ഇത് മടങ്ങി വരവിന്‍ കാലം

മുഷിഞ്ഞുപോകരുതു
June 10, 2017
നീ കരയുന്നതെന്ത്?
June 12, 2017

ജീവജാലങ്ങള്‍ ആവാസവ്യവസ്ഥിതിയ്ക്ക് അനുസരിച്ച് സ്ഥലം മാറുന്നപോലെ ദൈവമക്കള്‍ ദൈവത്തെ വിട്ടുമാറുന്നത് ഉടയവന് വേദനാജനകം ആണ്. ഇളയ മകന്റെ മടങ്ങി വരവിനായി കാത്തിരുന്ന പിതാവിന്റെ സ്നേഹം നമ്മെ പഠിപ്പിച്ച കര്‍ത്താവ്‌ സ്നേഹവാനായ ദൈവത്തെ നമുക്ക് കാട്ടിത്തരികയായിരുന്നു. പ്രതികൂലങ്ങള്‍ ശക്തമായിട്ടും മടങ്ങി വരുവാന്‍ മടി കാട്ടിയ നവോമി ഒടുവില്‍ മടങ്ങി ദൈവം നിശ്ചയിച്ച ദേശത്തേക്ക് വരുവാന്‍ തീരുമാനിച്ചപ്പോള്‍ മരുമകള്‍ രൂത്ത് എടുത്ത തീരുമാനം എത്ര ശ്രേഷ്ടമാണ്.

Spread the love

വായനഭാഗം.സെഖർയ്യാവു1: 2-4

2 യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു. 3 ആകയാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 4 നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.

കുറിവാക്യം. സെഖര്യ 1. 3

ആകയാല്‍ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യെഹോവാ ഇപ്രകാരം അരുളിച്ചെയ്യുന്നു; എങ്കലേക്കു തിരിവിന്‍ എന്ന് സൈന്യങ്ങളുടെ യെഹോവയുടെ അരുളപ്പാട് . എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്ന് സൈന്യങ്ങളുടെ യെഹോവാ അരുളിച്ചെയ്യുന്നു.

മടങ്ങിവരവ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സ്വന്തമായത് വിട്ടു പോകുന്ന മനുഷ്യന്‍, പക്ഷി , മൃഗങ്ങള്‍, ജീവജാലങ്ങള്‍ എന്നിവ തനിക്ക് സ്വന്തമായതിലേക്ക് തിരിച്ചു വരിക എന്നതാണ്. കൊക്കും മീവല്‍ പക്ഷിയും തങ്ങളുടെ മടങ്ങിവരവിന്‍ കാലം അറിയുന്നു, എന്നാല്‍ യിസ്രയേലോ അറിയുന്നില്ല എന്ന് പ്രവാചകന്‍ വിളിച്ചു പറയുന്നു. പക്ഷികളും മൃഗങ്ങളും തങ്ങളുടെ നിലനില്‍പ്പിനു അനുകൂലമായ ജീവിത സാഹചര്യങ്ങള്‍ തേടിയാണ് സ്വന്ത ദേശം വിട്ടുപോകുന്നത്. എന്നാല്‍ ദൈവമക്കള്‍ ജീവനീരുറവയായ യെഹോവയെ വിട്ടു പോയി എന്നത് വിരോധാഭാസം ആണ്.

ജീവജാലങ്ങള്‍ ആവാസവ്യവസ്ഥിതിയ്ക്ക്  അനുസരിച്ച് സ്ഥലം മാറുന്നപോലെ ദൈവമക്കള്‍ ദൈവത്തെ വിട്ടുമാറുന്നത് ഉടയവന് വേദനാജനകം ആണ്. ഇളയ മകന്റെ മടങ്ങി വരവിനായി കാത്തിരുന്ന പിതാവിന്റെ സ്നേഹം നമ്മെ പഠിപ്പിച്ച കര്‍ത്താവ്‌ സ്നേഹവാനായ ദൈവത്തെ നമുക്ക് കാട്ടിത്തരികയായിരുന്നു.  പ്രതികൂലങ്ങള്‍ ശക്തമായിട്ടും മടങ്ങി വരുവാന്‍ മടി കാട്ടിയ നവോമി ഒടുവില്‍ മടങ്ങി ദൈവം നിശ്ചയിച്ച ദേശത്തേക്ക് വരുവാന്‍ തീരുമാനിച്ചപ്പോള്‍ മരുമകള്‍ രൂത്ത് എടുത്ത തീരുമാനം എത്ര ശ്രേഷ്ടമാണ്.

