പ്രാർത്ഥനയുടെ ശക്തി

ഭിന്നത അകറ്റുവീൻ
September 14, 2015
മാനസാന്തരം ഇല്ലാത്ത പ്രവര്‍ത്തികള്‍
September 16, 2015

വായനാ ഭാഗം: 2 കൊരിന്ത്യർ 1:8-11

1:8 സഹോദരന്മാരേ, ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാരപ്പെട്ടു.
1:9 അതേ, ഞങ്ങളിൽ അല്ല, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണയിക്കേണ്ടിവന്നു.
1:10 ഇത്ര ഭയങ്കരമരണത്തിൽനിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവൻ മേലാലും വിടുവിക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചുമിരിക്കുന്നു.
1:11 അതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.

കുറി വാക്യം. 1:11 അതിന്നു നിങ്ങളും ഞങ്ങൾക്കുവേണ്ടിയുള്ള പ്രാർത്ഥനയാൽ തുണെക്കുന്നുണ്ടല്ലോ; അങ്ങനെ പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപെക്കു വേണ്ടി പലരാലും ഞങ്ങൾനിമിത്തം സ്തോത്രം ഉണ്ടാകുവാൻ ഇടവരും.

ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കുമോ എന്ന് തോന്നുമാറ് തന്റെ ജീവിതത്തിൽ വന്ന കഷ്ടപ്പാടിന്റെ വിവരണമാണ് പൗലോസ് വായനാ ഭാഗത്ത് നൽകുന്നത്. ക്രിസ്തീയ ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടാത്തവരായി ആരുമുണ്ടാവില്ല. അതിൽ ക്രിസ്തുവിനു വേണ്ടിയുള്ള കഷ്ടം ഉണ്ട് അതു പോലെ നമ്മുടെ ലോക ജീവിതത്തിലെ കഷ്ടതയും ഉണ്ട്. വായനാ ഭാഗത്ത് പൗലോസ് തന്റെ സുവിശേഷ വേലയുടെ മദ്ധ്യത്തിൽ ഉണ്ടായ കഷ്ടത്തെപ്പറ്റി ആണ് വിവരിക്കുന്നത്.

സാഹചര്യങ്ങളെ നേരിടുവാൻ ഒരു വിശ്വാസിക്കു വേണ്ടിയത് കൃപയും, അതിൽ നിന്ന് വരുന്ന ദൈവീക ഉറപ്പുമാണ്. നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന സാഹചര്യങ്ങളുടെ തീഷ്ണത അനുസരിച്ച് കൂടുതൽ കൃപ നമുക്ക് ലഭിച്ചെങ്കിൽ മാത്രമേ നമുക്ക് ക്രിസ്തീയ ജീവിതത്തിൽ അചഞ്ചലമായി നിൽക്കാൻ സാധിക്കൂ. എന്റെ വ്യക്തിപരമായ ജീവിതത്തിൽ കടന്നു പോയ ചില അവിശ്വസനീയമായ കഷ്ടതയുടെ സാഹചര്യങ്ങൾ ഞാൻ തിരിഞ്ഞു ചിന്തിക്കാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കൂടെ മറ്റാരെങ്കിലും കടന്നു പോയിട്ടുണ്ടോ എന്നു പോലും ആത്മഗതമായി ചിന്തിക്കാറുണ്ട് –   എങ്ങനെ ആ സാഹചര്യങ്ങളിൽ ഞാൻ നില നിൽക്കാൻ ദൈവം എങ്ങനെ ക്യപ തന്നു എന്നുള്ളത്  പണ്ട് ഒരു അത്ഭുതമായി എനിക്ക് തോന്നാറുണ്ടായിരുന്നു..  ആ സമയങ്ങളിൽ പ്രാർത്ഥനക്കുള്ള സമയമോ, ദൈവ സന്നിധിയിൽ നിൽപ്പാനോ സാഹചര്യം ഇല്ലായിരുന്നു. എന്നാൽ ഇവിടുത്തെ കുറി വാക്യം അതിന്റെ ഉത്തരം ദൈവം എനിക്ക്  തന്നു.

