രാത്രി കഴിയാറായി പകല്‍ അടുത്തിരിക്കുന്നു

ദൈവീക സംരക്ഷണം.
August 21, 2015
തനിച്ചിരിക്കുന്ന കുരികില്‍
August 23, 2015

രാത്രിയുടെ മറവിലാണ് മിക്കവാരും എല്ലാസ്ഥലങ്ങളില്‍ അനർത്ഥ സംഭവങ്ങളുടെ ജനനം രൂപമെടുക്കുന്നത് എന്നു പറഞ്ഞാല്‍ ചിലരെങ്കിലും സംശയിക്കാതിരിക്കുകയില്ല. കഴിഞ്ഞകാലങ്ങളിലെ പല സംഭവങ്ങളുടെയും പകപോക്കലും പ്രതികരംചെയ്യലും തലപോക്കിയിട്ടുള്ളത് ഇരുട്ടിന്റെ മറവിലാണ് എന്നത് നഗ്നസത്യമാണ്. ദുഷ്ട്ടന്മാ൪ അനീതിയുടെ വിത്ത് പാകാ൯ സമയം കണ്ടെത്തുന്നത് ഇരുട്ടിന്റെ അധിനിവേശത്തിലാണ് എന്നത് സത്യമായ കാര്യമാണ്.

Spread the love

വായനാ ഭാഗം:- റോമ൪ 13

13:1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
13:2 ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
13:3 വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്‌പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
13:4 നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
13:5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
13:6 അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു.
13:7 എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
13:8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവർത്തിച്ചിരിക്കുന്നുവല്ലോ.
13:9 വ്യഭിചാരം ചെയ്യരുതു, കൊല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
13:10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവർത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
13:11 ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.
13:12 രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.
13:13 പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
13:14 കർത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.

ചിന്താഭാഗം:- റോമ൪ 13:12 രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവർഗ്ഗം ധരിച്ചുകൊൾക.

രാത്രിയുടെ മറവിലാണ് മിക്കവാരും എല്ലാസ്ഥലങ്ങളില്‍ അനർത്ഥ സംഭവങ്ങളുടെ ജനനം രൂപമെടുക്കുന്നത് എന്നു പറഞ്ഞാല്‍ ചിലരെങ്കിലും സംശയിക്കാതിരിക്കുകയില്ല. കഴിഞ്ഞകാലങ്ങളിലെ പല സംഭവങ്ങളുടെയും പകപോക്കലും പ്രതികരംചെയ്യലും തലപോക്കിയിട്ടുള്ളത് ഇരുട്ടിന്റെ മറവിലാണ് എന്നത് നഗ്നസത്യമാണ്. ദുഷ്ട്ടന്മാ൪ അനീതിയുടെ വിത്ത് പാകാ൯ സമയം കണ്ടെത്തുന്നത് ഇരുട്ടിന്റെ അധിനിവേശത്തിലാണ് എന്നത് സത്യമായ കാര്യമാണ്. രാത്രിയുടെ ഭീകരത പലരുടെയും സ്വസ്ഥതകള്‍ നഷ്ടപെടുത്തുകയും ഉറക്കവും കേടുത്തികളയുകയും ചെയ്യുന്നു. പല സാധു മനുഷ്യരും ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്നത് ഈ രാത്രിയുടെ മറവിലാണ് എന്നത് മാധ്യമങ്ങളില്‍ കൂടി സ്ഥിരം നാം കേൾക്കാറുള്ള വിഷയമാണ്. കൊലപാതകം തുടങ്ങി ചെറുതും വലുതുമായ സംഭവങ്ങള്‍ നടന്നിട്ടുള്ളത് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ.

