മുഷിഞ്ഞുപോകരുതു

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവീന്‍!
June 9, 2017
ഇത് മടങ്ങി വരവിന്‍ കാലം
June 11, 2017

ദൈവത്തെ വേണ്ടവണ്ണം അറിയാത്ത അല്ലെങ്കിൽ ദൈവത്തെ ആരാധിക്കേണ്ടിയതു പോലെ ആരാധിക്കാത്തവരുടെ ലൗകീകമായ ഉയർച്ച കണ്ടു നെടുവീർപ്പിടുന്ന അനേകരെ ഈ കാലഘട്ടത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ദൈവമക്കൾ ആയിട്ടും വേദനകളിലൂടെയും പ്രയാസങ്ങളിൽ കൂടെയും ദിനവും കടന്നു പോകുമ്പോൾ, എല്ലാ ദുഷ്ടത്തരവും വഞ്ചനയും ചെയ്തിട്ടും ഒരു പ്രയാസവും കൂടാതെ സമ്പൽസമൃദ്ധിയിൽ ആയിരിക്കുവരെ കണ്ട് പലകാര്യത്തിലും മന:പൂർവ്വമോ അല്ലാതെയോ മനസ്സിൽ മുഷിച്ചിലോ ഉൽക്കണ്ഠയോ അനുഭവപ്പെടുന്നത് സാധാരണമാണ്.

Spread the love

വായനഭാഗം: സങ്കീർത്തനങ്ങൾ.37:1-11

37:1 ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
37:2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
37:3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.
37:4 യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
37:5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
37:6 അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
37:7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
37:8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
37:9 ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
37:10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
37:11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

ചിന്താഭാഗം: സങ്കീർത്തനങ്ങൾ.37:1 ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.

ദൈവത്തെ വേണ്ടവണ്ണം അറിയാത്ത അല്ലെങ്കിൽ ദൈവത്തെ ആരാധിക്കേണ്ടിയതു പോലെ ആരാധിക്കാത്തവരുടെ ലൗകീകമായ ഉയർച്ച കണ്ടു നെടുവീർപ്പിടുന്ന അനേകരെ ഈ കാലഘട്ടത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ദൈവമക്കൾ ആയിട്ടും വേദനകളിലൂടെയും പ്രയാസങ്ങളിൽ കൂടെയും ദിനവും കടന്നു പോകുമ്പോൾ, എല്ലാ ദുഷ്ടത്തരവും വഞ്ചനയും ചെയ്തിട്ടും ഒരു പ്രയാസവും കൂടാതെ സമ്പൽസമൃദ്ധിയിൽ ആയിരിക്കുവരെ കണ്ട് പലകാര്യത്തിലും മന:പൂർവ്വമോ അല്ലാതെയോ മനസ്സിൽ മുഷിച്ചിലോ ഉൽക്കണ്ഠയോ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഈ പ്രവണയ്ക്കെതിരെ ശക്തമായ താക്കീത് തരുന്ന ഒരു വേദഭാഗമാണ് മുപ്പത്തിയേഴാം സങ്കീർത്തനം.

ദൈവം യിസ്രായേലിന്റെ രാജസ്ഥാനം തന്നിൽ നിന്ന് എടുത്ത് ദാവീദിന് കൊടുത്തു എന്നറിഞ്ഞത് മുതൽ ദാവീദിനെ കൊല്ലുവാൻ തക്കം പാർത്തിരുന്ന ശൗലിനെ കുറിച്ച് വേദനിച്ചിരിക്കുമ്പോൾ ദാവീദ് രചിച്ച സങ്കീർത്തനം ആണ് മുകളിൽ വായിച്ചത്. ദൈവമക്കൾ വിശ്വാസജീവിതത്തിൽ പ്രാവർത്തീകമാക്കേണ്ടിയ നിരവധി ഉപദേശങ്ങളുടെയും, അവ അനുസരിച്ചാൽ ലഭിക്കുന്ന അനുഗ്രഹങ്ങളുടെയും വളരെ വ്യക്തമായ വിശദീകരണം ഉൾപ്പെടുന്ന ഒരു വേദഭാഗം കൂടി ആണ് ഈ സങ്കീർത്തനം. ഇതിൽ ദൈവജനം ദുഷ്പ്രവർത്തിക്കരോട് മുഷിയുകയോ, അസൂയപ്പെടുകയോ ചെയ്യരുതു എന്നു പലതവണ പറഞ്ഞിരിക്കുന്നതായി നമുക്ക് വായിക്കുവാൻ സാധിക്കും.

