ദൈവത്തിന്‍റെ വഴികളും, പ്രവര്‍ത്തികളും

നീ കരയുന്നതെന്ത്?
June 12, 2017
നിസ്തുലമായ ദൈവവചനം
June 14, 2017

ഇന്ന് അനേകര്‍ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികളെ അവരുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ ആണ്. അത് നല്ലത് തന്നെ. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, ഇന്നുള്ള ആരെക്കാളും നന്നായി ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിഞ്ഞവര്‍ ആയിരുന്നു ഇസ്രായേല്‍ മക്കള്‍. ചെങ്കടല്‍ കണ്ണിനു മുന്‍പില്‍ വിഭജിക്കപ്പെട്ടതും, പാറയില്‍ നിന്നും വെള്ളം പുറപ്പെട്ടതും കണ്ടവര്‍. നാല്‍പതു വര്‍ഷങ്ങള്‍ മന്നയും, കാടപക്ഷിയും ദിവസേന അത്ഭുതകരമായി ലഭിച്ചവര്‍. എന്നാല്‍ ദൈവം അവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: "എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു".

Spread the love

ചിന്താഭാഗം: സങ്കീര്‍ത്തനങ്ങള്‍ 103:7

അവൻ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേൽമക്കളെയും അറിയിച്ചു

ഈ വേദഭാഗത്ത്‌ ദൈവത്തിന്‍റെ വഴികളെ അറിഞ്ഞ മോശയെയും  ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിഞ്ഞ ഇസ്രായേല്‍മക്കളെയും പറ്റിയാണ് ദാവീദ് പറയുന്നത്.

എന്താണ് ദൈവത്തിന്‍റെ വഴികളെ അറിയുകയും,  പ്രവര്‍ത്തികളെ  അറിയുകയും തമ്മിലുള്ള വ്യത്യാസം?

ഇന്ന് അനേകര്‍ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികളെ അവരുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ ആണ്. അത് നല്ലത് തന്നെ. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, ഇന്നുള്ള ആരെക്കാളും നന്നായി ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിഞ്ഞവര്‍ ആയിരുന്നു ഇസ്രായേല്‍ മക്കള്‍. ചെങ്കടല്‍ കണ്ണിനു മുന്‍പില്‍ വിഭജിക്കപ്പെട്ടതും, പാറയില്‍ നിന്നും വെള്ളം പുറപ്പെട്ടതും കണ്ടവര്‍. നാല്‍പതു വര്‍ഷങ്ങള്‍ മന്നയും, കാടപക്ഷിയും ദിവസേന അത്ഭുതകരമായി  ലഭിച്ചവര്‍. എന്നാല്‍ ദൈവം അവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.

1 കൊരിന്ത്യര്‍ 10:5:  എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.

എബ്രായര്‍ 3:10: നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി.

എന്തായിരുന്നു ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികള്‍ അറിഞ്ഞ ഇസ്രായേല്‍ മക്കള്‍ക്ക് പറ്റിയ തെറ്റ്? അത് ദൈവം തന്നെ അടുത്ത വാക്യത്തില്‍ പറയുന്നു.

“അവർ എന്റെ വഴികളെ അറിയാത്തവ എന്നും ഞാൻ പറഞ്ഞു;”

അവര്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിയുകയും, തന്‍റെ വഴികളെ അറിയാതെയിരിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ക്ക് നഷ്ടം ആയതു എന്താണ്? അതും ദൈവം തന്നെ പറയുന്നു.

എബ്രായര്‍ 3:11 അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ മാത്രം കാണുകയും, തന്‍റെ വഴികളെ അറിയാതെയിരിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്, അവന്‍റെ സ്വസ്ഥത ആണ്. അത് മനസ്സിലാക്കിയത് കൊണ്ടാണ് എല്ലാ യിസ്രായേല്‍ ജനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായി മോശ ദൈവത്തെയും അവിടുത്തെ വഴികളെയും  അറിയാന്‍ ആഗ്രഹിച്ചത്‌.

പുറപ്പാടു: 33:13-14 ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ;

അതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.

ദൈവത്തെ അറിയുന്നതില്‍കൂടി,ദൈവീക സാന്നിദ്ധ്യത്താല്‍  ലഭിക്കുന്ന ദൈവീക സ്വസ്ഥത മനസ്സിലാക്കിയതിനാല്‍ ആണ് പൌലോസ് “അവനെ അറിയുക” എന്നത്  തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയി പറയുന്നത്. അതിനാലാണ് ദൈവത്തെ അറിയുന്നത്, ക്രിസ്തുവിനെ അറിയുന്നത് തന്നെയാണ് നിത്യജീവന്‍ എന്ന് കര്‍ത്താവ്‌ പറഞ്ഞത്.

യോഹന്നാന്‍ 17:3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.

അതെ,  യഥാര്‍ത്ഥത്തില്‍ ദൈവീക സ്വസ്ഥതയാണ്  ദൈവത്തിന്‍റെ വഴികളെ അറിയുമ്പോള്‍ നമുക്ക് ലഭിക്കുന്നത്. ദൈവത്തിന്‍റെ വഴികളെ അറിയുക എന്നാല്‍ ദൈവത്തെ അടുത്ത് അറിയുക തന്നെയാണ്. അപ്പോള്‍ ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളില്‍ നിന്നും എത്ര മാത്രം വ്യത്യസ്തവും ഉന്നതവും ആണ് എന്ന് വ്യക്തമാകും.

യെശയ്യാവ് 55:9:  ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ദൈവത്തെ അറിയുമ്പോള്‍ നമുക്ക് നമ്മുടെ എല്ലാ സ്വയ പദ്ധതികളും വഴികളും വിട്ടു ദൈവത്തിങ്കലേക്കു തിരിയുവാനും, നമ്മുടെ വഴികളെക്കാളും, വിചാരങ്ങളെക്കാളും അത്യന്തം ഉന്നതമായ അവിടുത്തെ വിചാരങ്ങള്‍ക്ക്‌ , ദൈവീക വഴികള്‍ക്ക് കീഴടങ്ങാനും കഴിയും.അപ്പോഴാണ് ദൈവത്തെ അറിയുന്നതില്‍ കൂടി ലഭിക്കുന്ന യഥാര്‍ത്ഥ സ്വസ്ഥത നമുക്ക് പ്രാപിക്കാന്‍ കഴിയുക.

ഇത് വായിക്കുന്ന പ്രിയപ്പെട്ടവരെ, നിങ്ങള്‍ ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ നിങ്ങളുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ മാത്രമാണോ? അതോ, ദൈവത്തെ അടുത്ത് അറിഞ്ഞതിനാല്‍, അവന്‍റെ വഴികളെ അറിഞ്ഞതിനാല്‍, അവന്‍റെ  വഴികള്‍ക്ക് പൂര്‍ണ്ണമായി കീഴടങ്ങി  അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവരോ? അപ്രകാരമുള്ള  ഒരു ജീവിതത്തിലേക്ക് കടക്കുവാന്‍  ദൈവം നിങ്ങളെ സഹായിക്കട്ടെ.

Jinu Ninan
Jinu Ninan
ബ്രദര്‍. ജിനു നൈനാന്‍ - ജന്മ സ്ഥലം: പുനലൂര്‍. ഭാര്യ: ജൂസി. മൂന്നു മക്കള്‍:ഐസക്, ഐറീൻ, അയോണ.

Comments are closed.