നിങ്ങൾക്കു സമാധാനം!

സത്യവെളിച്ചം
June 2, 2017
നല്ലവനായ ദൈവം
June 4, 2017

ഒരിക്കൽ ഒരു രാജാവ്, സമാധാനത്തെ ചിത്രീകരിക്കുന്ന ഒരു ഛായാചിത്രം വരയ്ക്കുന്നവർക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു. അനേകം ചിത്രകാരന്മാരുടെ മനോഹരമായ ചിത്രങ്ങളിൽ നിന്ന് രണ്ടെണ്ണം, അവസാന തീരുമാനം എടുക്കേണ്ടതിന് രാജാവിന്റെ അടുക്കൽ കൊണ്ട് വന്നു. ഒന്നാമത്തെ ചിത്രത്തിൽ ശാന്തമായി കിടക്കുന്ന ഒരു കായൽ. തെളിഞ്ഞ നീലാകാശത്തിൽ വെള്ള മേഖങ്ങളുടെ സുന്ദര രൂപങ്ങൾ. ചിത്രം കണ്ട എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു. മറ്റെ ചിത്രത്തിൽ പരുക്കമെങ്കിലും പ്രകൃതി രമണീയമായ ഒരു പർവ്വതനിരയും അതിന് താഴെയായി ഒരു വെള്ളച്ചാട്ടവും. മുകളിൽ എപ്പോൾ വേണമെങ്കിലും പെയ്യാവുന്ന തരത്തിൽ കാർമേഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആകാശം. ചിത്രത്തിന് വളരെ ദൃശ്യഭംഗി ഉണ്ടായിരുന്നെങ്കിലും അത് സമാധാനത്തെ കാണിക്കുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ആ ചിത്രത്തിൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം രാജാവിന്റെ ശ്രദ്ധയിൽ പെട്ടു.

Spread the love

വായനാഭാഗം. യോഹന്നാൻ 20:19-26

20:19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
20:20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
20:21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
20:22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.
20:23 ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.
20:24 എന്നാൽ യേശു വന്നപ്പോൾ പന്തിരുവരിൽ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.
20:25 മറ്റേ ശിഷ്യന്മാർ അവനോടു: ഞങ്ങൾ കർത്താവിനെ കണ്ടു എന്നു പറഞ്ഞാറെ: ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു അവൻ അവരോടു പറഞ്ഞു.
20:26 എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാർ പിന്നെയും അകത്തു കൂടിയിരിക്കുമ്പോൾ തോമാസും ഉണ്ടായിരുന്നു. വാതിൽ അടച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.

കുറിവാക്യം 20:21

യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

ഒരിക്കൽ ഒരു രാജാവ് തികഞ്ഞ സമാധാനത്തെ ചിത്രീകരിക്കുന്ന ഒരു ഛായാചിത്രം വരയ്ക്കുന്നവർക്ക് ഒരു സമ്മാനം പ്രഖ്യാപിച്ചു. അനേകം ചിത്രകാരന്മാരുടെ മനോഹരമായ ചിത്രങ്ങളിൽ നിന്ന് രണ്ടെണ്ണം, അവസാന തീരുമാനം എടുക്കേണ്ടതിന് രാജാവിന്റെ അടുക്കൽ കൊണ്ട് വന്നു. ഒന്നാമത്തെ ചിത്രത്തിൽ ശാന്തമായി കിടക്കുന്ന ഒരു കായൽ. തെളിഞ്ഞ നീലാകാശത്തിൽ വെള്ള മേഖങ്ങളുടെ സുന്ദര രൂപങ്ങൾ. ചിത്രം കണ്ട എല്ലാവർക്കും അത് ഇഷ്ടപ്പെട്ടു. മറ്റെ ചിത്രത്തിൽ പരുക്കമെങ്കിലും പ്രകൃതിരമണീയമായ ഒരു പർവ്വതനിരയും അതിന് താഴെയായി ഒരു വെള്ളച്ചാട്ടവും. മുകളിൽ എപ്പോൾ വേണമെങ്കിലും പെയ്യാവുന്ന തരത്തിൽ കാർമേഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്ന ആകാശം. ചിത്രത്തിന് വളരെ ദൃശ്യഭംഗി ഉണ്ടായിരുന്നെങ്കിലും അത് സമാധാനത്തെ കാണിക്കുന്നില്ല എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ ആ ചിത്രത്തിൽ പലരും ശ്രദ്ധിക്കാത്ത ഒരു കാര്യം രാജാവിന്റെ ശ്രദ്ധയിൽ പെട്ടു. കുത്തി ഒഴുകുന്ന ആ വെള്ളച്ചാട്ടത്തിന് പിന്നിൽ ഒരു പാറയിടുക്കിലെ ചെറിയ പൊന്തയ്ക്കുള്ളിൽ ഒരു തള്ളപ്പക്ഷി തന്റെ കുഞ്ഞുങ്ങൾക്കായി ഒരു കൊച്ചു കൂട് വെച്ചിരിക്കുന്നു. അലറിയൊഴുകുന്ന വെള്ളച്ചാട്ടവും ആർത്തിരമ്പി വരുന്ന വന്മഴയും കാർമേഘങ്ങൾക്കിടയിലൂടെ തെളിഞ്ഞു കാണാവുന്ന മിന്നലും അതിന്റെ ഇടിമുഴക്കവും ഒന്നും ഈ പക്ഷിക്ക് വിഷയമല്ല. ആ വലിയ, ശക്തമായ, പാറയ്ക്കുള്ളിൽ താനും തന്റെ കുഞ്ഞുങ്ങളും വളരെ സുരക്ഷിതരാണെന്ന തിരിച്ചറിവ് ആ പക്ഷിക്ക് സമ്പൂർണ്ണ സമാധാനം നൽകുന്നു. അതിനാൽ ഈ ചിത്രത്തിന് തന്നെ ഒന്നാം സമ്മാനം നല്കപ്പെട്ടു.

