പരിശുദ്ധാത്മാവ് വരുമ്പോൾ

സ്വര്‍ഗ്ഗീയ ധാന്യം
October 17, 2015
സത്യങ്ങള്‍ നമ്മില്‍ വസിക്കുന്നോ?
October 19, 2015

പരിശുദ്ധാത്മാവിനു ആശ്വാസപ്രദൻ എന്നർത്ഥമുണ്ട്. താങ്കൾ തനിയേ ഇരുന്നു ഭാരപ്പെടുമ്പോൾ ആശ്വസിപ്പിക്കുവാൻ പരിശുദ്ധാത്മാവ് കൂടെയുണ്ട്! പലപ്പോഴും ഉള്ളിലുള്ളത് പുറത്ത് പറയുവാൻ കൂടി കഴിയാതെ നാം ഞരങ്ങുന്നത് വ്യക്തമായി മനസിലാക്കുന്ന ഒരു നല്ല ആശ്വാസപ്രദനായാണ് പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ ആക്കിയിരിക്കുന്നത്. വേണ്ടുമ്പോലെ പ്രാർത്ഥിക്കുവാൻ അറിയാതെ ഇരിക്കുന്ന നമുക്ക് വേണ്ടി ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ പക്ഷവാദം ചെയ്യുന്നു എന്ന് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു

Spread the love

വായനാഭാഗം. അപ്പൊസ്തോലന്മാരുടെ പ്രവൃത്തികൾ. 1:1-8

1:1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
1:2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു
1:3 താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
1:4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
1:5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
1:6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
1:7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

ചിന്താഭാഗം. 1:8 – എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.

വൈദ്യനായ ലൂക്കോസ്, തന്റെ സുവിശേഷം എഴുതി നിറുത്തിയയിടത്തു നിന്നും പുതിയ നിയമ സഭയുടെ ആദ്യകാല ചരിത്രം ആരംഭിക്കുകയാണ്. കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷമുള്ള മുപ്പത് കൊല്ലത്തെ ചരിത്രമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യവിഷയം. കഷ്ടമനുഭവിച്ച ശേഷം ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിക്കുക മാത്രമല്ല മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് പോയി എന്നും നമുക്ക് വേണ്ടി ഇന്നും പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നുവെന്നും നേരത്തെ താൻ സുവിശേഷം എഴുതിയിരുന്ന തെയോഫിലിസിനെ ധരിപ്പിക്കുവാനാണ് ഈ പുസ്തകം ലൂക്കോസ് എഴുതിയത്. തെയോഫിലോസ് റോമാ ഗവണ്മെന്റിലെ ഉന്നതനായ ഒരു ഉദ്ദ്യോഗസ്ഥനാണന്ന് ലൂക്കോസിന്റെ സംമ്പോധന സുചിപ്പിക്കുന്നു. ഒരു ക്രിസ്ത്യാനി ആണങ്കിലും ക്രിസ്തുവിനെ കുറിച്ച് കൂടുതൽ അറിവ് ആവശ്യമുള്ള ഒരാളായിരുന്നു താൻ.

ക്രിസ്തു ഉയിർത്തെഴുന്നേറ്റ ശേഷം 40 ദിവസം അപ്പോസ്തോലന്മാരും മറ്റനേകരും തന്നെ ദർശിച്ചു. (1 കൊരിന്ത്യർ 15: 4-8,17) പല മതങ്ങളുടേയും ഗുരുക്കന്മാരും അനുയായികളും മരിച്ചവസാനിച്ചു, എന്നാൽ യേശുക്രിസ്തു അങ്ങനയല്ല അവൻ എന്നേക്കുമായി ജീവിച്ചെഴുന്നേറ്റു (വെളിപ്പാട് 1:18). അതെ, ഉയിർത്തെഴുന്നെറ്റ് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു രക്ഷകനെയാണ് നാം സേവിക്കുന്നത്. മാത്രമല്ല കർത്താവും രക്ഷകനുമായി അവനെ അംഗീകരിച്ചവരുടെ ഹൃദയങ്ങളിലും ജീവിതങ്ങളിലുമുള്ള ദൈവഭരണമാണ് ഇന്നത്തെ ദൈവരാജ്യം. (മർക്കോസ് 1: 15)

