ദൈവ ഹിതം.

കുരുടന്മാർ
May 23, 2016
കുഞ്ഞുങ്ങള്‍ക്കുള്ള പ്രബോധനം!
May 25, 2016

വായനാഭാഗം: 2രാജാക്കന്മാർ 5:9-14

5:9 അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടെ എലീശയുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു.
5:10 എലീശാ ആളയച്ചു: നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.
5:11 അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ  തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.
5:12 ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്കു അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞു അവൻ  ക്രോധത്തോടെ പോയി.
5:13 എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.
5:14 അപ്പോൾ അവൻ  ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹം പോലെ ആയി; അവൻ  ശുദ്ധനായ്തീർന്നു.

ചിന്താഭാഗം:5:11 അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻ  തന്നേ പുറത്തുവന്നു അടുത്തുനിന്നു തന്റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ചു തന്റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൌഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു.

തങ്ങളുടെ പ്രശ്നങ്ങൾക്ക്‌ ഉടനടിയുള്ള പരിഹാരം തേടി കണ്ടും കേട്ടും അറിയുന്ന സിദ്ധന്മാരുടെ പുറകേ ഓടുന്ന അനേകരെ നമുക്കറിയാം. ഇവരിൽ തന്നെ പല സ്വഭാവക്കാരെ കാണുവാൻ സാധിക്കുന്നു. ചിലർ കാര്യ സാധ്യത്തിനായി എന്തു ത്യാഗം ചെയ്യാനും മടിക്കാത്തവർ. മറ്റു ചിലർ ശാരീരികാധ്വാനം ഇല്ലാതെ കാശു മുടക്കി കാര്യം നടത്താൻ ആഗ്രഹിക്കുന്നവർ. പ്രശ്ന പരിഹാരങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവും ചില പ്രതീക്ഷകൾ! 

സൗഖ്യം ലഭിക്കും എന്നു കേട്ടറിഞ്ഞു ശത്രുരാജ്യത്തെ പ്രവാചകനായ എലീശയുടെ അടുക്കൽ എത്തപെടുന്ന കുഷ്ഠരോഗിയായ നയമാന് തന്റെ ഉദ്ദേശ്യ ലക്ഷ്യത്തിനു രാഷ്ട്രീയ വൈരം ഒരു തടസ്സമായിരുന്നില്ല. സൗഖ്യമാകുമ്പോൾ പ്രവാചകന് സമ്മാനിക്കുവാൻ ധാരാളം സമ്മാനങ്ങളും കരുതിയിരുന്നതിനാൽ വലിയ പ്രതീക്ഷയുമായി ആണ് അദ്ദേഹം വന്നത് എന്നും വ്യക്തം. എന്നാൽ എലീശ പുറത്ത് വന്നു പ്രാർത്ഥിച്ചു കൈവീശി തനിക്ക്‌ സൗഖ്യം നൽകും എന്ന്ആശിച്ചിരുന്ന നയമാന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവാചകൻ ആളെ വിട്ടു ഒരു നിസ്സാരമെന്നു തോന്നുന്ന ഒരു പരിഹാരം നിർദ്ദേശിച്ചതിൽ നയമാൻ ക്രോധാകുലനായി.

പ്രിയ ദൈവജനമേ, ചില സമയങ്ങളിൽ നാമും ഇത് പോലെ ചില മുൻ വിധികളുമായി കർത്താവിനെ സമീപിക്കാറില്ലേ? നാം ആഗ്രഹിക്കുന്ന സമയത്ത്‌ നമുക്ക്‌ സൗകര്യപ്രദമായ രീതിയിൽ ദൈവപ്രവർത്തി  കാണുവാൻ  നാം ഓടി നടക്കുന്നു. എന്നാൽ നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും വ്യത്യസ്ഥമായ ദൈവപ്രവർത്തികളിൽ നാം പിറുപിറുക്കുന്നു. കർത്താവിന്റെ ഇഷ്ടത്തിനു ചെവി കൊടുക്കുവാനും അവന്റെ സമയത്തിനായി കാത്തിരിക്കുവാനും മടി കാണിക്കുന്നു.

വിലാപങ്ങൾ 3:25,26 തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവൻ.

നയമാൻ ആദ്യം പ്രവാചകന്റെ ഉപദേശം നിരസിച്ചെങ്കിലും പിന്നീടു ഭൃത്യന്മാരുടെ ഇടപെടൽ മൂലം പ്രവാചകനെ അനുസരിക്കുകയും തന്മൂലം സൗഖ്യം ലഭിക്കുകയും ചെയ്തു എന്നും നമുക്ക് കാണാം. കുറുക്കുവഴികളിലൂടെ കാര്യ സാധ്യം നേടുവാൻ ശ്രമിക്കാതെ പിതാവിന്റെ ഇഷ്ടത്തിനായി നമ്മെ സമർപ്പിച്ചു കൊടുക്കുമെങ്കിൽ നിസാരമെന്നോ അസാധ്യമെന്നോ നമുക്ക് തോന്നുന്ന വഴികളിലൂടെ നമുക്ക് വേണ്ടി ദൈവം പ്രവർത്തിക്കുന്നത് നമുക്ക് അനുഭവമാകും.

ഉത്തമമായ സമയത്തു കാര്യങ്ങൾ നിവർത്തിക്കുന്നവനാകുന്നു നമ്മുടെ ദൈവം. യഹോവയിൽ പ്രത്യാശ വെച്ച്‌ കാത്തിരിക്കുന്നവരുടെ മുഖം ഒരുനാളും ലജ്ജിച്ചു പോകയില്ല. വഴികൾ തുറക്കുവാൻ താമസം അനുവദിച്ചാലും ഏറ്റവും ശ്രേഷ്ടമായത്‌ തന്റെ മക്കൾക്ക്‌ വേണ്ടി കരുതുന്ന ആ പിതാവിന്റെ കരങ്ങളിൽ എൽപ്പിച്ചു വിശ്വാസത്തോടെ കാത്തിരിക്കാം. ദൈവം നമ്മെ ഓരോരുത്തരേയും ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.

 പ്രാർത്ഥന : സ്വർഗ്ഗീയ പിതാവേ, അടിയനു വേണ്ടതെല്ലാം തക്ക സമയത്ത്‌ നൽകി വഴി നടത്തുന്നതിനാൽ അങ്ങയെ സ്തുതിക്കുന്നു. വരും ദിനങ്ങളിലും ദൈവീക പ്രവർത്തങ്ങൾ ഉത്തമമായ സമയത്ത്‌ കണ്ടു സന്തോഷിക്കുവാൻ പ്രത്യാശയാലെ നിറയ്ക്കേണമേ .അടിയന്റെ ഇഷ്ടമല്ല പിതാവേ അങ്ങയുടെ ഇഷ്ടത്തിനായി കാത്തിരിക്കുവാൻ അടിയനെ സഹായിക്കേണമേ.ആമേൻ.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.