർശിപ്പിക്കപ്പെട്ടാൽ മാത്രമേ ദൈവമക്കളിൽ ദൈവാത്മാവ് പകർന്നു നല്കിയതിലുള്ള ദൈവികലക്ഷ്യം നിവർത്തിക്കപ്പെടുകയുള്ളൂ.

ദൈവവചനത്തിന്‍റെ ആധികാരികതയും, ക്രിസ്തുവിന്‍റെ ദൈവികതയും, വിശ്വാസജീവിതത്തിന്‍റെ പരിശുദ്ധിയും ചോദ്യം ചെയ്യുന്ന വിധത്തിൽ ഉപദേശം പടച്ചുവിടുന്നവരുമായി വിശ്വാസികൾ ക്രിസ്തുവിൽ സ്നേഹബന്ധം ആചരിക്കാൻ പാടില്ല. കേൾക്കുമ്പോൾ അല്പം കഠിനമായ ഉപദേശമെന്ന് തോന്നിയാലും, ക്രിസ്തുവിന്‍റെ വചനത്തിൽ നിലനിന്നും, ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ചും, ആത്മാവിനെ അനുസരിച്ചുനടന്നും കർത്താവിന്‍റെ സ്നേഹത്തിൽ വളരാനും ദൈവവചനം നമ്മെ അനുശാസിക്കുന്നു.

നമ്മുടെ സ്നേഹം വിവേകത്തിലും ദൈവികപരിജ്ഞാനത്തിലും വർദ്ധിച്ചുവരുവാൻ കരുണാമയനായ ദൈവം ഇടനല്‍കട്ടെ!

ഓർമ്മക്കായി: വിവേകത്തിലും പരിജ്ഞാനത്തിലും ചാലിച്ചെടുത്തു പരിഭോഷിപ്പിക്കുന്ന ദൈവസ്നേഹവും ജീവിതവിശുദ്ധിയും വിശ്വാസജീവിതതതിന്‍റെ മലർമൊട്ടുകളാണ്‌.

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.