കർത്താവായ യേശു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന് ശേഷം തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷനാകുന്ന ഭാഗമാണ് നമ്മുടെ വായനാഭാഗം. യെഹൂദന്മാരുടെ വന്ദനശൈലിയിൽ നിങ്ങൾക്ക് സമാധാനം എന്ന് പറയുന്നത് സർവ്വസാധാരണമാണെങ്കിലും യേശുവിന്റെ ഈ വന്ദനത്തിന് ഒരു പ്രത്യേകത ഉണ്ട്. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എന്ന് പേര് കേട്ട യേശു റോമൻ വാഴ്ചയിൽ നിന്നും തങ്ങൾക്ക് സ്വാതന്ത്ര്യം നേടിത്തരും എന്ന് കരുതിയിരുന്ന അനേകർ അക്കാലത്ത് ഉണ്ടായിരുന്നു. എന്നാൽ, രാജ്യദ്രോഹവും മതനിന്ദയും ആരോപിച്ച് റോമാക്കാരും യെഹൂദപ്രമാണിമാരും ചേർന്ന് യേശുവിനെ നീചമായി കൊന്നുകളഞ്ഞപ്പോൾ സ്വാഭാവികമായും അടുത്ത നടപടി അവന്റെ ശിഷ്യന്മാരേയും രാജ്യദ്രോഹകുറ്റം ചുമത്തി ശിക്ഷിക്കുക എന്നതായിരിക്കും എന്ന ഭയത്തിൽ ജീവൻ രക്ഷിക്കുവാൻ അറയിൽ കയറി വാതിലടച്ച് ഇരുന്നവർക്ക്‌ മുന്നിലാണ് യേശു സമാധാനത്തിന്റെ ദൂത് കൊടുക്കുന്നത്. സകല പ്രതീക്ഷകളും അസ്തമിച്ച് അവർ ക്രിസ്തുവായി തിരിച്ചറിഞ്ഞ യേശുവിനെ ഇനി ഒരു നോക്ക് കാണുവാൻ സാധിക്കില്ലല്ലോ എന്ന് കരുതി വിഷണ്ണരായി ഇരുന്നവരുടെ ഇടയിൽ പ്രത്യക്ഷപ്പെട്ട് യേശു ആവർത്തിച്ച് പറയുന്നു “നിങ്ങൾക്ക് സമാധാനം”!

എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തന്നേച്ച് പോകുന്നു. അത് ലോകം തരുന്നത് പോലെ അല്ല” എന്ന് തന്റെ മരണത്തിന് മുന്നമേ യേശു അവരോട് പറഞ്ഞ വാക്കുകൾ അവർക്ക് പ്രായോഗികമായി മനസിലായ നിമിഷങ്ങളാണിവ. അവർക്ക് ചുറ്റുമുള്ള ലോകം വന്ദന സ്വരത്തിന്റെ വാക്കുകളിൽ പുറം മോടിയായി സമാധാനം ആശംസിക്കുമ്പോഴും റോമാക്കാരുടെ ഉരുക്ക് മുഷ്ടിയിൽ ജീവിതസമാധാനം അവർക്ക് അന്യം തന്നെയായിരുന്നു. എന്നാൽ റോമാക്കാരുടെ ക്രൂശിനും മുദ്രയ്ക്കും തോൽപ്പിക്കുവാൻ കഴിയാത്ത യേശു റോമൻ സർക്കാരിനെ മാത്രമല്ല, ലോകത്തെയും പിശാചിനേയും ജയിച്ച് വന്നിട്ട് അവർക്ക് ശാശ്വതമായ ഒരു സമാധാനത്തിന്റെ ആശ്വാസസന്ദേശം കൊടുക്കുകയാണ്.

പ്രീയ സഹോദരാ / സഹോദരി, നമുക്ക് ചുറ്റുമുള്ള അനേക സാഹചര്യങ്ങൾ നമ്മുടെ സമാധാനം കെടുത്തുന്നവ ആയിരിക്കാം. എന്നാൽ യേശുവിലുള്ള വിശ്വാസം തികഞ്ഞ സമാധാനം നമ്മുടെ ഉള്ളിൽ തരുന്നു. മുകളിൽ വിവരിച്ച കഥയിലെ പക്ഷിക്ക് ഒരു വലിയ അറിവ് ഉണ്ട്. അലറി അടുക്കുന്ന വന്മഴയോ, കുലം കുത്തി ഒഴുകുന്ന നദിയോ, ഇരമ്പിയാർക്കുന്ന വെള്ളച്ചാട്ടമോ, ഇടയ്ക്കിടെ മുഴങ്ങുന്ന ഇടിയുടെ ശബ്ദമോ, ബലവത്തായ ആ പാറയുടെ വിള്ളലിൽ ഇരിക്കുന്ന തന്നെ നശിപ്പിക്കുവാൻ പര്യാപ്തമല്ല! അത് പോലെ ഈ ലോകജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും എത്ര തന്നെ കഠിനമായിരുന്നാലും യഹോവയിൽ ആശ്രയിക്കുന്ന ഒരു വ്യക്തിയെ തകർത്ത് കളയുവാൻ അവയൊന്നും പര്യാപ്തമല്ല. നമുക്ക് ചുറ്റുമുള്ള ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളും ഭയങ്കര കാഴ്ചകളും നമ്മെ അലട്ടുമ്പോൾ ഒന്നോർക്കുക ലോകത്തെ ജയിച്ചവനിൽ ആണ് നമ്മുടെ ആശ്രയം എന്നതിനാൽ നമ്മുടെ ഹൃദയങ്ങളെ പൂർണ്ണസമാധാനത്തിൽ കാക്കുവാൻ അവൻ ശക്തനാണ്.

പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു. – യെശയ്യാവ് 54:10

ഒരു മതിഭ്രമത്തിൽ ശിഷ്യൻമാർക്ക് യേശുവിനെ കണ്ടത് പോലെ തോന്നിയതല്ല എന്ന് ഉറപ്പിക്കുവാൻ തന്റെ വിലാപ്പുറവും ആണിപഴുതുകളും കാണിച്ച് അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ഭയത്തെ പാടെ തുടച്ചു നീക്കിയതിനൊപ്പം ഒരു വലിയ ദൌത്യം കൂടെ അവരെ യേശു ഏൽപ്പിക്കുകയാണ്: “പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു“. സമാധാനം അറിയാത്ത ലോകത്തിന് യഥാർത്ഥ സമാധാനത്തിന്റെ സന്ദേശവുമായി യേശു വന്നത് പോലെ, അതേ ദൌത്യവുമായി യേശു നമ്മെയും അയക്കുകയാണ്. യേശുവിലൂടെയുള്ള നമ്മുടെ സമാധാനം ലോകം കാണുവാനും അത് അനേകരിലേക്ക് പകരപ്പെടുവാനുമാണ് ദിവ്യസമാധാനത്താൽ ദൈവം നമ്മെ നിറച്ചത്. നമ്മുടെ വാക്കുകളിൽ, പ്രവർത്തിയിൽ, ജീവിതത്തിൽ ദൈവീക സമാധാനത്തിന്റെ സന്ദേശവാഹകരായി മാറുവാൻ ദൈവകരങ്ങളിൽ നമുക്ക് ഏൽപ്പിക്കാം. നിങ്ങൾക്ക് സമാധാനം.

ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. – ഫിലിപ്പ്യർ 4:6,7.

 

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.