ഈ ലോകത്തിന്റെ ആര്‍ഭാട മ്ലേച്ച സുഖഭോഗങ്ങളില്‍ കുടുങ്ങി, മടങ്ങി വരവിനു താല്പര്യം ഇല്ലാതെ, ദൈവത്തെ ആര്‍ഭാട ജീവിതത്തിലേക്ക് ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന പുതിയ കൃപയുടെ തിയോളജികള്‍ ഉരുത്തിരിയുന്ന കാലഘട്ടം എത്ര അപകടം നിറഞ്ഞതാണ്‌.  പിശാച് ഒരു സങ്കല്‍പം ആണെന്ന് പഠിപ്പിക്കുന്ന ഈ കാലഘട്ടത്തില്‍ ദൈവത്തിലേക്ക് മടങ്ങി വരവിനുള്ള ആഹ്വാനം അന്വര്‍ത്ഥം ആണ്.

ദൈവം പറയുന്നു നിങ്ങള്‍ എങ്കലേക്ക് മടങ്ങി വന്നാല്‍ ഞാന്‍ നിങ്ങളിലേക്കും മടങ്ങി വരും. അതിനര്‍ത്ഥം നാം അകലുന്നതിനു അനുസരിച്ച് ദൈവത്തിലേക്ക് അടുക്കാനുള്ള ദൂരം വര്‍ദ്ധിക്കുന്നു. എങ്കിലും നാം മനസ്സുവച്ചാല്‍ മടങ്ങാന്‍ നാം തീരുമാനിക്കുമ്പോഴെ നാം ദൂരം താണ്ടാതെ തന്നെ ദൈവം നമ്മുടെ അടുക്കലേക്കു എത്തുന്നു. അതെത്ര സസന്തോഷം തരുന്നതാണ്.

നമ്മുടെ ഇടയില്‍ നടക്കുകയും നമ്മില്‍ വസിക്കുകയും ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സ്നേഹവാനായ ദൈവത്തെ വിട്ട് അകന്നു പോകുന്നത് എന്തിന്റെ പേരിലായാലും ക്ഷന്തവ്യം അല്ല. മാനുഷീക കാരണങ്ങളും കയ്പ്പേറിയ അനുഭവങ്ങളും നമ്മെ ദൈവത്തില്‍ നിന്നും ദൂരെ അകറ്റുകയല്ല വേണ്ടത് ഇയ്യോബിനെപ്പോലെ ദൈവത്തോട് അടുപ്പിക്കുകയത്രേ കരണീയമായാത്.  എന്റെ ദേഹമെല്ലാം ക്ഷയിച്ചാലും ഞാന്‍ അവനായി കാത്തിരിക്കും എന്നുള്ള ഇയ്യോബിന്റെ തീരുമാനം നമ്മുടെയും കാഴ്ചപ്പാടില്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Radhamony S
Radhamony S
സിസ്റ്റർ രാധാമണി എസ്. ഹിന്ദു വിഭാഗത്തില്‍ നിന്നും ഒറ്റക്ക് വിശ്വാസത്തില്‍ വന്നു . മൂന്ന് വർഷം ബൈബിള്‍ കോളേജ് പഠനം ലഭിച്ചു. പാസ്റ്റർ പീറ്റര്‍ കെ മാനുവലിന്റെ സഹധര്‍മ്മിണി ആണ് . അദ്ദേഹത്തോടൊപ്പം ബീഹാറില്‍ കര്‍ത്താവിന്റെ വേല ചെയ്യുന്നു.

Comments are closed.