നിസ്തുലമായ ദൈവവചനം

ദൈവത്തിന്‍റെ വഴികളും, പ്രവര്‍ത്തികളും
June 13, 2017
ചെറുകുറുക്കന്മാരെ കെട്ടഴിച്ചു വിടരുത്!
June 15, 2017

വായനാഭാഗം: സങ്കീര്‍ത്തനങ്ങള്‍ 19:7-1൦

7 യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8 യഹോവയുടെ ആജ്ഞകൾ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിർമ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9 യഹോവാഭക്തി നിർമ്മലമായതു; അതു എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികൾ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
10 അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.

ചിന്താഭാഗം: 7

”യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു”.

ഒരു ദൈവഭക്തന്‍റെ ആത്മീയ ജീവിതത്തിലെ നില നില്‍പ്പിന്‌ ആവശ്യമായിരിക്കുന്ന ആയുധങ്ങളാണ് ദൈവവചന ഭാഗങ്ങള്‍. അത് ദിനംപ്രതി ധ്യാനിക്കുകയും പാലിക്കയും ചെയ്യുന്ന ഭക്തനെതിരെ സാത്താന്‍റെ ഒരു പോരാട്ടങ്ങളും ഫലിക്കയില്ല. സാത്താന്‍റെ പോരാട്ടങ്ങളോട് എതിര്‍ത്ത് നില്‍ക്കുവാന്‍ ഈ ആയുധവര്‍ഗങ്ങള്‍ വളരെ അത്യാവശ്യമാണ്.

യേശു ക്രിസ്തുവിന്‍റെ പരസ്യ ശുശ്രൂഷാ കാലയളവില്‍ യേശുവിനും സാത്താന്‍റെ പരീക്ഷണങ്ങള്‍ നേരിടേണ്ടതായി വന്നു (ലൂക്കോസ് 4:2). അതിലൊന്നും വീണു പോകാതെ യേശു പിടിച്ചു നിന്നത് ഈ ദൈവവചനങ്ങള്‍ ഉപയോഗിച്ചാണ്. ഓരോ പരീക്ഷണ വേളയിലും യേശു ശക്തമേറിയ വചനങ്ങള്‍ അരുളി ചെയ്ത് ശത്രുവിനെ ജയിച്ചു.

ലൂക്കോസ് 4-ആം അദ്ധ്യായം

4 യേശു അവനോടു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
8 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.
12 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു.

ഈ ഭാഗങ്ങളിലെല്ലാം ദൈവത്തിന്‍റെ നിസ്തുലമായ വചനങ്ങള്‍ അരുളി ചെയ്തപ്പോള്‍ സാത്താന് പോരാടി നില്‍ക്കുവാന്‍ സാധിച്ചില്ല. അവന്‍ യേശുവിനെ വിട്ടു മാറിപ്പോയി. എന്താണ് നിസ്തുലത? നിലനില്‍ക്കുന്നത്, അല്ലെങ്കില്‍ മറ്റൊന്നിനോടും തുലനം ചെയ്‌വാന്‍ സാധിക്കാത്തത് എന്നാണ് അതിന്‍റെ അര്‍ത്ഥം. അതെ, ഈ ലോകത്തിലെ മറ്റൊരു വസ്തുവിനോടും തുല്യം ചെയ്‌വാന്‍ സാധിക്കാത്തതും, കാലാ കാലങ്ങളില്‍ നിലനില്‍ക്കുന്നതുമായ ഒരു മഹത്തായ ഗ്രന്ഥമുണ്ടെങ്കില്‍ അത് ജീവനുള്ള വചനങ്ങള്‍ അടങ്ങിയ സത്യവേദപുസ്തകം മാത്രമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇരുന്ന് വ്യത്യസ്തങ്ങളായ വ്യക്തികള്‍ എഴുതിയിട്ടും ആ വചനങ്ങള്‍ക്ക് ഒരു തുല്യതയും സാമ്യവുമുണ്ട്. അത് അനേകം വ്യക്തി ജീവിതങ്ങള്‍ക്ക് ആശ്വാസം പകരുന്നു.

1,19,119 എന്നീ സങ്കീര്‍ത്തനങ്ങളിലെല്ലാം ദൈവവചനത്തിന്‍റെ നിസ്തുലത നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. യഹോവയുടെ ന്യായപ്രമാണം പ്രാണന് തണുപ്പ് നല്‍കുന്നതാണ്. അത് മനുഷ്യ മനസ്സിനെ മാനസാന്തരത്തിലേക്ക് നയിക്കുന്നു. വ്യക്തി ജീവിതങ്ങളെ സന്തോഷിപ്പിക്കുന്ന ഈ ദൈവവചനങ്ങള്‍ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ് എന്ന് സങ്കീര്‍ത്തനക്കാരന്‍ 1-ആം അദ്ധ്യായം 2-ആം വാക്യത്തില്‍ പറയുന്നു. 119-ആം സങ്കീര്‍ത്തനം 1-ആം വാക്യത്തില്‍ ഈ ദൈവവചനങ്ങള്‍ അനുസരിച്ച് നടപ്പില്‍ നിഷ്ക്കളങ്കരായവര്‍ ഭാഗ്യവാന്‍‌മാര്‍ എന്ന് പറയുന്നു. അപ്പോള്‍ ഈ ന്യായപ്രമാണങ്ങള്‍ ജീവിത ശൈലി ആക്കി കഴിഞ്ഞാല്‍ അതിലും വലിയ ഭാഗ്യപദവി ഇല്ലെന്ന് തന്നെ പറയുവാന്‍ സാധിക്കും. യഹോവയുടെ സാക്ഷ്യം വിശ്വസിക്കാവുന്ന ഒന്നാണ്. അത് കൈക്കൊണ്ട് കഴിഞ്ഞാല്‍ ഏതു ബുദ്ധിഹീനനായ വ്യക്തിക്കും ജ്ഞാനിയായി തീരാന്‍ ഉതകുന്ന ഒന്നാണ്. ആ സാക്ഷ്യം നമ്മുടെ വ്യക്തി ജീവിതത്തിലും പിന്തുടരാവുന്ന ഒരു നല്ല വഴികാട്ടിയാണ്. അത് നമ്മെ നിത്യ ജീവനിലേക്ക് നയിക്കുന്നു.

അതു കൊണ്ട് ഒരു യഥാര്‍ത്ഥ ഭക്തന്‍റെ നില നില്‍പ്പിനും, പോഷണത്തിനും തീര്‍ച്ചയായും ആവശ്യമുള്ള ഒന്നാണ് ദൈവവചനം എന്ന് നിസംശയം പറയാം. ആ നിസ്തുലമായ ദൈവ വചനത്തിന് തുല്യം ചൊല്ലുവാന്‍ ഈ ഭൂമിയില്‍ ഒന്നും തന്നെയില്ല. സങ്കീര്‍ത്തനക്കാരനോട് ചേര്‍ന്ന് നമുക്കും പ്രാര്‍ത്‌ഥിക്കാം; ദൈവമേ, നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു (സങ്കീര്‍ത്തനങ്ങള്‍ 119:1൦5). ആമേന്‍.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.
  • DENNY P AUGUSTINE

    Dear brether arun please give me your mobile number.