ഇടവിടാതെയുള്ള പ്രാർത്ഥന

അധികാരിയായ ദൈവം
February 9, 2016
സ്വയയുദ്ധം
February 11, 2016

ഇന്നത്തെ പല പരസ്യ പ്രാർത്ഥനകളും നാം നോക്കുമ്പോൾ പലപ്പോഴും വെറും ജല്പനങ്ങളും പ്രാസങ്ങൾ ഒപ്പിച്ച് ജനത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനുമുള്ള ചടങ്ങും ആയി തീർന്നിരിക്കുന്നത് കാണുവാൻ സാധിക്കുന്നു. എന്നാൽ കപട ഭക്തിക്കാരെ പോലെ മറ്റുള്ളവരെ കാണിക്കുവാൻ ഉള്ള ചടങ്ങായിട്ടല്ല പ്രാർത്ഥിക്കേണ്ടത് എന്ന് യേശു കർത്താവ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആ പ്രാർത്ഥന ശരിയായ അർത്ഥത്തിൽ മനസിലാക്കാതെ, വരികൾ കാണാതെ പഠിച്ചു പ്രാർത്ഥിച്ചത് കൊണ്ടോ, കുറെ ജല്പനങ്ങൾ ചെയ്തതുകൊണ്ടോ ദൈവം ആഗ്രഹിക്കുന്ന പ്രാർത്ഥന ആകുകയില്ല.

Spread the love

വായനാഭാഗം: 1 തെസ്സലൊനീക്യർ

5:15 ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
5:16 എപ്പോഴും സന്തോഷിപ്പിൻ;
5:17 ഇടവിടാതെ പ്രാർത്ഥിപ്പിൻ
5:18 എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.

ചിന്താ വിഷയം: 5:17 ഇടവിടാതെ പ്രാർത്ഥിപ്പിൻ

പ്രാർത്ഥന ദൈവവുമായി മനുഷ്യന്റെ സംഭാഷണമായി കരുതാവുന്നതാണ്. എല്ലാ മതസ്ഥരും പ്രാർത്ഥനയിൽ വിശ്വസിക്കുന്നു. എല്ലാവരും തമ്മിൽ തമ്മിൽ പ്രാർത്ഥിക്കുവാൻ ആവശ്യപെടുന്നു. കുഞ്ഞു കുട്ടികളെ പോലും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നു.പുരാതന കാലം മുതൽക്കേ മത ആചാര അനുഷ്ഠാനങ്ങളിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് പ്രാർത്ഥന. ഇവിടെ ഉദ്ധരിച്ച വേദഭാഗത്തിൽ പൗലോസ് അപ്പോസ്തോലൻ തെസെലോനിക്യ സഭയ്ക്ക് “ഇടവിടാതെ പ്രാർത്ഥിക്കുവിൻ” എന്ന് എഴുതിയിരിക്കുന്നു. ദൈവ വചനം പഠിക്കുമ്പോൾ പഴയ നിയമ കാലത്ത് പ്രാർത്ഥിക്കുന്നതിനു പ്രത്യേകം അനുവദനീയവും അംഗീകരിക്കപ്പെട്ടതുമായ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നും, ദൈവസന്നിധിയിൽ എല്ലാവർക്കും എപ്പോഴും കടന്നു ചെല്ലുവാൻ കഴിയുകയില്ലായിരുന്നു എന്നും കാണാവുന്നതാണ്. എന്നാൽ ക്രിസ്തുവേശുവിന്റെ ക്രൂശീകരണം നമുക്ക് കൃപാസനത്തോട് അടുത്ത് ചെല്ലുവാനുള്ള അനുവാദം നല്കിയിരിക്കുന്നു. ഏതവസരത്തിലും കേൾക്കുവാൻ തക്കവണ്ണം അവന്റെ കാതുകൾ നീതിമാന്മാർക്കായി ശ്രദ്ധയോടിരിക്കുന്നു എന്ന് നാം വചനത്തിൽ വായിക്കുന്നു. എന്നാൽ  എന്താണ് ദൈവം ആഗ്രഹിക്കുന്ന പ്രാർത്ഥന? ആരോടാണ് പ്രാർത്ഥിക്കേണ്ടത് എന്നിങ്ങനെ പല ചോദ്യങ്ങൾ മനസ്സിൽ ഉരു തിരിയുന്നു. യേശുവിന്റെ പരസ്യ ശുശ്രൂഷാ കാലത്ത് എപ്രകാരം പ്രാർത്ഥിക്കണം എന്ന് താൻ ശിഷ്യന്മാരെ പഠിപ്പിച്ചു. ഒരു ചെറിയ പ്രാർത്ഥന ആണെങ്കിലും മനസിലെ ചോദ്യങ്ങൾക്ക് ഉള്ള മറുപടി അതിൽ നിന്നും ലഭ്യമാകുന്നു. യേശു പഠിപ്പിച്ച പ്രാർത്ഥനയെ ശ്രദ്ധിച്ച് പഠിക്കുകയാണെങ്കിൽ അതിന്റെ വിശാലമായ അർത്ഥം നമുക്ക് മനസിലാക്കാം.

