നമുക്ക് ക്ഷമിക്കാം; അവയെ മറക്കാം

ദഹിപ്പിക്കുന്ന അഗ്നി
June 9, 2015
അടയാളം
June 10, 2015

മദർ തെരെസ ഒരിക്കൽ ഇപ്രകാരം പ്രസ്താവിച്ചു: "ക്ഷമിക്കേണ്ടത്‌ എങ്ങനെയെന്നു പഠിച്ചാലല്ലാതെ നിങ്ങൾക്ക് യഥാർത്ഥമായി സ്നേഹിക്കാൻ സാധിക്കില്ല." അത് കൊണ്ടാണ് സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്ന് വചനം പറയുന്നത്. (1 കൊരിന്ത്യർ 13:4) ചിലർ പറയും ഞാൻ ക്ഷമിക്കാം; പക്ഷേ, മറക്കില്ല. ആ ക്ഷമയുടെ പൊള്ളത്തരം ആ വാക്കിൽ തന്നെയുണ്ട്‌. യഥാർത്ഥമായി സ്നേഹിക്കുമ്പോൾ ആ സംഭവം അപ്പാടെ മറക്കുവാനും സാധിക്കണം. അതിനു ഒരു ആത്മീക ശക്തി ആവശ്യമാണ്. തെറ്റിപോവുക മനുഷ്യസഹജമാണ്, എന്നാല്‍ ക്ഷമിക്കുക എന്നത് ദൈവീകവും.

Spread the love

വായനാ ഭാഗം: ഗലാത്യർ 5: 16-23

5:16 ആത്മാവിനെ അനുസരിച്ചുനടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.
5:17 ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.
5:18 ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.
5:19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം,
5:20 വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത,
5:21 അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
5:22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,
5:23 ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

ചിന്താ ഭാഗം: 5: 22,23 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം;

സാമൂഹിക ബന്ധങ്ങളിൽ തകർച്ച വരുത്തുന്നതും സംഘർഷമുണ്ടാക്കുന്നത്തിനും പിന്നിലെ കാരണം ക്ഷമയില്ലായ്മയാണ്. പ്രതികാരത്തിനുള്ള ആഗ്രഹം അവിടെ തേർവാഴ്ച്ച നടത്തും. ക്ഷമയുടെ അഭാവം എത്ര എത്ര കുടുംബങ്ങളെയാണ് തകർക്കുന്നതു. ശിഥിലമാകുന്ന കുടുംബങ്ങളുടെ എണ്ണം ഞെട്ടിക്കുന്ന വിധം വർദ്ധിച്ചുവരികയാണ്‌. മാതാപിതാക്കൾ തമ്മിലുള്ള പോരും പിടിവാശിയും അവരുടെ കുഞ്ഞുങ്ങളെ ബലിയാടാക്കുകയാണ്. കലഹത്തിനു പല കാരണങ്ങളും കണ്ടേക്കാം. എന്നാൽ എല്ലാറ്റിനും മുന്നിലുള്ളത് ക്ഷമിക്കാനുള്ള സന്നദ്ധതക്കുറവു തന്നെയാണ്.

‘ക്ഷമയാണ് എന്റെ ഗമ’ എന്ന് ചിലർ പറയാറുണ്ട്. പക്ഷേ അവരെ അടുത്ത് അറിയുമ്പോഴെ വാസ്തവം എന്താണന്നു മനസിലാകു. എല്ലാ മനുഷ്യരും ക്ഷമയെ പ്രശംസിക്കാറുണ്ട്. പക്ഷേ, വളരെക്കുറച്ചു പേർ മാത്രമേ അത് അഭ്യസിക്കുന്നുള്ളൂ. യേശു ക്രിസ്തുവിന്റെ ഉപദേശങ്ങളിൽ മുന്നിട്ടു നില്ക്കുന്ന ഒരു വിഷയമാണ്‌ ക്ഷമ. അത് വ്യക്തമാക്കാൻ ഒട്ടേറെ ദൃഷ്‌ ടാന്ത കഥകൾ അവിടുന്ന് പഠിപ്പിച്ചു. യേശു നാഥാൻ പഠിപ്പിച്ച പ്രാർത്ഥനയിൽ എഴ് അപേക്ഷയുണ്ട്. അതിൽ ഒന്ന് ക്ഷമയെപ്പറ്റിയാണ്. (മത്തായി 6:12)

ജീവിതാന്ത്യത്തിൽ ക്രൂശിൽ കിടന്നു കൊണ്ട് ആദ്യം ഉരുവിട്ടതും ക്ഷമയ്ക്കു വേണ്ടിയുള്ള അപേക്ഷയായിരുന്നു.

എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. (ലൂക്കൊസ് 23:34)

ആരാധനയിൽ കൂടി ദൈവ സംസർഗം അനുഭവിച്ച് അനുഗ്രഹം പ്രാപിക്കാൻ ഒരുങ്ങുമ്പോൾ കൂട്ടു സഹോദരങ്ങൾ തമ്മിൽ അനുരഞ്ജനപ്പെട്ടു നിരപ്പാകുവാൻ ക്രിസ്തു നാഥൻ അനുശാസിച്ചു (മത്തായി 5: 23,24). ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ പല ശുശ്രുഷകളും പള്ളിക്കുള്ളിൽ നടക്കാറുണ്ട്. എന്നാൽ അവിടെ നിന്ന് ഇറങ്ങിക്കഴിയുംപോൾ അതുമായി ഒരു വിധത്തിലും ബന്ധമില്ലാത്ത ജീവിതക്രമങ്ങളാണ് നാം കണ്ടു വരുന്നത്.

