നീ കരയുന്നതെന്ത്?

ഇത് മടങ്ങി വരവിന്‍ കാലം
June 11, 2017
ദൈവത്തിന്‍റെ വഴികളും, പ്രവര്‍ത്തികളും
June 13, 2017

ചൈനയിൽ ചില വർഷങ്ങളായി വിലാപശാലകളുടെ എണ്ണം കൂടി വരുന്നതായി ഒരു പത്രവാർത്ത വായിക്കുവാനിടയായി. ഈ വിലാപശാലകളിൽ (Cry Bar) ഒരു നിശ്ചിത തുകയ്ക്ക് ആളുകൾക്ക് വന്നിരുന്ന് മനസമാധാനമായി 'കരയാം'!! മണിക്കൂറിന് ഏകദേശം ഇരുന്നൂറ്റമ്പത് രൂപയിലധികമാണ് കരയുന്നതിന് ഈടാക്കുന്ന ഫീസ്. ആരുടേയും ശല്യമില്ലാതെ മനസ്സ് തുറന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞാൽ പല മാനസികസമർദ്ദങ്ങൾക്കും ആശ്വാസം ലഭിക്കുമെന്നതാണ് ഈ കരച്ചിൽ തെറാപ്പിയുടെ പുറകിലുള്ള മനശാസ്ത്രം എന്നാണ് അവിടെ ഉള്ളവർ പറയുന്നതത്രേ! ഇതിലും അധികം ഫീസ് മുടക്കി ഒരു മനശാസ്ത്രജ്ഞന്റെയോ കൗണിസിലറിന്റെയോ അടുക്കൽ ചെന്നിരുന്ന് കരയുന്നതിലും ഭേദമാണിതെന്നാണ് ന്യായവാദം.

Spread the love

വായനാഭാഗം. യോഹന്നാൻ 20:10-16

20:10 അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി.
20:11 എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.
20:12 യേശുവിന്റെ ശരീരം കിടന്നിരുന്ന ഇടത്തു വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ ഒരുത്തൻ തലെക്കലും ഒരുത്തൻ കാൽക്കലും ഇരിക്കുന്നതു കണ്ടു.
20:13 അവർ അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു എന്നു ചോദിച്ചു. എന്റെ കർത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞാൻ അറിയുന്നില്ല എന്നു അവൾ അവരോടു പറഞ്ഞു.
20:14 ഇതു പറഞ്ഞിട്ടു അവൾ പിന്നോക്കം തിരിഞ്ഞു, യേശു നില്ക്കുന്നതു കണ്ടു; യേശു എന്നു അറിഞ്ഞില്ല താനും.
20:15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു. അവൻ തോട്ടക്കാരൻ എന്നു നിരൂപിച്ചിട്ടു അവൾ: യജമാനനേ, നീ അവനെ എടുത്തുകൊണ്ടു പോയി എങ്കിൽ അവനെ എവിടെ വെച്ചു എന്നു പറഞ്ഞുതരിക; ഞാൻ അവനെ എടുത്തു കൊണ്ടുപൊയ്ക്കൊള്ളാം എന്നു അവനോടു പറഞ്ഞു.
20:16 യേശു അവളോടു: മറിയയേ, എന്നു പറഞ്ഞു. അവൾ തിരിഞ്ഞു എബ്രായഭാഷയിൽ: റബ്ബൂനി എന്നു പറഞ്ഞു; അതിന്നു ഗുരു എന്നർത്ഥം.

ചിന്താഭാഗം. 20:15 യേശു അവളോടു: സ്ത്രീയേ, നീ കരയുന്നതു എന്തു? ആരെ തിരയുന്നു എന്നു ചോദിച്ചു.