മുകളില്‍ പറഞ്ഞതെല്ലാം ഈ ലോകത്തിലെ ദുഷ്ടമനുഷ്യരുടെ സ്വഭാവത്തെകുറിച്ചാണ്. ഇനി പറയാ൯ പോകുന്നത് പ്രാർത്ഥിക്കുന്ന ദൈവമക്കളുടെ അനുഭവങ്ങളെക്കുറിച്ചാണ്. ദൈവമക്കളില്‍ പലരും രാത്രി കാലങ്ങളില്‍ മുട്ടിന്മേല്‍ ഇരുന്നു ദൈവ മുഖത്തേക്ക് നോക്കുകയും ദൈവശബ്ദത്തിനു ചെവികൊടുക്കുകയും ചെയ്യാറുണ്ട്. അനവധി ദൈവമക്കള്‍ കർത്താവില്‍ നിന്നും അനുഗ്രഹവും നന്മകളും പ്രാപിക്കുവാ൯ രാത്രി കാലങ്ങളെ പകലാക്കിയ സംഭവങ്ങള്‍ നമ്മുക്ക് കേൾക്കാൻ കഴിഞ്ഞിട്ടുള്ളതാണല്ലോ. പ്രാർത്ഥിക്കുന്നവനെ ദൈവം അറിയും അതിന് യാതൊരു സംശയവും വേണ്ട. കുറെ വർഷങ്ങൾക്ക് മുൻപ് ഒരു അമ്മച്ചിയുടെ വീട് കൊള്ളയടിക്കാ൯ വന്ന കള്ളനെ തന്റെഴ പ്രാർത്ഥനയുടെ ശബ്ദത്തില്‍ പിടിച്ചു കുലുക്കിയ സംഭവം ഞാന്‍ കേട്ടിട്ടുണ്ട്. ഇതു കേവലം ഒരു കഥയല്ല നടന്ന സംഭവമാണ്. പ്രായമായ ഒരു അമ്മച്ചി താമസിക്കുന്ന വലിയ വീടിനെ ലക്ഷ്യമാക്കി അ൪ദ്ധരാത്രി വന്ന കള്ളന് അകത്തു നിന്നും കേൾക്കുന്ന ശബ്ദം “DYSP” എന്നാതായിരുന്നു. അമ്മച്ചി “DYSP” – യെ വിളിച്ചതല്ല, ആത്മ നിറവില്‍ പ്രാർത്ഥിക്കുന്ന അമ്മച്ചിയുടെ അന്യഭാഷ കള്ളനു മനസിലായത് “DYSP” എന്നാ പേരിലായിരുന്നു. അവ൯ അവിടെ നിന്നും ഓടി രക്ഷപെട്ടു, നേരം വെളുത്തപ്പോള്‍ അമ്മച്ചിയുടെ അടുക്കല്‍ ആ കള്ള൯ തിരിച്ചുവന്നു കൂപ്പുകൈയോടെ ഇപ്രകാരം പറഞ്ഞു. അമ്മച്ചി എന്നോട് ക്ഷമിക്കണം ഇനി ഞാ൯ കള്ളം ചെയ്യാ൯ ഒരിടത്തും പോകുകയില്ല. സത്യമായും ജോലി ചെയ്തു ഇനി ജീവിച്ചുകൊള്ളാം, എന്നെ പോലീസില്‍ നിന്നും രക്ഷിക്കണം. അവ൯ കരയുവാ൯ തുടങ്ങി. ഈ സമയം എന്താണ് സംഭവമെന്ന് അറിയാതെ അമ്മച്ചിയും അവിടെ വിറങ്ങലിച്ചു അല്പനേരം നിന്നു. പിന്നെയും കള്ള൯ അമ്മച്ചിയോട് പറഞ്ഞത് ഇപ്രകാരമാണ് കഴിഞ്ഞ രാത്രി 2 മണിക്ക് ഞാ൯ ഇവിടെ മോഷ്ടിക്കാ൯ വന്നത് അമ്മച്ചി എന്നെ കണ്ടത് കൊണ്ടാണല്ലോ പോലീസിനെ വിളിച്ചത് ആ സമയം ഞാ൯ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. എന്നെ രക്ഷിക്കണം അമ്മച്ചി ഇനി ഞാ൯ നല്ലവനായി ജീവിച്ചുകൊള്ളാം. ഇപ്പോള്‍ അമ്മച്ചിക്ക് കാര്യം വെക്തമായി മനസിലായി. ഉട൯ ആ മാതാവ്‌ അവനെ വിളിച്ചു വീടിനകത്ത് കയറ്റി. ഇരിക്കുവാനായി അവനോടു പറഞ്ഞു അവ൯ എന്തു സംഭവിക്കാ൯ പോകുന്നുവെന്ന് അറിയാതെ പേടിച്ചു ഇരിക്കുമ്പോള്‍ ആ മാതാവ് ആദ്യം അവന് വിശപ്പ് അടക്കാ൯ ആഹാരം കൊടുത്തു. ഈ സമയം താ൯ പ്രാർത്ഥിച്ച വിഷയവും ദൈവ വചനവും അവനുമായി മാതാവ് പങ്കുവച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കള്ള൯ തന്റെ തെറ്റുകളെ ഓർത്ത് കരയുവാ൯ തുടങ്ങി. അവസാനം അവന്റെ തെറ്റുകളെ അനുതാപത്തോട് ദൈവത്തോട് ഏറ്റുപറഞ്ഞു പ്രാർത്ഥിച്ചു യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു. ശേഷമുള്ള ആയുസ്സ് കർത്താവിന്റെ നാമമഹത്വത്തിനായി ജീവിക്കുവാ൯ അവ൯ ഏല്പ്പിച്ചു കൊടുത്തു. പിന്നെത്തേതില്‍ ലോകം അറിയത്തക്ക നിലയില്‍ ദൈവം തന്റെ വേലക്കാരനാക്കി മാറ്റി. ഇദ്ദേഹം കർത്താവിന്റെ ദാസനായി തീ൪ന്ന് സുവിശേഷ വേളയില്‍ തന്നാല്‍ ആവുന്നിടത്തോളം പ്രവർത്തിച്ചു. പ്രാർത്ഥിക്കുന്ന ദൈവമക്കൾക്കു അനുഗ്രഹവും ദൈവകൃപയും ദൈവം വീണ്ടും വീണ്ടും നല്കി കൊണ്ടേയിരിക്കും. അവരെ ദൈവം ഒരിക്കലും ഉപേഷിക്കുകയില്ല കൈവിടുകയുമില്ല.

