അഗ്നിശോധനയുടെ യാഥാർത്ഥ്യം.

സ്വയയുദ്ധം
February 11, 2016
മോചകൻ
February 13, 2016

കഷ്ടതയും തേജസ്സും പത്രോസിന്റെ ലേഖനത്തിലെ ഊടും പാവുമായി തുന്നിച്ചേർത്തിരിക്കുന്ന ഇരട്ട സത്യങ്ങളാണ്. ദൈവം കഷ്ടതയ്ക്കുപകരം തേജസ്സു നല്കുകയില്ല, മറിച്ച്, കഷ്ടതയെ തേജസ്സായി രൂപാന്തിരപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, നമ്മുടെ കഷ്ടങ്ങൾ ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നാം അവന്റെ നാമം നിമിത്തമാണ് കഷ്ടം സഹിക്കുന്നത്. അങ്ങനെയുള്ള ഓരോ സന്ദർഭങ്ങളും അവന്റെ നാമത്തെ മഹത്വപ്പെടുത്തുവാനുള്ള അവസരമായി നാം കണക്കാക്കണം. കഷ്ടതയുടെയും പീഡനത്തിന്റെയും തീച്ചൂളയിൽ നമ്മുടെ ജീവിതത്തെ പരിശോധിക്കുവാനുള്ള കൂടുതൽ വെളിച്ചം പലപ്പോഴും ലഭിക്കാറുണ്ട്.

Spread the love

വായനഭാഗം: 1 പത്രോസ് :4 :12-19

12 പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
13 ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊൾവിൻ. അങ്ങനെ നിങ്ങൾ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിപ്പാൻ ഇടവരും.
14 ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ.
15 നിങ്ങളിൽ ആരും കുലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല;
16 ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു.
17 ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിപ്പാൻ സമയമായല്ലോ. അതു നമ്മിൽ തുടങ്ങിയാൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?
18 നീതിമാൻ പ്രയാസേന രക്ഷപ്രാപിക്കുന്നു എങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും?
19 അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവർ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കൽ ഭരമേല്പിക്കട്ടെ.

ഭക്തിയോടു കൂടെ ജീവിക്കുന്ന ഓരോ ക്രിസ്ത്യാനിയും ഒരളവു വരെ പീഡനം അനുഭവിക്കേണ്ടി വരും. ജോലിസ്ഥലത്തോ, അയല്പക്കത്തോ, സ്കൂളിലോ ഒരുപക്ഷെ കുടുംബത്തിൽത്തന്നെയൊ സത്യത്തെ എതിർക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തിനു വിരോധമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തികളുണ്ടായിരിക്കാം. ഇങ്ങനെയുള്ളവരിൽ നിന്നുണ്ടാകാവുന്ന സാധാരണ പീഡനങ്ങളെ കുറിച്ചായിരുന്നു പത്രോസ് ഇതുവരെയുള്ള അദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരുന്നത്. എന്നാൽ ഈ ഭാഗത്ത് സഭയിൽ ആകമാനം നേരിടുവാൻ പോകുന്ന ‘അഗ്നിശോധന’ എന്ന പ്രത്യേക പീഡയെ കുറിച്ചാണ് പരാമർശിക്കുന്നത്. ഇത് വല്ലപ്പോഴും ചുറ്റുപാടും ഉള്ളവരിൽനിന്നും ഉണ്ടാകുന്ന വ്യക്തിപരമായ ഉപദ്രവങ്ങൾ അല്ല, ഔദ്യോഗികമായി ഉണ്ടാകുന്ന പീഡനങ്ങളെ കുറിച്ചാണ്. ഇങ്ങനെ നേരിടുവാനുള്ള അഗ്നിശോധനയെ പത്രോസ് ഇവിടെ കഷ്ടത എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കഷ്ടത എന്നത് ക്രിസ്തീയ ജീവിതത്തിനു അന്യമായതല്ല. അവിശ്വാസികളുടെ കരങ്ങളാൽ ഉപദ്രവിക്കപ്പെട്ടിട്ടുള്ള ചരിത്രമാണ് ദൈവജനത്തിനു എപ്പോഴും ഉള്ളത്. ഈ പോരാട്ടം ദൈവവചനത്തിലുടനീളം ദൃശ്യമാണ്. കയീൻ മതഭക്തനായിരുന്നെങ്കിലും തന്റെ സഹോദരനെ പകയ്ക്കുകയും കൊല്ലുകയും ചെയ്തു. മനുഷ്യന്റെ വീഴ്ചയോടുകൂടി ദൈവം സാത്താനുമായി യുദ്ധപ്രഖ്യാപനം നടത്തി. അന്നു മുതൽ തന്റെ ജനത്തിലൂടെ സാത്താൻ ദൈവത്തെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. സാത്താൻ ദൈവമായിരിക്കുന്ന ലോകത്തിൽ ക്രിസ്ത്യാനികൾ ‘അന്യരും പരദേശികളും’ ആണ്. ദൈവത്തിനു മഹത്വം വരുന്നതെല്ലാം ശത്രുവിന് കോപം ഉണ്ടാക്കും. അതിനാൽ അവൻ അതിനെ എതിർക്കും. ലോകത്തിൽ എതിർപ്പുകളും പീഡനങ്ങളും പ്രതീക്ഷിക്കണമെന്നു യേശു തന്റെ ശിഷ്യന്മാരോട് വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം അവർക്ക് പ്രോത്സാഹനജനകമായ വാഗ്ദാത്തവും താൻ നല്കി. ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട്, എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. :16:33).