ഒന്നാമതായി നാം ആരോട് പ്രാർത്ഥിക്കണം എന്ന് യേശു ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു . “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് വിളിക്കുമ്പോൾ ദൈവം സ്വർഗസ്ഥനും ഉന്നതനുമാണെന്ന മഹത്വം കൊടുക്കുന്നതോടൊപ്പം നാമും ദൈവവുമായുള്ള പിതൃ പുത്ര ബന്ധം വെളിവാകുന്നു. ദൈവം തന്റെ ഏക ജാതനായ പുത്രനെ കുരിശിൽ യാഗമായി നല്കി. പുത്രനെ രക്ഷിതാവായി കൈകൊണ്ട ഏവനും തന്നെ “അബ്ബാ പിതാവേ” എന്ന് വിളിക്കുവാനുള്ള അവകാശം ദൈവം നല്കിയിരിക്കുന്നു. അതിൻ പ്രകാരം നമുക്ക് പിതാവിനോട് നേരിട്ട് ആവശ്യങ്ങളെ അറിയിക്കുവാൻ ഉള്ള അവകാശവും ലഭിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ നമുക്ക് ഒരു മദ്ധ്യസ്ഥരുടേയും ആവശ്യം ഇല്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു .

“നിന്റെ നാമം വിശുദ്ധീകരിക്കപെടേണമേ, നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വര്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ” എന്ന് പ്രാർത്ഥിക്കുമ്പോൾ അവന്റെ വിശുദ്ധിയെ നാം അംഗീകരിക്കുകയും അവന്റെ വരവിനായി നാം കാത്തിരിക്കുന്നതായും ഉള്ള ഏറ്റു പറച്ചിൽ ആകുന്നു. സ്വർഗത്തിലെ ദൈവത്തിന്റെ പരമാധികാരം പോലെ തന്നെ നമ്മുടെ ജീവിതത്തിലും അധികാരി ആകുവാൻ നമ്മെ ഏൽപ്പിച്ചു കൊടുക്കേണ്ടതായിരിക്കുന്നു.  ദൈവ സന്നിധിയിൽ പ്രത്യാശയോടും സമർപണത്തോടും താഴ്മ ഉള്ള ഹൃദയത്തോടെയും വേണം പ്രാർത്ഥന കഴിക്കുവാൻ എന്ന് ഇതിൽ നിന്നും മനസിലാക്കാവുന്നതാണ്.