പലപ്പോഴും ദൈവജനം പ്രാധാന്യം കൊടുക്കാതെ കാണുന്ന ഒരു പാപമാണ് അസൂയ. തനിക്കില്ലാത്തത് മറ്റൊരാൾക്ക് ഉണ്ടാകുന്നതിൽ ഹൃദയംഗമായി സന്തോഷിക്കാൻ കഴിയാത്തത് സ്നേഹത്തിന്റെ ന്യൂനതയാണ് വിളിച്ചറിയിക്കുന്നത്. അയൽക്കാരനെ തന്നെ പോലെ തന്നെ സ്നേഹിക്കുവാൻ കടപ്പെട്ട നാം പലപ്പോഴും ദൈവജനത്തിന് എതിരെ നിൽക്കുന്നവരുടെ സുഖസമൃദ്ധിയിൽ മുഷിഞ്ഞ് പോകാറില്ലേ? ദുരുപായത്തിലൂടെ കാര്യസാധ്യം നേടുന്നവനോട് മുഷിയരുത്‌ എന്ന് ആവർത്തിച്ച് സങ്കീർത്തനക്കാരൻ ഓർമ്മിപ്പിക്കുന്നു:

37:1 ദുഷ്‌പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
37:7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
37:8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.

ചുറ്റുമുളളവരുടെ ഉയർച്ച നോക്കി നെടുവീർപ്പിടാതെ നമ്മെ ആക്കിയിരിക്കുന്നിടുത്തു വിശ്വസ്തതയോടെ വേല ചെയ്യുവാനും ജീവിക്കുവാനും സങ്കീർത്തനക്കാരൻ നമ്മെ ഉപദേശിക്കുന്നു. അസൂയയും മുഷിവും വെടിഞ്ഞ്, യഹോവയിൽ ആശ്രയിച്ച്, തന്റെ വഴികൾ ദൈവത്തിൽ മാത്രം സമർപ്പിക്കുന്ന ഒരു ദൈവപൈതലിനു ലഭിക്കുന്ന അനുഗ്രഹങ്ങൾ തുടർന്നുള്ള വേദഭാഗത്തിൽ നമുക്കു കാണുവാൻ കഴിയും.

37:4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
37:5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
37:6 അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
37:9 യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
37:11 സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.

നമ്മുടെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നടക്കുവാൻ, നാം ഒരു വഴിക്കു ഇറങ്ങുമ്പോൾ അതു ശുഭമായിതീരുവാൻ യഹോവയായ ദൈവത്തിൽ തന്നെ ആശ്രയിക്കുവാൻ ആണ് ദൈവവചനം നമ്മെ പഠിപ്പിക്കുന്നത്. ലൗകീകമായി ജീവിച്ചിട്ടും അടിക്കടി ഉയർച്ച നേടുന്നവരെ നോക്കി ഉൽക്കണ്ഠപ്പെട്ട്, കോപിക്കരുത് എന്നു ദൈവവചനം വ്യക്തമായി ഉപദേശിക്കുന്നു. കോപവും ക്രോധവും അസൂയയും ദോഷത്തിനേ കാരണമാകയുള്ളു എന്നു സങ്കീർത്തനക്കാരൻ നമ്മെ ബുദ്ധി ഉപദേശിക്കുന്നു.

ക്ഷണനേരം കൊണ്ടു തഴച്ച് വളരുന്ന ദുഷ്പ്രവർത്തികാരെ പെട്ടന്നു വാടിപോകുന്ന പുല്ലിനോടാണ് ദാവീദ് രാജാവ് ഉപമപ്പെടുത്തിയിരിക്കുന്നത്. ഈ ലോകത്ത് നേടുന്നതൊക്കെയും ഈ ലോകത്ത് തന്നെ അവസാനിക്കുമ്പോൾ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർക്ക് നിത്യമായ ആനന്ദമാണ് കാത്തിരിക്കുന്നത്. ഇന്ന് ഭൂമി ദുഷ്ടന്റെ അധീനതയിൽ ഇരിക്കുന്നുവെങ്കിലും താമസംവിനാ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ച് അത് ദൈവമക്കളുടെ അവകാശമായി കൊടുക്കപ്പെടും.

ദുഷ്‌പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. (37: 9-10)

ആയതിനാൽ, ലോകക്കാരുടെ ഉയർച്ച കണ്ട് അതൃപ്തിപ്പെടാതെ, ദൈവവചനം പറയുന്നതു പോലെ നമ്മുടെ സർവ്വാശ്രയമായ കർത്താവിൽ നമ്മെത്തന്നെ ഭരമേൽപ്പിച്ച് നമ്മിൽ നിഷിപ്തമായിരിക്കുന്ന കർത്തവ്യം ആക്കിയിരിക്കുന്നീടത്തു വിശ്വസ്തതയോടെ നാം ചെയ്താൽ ദൈവപ്രവർത്തി നമ്മിലൂടെ വെളിപ്പെടുകയും കർത്താവിന്റെ ഒരു ഉത്തമസാക്ഷിയാകുവാൻ യഹോവയായ ദൈവം നമ്മെ സഹായിക്കയും ചെയ്യും.

Kezia Finny
Kezia Finny
സിസ്റ്റർ കെസിയ ഫിന്നി. ഇപ്പോൾ കുടുംബമായി യു എസിൽ ആയിരിക്കുന്നു. പാസ്റ്റർ ഫിന്നി സാമുവെലിന്റെ ഭാര്യയാണ്. രണ്ട് മക്കൾ - എവിലിൻ, ഇവാൻജലിൻ

Comments are closed.