ദൈവീക വാഗ്ദത്തങ്ങൾ.

സഹോദരപ്രീതി
January 20, 2016
മഹാരാജാവിന്‍റെ എഴുന്നള്ളത്ത്‌ !!
January 22, 2016

വായനഭാഗം: എബ്രായർ 10: 32-39.

32 എന്നാൽ നിങ്ങൾ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും
33 ആ വക അനുഭവിക്കുന്നവർക്കു കൂട്ടാളികളായിത്തീർന്നും ഇങ്ങനെ കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.
34 തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനില്ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.
35 അതുകൊണ്ടു മഹാ പ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുതു.
36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.
37 “ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവൻ വരും താമസിക്കയുമില്ല;”
38 എന്നാൽ “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും; പിൻമാറുന്നു എങ്കിൽ എന്റെ ഉള്ളത്തിന്നു അവനിൽ പ്രസാദമില്ല”.
39 നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.

ചിന്താവിഷയം: വാക്യം. 36.  ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.

ദൈവവചനത്തിലുടനീളം നാം കാണുന്ന ഒരു വസ്തുതയാണ് വാഗ്ദത്തങ്ങൾ (promises of God). നമ്മുടെ ആദിമപിതാക്കന്മാരെല്ലാം ദൈവത്തിൽ നിന്നും വാഗ്ദത്തം പ്രാപിച്ചവരും അതിന്റെ നിവൃത്തിക്കായി കാത്തിരിക്കുന്നവരുമായിരുന്നു. ദൈവത്തിനു തന്റെ ജനത്തോടുള്ള ആഴമായ സ്നേഹമാണ് ഈ വാഗ്ദത്തങ്ങളിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത്. ബൈബിളിലുടനീളം പരിശോധിക്കുമ്പോൾ അനവധി വാഗ്ദത്തങ്ങൾ നമുക്ക് കാണുവാൻ കഴിയുന്നു. ഈ വാഗ്ദത്തങ്ങളുടെ നിവൃത്തിയ്ക്കായി ഒരു സമയപരിധിയും നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

ദൈവീക പദ്ധതികളെല്ലാം വാഗ്ദത്തങ്ങളിൽ അടിസ്ഥാനപ്പെട്ടവയാണ്. അബ്രഹാമിന് ദൈവം വാഗ്ദത്തം നല്കി. ആ വാഗ്ദത്തങ്ങൾ അടിസ്ഥാനമാക്കിയാണ് ദൈവം അബ്രഹാമിനോടിടപെട്ടത്. നീണ്ട നാളുകളിലെ കാത്തിരിപ്പിനോടുവിലാണ് താൻ അത് സ്വായത്തമാക്കിയത്. ദൈവം വാഗ്ദത്തങ്ങളിൽ വിശ്വസ്തനെന്ന് നാം ദൈവവചനത്തിൽ കാണുന്നു. നമുക്കും ദൈവം വാഗ്ദത്തങ്ങൾ നല്കിയിട്ടുണ്ട്. എന്നാൽ വാഗ്ദത്ത നിവൃത്തിയുടെ കാലഘട്ടത്തെക്കുറിച്ച് നമുക്കറിയില്ല. സഹിഷ്ണുതയുണ്ടെങ്കിൽ മാത്രമേ വാഗ്ദത്തങ്ങൾ നമുക്ക് സ്വായത്തമാക്കുവാൻ കഴിയുകയുള്ളൂ. ധൃതിയും തത്രപ്പാടുമുള്ളവർക്ക് ദൈവത്തിൽ നിന്നും ഒന്നും പ്രാപിക്കുവാൻ കഴിയുകയില്ല. കാരണം, നമ്മുടെ സമയമല്ല, ദൈവത്തിന്റെ സമയം. അവന്റെ സമയത്തിനായി കാത്തിരിക്കേണം. ഹബക്കൂക്ക് :2:3 ൽ ഇപ്രകാരം പറയുന്നു, ദർശനത്തിനു ഒരു അവധി വച്ചിരിക്കുന്നു. ആ സമയത്തുമാത്രമേ അത് വെളിപ്പെടുകയുള്ളു. ദാനിയേൽ 21 ദിവസം മറുപടിയ്ക്കായി കാത്തിരുന്നു (ദാനി.10:11-12). യോസേഫ് ദർശനം പ്രാപിച്ചെങ്കിലും നീണ്ട പതിമൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് താൻ ആ ദർശനനിവൃത്തീകരണം പ്രാപിച്ചത്. തന്റെ ജീവിതത്തിൽ താൻ ആ ദർശനം കണ്ടതുമുതൽ കഷ്ടതയുടെയും ഏകാന്തതയുടെയും ദിനങ്ങളായിരുന്നു. താൻ അതുവരെ സഞ്ചരിക്കാത്ത പാതയിലൂടെ കടന്നുപോകേണ്ടിവന്നു. എന്നാൽ താൻ പാപത്തിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും വിജയകരമായി പുറത്തുവന്നതുകൊണ്ട് തന്നെ നിന്ദിച്ചവരുടെ മുന്നിൽ അധിപതിയാകുവാൻ ഇടയായിത്തീർന്നു. നാമും നമ്മുടെ വാഗ്ദത്തനിവൃത്തിക്കായി കാത്തിരിക്കുമ്പോൾ പല പ്രതിബന്ധങ്ങളും ഏകാന്തതയുടെ അനുഭവങ്ങളും കടന്നുവന്നേക്കാം. എന്നാൽ നാം ആ സമയത്ത് വാഗ്ദത്തങ്ങളെ മുറുകെപ്പിടിച്ച് ദിനവും അതിനായി ഒരുങ്ങി കാത്തിരിക്കുക. നീണ്ട കാത്തിരിപ്പ് അസഹ്യമാകുമ്പോൾ മറ്റു വഴി തേടാനുള്ള പരീക്ഷ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അബ്രഹാമിനതു സംഭവിച്ചു (ഉത്പത്തി 6). അതിന്റെ പരിണിതഫലം വളരെ ഗുരുതരമായിരുന്നു.