ആവശ്യമുള്ള ആഹാരം ദിനം പ്രതി നല്കേണമേ” : ആഹാരം എന്നതിലൂടെ വിശപ്പിനുള്ള ഭക്ഷണം എന്നും ആത്മീക വളർച്ചയ്ക്ക് ആവശ്യമായ വചനത്തിന്റെ മർമങ്ങൾ എന്നും ചിന്തിക്കാവുന്നതാണ്. പ്രാർത്ഥനയിലൂടെ നമുക്ക് വേണ്ട നന്മകളേയും ആവശ്യങ്ങളെയും ദൈവത്തോട് അറിയിക്കുവാൻ യേശു പഠിപ്പിച്ചിരിക്കുന്നു. ഒന്നിനെ പറ്റിയും ഉത്കണ്ഠപെടാതെ എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും ആവശ്യങ്ങൾ സ്തോത്രത്തോടെ ദൈവത്തോട് അറിയിക്കണം എന്ന് പൗലോസ് അപ്പോസ്തോലാൻ ഫിലിപ്പിയ സഭയെ ഓർമിപ്പിക്കുന്നത് വചനത്തിൽ കാണുവാൻ കഴിയുന്നു .

“ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;”: ദൈവത്തോട് നാം നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കായി പ്രാർത്ഥിക്കുന്നതിനു മുൻപ് നാം ക്ഷമിക്കേണ്ടവരോട് ക്ഷമിക്കേണ്ടത് അത്യാന്താപേക്ഷിതം ആകുന്നു. മനസ്സിൽ പകയും വിദ്വേഷവും വച്ചു കൊണ്ട് പ്രാർത്ഥിച്ചാൽ ദൈവം പ്രസാദിക്കുകയില്ല. നന്മയാൽ തിന്മയെ ജയിക്കേണം എന്നും ശത്രുക്കളെ സ്നേഹിക്കേണം എന്നും യേശു നമ്മെ ഉപദേശിച്ചിരിക്കുന്നു. മനുഷ്യരോട് നമുക്ക് ക്ഷമിക്കുവാൻ കഴിയുന്നില്ലെങ്കിൽ പിതാവ് നമ്മുടെ അതിക്രമങ്ങളും ക്ഷമിക്കുകയില്ല എന്ന് നാം മറന്നു പോകരുത്. അതുകൊണ്ട് വഴിപാട് അർപ്പിക്കും മുൻപ് നിരപ്പ് പ്രാപിക്കേണ്ടത് അനിവാര്യമാകുന്നു.

“പരീക്ഷയിൽ കടത്തിവിടരുതേ, ദുഷ്ടനിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ“: നാം വിശ്വാസ പോർക്കളത്തിൽ ആയിരിക്കുമ്പോൾ പലവിധ പരീക്ഷകളിലൂടെയും പ്രലോഭനങ്ങളുടേയും കടന്നു പോകുന്നു. എന്നാൽ അതിൽ അകപെട്ട് പാപം ചെയ്യാതിരിപ്പാൻ പരിശുദ്ധാത്മാവിന്റെ സഹായത്തിനായി നാം അപേക്ഷിക്കേണ്ടിയിരിക്കുന്നു. ബലഹീനതയിൽ ശക്തിയേകുന്ന പരിശുദ്ധാത്മാവിന്റെ തുണയിൽ നാം വളരുവാൻ ഇടയാകേണം. ദുഷ്ടത നിറഞ്ഞവർ നമുക്ക് ചുറ്റും ഉണ്ടായേക്കാം. എന്നാൽ അവരെ നശിപ്പിക്കുവാനല്ല, അവരിൽ നിന്നും നമ്മെ സംരക്ഷിക്കേണ്ടതിനായിട്ട് ദൈവത്തോട് അപേക്ഷിക്കുന്നവർ ആയിരിക്കേണം എന്ന് യേശുവിന്റെ പ്രാർത്ഥനാ മാതൃക നമ്മെ പഠിപ്പിക്കുന്നു.

രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്ക് ഉള്ളതല്ലോ“: ദൈവം തന്റെ മഹത്വം ആർക്കും വിട്ടുകൊടുക്കുന്നവനല്ല. ഭൂമിയും സകലചരാചരങ്ങളും അവന്റെ ശക്തിയ്ക്ക് അധീനമായിരിക്കുന്നുവെന്നും സകല മഹത്വവും ദൈവത്തിനു മാത്രം എന്നും നാം പ്രാർത്ഥിക്കുമ്പോൾ ഓർക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനു മഹത്വം കൊടുക്കുന്നതായിരിക്കേണം നമ്മുടെ ഓരോ പ്രാർത്ഥനകളും.

