പത്രോസിന്റെ പ്രസംഗം

കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ..!
February 22, 2016
വിവേകത്തിലൂന്നിയ സ്നേഹം
February 24, 2016

ക്രൈസ്തവ സഭയുടെ ഔദ്യോഗീക ജന്മദിനമായി കരുതപ്പെടുന്ന ദിവസമാണ് പെന്തക്കോസ്ത്. ദൈവീക വാഗ്ദത്ത പ്രകാരം, അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ പതിഞ്ഞ ക്രിസ്തുശിഷ്യർ പരിശുദ്ധാത്മാവു നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങിയപ്പോൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് യെരൂശലേമിൽ വന്നുപാർക്കുന്ന പുരുഷാരം ആ വീടിന് മുന്നിൽ വന്നുകൂടി. അന്ന് വരെ പഠിച്ചിട്ടില്ലാത്തതും പറഞ്ഞിട്ടില്ലാത്തതുമായ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേട്ട് ചഞ്ചലിച്ച ജനം പരിഹാസത്തോടെ അവരെ വിമർശിച്ചപ്പോൾ ശിഷ്യഗണത്തിന്റെ പ്രതിനിധിയായി മറ്റു അപ്പോസ്തോലന്മാരോട് ചേർന്നു നിന്നു പത്രോസ് നടത്തിയ ആദ്യ പ്രസംഗം വിജയിക്കുവാൻ എന്താണ് കാരണം?

Spread the love

ചിന്താഭാഗം. അപ്പോസ്തല പ്രവർത്തികൾ. 2: 12 – 21

2:12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
2:13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.
2:14 അപ്പോൾ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.
2:15 നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാം മണിനേരമേ ആയിട്ടുള്ളുവല്ലോ.
2:16 ഇതു യോവേൽപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:
2:17 “അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
2:18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
2:19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.
2:20 കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
2:21 എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

ക്രൈസ്തവ സഭയുടെ ഔദ്യോഗീക ജന്മദിനമായി കരുതപ്പെടുന്ന ദിവസമാണ് പെന്തക്കോസ്ത്. ദൈവീക വാഗ്ദത്ത പ്രകാരം, അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ പതിഞ്ഞ ക്രിസ്തുശിഷ്യർ പരിശുദ്ധാത്മാവു നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങിയപ്പോൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് യെരൂശലേമിൽ വന്നുപാർക്കുന്ന പുരുഷാരം ആ വീടിന് മുന്നിൽ വന്നുകൂടി. അന്ന് വരെ പഠിച്ചിട്ടില്ലാത്തതും പറഞ്ഞിട്ടില്ലാത്തതുമായ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേട്ട് ചഞ്ചലിച്ച ജനം പരിഹാസത്തോടെ അവരെ വിമർശിച്ചപ്പോൾ ശിഷ്യഗണത്തിന്റെ പ്രതിനിധിയായി മറ്റു അപ്പോസ്തോലന്മാരോട് ചേർന്നു നിന്നു പത്രോസ് നടത്തിയ ആദ്യ പ്രസംഗമാണ് മുകളിൽ വായിച്ചത്. ഒറ്റ ദിവസം കൊണ്ട് മൂവായിരം പേരെ ക്രിസ്തുവിന് വേണ്ടി നേടിയ ഈ പ്രസംഗം വിജയിക്കുവാൻ എന്താണ് കാരണം?

1. പരിശുദ്ധാത്മ ശക്തിയാലാണ് പത്രോസ് ആ പ്രസംഗം ചെയ്തത്: കേൾവിക്കാരെ കയ്യിലെടുക്കുവാനോ തൃപ്തിപ്പെടുത്തുവാനോ ഉള്ള വെറും വാക്കുകൾ അല്ലായിരുന്നു പത്രോസിന്റെ പ്രഭാഷണം. പരിശുദ്ധാത്മാവാൽ നിയന്ത്രിതമായ വാചകങ്ങൾ ധൈര്യപൂർവ്വം താൻ വിളിച്ചു പറഞ്ഞു. ഭീരുവായി കർത്താവിനെ തള്ളിപ്പറഞ്ഞ പത്രോസ് പരിശുദ്ധാത്മാവിൽ നിറഞ്ഞപ്പോൾ താൻ തള്ളിപ്പറഞ്ഞ അതേ യേശുവിനെ ജനത്തിന് മുന്നിൽ സധൈര്യം ഏറ്റ് പറയുകയാണ്. ഒരു ബാല്യക്കാരിയുടെ മുന്നിൽ യേശുവിന് വേണ്ടി സാക്ഷ്യം പറയുവാൻ മടിച്ച പത്രോസ് ആയിരങ്ങളുടെ മുന്നിൽ കർത്താവിന്റെ സാക്ഷിയായത് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രമാണ്. നമ്മുടെ സാക്ഷ്യങ്ങളും പ്രബോധനങ്ങളും മനുഷ്യന്റെ ജ്ഞാനത്താലും മഹിമയ്ക്കായും ആകാതെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രം ആയി തീർന്നാൽ അത് ദൈവത്തിനായി ഫലവത്തായി മാറും.