ചൈനയിൽ ചില വർഷങ്ങളായി വിലാപശാലകളുടെ എണ്ണം കൂടി വരുന്നതായി ഒരു പത്രവാർത്ത വായിക്കുവാനിടയായി. ഈ വിലാപശാലകളിൽ (Cry Bar) ഒരു നിശ്ചിത തുകയ്ക്ക് ആളുകൾക്ക് വന്നിരുന്ന് മനസമാധാനമായി ‘കരയാം’!! മണിക്കൂറിന് ഏകദേശം ഇരുന്നൂറ്റമ്പത് രൂപയിലധികമാണ് കരയുന്നതിന് ഈടാക്കുന്ന ഫീസ്. ആരുടേയും ശല്യമില്ലാതെ മനസ്സ് തുറന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞാൽ പല മാനസികസമർദ്ദങ്ങൾക്കും ആശ്വാസം ലഭിക്കുമെന്നതാണ് ഈ കരച്ചിൽ തെറാപ്പിയുടെ പുറകിലുള്ള മനശാസ്ത്രം എന്നാണ് അവിടെ ഉള്ളവർ പറയുന്നതത്രേ! ഇതിലും അധികം ഫീസ് മുടക്കി ഒരു മനശാസ്ത്രജ്ഞന്റെയോ കൗണിസിലറിന്റെയോ അടുക്കൽ ചെന്നിരുന്ന് കരയുന്നതിലും ഭേദമാണിതെന്നാണ് ന്യായവാദം.

മനസിലുള്ള വിഷമം കരഞ്ഞ് കരഞ്ഞ് തീർക്കണം എന്ന് ലോകം വിധിയെഴുതുമ്പോൾ, സൗജന്യമായി വിലാപത്തെ നൃത്തമാക്കി തീർക്കുന്ന സ്നേഹനിധിയായ ഒരു കൌണ്‍സിലർ ആണ് നാം ആരാധിക്കുന്ന നമ്മുടെ യേശു. നാം വായിച്ച വേദഭാഗത്തിൽ, യേശുവിന്റെ കല്ലറയ്ക്കൽ വന്ന മറ്റ് ശിഷ്യരെല്ലാം തന്നെ യേശുവിനെ ആരോ എടുത്ത് കൊണ്ട് പോയി എന്ന് കരുതി സ്വഭവനങ്ങളിലേക്ക് പോയപ്പോഴും മറിയ ഒറ്റയ്ക്ക് നിന്ന് കരയുകയാണ്. അവളുടെ സങ്കടത്തിൽ കൂടെ കൂടാനോ ആശ്വസിപ്പിക്കുവാനോ അവൾ തന്നെ വിളിച്ച് കൊണ്ട് വന്ന ശിഷ്യന്മാർ പോലും ഇല്ല!

ശൂന്യമായ കല്ലറയാണെന്നറിയാമെങ്കിലും ആശയോടെ വീണ്ടും നോക്കിയ അവൾക്ക് മറ്റ് ശിഷ്യന്മാർക്ക് കാണുവാൻ സാധിക്കാത്ത സ്വർഗ്ഗീയ ദർശനങ്ങൾ കാണുവാനിടയായി. “സ്ത്രീയേ, നീ കരയുന്നതു എന്തു?” എന്ന ഒരേ ചോദ്യം രണ്ട് പ്രാവശ്യം അവൾ കേട്ടു. അത് ആദ്യം ചോദിച്ച ദൂതന്മാർക്ക് അവളെ ആശ്വസിപ്പിക്കുവാൻ കഴിഞ്ഞില്ല. എന്നാൽ “മറിയയേ” എന്ന് തന്റെ പേരെടുത്ത് വിളിച്ച യേശുവിന്റെ ശബ്ദത്തിന് മുന്നിൽ അവളുടെ കണ്ണുന്നീർ സന്തോഷമായി മാറ്റപ്പെട്ടു!!