ഈ ആധുനിക കാലത്ത് എന്തും പെട്ടെന്ന് നേടിയെടുക്കുവാൻ സാധിക്കും. ശാസ്ത്രം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യൻ എന്തിനും തിടുക്കം കാണിക്കുന്നു. ഒന്നും കാത്തിരുന്നു നേടുവാൻ സമയമില്ല. എന്നാൽ ദൈവവചനം നമ്മെ പഠിപ്പിക്കുന്നത് ദൈവീകനന്മകൾ നാം പ്രാപിക്കേണമെങ്കിൽ ഏറിയ സഹിഷ്ണുതയും സാവധാനതയും നമുക്കാവശ്യമാണ് എന്നാണ്. നാം അതിനു വേണ്ടി കാത്തിരിക്കുമ്പോൾ അനേക എതിർപ്പിന്റെ സ്വരങ്ങൾ നമ്മുടെ കാതിൽ കേട്ടെന്നു വരാം. എന്നാൽ വാഗ്ദത്തം പ്രാപിച്ച ദൈവപൈതൽ ഒരിക്കലും ഈ ലോകത്തിന്റെ ശബ്ദത്തിന് ചെവികൊടുക്കാതെ ദൈവശബ്ദത്തിനു കാതോർത്തിരിക്കേണം. മറ്റു ശബ്ദങ്ങൾക്ക്‌ നാം മറുപടി പറയാതെ മൗനമായിരിക്കേണ്ടതാണ്. നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഇവിടെ സ്ഥാനമില്ല. മറിച്ച്, കുശവന്റെ കയ്യിലെ കളിമണ്ണ് പോലെ ദൈവഹിതത്തിനായി പൂർണ്ണമായി ഏൽപ്പിച്ചു കൊടുക്കേണം. പലപ്പോഴും ദൈവത്തിന്റെ ആത്മാവ് നമ്മുടെ തെറ്റുകളെ നമുക്ക് ബോധ്യപ്പെടുത്തും. അവിടെ നാം നമ്മെത്തന്നെ താഴ്ത്തി പാപത്തിന്റെ സ്വഭാവത്തോട് വിടപറഞ്ഞ് വിശ്വാസത്തോടെ ദൈവസന്നിധിയിൽ നില്ക്കുക. വിശ്വാസം ഉള്ളവൻ വിചാരപ്പെടുകയില്ല. വിചാരപ്പെടുന്നവന് വിശ്വസിപ്പാനും കഴിയുകയില്ല. റോമ. 8:32 ൽ സ്വന്ത പുത്രനെ ആദരിക്കാതെ നമുക്കെല്ലാവർക്കും വേണ്ടി ഏൽപ്പിച്ചു തന്നവൻ അവനോടു കൂടെ സകലവും നമുക്ക് നൽകാതിരിക്കുമൊ എന്ന് പൗലോസ്‌ ചോദിക്കുന്നു.

ആകയാൽ നാം ദൈവ ഇഷ്ടം ചെയ്തുകൊണ്ട് വിശ്വാസത്തോടെ നമ്മുടെ വാഗ്ദത്തങ്ങൾക്കായി കാത്തിരിക്കാം. തക്ക സമയത്ത് നിവർത്തിക്കുവാൻ ദൈവം വിശ്വസ്തൻ. അവിശ്വാസത്തിന്റെ ഒരു കണിക പോലും നമ്മിൽ ഉണ്ടാകാതെ ദൈവം തന്നിരിക്കുന്ന സകല വാഗ്ദത്തങ്ങളും പ്രാപിച്ചെടുക്കുവാൻ നമുക്കിടയാകട്ടെ. സഹിഷ്ണുതയിൽ ഒരിക്കലും മടുത്തുപോകാതെ ഓരോ ദിനവും പുതുക്കം പ്രാപിച്ച് ശക്തിയോടെ മുന്നേറാം. ഈ വചനങ്ങളാൽ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Priya Reji
Priya Reji
സിസ്റ്റർ പ്രിയ റെജി - ഫെയിത്ത് തിയോളജിക്കൽ സെമിനാരിയിൽ വചന പഠനം പൂർത്തിയാക്കിയതിനു ശേഷം രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പാസ്റ്റർ റെജി തോമസ്സിന്റെ ഭാര്യയാണ്. മകൾ ഷിഫ മകൻ ജെഫ്രി

Comments are closed.