എഴുന്നേൽപ്പിൻ നാം പോക

ധൈര്യപ്പെടുക, യഹോവ കൂടെ ഉണ്ട്‌
August 7, 2016
നന്മ തിന്മകളെ തിരഞ്ഞെടുക്കല്‍
August 9, 2016

അമേരിക്കൻ ആഭ്യന്തരയുദ്ധം നടക്കുന്ന വേളയിൽ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഒരു കൂട്ടം വൈദികരുമായി പ്രഭാതഭക്ഷണത്തിന് സന്ധിക്കുകയുണ്ടായി. വലിയ ഭക്തനൊന്നുമല്ലാതിരുന്ന അദ്ദേഹത്തോട് ഒരു വൈദികൻ ഇങ്ങനെ പറഞ്ഞു: "ഈ വേളയിൽ ദൈവം നമ്മുടെ പക്ഷത്തായിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം". അതിന് ലിങ്കണ്‍ പറഞ്ഞ മറുപടി വളരെ പ്രസിദ്ധമാണ്. അതിങ്ങനെ ആയിരുന്നു: "അല്ല സഹോദരങ്ങളെ, ദൈവം നമ്മുടെ പക്ഷത്തായിരിക്കുവാനല്ല, നാം ദൈവത്തിന്റെ പക്ഷത്തായിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം."

Spread the love

വായനാഭാഗം. യോഹന്നാൻ 14:27-31

14:27 സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാൻ നിങ്ങൾക്കു തരുന്നതു. നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.
14:28 ഞാൻ പോകയും നിങ്ങളുടെ അടുക്കൽ മടങ്ങിവരികയും ചെയ്യും എന്നു ഞാൻ നിങ്ങളോടു പറഞ്ഞതു കേട്ടുവല്ലോ; നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതിനാൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു; പിതാവു എന്നെക്കാൾ വലിയവനല്ലോ.
14:29 അതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതു സംഭവിക്കുംമുമ്പെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
14:30 ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന്നു എന്നോടു ഒരു കാര്യവുമില്ല.
14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.

ചിന്താഭാഗം. 14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിൻ; നാം പോക.

അമേരിക്കൻ ആഭ്യന്തരയുദ്ധം നടക്കുന്ന വേളയിൽ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ ഒരു കൂട്ടം വൈദികരുമായി പ്രഭാതഭക്ഷണത്തിന് സന്ധിക്കുകയുണ്ടായി. വലിയ ഭക്തനൊന്നുമല്ലാതിരുന്ന അദ്ദേഹത്തോട് ഒരു വൈദികൻ ഇങ്ങനെ പറഞ്ഞു: “ഈ വേളയിൽ ദൈവം നമ്മുടെ പക്ഷത്തായിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം. അതിന് ലിങ്കണ്‍ പറഞ്ഞ മറുപടി വളരെ പ്രസിദ്ധമാണ്. അതിങ്ങനെ ആയിരുന്നു. “അല്ല സഹോദരങ്ങളെ, ദൈവം നമ്മുടെ പക്ഷത്തായിരിക്കുവാനല്ല, നാം ദൈവത്തിന്റെ പക്ഷത്തായിരിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.”

ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുമ്പോൾ അവയിൽ നിന്നുള്ള ഒരു വിടുതൽ പ്രതീക്ഷിച്ചു കൊണ്ട് ദൈവം നമ്മുടെ പക്ഷത്തായിരിക്കുവാൻ നാം പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നാൽ നാം ആഗ്രഹിക്കുന്നത് പോലെ ദൈവം പ്രവർത്തിക്കുവാനല്ല, പ്രത്യുത, പരിണതഫലം എന്ത് തന്നെ ആയാലും ദൈവം ആഗ്രഹിക്കുന്നത് പോലെ നാം ചെയ്യുവാനാണ് നാം വാഞ്ചിക്കേണ്ടത്.