മദർ തെരെസ ഒരിക്കൽ ഇപ്രകാരം പ്രസ്താവിച്ചു: “ക്ഷമിക്കേണ്ടത്‌ എങ്ങനെയെന്നു പഠിച്ചാലല്ലാതെ നിങ്ങൾക്ക് യഥാർത്ഥമായി സ്നേഹിക്കാൻ സാധിക്കില്ല.” അത് കൊണ്ടാണ് സ്നേഹം ദീർഘമായി ക്ഷമിക്കുന്നു എന്ന് വചനം പറയുന്നത്. (1 കൊരിന്ത്യർ 13:4)

അന്യരുടെ ദ്രോഹം പൊറുക്കുവാനും വിട്ടുവീഴ് ച ചെയ്യാനും വിശാലമായ മനസ്സ് ആവശ്യമാണ്. വികാരങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാൻ മൃഗങ്ങൾക്കും മൃഗതുല്യരായ മനുഷ്യർക്കുമാണ് കഴിയുന്നത്‌. ആത്മീയതലത്തിൽ ജീവിക്കുന്ന വ്യക്തി വികാരങ്ങളെ സംയമനം ചെയ്തു, ക്ഷമ കൊണ്ടും സഹിഷ്ണത കൊണ്ടും ജീവിതത്തെ ചൈതന്യമുള്ളതാക്കി മാറ്റുന്നു.

ചിലർ പറയും ഞാൻ ക്ഷമിക്കാം; പക്ഷേ, മറക്കില്ല. ആ ക്ഷമയുടെ പൊള്ളത്തരം ആ വാക്കിൽ തന്നെയുണ്ട്‌. യഥാർത്ഥമായി സ്നേഹിക്കുമ്പോൾ ആ സംഭവം അപ്പാടെ മറക്കുവാനും സാധിക്കണം. അതിനു ഒരു ആത്മീക ശക്തി ആവശ്യമാണ്. തെറ്റിപോവുക മനുഷ്യസഹജമാണ്, എന്നാല്‍ ക്ഷമിക്കുക എന്നത് ദൈവീകവും.

ഈ വിഷയത്തില്‍ പ്രകാശം ചൊരിയുന്ന ഒരു ബൈബിള്‍ കഥാപാത്രമാണ് ജോസഫ്‌. ജേഷ്ഠ സഹോദരങ്ങളുടെ അസൂയയ്ക്കും വിദ്വേഷത്തിനും ഇരയായി അവര്‍ ജോസഫിനെ ദ്രോഹിച്ചു. അപയപെടുത്താന്‍ ഒരു പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു, പിന്നീടു അടിമ കച്ചവടക്കാര്‍ക്ക് വിറ്റു. ഈജിപ്തില്‍ അടിമയായിക്കഴിഞ്ഞ ജോസഫ്‌, ദൈവീക വാഗ്ദത്ത പ്രകാരവും തന്റെ സ്വഭാവവിശുദ്ധി കൊണ്ടും ബുദ്ധിവൈഭവം കൊണ്ടും അവിടുത്തെ പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു.

സ്വന്തം നാട്ടില്‍ ക്ഷാമം പടര്‍ന്നപ്പോള്‍, ജോസഫിന്റെ സഹോദരന്മാര്‍ ആ കാലത്ത് ധാന്യം സുലഭമായ ഈജിപ്തില്‍ എത്തി. ദ്രോഹം ചെയ്ത സഹോദരന്മാര്‍ ജോസഫിനെ തിരിച്ചറിയാതെയാണ് സമീപിച്ചത്. ജോസഫ്‌ സ്വയം വെളിപ്പെടുത്തി പറഞ്ഞ വാക്കുകള്‍ അവിസ്മരണീയമാണ്:

എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു. (ഉല്പത്തി 45:5)

എല്ലാം മറന്ന് സ്നേഹപൂര്‍വ്വം അവരെ സ്വീകരിച്ചതാണ്‌ ക്ഷമയുടെ ഉദാത്തഭാവം.

നമ്മുടെ വായനാ ഭാഗത്തില്‍ പറഞ്ഞിരിക്കുന്ന പക, പിണക്കം, ക്രോധം, ഭിന്നത, അസൂയ തുടങ്ങിയവ ജഡത്തിന്റെ പ്രവര്‍ത്തികളാണ്. അവ നമ്മെ നമ്മുടെ ലക്ഷ്യ സ്ഥലമായ ദൈവരാജ്യത്തില്‍ നിന്ന് അകറ്റുമ്പോള്‍, ആത്മാവിന്റെ ഫലമായ സ്നേഹത്താല്‍, സമാധാനത്താല്‍, ദീര്‍ഘക്ഷമയാല്‍ ദൈവരാജ്യ പ്രവേശനം നമുക്ക് ഉറപ്പിക്കാം. ദൈവ ആത്മാവിന്റെ ശക്തിയാല്‍ ക്ഷമിക്കുവാനും അവയെ മറക്കുവാനും കൃപ തരേണ്ടതിനായി നമുക്ക് ഈ ദിനം പ്രാര്‍ത്ഥിക്കാം.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.