2. ദൈവം ഒരുക്കിയ വേദിയായിരുന്നു അത്. മനുഷ്യൻ മുൻകൈ എടുത്ത് പ്ലാൻ ചെയ്തതോ, മുൻകൂടി തീരുമാനിച്ച് പ്രസിദ്ധപ്പെടുത്തിയതോ ആയ ഒരു സമ്മേളനം അല്ലായിരുന്നു ഇത്. ആളു കൂടാൻ പ്രസംഗിച്ചതല്ല, ആളു കൂടിയിട്ട് പ്രസംഗിച്ചതാണ് ഇത്. ഭൗതീകമായ വിടുതലോ അനുഗ്രഹമോ മറ്റ് നേട്ടങ്ങളോ ഉയർത്തിക്കാട്ടുകയോ ആൾക്കൂട്ടത്തെ ആകർഷിക്കുവാൻ മറ്റ് മാനുഷീക പൊടിക്കൈകൾ കാണിക്കയോ യേശുവിന്റെ ശിഷ്യർ ചെയ്തില്ല. അവരുടെ മുന്നിൽ ദൈവം ഒരുക്കിയ അവസരം ദൈവ നാമ മഹത്വത്തിനായി അവർ ഉപയോഗിച്ചു. ദൈവ ഹിതപ്രകാരം ഉള്ള ശുശ്രൂഷകളും ദൈവീക നടത്തിപ്പിൽ ചെയ്യുന്ന വേലകളും ആകട്ടെ നമ്മുടെ സഭകളിൽ നടക്കുന്നത്. അങ്ങനെയെങ്കിൽ ക്രിസ്തുവിനായി നമുക്ക് ചിലരെ നേടുവാൻ കഴിയും.

3. സഹോദരന്മാരുമായുള്ള ഐക്യതയിലായിരുന്നു പത്രോസിന്റെ പ്രസംഗം. പത്രോസാണ് പ്രസംഗിക്കുന്നതെങ്കിലും താൻ തനിച്ചല്ല, വേദിയിൽ തന്നോടൊപ്പം അപ്പോസ്തോലന്മാർ പതിനൊന്നു പേരും ഉണ്ട്. (അപ്പോസ്തോലപ്രവർത്തികൾ 2:14) അവരുടെ പരിപൂർണ്ണ പിന്തുണ പത്രോസിനുണ്ടായിരുന്നു. സ്വയം ഉയരുവാനോ ഭക്തിയിൽ മറ്റുള്ളവരുമായി മൽസരിക്കുവനോ ആയിരുന്നില്ല പത്രോസിന്റെ പ്രസംഗം. പ്രസംഗത്തിന് അവസരം ലഭിക്കുവാനും ആൾകൂട്ടത്തിന് മുന്നിൽ വിളങ്ങുവാനും സഹോദരസ്നേഹം പോലും മറന്ന് മാനുഷീകമായ പല തന്ത്രങ്ങളും പ്രയോഗിക്കപ്പെടുന്ന ഈ കാലത്ത് പത്രോസിന്റെ പ്രസംഗം ഒരു മാതൃകയായി നമുക്ക് മുന്നിൽ നിലകൊള്ളുന്നു. ദൈവ സ്നേഹത്തിൽ നിറഞ്ഞ് ഒരു മനമായി ഏക ഉദ്ദേശ്യത്തിനായി തോളോട് തോൾ ചേർന്ന് ദൈവവേല ചെയ്യുവാൻ നമുക്ക് ദൈവകരങ്ങളിൽ ഏൽപ്പിക്കാം.

