അനാഥരെ സ്നേഹിക്കുന്ന ദൈവം; നമ്മെയും….

സന്തോഷം പൂർണ്ണമാക്കുക
August 10, 2016
സഹിഷ്ണുത എന്ന ഭാഗ്യപദവി
August 12, 2016

അനാഥർക്കും വിധവകൾക്കും, പരിപാലനം നൽകുന്നോനെ, ഒരു കണ്ണ് കാണാതെ ഒരു കാതു കേൾക്കാതെ, മക്കൾക്കായി കരുതുന്ന താതനെ, നന്ദിയോടെ, ആമോദാൽ പാടിടുന്നു. അനാഥരെയും വിധവമാരെയും പോലും സ്നേഹിക്കുന്ന ആ ദൈവ ഹൃദയത്തിൽ നമുക്കും ഒരു സ്ഥാനമുണ്ട്. അതു കൊണ്ടാണ്, ഒരു കാലത്ത് പാപികളായ നമ്മെ ദൈവം സ്നേഹിച്ച്, തന്റെ ഏകജാതനായ പുത്രൻ മൂലം മകനായി/ മകളായി നമ്മളെ ദത്തെടുത്തു. "അബ്ബാ, പിതാവേ" എന്ന് വിളിക്കുവാനുള്ള അവകാശവും നമുക്ക് തന്നു. ആ ദൈവത്തിനായി നമ്മുടെ മുഴു ജീവിതവും സമർപ്പിക്കാം.

Spread the love

ചിന്താഭാഗം: രൂത്ത് 2:11,12

11. ബോവസ് അവളോടു: നിന്റെ ഭർത്താവു മരിച്ചശേഷം അമ്മാവിയമ്മെക്കു നീ ചെയ്തിരിക്കുന്നതും നിന്റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ജനത്തിന്റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു.
12. നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.

യഹൂദ പാരമ്പര്യ നിയമഗ്രന്ഥം (Talmud) അനുസരിച്ച് രൂത്തിന്റെ പുസ്തകം എഴുതിയത് ശമുവേൽ പ്രവാചകനാണന്നാണ് അനുമാനം. BC 1160 നും 1100 മദ്ധ്യേ എഴുതപ്പെട്ടു എന്ന് കരുതുന്നു. എഴുത്തുകാരനെക്കുറിച്ച് വ്യക്തമായ തെളിവില്ലെങ്കിലും രൂത്തിന്റെ പുസ്‌തകം ഏറ്റവും മനോഹരമായ ഒരു ചരിത്ര സംഭവമെന്നു  നിസംശയം പറയാം.

രൂത്തിന്റെ പുസ്തകം ഫേരെസിൽ നിന്ന് ദാവീദിലേക്കുള്ള ഏറ്റവും നവീനമായ വംശാവലിയും, ന്യായധിപന്മാരുടെ കാലത്ത് യിസ്രായേലിലെ ജീവിത രീതിയെ സംബന്ധിച്ച ലളിതവും ചരിത്രപരവുമായ രേഖയാണ്. ഒപ്പം, രണ്ട് വിധവകളായ സ്ത്രീകളുടെ ഉദ്യോഗജനകമായ കഥ കൂടിയാണിത്. നൊവൊമി എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയാണ്  ഈ കഥ നീങ്ങുന്നത്‌.

എല്ലാം പ്രതീക്ഷകളും തർന്നവരുടെ പ്രതിനിധിയാണ് നൊവൊമി. ജനിച്ചു വളർത്തപ്പെട്ട വീട്, ഭർത്താവ്, മക്കൾ, മാത്രമല്ല തന്റെ ജീവിതത്തിന്റെ നല്ല സമയങ്ങൾ മുഴുവൻ നഷ്ടപ്പെട്ടവളായി മാറുന്നു. എന്നാൽ ഒടുവിൽ, വിധവയായ നൊവൊമിയുടെ ജീവിതത്തിന്റെ ഗതിയെ മാറ്റുവാൻ മറ്റൊരു വിധവ നിമിത്തം ആയതു ദൈവപദ്ധതിയുടെ മികച്ച ഉദാഹരണമാണ്.

നാം ആരാധിക്കുന്ന ദൈവം സർവ്വ ശക്തനാണ്. തന്റെ വാക്കിനാൽ ഈ കാണുന്ന സർവ്വവും സൃഷ്ടിച്ച സൃഷ്ടികർത്താവ്. അഹങ്കാരികളായ വ്യക്തികളെ മുച്ചൂടും തകർക്കുമ്പോൾ, താഴ്മയോടെ തന്റെ അരികിലേക്ക് വരുന്നവർക്ക് സ്നേഹ സമ്പന്നനാണ് നാം ആരാധിക്കുന്ന നമ്മുടെ കർത്താവ്. നിയമങ്ങളെ പോലും തകർക്കുന്ന സ്നേഹ സമ്പന്നനായ ദൈവം.

സമൂഹത്തിൽ തള്ളപ്പെട്ടവരുടെ പ്രതിനിധികളാണ് അനാഥരും വിധവമാരും. ആരാലും അവഗണ ഏറ്റു, ഏറ്റവും തകർന്ന അനുഭവത്തിൽ കഴിയുന്ന അനാഥരെയും വിധവമാരെയും പോലും ഓർക്കുന്ന കരുണാമയനാണ്  നമ്മുടെ ദൈവം.

വിശുദ്ധ വേദ പുസ്തകത്തിൽ അനേക പ്രാവശ്യം ഈ കരുതൽ നമുക്ക് കാണാം.

അവൻ അനാഥർക്കും വിധവമാർക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു. (ആവർത്തന പുസ്തകം 10:18)
അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ. (ഹോശേയ 14:3)
ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; (സങ്കീർത്തനങ്ങൾ 68:5,6)
പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.(യാക്കോബ് 1:27)

ഓർമ്മയിലുള്ള ഒരു പഴയ ഗാനത്തിന്റെ ചില വരികൾ ഇപ്രകാരമാണ്;
അനാഥർക്കും വിധവകൾക്കും,
പരിപാലനം നൽകുന്നോനെ,
ഒരു കണ്ണ് കാണാതെ ഒരു കാതു കേൾക്കാതെ,
മക്കൾക്കായി കരുതുന്ന താതനെ,
നന്ദിയോടെ, ആമോദാൽ പാടിടുന്നു.

അനാഥരെയും വിധവമാരെയും പോലും സ്നേഹിക്കുന്ന ആ ദൈവ ഹൃദയത്തിൽ നമുക്കും ഒരു സ്ഥാനമുണ്ട്. അതു കൊണ്ടാണ്, ഒരു കാലത്ത് പാപികളായ നമ്മെ ദൈവം സ്നേഹിച്ച്, തന്റെ ഏകജാതനായ പുത്രൻ മൂലം മകനായി/ മകളായി നമ്മളെ ദത്തെടുത്തു. “അബ്ബാ, പിതാവേ” എന്ന് വിളിക്കുവാനുള്ള അവകാശവും നമുക്ക് തന്നു. ആ ദൈവത്തിനായി നമ്മുടെ മുഴു ജീവിതവും സമർപ്പിക്കാം. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.