നമ്മുടെ വായനാഭാഗത്തിൽ യേശു ഒരു വലിയ ആഹ്വാനം ശിഷ്യന്മാർക്ക് കൊടുക്കുകയാണ്. “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും” എന്ന് പതിനഞ്ചാം വാക്യത്തിൽ പറഞ്ഞതിന് ശേഷം ആ അനുസരണം തന്റെ ജീവിതത്തിൽ പ്രാവർത്തികമാകുന്നത് നേരിൽ കാണുവാൻ ശിഷ്യന്മാരെ താൻ ക്ഷണിക്കുകയാണിവിടെ. താൻ അനുഭവിക്കുവാൻ പോകുന്ന കഷ്ടത വളരെ ആസന്നമാണെങ്കിലും അതിൽ നിന്നുള്ള ഒരു വിടുതലല്ല, മറിച്ച്, പിതാവിനോടുള്ള തന്റെ സ്നേഹം മരണത്തോളമുള്ള തന്റെ അനുസരണത്തിലൂടെ ലോകത്തിന് വെളിപ്പെടുത്തുവാൻ താൻ ആഗ്രഹിച്ചു. ആ മനോഭാവം പിന്തുടരുവാനാണ് പൗലോസും നമ്മെ ഉദ്ബോധിപ്പിക്കുന്നത്.

ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. – ഫിലിപ്പ്യർ. 2:5-8

ആത്യന്തികമായ ദൈവാനുസരണത്തിലേക്കുള്ള ശക്തമായ ആഹ്വാനമായിരുന്നു “എഴുന്നേല്പിൻ; നാം പോക” എന്നത്. “എന്നെ അനുഗമിക്ക” എന്ന കൽപന അനുസരിച്ച ശിഷ്യർ പ്രതീക്ഷിച്ചിരുന്നതിലും വിരുദ്ധമായ ഒരു സാഹചര്യത്തിലേക്ക് ആണ് നയിക്കപ്പെടുന്നത് എന്ന് കർത്താവ് വളരെ വ്യക്തമായി വിശദീകരിച്ചു. ഒരു വിപ്ലവമോ അട്ടിമറിയോ നടന്ന് തങ്ങളുടെ പുതിയ രാജാവായി യേശു വാഴും എന്ന് അനേകർ കരുതിയിരുന്നു. എന്നാൽ ഭൂമിയിലുള്ള അധികാരത്തെക്കാൾ വലിയതും ശ്രേഷ്ഠവുമായ ഒരു പദവിയാണ് താൻ അലങ്കരിക്കുന്നതെന്ന വെളിപ്പാട് ശിഷ്യർക്ക് കൊടുത്തിട്ട് ഒരു വലിയ ദൗത്യം ഭരമേൽപ്പിക്കുക ആണ് യേശു. ഫലം, തങ്ങളുടെ ജീവൻ പണയം വെച്ചും യേശുവിന്റെ സ്നേഹിതർ എന്ന് കാണിക്കുവാൻ ശിഷ്യന്മാർ ഒരുക്കമായി.

യേശുവിനെ അംഗീകരിക്കുന്നവർ അനവധിയാണ്. യേശു ദൈവപുത്രൻ എന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ യഥാർത്ഥമായി യേശുവിനെ സ്നേഹിക്കുന്നവർ ആകുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്. മരണം മുന്നിൽ കാണുമ്പോഴും നഷ്ടങ്ങൾ നമ്മെ ഉറ്റു നോക്കുമ്പോഴും ദൈവസ്നേഹം നിറഞ്ഞ ഒരു വ്യക്തി ദൈവകല്പനകൾ മടി കൂടാതെ, ചോദ്യം ചെയ്യാതെ അനുസരിക്കുവാൻ തയ്യാറാകും. കാരണം പ്രതികൂലങ്ങളിൽ കലങ്ങി പോകാതിരിക്കുവാൻ ലോകത്തിന് തരുവാൻ സാധിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായ ഒരു ദിവ്യസമാധാനം യേശു നമ്മുടെ ഉള്ളിൽ പകർന്നിരിക്കുന്നു. ദൈവത്തോടുള്ള അനുസരണം നമ്മുടെ ജീവിതത്തിൽ കൂടി ലോകം കാണട്ടെ. സ്വജീവിതത്തിലൂടെ സുവിശേഷം പ്രസംഗിക്കുവാൻ ഓരോ വിശ്വാസിയേയും ദൈവം ചുമതല ഏൽപ്പിച്ചിരിക്കുന്നു. ആകയാൽ, എഴുന്നേൽപ്പിൻ, നാം പോക.

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.