ഇവിടെ പറയുന്ന ‘വന്നുകൂടി’ എന്ന പദം വളരെ പ്രധാനപ്പെട്ടതാണ്. കഷ്ടത യാദൃശ്ചികമായി സംഭവിക്കുന്ന കാര്യമല്ല, മറിച്ച്, അത് ക്രിസ്തീയ ജീവിതത്തോട്‌ കൂടെയുള്ളതാണ് എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അത് ദൈവീക പദ്ധതിയുടെ ഭാഗമാണ്, തന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലുമാണ്. ആക്ഷരികമായി പത്രോസ് ഇതിൽ സന്തോഷിച്ചു കൊള്ളുവിൻ എന്നാണ് എഴുതിയിരിക്കുന്നത്. ക്രിസ്തുവിനോടൊപ്പം കഷ്ടം അനുഭവിക്കുന്നതും ലോകം അവനോടു പെരുമാറിയ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നതും ഒരു ബഹുമതിയും പദവിയുമത്രെ. അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ ഒരു വരദാനമാണ്. ‘തിരുനാമം നിമിത്തം അപമാനം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുംകൊണ്ട് ന്യാധിപസംഘത്തിന്റെ മുമ്പിൽ നിന്നും പുറപ്പെട്ടു പോയി‘ എന്ന് അപ്പൊ.പ്രവൃ. 5:41 ൽ പറയുന്നു. നമ്മുടെ ഇന്നത്തെ കഷ്ടങ്ങൾ ഭാവിയിലെ തേജസ്സാണ്. കഷ്ടതയും തേജസ്സും പത്രോസിന്റെ ലേഖനത്തിലെ ഊടും പാവുമായി തുന്നിച്ചേർത്തിരിക്കുന്ന ഇരട്ട സത്യങ്ങളാണ്. ദൈവം ആർക്കും കഷ്ടതയ്ക്കുപകരം തേജസ്സു നല്കുകയില്ല, മറിച്ച്, കഷ്ടതയെ തേജസ്സായി രൂപാന്തിരപ്പെടുത്തുകയാണ് ചെയ്യുന്നത്. മാത്രമല്ല, നമ്മുടെ കഷ്ടങ്ങൾ ക്രിസ്തുവിന്റെ നാമത്തെ മഹത്വപ്പെടുത്തുവാൻ നമ്മെ പ്രാപ്തരാക്കുന്നു. നാം അവന്റെ നാമം നിമിത്തമാണ് കഷ്ടം സഹിക്കുന്നത്. അങ്ങനെയുള്ള ഓരോ സന്ദർഭങ്ങളും അവന്റെ നാമത്തെ മഹത്വപ്പെടുത്തുവാനുള്ള അവസരമായി നാം കണക്കാക്കണം. കഷ്ടതയുടെയും പീഡനത്തിന്റെയും തീച്ചൂളയിൽ നമ്മുടെ ജീവിതത്തെ പരിശോധിക്കുവാനുള്ള കൂടുതൽ വെളിച്ചം പലപ്പോഴും ലഭിക്കാറുണ്ട്. അഗ്നിശോധനയിൽ നമ്മുടെ കീടങ്ങളെ നീക്കി നമ്മെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. നാം ദൈവഹിതപ്രകാരം കഷ്ടം സഹിക്കുമ്പോൾ നമ്മെത്തന്നെ ദൈവകരങ്ങളിൽ ഏല്പിക്കുവാൻ കഴിയും. പത്രോസ് ദൈവത്തെ വിശ്വസ്തനായ സൃഷ്ടാവ് എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു. കാരണം, പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് സൃഷ്ടാവായ ദൈവമാണ്. ആദിമ സഭ പീഡനത്തിലൂടെ കടന്നു പോയപ്പോൾ അവർ ഒന്നിച്ചുകൂടി പ്രാർത്ഥിക്കുമ്പോൾ ‘ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ’ എന്നാണു ദൈവത്തെ അഭിസംബോധന ചെയ്തത്.

ദൈവത്തിന്റെ ക്രോധം ഭൂമിയിൽ ചൊരിയപ്പെടുന്നതിനു മുമ്പ് ദൈവസഭയ്ക്ക് അഗ്നിശോധന ഉണ്ടാകും. അത് സഭയെ ഐക്യതയുള്ളതാക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും നശിച്ചുപോകുന്നവരുടെ മദ്ധ്യത്തിൽ ശക്തമായ സാക്ഷ്യം വഹിക്കുന്നതിനും വേണ്ടിയായിരിക്കും. നാം ദൈവഹിതപ്രകാരമാണ്‌ കഷ്ടമനുഭവിക്കുന്നതെങ്കിൽ ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ല. നമ്മുടെ വിശ്വസ്തപിതാവായ സൃഷ്ടാവ് നമ്മെ സുരക്ഷിതമായി കാത്തു പാലിച്ചുകൊള്ളും.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.