പ്രീയ സഹോദരാ / സഹോദരീ, താങ്കളുടെ കണ്ണുനീർ കാണുവാൻ ഒരുപക്ഷെ ഈ ലോകത്തിൽ ആരുമില്ലായിരിക്കാം. ആശ്വസിപ്പിക്കുമെന്ന് കരുതിയവർ, കൂട്ട് സഹോദരങ്ങൾ, വീട്ടുകാർ, സ്വന്തക്കാർ ഒക്കെ കണ്ടില്ലെന്ന് നടിച്ചേക്കാം. എങ്കിലും കണ്ണുനീർ താഴ്വരയിലൂടെ കടക്കുമ്പോഴും താങ്കളെ പേരെടുത്ത് വിളിച്ച് ആശ്വസിപ്പിക്കുന്ന ഒരു യേശുവിനെ അറിയുക. ജീവിതം കരഞ്ഞു തീർക്കുവാനല്ല, മറിച്ച് ഓരോ തുള്ളി കണ്ണുനീരിനും ദൈവസന്നിധിയിൽ വിലയിടുന്നുണ്ട് എന്ന് മനസ്സിലാക്കി കരയേണ്ടവന്റെ മുന്നിൽ കരയുക. ദൈവസന്നിധിയിൽ വന്നു കരഞ്ഞ ഹന്നയുടെ കണ്ണുനീർ പുരോഹിതൻ തെറ്റിദ്ധരിച്ചെങ്കിലും ദൈവം ആദരിച്ചു. കണ്ണുനീർ തൂകാത്തവർ നമ്മിൽ ആരുമില്ല. എന്നാൽ ദൈവ സന്നിധിയിൽ വീണ ഓരോ തുള്ളിയും തന്റെ പുസ്തകത്തിൽ എഴുതി വെയ്ക്കുന്നവനാണ് നമ്മുടെ ദൈവം! സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു:

യഹോവയുടെ കണ്ണു നീതിമാന്മാരുടെമേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു. – സങ്കീർത്തനം 34:15

നീ എന്റെ ഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ? – സങ്കീർത്തനം 56:8

ഭൂമിയിൽ ആയിരിക്കുമ്പോൾ മാത്രമേ ഈ കണ്ണുനീരും സങ്കടവും നമുക്കുള്ളൂ. അധികം താമസിയാതെ കണ്ണുനീരില്ലാത്ത, മരണമില്ലാത്ത നാട്ടിലേക്ക് നമ്മെ ചേർക്കുവാനായി യേശു വീണ്ടും വരികയാണ്. അന്ന് ദുഃഖവും മുറവിളിയും കഷ്ടതയും ഉണ്ടാകയില്ല. ദൈവവും മനുഷ്യനും ഒരുമിച്ച് വാഴുന്ന സ്വർഗ്ഗീയ സന്തോഷ അനുഭവമാണത്! ആ മഹൽ ഭാഗ്യത്തിലേക്കുള്ള നാളുകൾ അനദിവിദൂരമല്ല എന്നോർക്കുമ്പോൾ ഈ ലോകത്തിലെ കഷ്ടതയും കണ്ണുനീരും ഏതുമില്ല.

ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. – വെളിപ്പാട് 21:3-4

ലോകത്തിൽ ആയിരിക്കുന്നിടത്തോളം ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ കണ്ണുനീരിന്റെ അവസ്ഥകൾ വരില്ലെന്നല്ല. എന്നാൽ എന്നും ആ അവസ്ഥയിൽ ആയിരിക്കുവാനല്ല ദൈവം ആഗ്രഹിക്കുന്നത്. ലോകം തരാത്ത ദൈവസമാധാനത്താൽ നിറച്ച് വിലാപ ദിവസങ്ങൾ സന്തോഷനൃത്തങ്ങളുടെ ദിവസമാക്കുവാൻ ശക്തനാണ് നമ്മുടെ ദൈവം. ആകയാൽ ലോകത്തിൽ നമുക്ക് കഷ്ടമുണ്ടെങ്കിലും ലോകത്തെ ജയിച്ചവൻ നമ്മുടെ കൂടെയുള്ളതിനാൽ നമുക്ക് ധൈര്യപ്പെടാം. ആർക്കും തരുവാൻ കഴിയാത്ത വിധം ദിവ്യസമാധാനം തരുവാൻ കഴിവുള്ളവൻ നമ്മുടെ കണ്ണുനീരുകളുടെ നടുവിൽ വന്ന് പേരെടുത്ത് നമ്മെ വിളിച്ച് നമ്മോട് ചോദിക്കുന്നു: “നീ കരയുന്നതെന്ത്?

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.