ഇന്നത്തെ പല പരസ്യ പ്രാർത്ഥനകളും നാം നോക്കുമ്പോൾ പലപ്പോഴും വെറും ജല്പനങ്ങളും പ്രാസങ്ങൾ ഒപ്പിച്ച് ജനത്തിന്റെ ശ്രദ്ധ ആകർഷിക്കുവാനുമുള്ള ചടങ്ങും ആയി തീർന്നിരിക്കുന്നത് കാണുവാൻ സാധിക്കുന്നു. എന്നാൽ കപട ഭക്തിക്കാരെ പോലെ മറ്റുള്ളവരെ കാണിക്കുവാൻ ഉള്ള ചടങ്ങായിട്ടല്ല പ്രാർത്ഥിക്കേണ്ടത് എന്ന് യേശു കർത്താവ് നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആ പ്രാർത്ഥന ശരിയായ അർത്ഥത്തിൽ മനസിലാക്കാതെ, വരികൾ കാണാതെ പഠിച്ചു പ്രാർത്ഥിച്ചത് കൊണ്ടോ, കുറെ ജല്പനങ്ങൾ ചെയ്തതുകൊണ്ടോ ദൈവം ആഗ്രഹിക്കുന്ന പ്രാർത്ഥന ആകുകയില്ല. ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യൻ പ്രാർത്ഥിക്കുവാനും അതിന്റെ മറുപടിക്കായി ദൈവത്തിൽ ആശ്രയിച്ച് കാത്തിരിക്കുവാനും കഴിയാതെ  സ്വന്ത കഴിവിലും ബുദ്ധിയിലും ഊന്നൽ കൊടുത്ത് വികാരങ്ങൾക്ക് അടിമപെട്ട് പ്രതികരിക്കുന്നവർ ആയി തീർന്നിരിക്കുന്നു. എന്നാൽ നാം പ്രത്യാശയിൽ സന്തോഷിക്കുന്നവരും, കഷ്ടതയിൽ സഹിഷ്ണുത കാണിക്കുന്നവരും നിരന്തരം പ്രാർത്ഥിക്കുന്നവരും ആയിരിപ്പാൻ ഉത്സാഹിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് പ്രാർത്ഥനയിലൂടെ ദൈവം എന്താണ് നമ്മിലൂടെ ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കി അതിനനുസരിച്ച് ആയിരിക്കട്ടെ നമ്മുടെ പ്രാർത്ഥനകൾ. നല്കിയിരിക്കുന്ന സകല അനുഗ്രഹങ്ങൾക്കും പകരമായി അവൻ നമ്മിൽ നിന്നും ആഗ്രഹിക്കുന്ന  സ്തോത്രം എന്ന യാഗം അർപ്പിച്ച്, എപ്പോഴും സന്തോഷമുള്ളവരായി, ദൈവത്തെ മഹത്വപെടുത്തി പ്രാർത്ഥനയിൽ മടുപ്പില്ലാത്തവരായി ആത്മീയ ജീവിതം മുന്നോട്ട് നയിക്കുവാൻ ഓരോരുത്തർക്കും കഴിയുമാറാകട്ടെ. വിശ്വാസത്തോട് കൂടിയ പ്രാർത്ഥന വളരെ ഫലം ചെയ്യുന്നതിനാൽ തമ്മിൽ തമ്മിൽ പ്രാർത്ഥനയിൽ സഹായിക്കുന്നവരായി തീരാം.

ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥനാകുന്നു, മനസ് തകർന്നവർക്ക് അവൻ രക്ഷിക്കുന്നു“. സങ്കീർത്തനങ്ങൾ 36: 18

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.