ദഹിപ്പിക്കുന്ന അഗ്നി

നീതിയുടെ ശുശ്രൂഷ
June 9, 2015
നമുക്ക് ക്ഷമിക്കാം; അവയെ മറക്കാം
June 10, 2015

യഹോവയായ ദൈവത്തെ വിളിക്കുന്ന ഭക്തന് ഒരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. അന്യദേവന്മാരെ കൈക്കൊള്ളുന്നവരുടെ ഇടയില്‍ തന്‍റെ ജനത്തെ മാനിക്കുവാന്‍ ശക്തനാണ് നാം വിളിക്കുന്ന ജീവനുള്ള ദൈവം. അനേകർ കോടാനുകോടി ദേവന്മാരില്‍ ആശ്രയം വെച്ചിട്ടും അവർക്ക് ഒരു മറുപടിയും ലഭിക്കുന്നില്ല. കാരണം അവര്‍ വണങ്ങുന്നത് ഊമ വിഗ്രഹങ്ങളെയാണ്. എന്നാല്‍ നമ്മുടെ ദൈവം ഏകനും ജീവനുമുള്ളവനാണ്. ദൈവജനത്തിന്‍റെ വിഷയങ്ങള്‍ക്ക് മറുപടി തരുവാന്‍ അവന്‍ കാതോര്‍ത്തിരിക്കുന്നു.

Spread the love

വായനാഭാഗം: സങ്കീര്‍ത്തനങ്ങള്‍ 16:1-4

1 ദൈവമേ, ഞാൻ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ,
2 ഞാൻ യഹോവയോടു പറഞ്ഞതു: നീ എന്റെ കർത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
3 ഭൂമിയിലെ വിശുദ്ധന്മാരോ അവർ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാർ തന്നേ.
4 അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.

ചിന്താഭാഗം: വാക്യം 4
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാൻ അർപ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേൽ എടുക്കയുമില്ല.

ദൈവത്തില്‍ ആശ്രയം വെയ്ക്കുന്ന തന്‍റെ ഭക്തന് ദൈവം കൊടുക്കുന്ന സംരക്ഷണവും, കരുതലുമാണ് മുകളില്‍ പറഞ്ഞിരിക്കുന്ന സങ്കീര്‍ത്തന ഭാഗം. ദാവീദ് ഈ സങ്കീര്‍ത്തനം തുടങ്ങുന്നതിന് മുന്‍പ് ‘സ്വര്‍ണ്ണ ഗീതം’ എന്നാണ് തലക്കെട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. അതായത് വളരെ മൂല്യവും, ശ്രേഷ്ഠവുമായ ഒരു സ്തുതി ഗീതമാണിത്. ദാവീദിന്‍റെ ജീവിതത്തില്‍ ദൈവം അത്രയും ശ്രേഷ്ഠകരമായി നടത്തിയ വിധങ്ങള്‍ ഓര്‍ത്ത് ചമച്ചതാണ് ഈ സങ്കീര്‍ത്തന ഭാഗം.

ദാവീദ് യിസ്രായേലിന്‍റെ രാജാവായിരുന്ന സമയത്ത് അനേകം യുദ്ധങ്ങളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. അപ്പോഴെല്ലാം താന്‍ ആശ്രയം വെച്ച ദൈവത്തെ ദാവീദ് മുറുകെ പിടിച്ചു. അതു കൊണ്ട് തന്നെ പല ജാതീയ രാജാക്കന്മാരുമായുള്ള യുദ്ധത്തില്‍ വിജയം ദാവീദിന്‍റെ പക്ഷത്തായിരുന്നു. ഇവിടെ ഉദ്ദരിച്ച വേദഭാഗത്തിൽ നാം, ദൈവത്തില്‍ ആശ്രയിക്കുന്ന ദൈവഭക്തനും, അന്യദേവനെ കൈകൊള്ളുന്ന വിജാതീയനും തമ്മിലുള്ള വ്യത്യാസം കാണുന്നു.

