നിയുക്തർ

ആദരിക്കപ്പെടാതെപോയവര്‍ !
May 17, 2016
സത്യത്തിൽ നടക്കുക
May 19, 2016

സമൂഹത്തിൽ ഒറ്റപ്പെടുത്തപ്പെട്ട കുഷ്ഠരോഗികൾ ദേശത്തിനു ലഭിച്ച സ്വതന്ത്ര്യം മറ്റുള്ളവരെ അറിയിക്കുന്നതിന് കടപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയെങ്കിൽ മാനവജാതിക്ക് പാപത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ ദൂതറിയിക്കാൻ ആ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ നാം എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നാം മനസിലാക്കണം! ആ ചുമതല ഉള്ള നാം നാം മിണ്ടാതെ ഇരുന്നാൽ, നേരം കഴിയുന്നത് വരെ താമസിച്ചാൽ നമുക്ക് കുറ്റം വരും എന്ന് നാം മനസിലാക്കാതിരിക്കരുത്.

Spread the love

വായനാഭാഗം:2 രാജാക്കന്മാർ 7:6-9

7:6 കർത്താവു അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്റെയും ആരവം കേൾപ്പിച്ചിരുന്നതുകൊണ്ടു അവർ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരെ വരേണ്ടതിന്നു യിസ്രായേൽരാജാവു ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്കു വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
7:7 അതുകൊണ്ടു അവർ സന്ധ്യാസമയത്തുതന്നേ എഴുന്നേറ്റു ഓടിപ്പോയി; കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷെക്കായി ഓടിപ്പോയി.
7:8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അറ്റത്തു എത്തി ഒരു കൂടാരത്തിന്നകത്തു കയറി തിന്നുകുടിച്ചശേഷം അവിടെ നിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിന്നകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചു വെച്ചു.
7:9 പിന്നെ അവർ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.

ചിന്താഭാഗം: 7:9 

അരാം രാജാവു ശമര്യയെ വളഞ്ഞു ഉപരോധിച്ചിരിക്കുമ്പോൾ  അവിടെ മഹാക്ഷാമം ഉണ്ടാകുകയും ഭക്ഷണം ഇല്ലാതെ പ്രജകൾ രാജാവിനോടു സഹായം ആവശ്യപെടുകയും ചെയ്തു. എന്നാൽ നിസ്സഹായനായിരുന്ന രാജാവിനു അവരെ സഹായിക്കാൻ കഴിഞ്ഞില്ല. മരണം മാത്രമേ മുന്നിലുള്ളു എന്നു മനസിലാക്കിയ നാലു കുഷ്ഠരോഗികൾ ഈ സമയത്ത്‌ രണ്ടും കൽപ്പിച്ച്‌ അരാമ്യ പാളയത്തിൽ പോകുവാൻ നിശ്ചയിച്ചു.  മരിക്കുവാൻ തയ്യാറായി യുദ്ധഭൂമിയിൽ എത്തപ്പെട്ടവർ ഒഴിഞ്ഞു കിടക്കുന്ന ആരാം പാളയത്തെ ആണ് കാണുന്നത്. മനുഷ്യന്റെ ചിന്തകളിലും നിനവുകളിലും പരമായി അത്ഭുതം പ്രവർത്തിച്ച്‌ യഹോവ ശമര്യയ്ക്കു അരാം സൈന്യത്തിനു നേരെ വിജയം നൽകി എന്ന സന്തോഷം ആദ്യം അറിഞ്ഞവരാണു  പറയുന്നത്‌:

നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വർത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റം വരും; ആകയാൽ വരുവിൻ; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക.