4. യേശുവിനെ മാത്രം ഉയർത്തുന്നതായിരുന്നു പത്രോസിന്റെ പ്രസംഗം. എന്തിനെകുറിച്ച് അഥവാ ആരെക്കുറിച്ച് പ്രസംഗിക്കുന്നു എന്നത് വളരെ കാതലായ വിഷയമാണ്. ഇരുപത്തി മൂന്ന് വാക്യങ്ങൾ ഉള്ള ഈ പ്രസംഗത്തിലെ പതിനൊന്നു വാക്യങ്ങളും പഴയനിയമത്തിൽ നിന്നുള്ള ഉദ്ദരണികൾ ആണ്. എതാണ്ട് പ്രസംഗത്തിന്റെ പകുതിഭാഗം മോശയുടെ ന്യായപ്രമാണ പുസ്തകത്തിൽ നിന്നും, സങ്കീർത്തനങ്ങളിൽ നിന്നും പ്രവാചക പുസ്തകത്തിൽ നിന്നും ഉദ്ദരിച്ചത് തന്നെകുറിച്ചുള്ള വസ്തുതകൾ വ്യാഖ്യാനിക്കുവാൻ യേശു സ്വീകരിച്ച രീതിയോട് സമാനമായിരുന്നു (ലൂക്കോസ് 24: 27,44). നമ്മുടെ സാക്ഷ്യങ്ങൾ, പ്രബോധനങ്ങൾ, പ്രസംഗങ്ങൾ ദൈവ വചനം മാത്രമാണോ? തിരുവെഴുത്തുകളെ മാത്രം ആധാരമാക്കി, ക്രിസ്തു വിഷയമായി വരുന്ന ശുശ്രൂഷകൾ ആയിരിക്കുമ്പൊൾ അത് ജനത്തിൽ മാനസാന്തരത്തിന്റെ ഫലങ്ങൾ ഉളവാക്കും. യേശുവിന്റെ മരണം, അടക്കം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം, പരിശുദ്ധാത്മാവരോഹണം എന്നിവയെ കേന്ദ്രീകരിച്ചുള്ള പ്രസംഗമായിരുന്നു പത്രോസ് ചെയ്തത്. യേശുവിനോടുള്ള ബന്ധത്തിൽ തന്റെ സ്വന്തജനമായ യിസ്രയേൽ എന്തു ചെയ്തുവെന്നും ദൈവം എന്തു ചെയ്തുവെന്നും താൻ വ്യക്തമാക്കി. അവിടെ മാനുഷീക പ്രസാദം താൻ ആഗ്രഹിച്ചില്ല. തന്റെ പേരോ തന്റെ കൂട്ടാളികളുടെ പേരോ ഉയരുവാൻ താൻ ആഗ്രഹിച്ചില്ല. യേശുവിനെ മാത്രം ഉയർത്തി സുവിശേഷം മാത്രം വിഷയമാക്കി താൻ സംസാരിച്ചപ്പോൾ “സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു” എന്ന് ജനം ചോദിക്കുവാൻ ഇടയായി.

5. പ്രസംഗം പ്രവർത്തിയാൽ തുടരുന്ന കാഴ്ചയാണ് പിന്നീടുള്ള വാക്യങ്ങളിൽ നാം കാണുന്നത്. മാനസാന്തരം വന്ന ജനത്തെ യേശുവിന്റെ കല്പനയായ സ്നാനം ഏൽക്കുവാൻ ഉപദേശിക്കുകയും തുടർന്ന് ദൈവ വചനത്തിലൂടെ ഉപദേശിക്കുകയും കൂട്ടായ്മ ആചരിക്കുകയും അപ്പം നുറക്കിയും പ്രാർത്ഥന കഴിച്ചും (അപ്പോസ്തോലപ്രവർത്തികൾ 2:41, 42) ഏകാത്മാവിൽ ഉള്ള ക്രിസ്തീയ സഭയുടെ സ്ഥാപനം നമുക്ക് ആ അദ്ധ്യായത്തിൽ കാണാം. ചില പ്രശംസാ വാക്കുകളോ കയ്യടിയോ അല്ല ശരിയായ അനുതാപവും കൂട്ടായ്മയും ആണ് സദസ്സിൽ നിന്നുള്ള അനുകൂല പ്രതികരണമായി വന്നത്. പ്രസംഗം നടത്തിയിട്ട് പോകുകയല്ല, മറിച്ച് അതിന്റെ തുടർനടപടികളായി ക്രിസ്തുവിൽ അവരെ നടത്തുകയും കൂട്ടായ്മയിൽ ഉറപ്പിക്കുകയും സ്നേഹത്തിൽ വളർത്തുകയും ചെയ്യുകയുമായിരുന്നു അപ്പോസ്തലന്മാരുടെ വഴക്കം. അത് സഭയുടെ വളർച്ചയായി മാറുവാനിടയായി.

കേൾവിക്കാരെ ക്രിസ്തുവിനായി നേടുവാൻ ക്രിസ്തുവിനെ മാത്രം ഉയർത്തുന്ന, ദൈവസ്നേഹത്തിലും ഐക്യതയിലും നിറഞ്ഞ, ദൈവീക നടത്തിപ്പിലും പരിശുദ്ധാത്മ ശക്തിയിലും ഉയരുന്ന, പ്രസംഗങ്ങളും പ്രബോധനങ്ങളും സാക്ഷ്യങ്ങളും നമ്മുടെ ഇടയിൽ ഉണ്ടാകുമ്പോൾ ക്രിസ്തുവാനായി അനേകരെ നേടുവാൻ അത് ഇടയാക്കും. ആയതിനായി ദൈവം നമ്മെ ഓരോരുത്തരേയും ഒരുക്കട്ടെ.

Pr. K. U. John
Pr. K. U. John
പാസ്റ്റർ കെ. യു. ജോണ്‍. കോട്ടയം മാങ്ങാനത്തുള്ള ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ - ഏല്യാമ്മ. രണ്ട് മക്കൾ കെസിയ, കെവിൻ.

Comments are closed.