1 രാജാക്കന്മാര്‍ 18-ആം അദ്ധ്യായത്തില്‍ ഏലിയാവിനെപ്പറ്റി വിവരിച്ചിരിക്കുന്നു. യഹോവയുടെ പ്രവാചകനായ ഏലിയാവ് അവിടെ ബാലിന്‍റെ പ്രവാചകന്മാരെ വെല്ലുവിളിക്കുകയാണ്. ഹോമയാഗ മൃഗമായ കാളയെ ഏലിയാവും, ബാലിന്‍റെ പ്രവാചകന്മാരും എടുത്ത ശേഷം ഖണ്ഡം ഖണ്ഡമാക്കി തീയിടാതെ വിറകിന്മേല്‍ വച്ചു. ആദ്യം ബാലിന്‍റെ പ്രവാചകന്മാര്‍ അവര്‍ സേവിക്കുന്ന ദേവനെ വിളിച്ചപേക്ഷിച്ച് തീ കൊണ്ട് ഉത്തരം അരുളാന്‍ ശ്രമിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാല്‍ യഹോവയുടെ പക്ഷത്ത് പ്രവാചകനായ ഏലിയാവ് ഒറ്റയ്ക്കും, ബാലിന്‍റെ പക്ഷത്ത് നാനൂറ്റമ്പത് പ്രവാചകന്മാരും ഉണ്ട് എന്നുള്ളതാണ്. അവര്‍ രാവിലെ മുതല്‍ ഉച്ച വരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചിട്ടും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. എന്നാല്‍ 18-ആം അദ്ധ്യായം 38-ആം വാക്യത്തില്‍ നാം കാണുന്നത് എലിയാവിന്‍റെ ഒരൊറ്റ പ്രാര്‍ത്ഥനയില്‍ തന്നെ യഹോവയായ ദൈവം തീ ഇറക്കി ഹോമയാഗവും, വിറകും, മണ്ണും ദഹിപ്പിക്കയും; തോട്ടിലെ വെള്ളം വറ്റിച്ചു കളയുകയും ചെയ്തു.

യഹോവയായ ദൈവത്തെ വിളിക്കുന്ന ഭക്തന് ഒരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. അന്യദേവന്മാരെ കൈക്കൊള്ളുന്നവരുടെ ഇടയില്‍ തന്‍റെ ജനത്തെ മാനിക്കുവാന്‍ ശക്തനാണ് നാം വിളിക്കുന്ന ജീവനുള്ള ദൈവം. അനേകർ കോടാനുകോടി ദേവന്മാരില്‍ ആശ്രയം വെച്ചിട്ടും അവർക്ക് ഒരു മറുപടിയും ലഭിക്കുന്നില്ല. കാരണം അവര്‍ വണങ്ങുന്നത് ഊമ വിഗ്രഹങ്ങളെയാണ്. എന്നാല്‍ നമ്മുടെ ദൈവം ഏകനും ജീവനുമുള്ളവനാണ്. ദൈവജനത്തിന്‍റെ വിഷയങ്ങള്‍ക്ക് മറുപടി തരുവാന്‍ അവന്‍ കാതോര്‍ത്തിരിക്കുന്നു.

പല മതങ്ങളും ചില മനുഷ്യരെ ദൈവമായോ ദൈവതുല്യമായോ ചിത്രീകരിച്ചിരിക്കുന്നു. ചില ക്രിസ്തീയ വിഭാഗങ്ങളിൽ പോലും ദൈവത്തെക്കാളുപരി വിശുദ്ധന്മാരെ സേവിക്കുന്നു. വിശുദ്ധന്മാര്‍ അവരുടെ ജീവിതത്തില്‍ ചെയ്ത പുണ്യ പ്രവര്‍ത്തികളും, ദൈവത്തോട് മുറുകെ പിടിച്ച ഭക്തിയുമാണ് സമൂഹം പകര്‍ത്തേണ്ടത്. അവര്‍ കാണിച്ചു തന്ന പാതയില്‍ നാം സഞ്ചരിക്കാന്‍ ശ്രമിക്കണം. അല്ലാതെ അവരോട് പ്രാര്‍ത്ഥിച്ചതു കൊണ്ടും, അപേക്ഷിച്ചതു കൊണ്ടും ഒരു അനുഗ്രഹവും ലഭിക്കയില്ല. ദൈവത്തിനു വേണ്ടി നില നില്‍ക്കുവാനും, ദൈവവചനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനും ഞാന്‍ ഇന്ന് മുതല്‍ ശ്രമിക്കുമെന്ന് ഒരു തീരുമാനം നമുക്കെടുക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.

Comments are closed.