ഈ ലേഖനം വായിക്കുന്ന ദൈവ പൈതലേ, താങ്കളുടെ ജീവിതത്തില്‍ രാത്രിയുടെ മറവിലിരുന്ന് സാത്താന്റെ ശക്തികള്‍ വേദനയുടെയും നിരാശയുടെയും അമ്പ് എയ്ത് താങ്കൾക്ക് എതിരായി വിടുന്നുവോ? താങ്കള്‍ നിരാശയില്‍ കു‌ടി കൊണ്ട് പോകുന്നുണ്ടോ? ദൈവ പൈതലേ നീ ഭാരപെടെണ്ടാ. സകലത്തെയും അറിയുന്ന സ൪വ്വശക്ത൯ നിന്നോട് കൂടെയുണ്ട് അവ൯ നിന്നെ കൈവിടുകയില്ല. താങ്കളെ എങ്ങനെയെങ്ങിലും ഈ ലോക ജീവിത പാതയില്‍ നിന്നും സാത്താന്റെ തന്ത്രങ്ങളില്‍ കൂടി തടസ്സം വരുത്തി ഒന്നുമില്ലാത്തവനാക്കുക എന്നതാണ് അവന്റെ ലക്‌ഷ്യം, അസ്വസ്ഥതകൾ വരുത്തുക, സമാധാനമായി ജീവിക്കാ൯ അനുവദിക്കാതാക്കുക ഇവയെല്ലാം അവന്റെ തന്ത്രത്തിൽ പെടും. സാത്താ൯ ഇതൊക്കെ ചെയ്യുമ്പോള്‍ തന്നെ മറുഭാഗത്ത് ദൈവ വചനം പഠിപ്പിക്കുന്നു “സാത്താന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ?” സാത്താനെ എതിർത്ത് നിന്ന് ദൈവത്തിന്റെ ശക്തി അനുദിനം നാം പ്രാപിക്കുക, എങ്കില്‍ സാത്താ൯ നമ്മെ വിട്ട് താനേ ഓടിപ്പോകും.