യേശുവിന്റെ  ജനനത്തോടനുബന്ധിച്ച്‌, സകല ജനത്തിനും ഉണ്ടാകാൻ പോകുന്ന മഹാസന്തോഷം അറിയിക്കുന്ന ദൈവദൂതന്മാരെ നമുക്ക് പുതിയനിയമത്തിൽ കാണാം.  യേശുവിന്റെ ജനനത്തിന്റെ സദ്വർത്തമാനം അറിയിക്കുവാൻ ദൂതന്മാരെ സ്വർഗ്ഗത്തിൽ നിന്നും നിയുക്തരായി അയച്ചു എങ്കിൽ കാൽവറിയിൽ നമ്മുടെ പാപ പരിഹാരത്തിനായി മരിച്ച്‌ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റ്‌ സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ രക്ഷയുടെ സദ്വർത്തമാനം സകല മാനവജാതിയേയും അറിയിക്കേണ്ടതിനു നിയുക്തരാക്കിയത് നമ്മെ ഓരോരുത്തരേയുമാണ്! 

ലൂക്കോസ് 24:46, 47 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.

സമൂഹത്തിൽ ഒറ്റപ്പെടുത്തപ്പെട്ട  കുഷ്ഠരോഗികൾ ദേശത്തിനു ലഭിച്ച സ്വതന്ത്ര്യം മറ്റുള്ളവരെ അറിയിക്കുന്നതിന് കടപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കിയെങ്കിൽ മാനവജാതിക്ക് പാപത്തിൽ നിന്നും മരണത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യത്തിന്റെ ദൂതറിയിക്കാൻ ആ സ്വാതന്ത്ര്യം അനുഭവിച്ചറിഞ്ഞ നാം എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്ന് നാം മനസിലാക്കണം! ആ ചുമതല ഉള്ള നാം നാം മിണ്ടാതെ ഇരുന്നാൽ, നേരം കഴിയുന്നത് വരെ താമസിച്ചാൽ നമുക്ക് കുറ്റം വരും എന്ന് നാം മനസിലാക്കാതിരിക്കരുത്. ദൈവം തന്റെ കൃപയാലെ നൽകിയ സന്തോഷം, സമാധാനം ആത്മീയ സ്വാതന്ത്ര്യം മറ്റുള്ളവരെയും കൂടെ അറിയിക്കുവാൻ നാം ബാധ്യസ്ഥരാകുന്നു. ചുറ്റുമുള്ളവരെയും അധികാരികളെയും വക വയ്ക്കാതെ യേശുവിനു ഹോശന്ന വിളിച്ചവരെ വിമർശിച്ചവരോട് യേശു പറഞ്ഞത് “ഇവർ മിണ്ടാതെ ഇരുന്നാൽ ഈ കല്ലുകൾ ആർക്കും.” എന്നാണ്!

പ്രിയ ദൈവജനമേ, ഇതു മിണ്ടാതെ ഇരിക്കുവാനുള്ള സമയം അല്ല. കാൽവറി ക്രൂശിൽ യേശു യാഗമായി എന്നും പാപത്തിൽ നിന്നും മനുഷ്യ കുലത്തെ മോചിപ്പിച്ചു എന്നും ഉള്ള സദ്വർത്തമാനം പങ്കുവക്കാതെ ഇന്നു നാം മിണ്ടാതെ ഇരിക്കുന്നുവെങ്കിൽ നാളെ നമുക്ക്‌ ദൈവസന്നിധിയിൽ കണക്ക്‌ ബോധിപ്പിക്കേണ്ടിവരും. സ്വർഗ്ഗാരോഹണത്തിനു മുൻപെ യേശു നമ്മെ ഏൽപ്പിച്ച മഹത്തായ പ്രേഷിതദൗത്യം ഇങ്ങനെ ആകുന്നു…   

മർക്കൊസ് 16:15,16 പിന്നെ അവൻ  അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

ആയതിനാൽ ആ സുവിശേഷം അറിയിപ്പാൻ നമ്മേയും ഒരുക്കാം. ഏൽപ്പിച്ച വേലയിൽ വിശ്വസ്തരായിരിപ്പാൻ കർത്താവു നമ്മെ ഒരോരുത്തരേയും സഹായിക്കട്ടെ.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.