പലരും തങ്ങളുടെ ജീവിതത്തിലെ കഷ്ടങ്ങൾ, പ്രതിസന്ധികൾ മറ്റുള്ളവർ അറിയാൻ ആഗ്രഹിക്കാതെ ഇരിക്കുമ്പോൾ പൗലോസ് പറയുകയാണ്  “നിങ്ങൾ അറിയാതിരിപ്പാൻ ഞങ്ങൾക്കു മനസ്സില്ല”. കാരണം തങ്ങളും അമാനുഷരല്ലെന്നും മരണഭീതിയും, നിരാശയും ഉള്ള സാധാരണ മനുഷ്യരാണെന്നും മറ്റുള്ളവർക്കും ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകാമെന്നും എങ്ങനെ അവയെ നേരിടാമെന്നും പൗലോസ് വായനക്കാരോട് വിവരിക്കുകയാണ്. തങ്ങൾ ഈ സാഹചര്യത്തെ നേരിട്ടത് ദൈവം കൃപ കൊടുത്തതുകൊണ്ടാണെന്ന് പൗലോസ് പറയുന്നു. കുറി വാക്യത്തിൽ തനിക്ക് കൃപ എങ്ങനെയാണ് ലഭിച്ചതെന്ന് വിശദീകരിക്കുന്നത് ഇങ്ങനെയാണ: പലർ തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, അങ്ങനെ പലരുടെ പ്രാർത്ഥന തങ്ങൾക്ക് ക്യപ ലഭിക്കുവാൻ കാരണമായി, അതായത് “പലർ മുഖാന്തരം ഞങ്ങൾക്കു കിട്ടിയ കൃപ” അതു നിമിത്തം ദൈവത്തിന് താൻ സ്തോത്രം ചെയ്യുകയാണ്. പലരാൽ ഈ കൃപ ലഭിച്ചത് കൊണ്ട്  മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ തന്നേ ആശ്രയിപ്പാൻ പൗലോസിന് കഴിഞ്ഞു.

എന്റെ ജീവിതത്തിൽ കടന്നു വന്ന സാഹചര്യത്തിലും അനേകർ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചു. തീർച്ചയായും ഒരു ലോക മനുഷ്യന്റെ ജീവിതത്തിൽ അമ്പേ പരാജയപ്പെടേണ്ട സാഹചര്യത്തിൽ അനേകരുടെ പ്രാർത്ഥനയാൽ ലഭിച്ച കൃപ എന്നെ നിർത്തി എന്ന് സ്തോത്രത്തോടെ ഞാനും ഓർക്കുകയാണ്. ഇന്ന് ഈ ഭാഗം വായിക്കുന്ന ആരെങ്കിലും തങ്ങൾക്ക് മറ്റുള്ളവരുടെ പ്രാർത്ഥന അധിക കൃപയ്ക്ക് കാരണമാകുമെന്ന് വിശ്വാസമുണ്ടെങ്കിൽ, ദൈവത്തിന് സ്തോത്രത്തിന് കാരണമാകുന്നതുകൊണ്ട്, വിഷയങ്ങളെ ഞങ്ങളെ അറിയിച്ചാൽ തീർച്ചയായും പ്രാർത്ഥിക്കുന്നതാണ്. പൗലോസിന് അധികം കൃപ കൊടുത്തവൻ, സാഹചര്യങ്ങളിൽ ഉറച്ചു നിൽക്കുവാൻ നിങ്ങൾക്കും കൃപ നൽകും. ദൈവ കൃപ നമ്മോടു കൂടെ ഇരിക്കുമാറാകട്ടെ!!!

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Saji Maniyatt
Pr. Saji Maniyatt
പാസ്റ്റർ സജി മണിയാറ്റ് - സ്വന്ത സ്ഥലം പത്തനംതിട്ട, വടശ്ശേരിക്കര, ജോലിയും ശുശ്രൂഷയും ആയിട്ടുള്ള ബന്ധത്തിൽ U .A .E യിൽ അജ് മാനിൽ ആയിരിക്കുന്നു.. ഭാര്യ ദീപ. മക്കൾ: കൃപ, ക്രിസ്റ്റിൻ.

Comments are closed.