മിക്ക ദൈവമക്കൾക്കും ഈ ലോകം അനുകൂലമല്ല അവർക്ക് അത് രാത്രിയുടെ അനുഭവമാണ്. എവിടെ പോയാലും ഇരുട്ടിന്റെ ശക്തികൾ അവരെ പി൯ന്തുർടന്നു കൊണ്ടേയിരിക്കും. മിക്കപ്പോഴും അവരുടെ അനുഗ്രഹത്തിനു എതിരായി പോരാടികൊണ്ടിരിക്കും. ദൈവവചനത്തില്‍ നാം കാണുന്നു രാത്രിയുടെ മറവില്‍ യേശുവിന്റെ ശിഷ്യന്മാ‍രെ കാറ്റും തിരമാലകളാലും പേടിപ്പിച്ചു അവരുടെ ധൈര്യം ചോർത്തി കളയുവാ൯ സാത്താ൯ ശ്രമിച്ചുകൊണ്ടിരുന്നു, എന്നാല്‍ രാത്രിയുടെ നാലാമത്തെ യാമത്തില്‍ കടലിന്റെ മുകളില്‍ യേശു കാലുവച്ച് നടന്നു ചെന്ന് കാറ്റിനെയും കടലിനെയും ശാസിച്ച് അമർത്തി ശിഷ്യന്മാരെ ധൈര്യപെടുത്തി (മത്തായി 14: 25- 31). അവരുടെ നിലവിളി സന്തോഷമാക്കിതീ൪ത്തു. രാത്രിപോലുള്ള ഇരുട്ടിന്റെ അനുഭവങ്ങളെ കണ്ടുകൊണ്ടു നമ്മുടെ പ്രതീക്ഷകള്‍ മങ്ങിമറയരുത്. സർവ്വശക്തനായ യേശുവില്‍ നാം പൂ൪ണാശ്രയം വച്ചാല്‍ ദൈവം തന്റെ ഉള്ളംകൈയ്യിൽ നമ്മെ വഹിച്ചുകൊള്ളുക തന്നെ ചെയ്യും. ഈ വിശ്വാസം ഉണ്ടെങ്കില്‍ ഈ ലോകത്തിന്റെ കാറ്റും തിരമാലകളും നമ്മെ തകർക്കാൻ വരുമ്പോള്‍ ദൈവം നമ്മെ പരിപാലിക്കാ൯ ശക്തനാണ്. ഇതിനോടുള്ള ബന്ധത്തിൽ രണ്ടു കാര്യങ്ങള്‍ ചുരുക്കമായി ചിന്തിക്കാം.

1. രാത്രി കഴിയാറായി:-
സാധാരണമനുഷ്യ൪ക്ക് രാത്രി ഭയം തന്നെയാണ്. ഭയമില്ലാ എന്നു പലരും പറയുമെങ്കിലും ഉള്ളില്‍ തീർച്ചയായും ഭയമുണ്ട് എന്ന് മനശാസ്ത്രം പറയുന്നു. ചില മനുഷ്യ൪ ഇരുട്ടിന്റെ അധീനതയില്‍ എന്ത് ക്രൂരകൃത്യവും ചെയ്യാ൯ മടിക്കാതെ അവരെ തന്നെ മറന്നു പ്രവർത്തിക്കുന്നതായും നമുക്ക് കാണാ൯ കഴിയുന്നു. രാത്രിയുടെ മറവില്‍ എത്രയെത്ര അന൪ത്ഥങ്ങള്‍ ഈ ലോകത്തില്‍ നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നുമുണ്ട്. ഒട്ടുമിക്കമനുഷ്യരും അറിയുന്നില്ലാ എന്നു മാത്രമാണ് സത്യം. എന്നാല്‍ ഒരു ദൈവ പൈതല്‍ കർത്താവിന്റെ പാദത്തിലിരുന്നു ദൈവശബ്ദം കേൾക്കുന്നത് രാത്രിയുടെ നിശബ്തതയിലാണ്. മാനുഷിക ബുദ്ധിക്കു ചിന്തിക്കാനോ വിശ്വസിക്കാനോ കഴിയാത്തത് നാം രാത്രി മുട്ടിന്മേമല്‍ ഇരിക്കുമ്പോള്‍ ദൈവം തിന്മക്കു ആയിട്ടുള്ളതു നന്മയാക്കി മാറ്റിത്തരും. ഈ ലോകം പലപ്പോഴും നമ്മുക്ക് സമ്മാനിക്കുന്നത് ദുഖം, കഷ്ട്ത, വേദന, നിന്ദ, എതിർപ്പ് , പഴി, ദുഷി, ഒറ്റപെടുത്തല്‍ ഇവയൊക്കെയാണ്. എന്നാല്‍ ഈ കറുത്ത രാത്രിയുടെ അനുഭവത്തില്‍ നിന്നും കർത്താവ് നമ്മുക്കായി ഒരുക്കുന്ന നിത്യപകലിലേക്ക് ആ നല്ല സന്തോഷത്തിലേക്ക് പ്രവേശിക്കാനുള്ള സുന്ദരനിമിഷം അതിവേഗം ആഗതമായി. ഈ ലോകത്തിന്റെ കറുത്ത രാത്രി നമ്മെ വിട്ടു പോകുവാ൯ നേരമായി അതിനായി നമുക്ക് ഒരുങ്ങാം.