യേശു തന്റെ ശിഷ്യന്മാരോട് വാഗ്ദത്തം ചെയ്തിരുന്നതു പോലെ (യോഹന്നാൻ 14: 16,17; 16: 7, 12-14) പരിശുദ്ധാത്മാവ് പ്രാപിക്കുന്നത് വരെ അവർ യെരൂശലേമിൽ കാത്തിരിക്കണമായിരുന്നു. എന്തിന് വേണ്ടി ആണ് യേശു തന്റെ ശിഷ്യർക്ക് പരിശുദ്ധാത്മാവിനെ നൽകുന്നത്? പരിശുദ്ധാത്മാവ് വരുമ്പോൾ എന്ത് സംഭവിക്കും?

1. ശക്തി ലഭിക്കും:
ദൈവശക്തിയെ പകരുന്നതാണ് പരിശുദ്ധാത്മാവിന്റെ ഒരു പ്രവർത്തനം. ക്ഷീണിച്ചിരിക്കുന്നവന് ശക്തി നൽകുന്നവനാണ് നമ്മുടെ ദൈവം. ബാല്യക്കാരും യൌവനക്കാരും തളർന്ന് പോകുമ്പോൾ യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും (യെശയ്യാവ് 40: 29-31). ഈ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നതാണ് (2 കൊരിന്ത്യർ 12:9). ഈ ശക്തി സകലത്തിനും മതിയാകുന്നതാണ് (ഫിലിപ്പ്യർ 4:13).

2. സാക്ഷികളാകും.
പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിച്ചവർ ക്രിസ്തുവിന്റെ സാക്ഷികൾ ആകും. മറ്റുള്ളവർക്ക് ക്രിസ്തുവിനെ വെളിപ്പെടുത്തുവാൻ നമ്മെ ശക്തീകരിക്കുന്നതാണ് പരിശുദ്ധാത്മാവിന്റെ മറ്റൊരു പ്രവർത്തനം. അതെ, കർത്താവിന്റെ സാക്ഷികൾ ആകണമെങ്കിൽ പരിശുദ്ധാത്മാവിനെ പ്രാപിക്കേണം.

3. സത്യത്തിൽ നടക്കും.
ഒരു ദൈവപൈതലിനെ സകല സത്യത്തിലും വഴിനടത്തുവാൻ സഹായിക്കുന്നതാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് (യോഹന്നാൻ 16:13). എങ്ങനെയാണ് സത്യത്തിൽ നടത്തുന്നത്? വഴിയും സത്യവും ജീവനുമായ യേശു കർത്താവ് പറഞ്ഞ വചനങ്ങൾ നമ്മെ ഓർമ്മിപ്പിച്ച് സകലത്തിലും നാം നടക്കേണ്ട വഴി നമ്മെ ഉപദേശിച്ച് (യോഹന്നാൻ 14:26) കൊണ്ടിരിക്കുന്ന പ്രവർത്തനമാണ് പരിശുദ്ധാത്മാവ് നമ്മിൽ ചെയ്യുന്നത്. ജഡത്തിന്റെ പ്രവർത്തിയെ മരിപ്പിക്കുവാൻ ആത്മാവിനെ അനുസരിച്ചു നടക്കുവാൻ പൗലോസ് നമ്മെ ബുദ്ധി ഉപദേശിക്കുന്നു.

ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക. ഗലാത്യർ 5:25

ഇടയ്ക്കിടെ മാത്രം വെളിപ്പെടുകയല്ല, മറിച്ച് എന്നേക്കും നമ്മുടെ കൂടെയിരിക്കുവാനാണ് പിതാവായ ദൈവം പുത്രനായ യേശുവിന്റെ വാഗ്ദത്ത പ്രകാരം നമുക്ക് പരിശുദ്ധാത്മാവിനെ തന്നത് (യോഹന്നാൻ 14:16, 16:7). പരിശുദ്ധാത്മാവിനു ആശ്വാസപ്രദൻ എന്നർത്ഥമുണ്ട്. താങ്കൾ തനിയേ ഇരുന്നു ഭാരപ്പെടുമ്പോൾ ആശ്വസിപ്പിക്കുവാൻ പരിശുദ്ധാത്മാവ് കൂടെയുണ്ട്! പലപ്പോഴും ഉള്ളിലുള്ളത് പുറത്ത് പറയുവാൻ കൂടി കഴിയാതെ നാം ഞരങ്ങുന്നത് വ്യക്തമായി മനസിലാക്കുന്ന ഒരു നല്ല ആശ്വാസപ്രദനായാണ് പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ ആക്കിയിരിക്കുന്നത്. വേണ്ടുമ്പോലെ പ്രാർത്ഥിക്കുവാൻ അറിയാതെ ഇരിക്കുന്ന നമുക്ക് വേണ്ടി ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ പക്ഷവാദം ചെയ്യുന്നു എന്ന് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു (റോമർ 8:26). ഇന്നുള്ളത് നമ്മെ അറിയിക്കുക മാത്രമല്ല, വരുവാനുള്ളത് അറിയിച്ച് ഭാവിയെ പുഞ്ചിരിയോടെ നേരിടുവാൻ നമ്മെ സജ്ജരാക്കുകയും ചെയ്യുന്നത് ഈ പരിശുദ്ധാത്മാവാണ് (യോഹന്നാൻ 16:13). ഏറ്റവും പ്രധാനമായി, ക്രിസ്തുവിലൂടെയുള്ള ഒരു വിശ്വാസിയുടെ ദിവ്യമായ പുത്രത്വത്തിന്റെ അവസ്ഥയും അവകാശവും നമ്മെ ഉറപ്പിച്ചുണർത്തുന്നതും പരിശുദ്ധാത്മാവാണ്.

നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. (റോമർ 8: 26)

പാപത്തെക്കുറിച്ചും ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവനീതിയെ കുറിച്ചും അനുസരണക്കേടിന്റെ ദൈവീക ന്യായവിധിയെ കുറിച്ചും ലോകത്തിന് ബോധം വരുത്തുന്നത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമത്രെ (യോഹന്നാൻ 16: 7,8). ഈ പ്രവർത്തനമാണ് പെന്തെക്കോസ്ത് നാളിൽ ദൈവ വചനം കേട്ടവർക്ക് ഉള്ളിൽ കുത്തുകൊള്ളുവാൻ കാരണം (അപ്പസ്തോല പ്രവൃത്തികൾ 2: 37,38). ഇന്നും ദൈവ വചനം കല്ല് പോലുള്ള ഹൃദയങ്ങളെ ഉടച്ച് പുറമേ മറഞ്ഞു കിടക്കുന്ന ഹൃദയ വിചാരങ്ങളെയും ഭാവങ്ങളെയും വിവേചിച്ചു കൊണ്ടിരിക്കുന്നു.

ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു – എബ്രായർ 4:12;

പ്രീയ ദൈവപൈതലെ, പരിശുദ്ധാത്മാവ് ഉള്ളിൽ വരുമ്പോൾ സമ്പൂർണ്ണമായ ഒരു മാറ്റമത്രെ നടക്കുന്നത്. യോസേഫിനെ കുറിച്ച് ഫറവോൻ പറഞ്ഞത്: “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ” എന്നാണ് ((ഉൽപ്പത്തി 41: 38;). പരിശുദ്ധാത്മാവ് പ്രാപിച്ച ഒരുവനെ ലോകം തിരിച്ചറിയും. കാരണം ബലഹീനനെ ശക്തനാക്കുകയും, അറിവില്ലാത്തവനെ വിവേകിയാക്കയും ചെയ്യുന്ന ആത്മാവാണ് ദൈവം നമുക്ക് തന്നത്. വക്രതയും കോട്ടവും നിറഞ്ഞ തലമുറയിൽ അനിന്ദ്യരായി പരമാർത്ഥികളായി നടക്കുവാൻ ഈ സുബോധത്തിന്റെ ആത്മാവിനെ പ്രാപിച്ച് ആത്മാവിനെ അനുസരിച്ച് നടക്കുവാൻ നമുക്ക് ദൈവ കരങ്ങളിൽ ഏൽപ്പിക്കാം.

Pr. K. U. John
Pr. K. U. John
പാസ്റ്റർ കെ. യു. ജോണ്‍. കോട്ടയം മാങ്ങാനത്തുള്ള ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ - ഏല്യാമ്മ. രണ്ട് മക്കൾ കെസിയ, കെവിൻ.

Comments are closed.