2. പകല്‍ അടുത്തിരിക്കുന്നു:-
നിരാശയുടെ നിശബ്ദതയില്‍ നിന്നും പുതുപുത്ത൯ പുലരിയിലേക്ക് കാലുകുത്താ൯ പോകുകയാണ്, ഇരുട്ടു ലെവലേശമില്ലാത്ത, ദുഖമില്ലാത്ത, വേദനയില്ലാത്ത, നിന്ദയില്ലാത്ത, പഴിയില്ലാത്ത, പകയില്ലാത്ത നിത്യസൂര്യന്റെ വെളിച്ചം അധികം താമസിക്കാതെ ഒരു ദൈവ പൈതലിനു അവകാശമായി ലഭിക്കാ൯ പോകുകയാണ്. ഈ പകല്‍ സുര്യ൯ കർത്താവായ യേശു ക്രിസ്തുവാണ്‌, അവ൯ നമുക്കായി സ്വ൪ഗ്ഗത്തില്‍ സ്ഥലം ഒരുക്കാ൯ പോയിരിക്കുന്നു. സ്ഥലം ഒരുക്കിയിട്ടു അവ൯ ഇരിക്കുന്നിടത്ത് നാമും ഇരിക്കേണ്ടതിന് പിന്നെയും വന്നു നമ്മെ കൂട്ടികൊണ്ട് പോകും. ഇതു ദൈവത്തിന്റെ വാഗ്ദത്തമാണ് അത് തീ൪ച്ചയായും സംഭവിക്കും. അതിനു യാതൊരു മാറ്റവുമില്ല. നമ്മുക്ക് അസാധ്യമായ വിഷയം ദൈവകരങ്ങളില്‍ സമർപ്പിച്ച് നാം പ്രാർത്ഥനയോടെ കാത്തിരിക്കുക. വിശ്വസിക്കുക രാത്രിമാറി പകല്‍ ഇങ്ങ് ഏറ്റവും അടുത്തിരിക്കുന്നു.

സഹോദരങ്ങളെ, നീതിസൂര്യനായ ക്രിസ്തു വെളിപെടുമ്പോള്‍ നാമും അവനോടൊപ്പം തേജസില്‍ കാണും. ദൈവത്തില്‍ പ്രത്യാശവക്കുക. ധൈര്യപെടുക, കർത്താവിൽ വിശ്വസിക്കുക. നമ്മുടെ കർത്താവ് വരാറായി. നാം ആഗ്രഹിക്കുന്ന ശുഭ ഭാവി നമുക്ക് ലഭിക്കും, അതിനു വേണ്ടി വിശുദ്ധിയോടെ നിർമാദത്തോടെ ക൪ത്താവിനായി കാത്തിരിക്കുക, എങ്കില്‍ നമ്മുടെ ദുഖം സന്തോഷമായി മാറും, ആ നല്ല പകല്‍ ദിനത്തിനായി നമുക്ക് കാത്തിരിക്കാം, കർത്താവ് നമ്മെ അതിനായി അനുഗ്രഹിക്കട്ടെ.

Santhosh Pandalam
Pr. Santhosh Pandalam
പാസ്റ്റർ സന്തോഷ്‌ പന്തളം: ഇപ്പോൾ തമിഴ്നാട്ടില്‍ കര്‍ത്താവിന്റെ വേലചെയ്യുന്നു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ എഴുതുന്നതിനോടൊപ്പം മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനായും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിക്കുന്നു. ഭാര്യ ഷേര്‍ളി. മൂന്ന് മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Comments are closed.