ധൈര്യപ്പെടുക, യഹോവ കൂടെ ഉണ്ട്‌

ധനവിനയോഗം
August 6, 2016
എഴുന്നേൽപ്പിൻ നാം പോക
August 8, 2016

ഒന്നിനും സമയം തികയാത്ത ഈ ആധുനീക ജീവിതത്തിൽ ഏറ്റെടുത്തിരിക്കുന്നതോ ഏൽപിക്കപെട്ടിരിക്കുന്നതോ ആയ ജോലികൾ തക്ക സമയം തീർക്കാൻ പറ്റുമോ എന്നുള്ള ഭയം മനുഷ്യനെ മാനസീക പിരിമുറുക്കത്തിലേക്കും അതിന്റെ ഭവിഷ്യത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്‌ കാണുവാൻ കഴിയുന്നു. മനുഷ്യനെ ഏറ്റവും തളർത്തികളയുന്ന വികാരം ആണ്‌ ഭയം. ഭയം മനസിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു, ആത്മവിശ്വാസം നശിപ്പിക്കുന്നു , ചിന്താശക്തിയെ മരവിപ്പിക്കുന്നു. ക്രമേണ പലവിധമായ ശാരീരികാപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. പ്രതിസന്ധിയുടെ മുന്നിൽ വ്യസനിച്ച്‌ എങ്ങനെ മുന്നോട്ട്‌ പോകും എന്ന അവസ്ഥയിൽ ആയിരിക്കുന്ന ദൈവജനത്തെ ധൈര്യപെടുത്തുന്ന യഹോവയുടെ അരുളപാടാണ്‌ ആണ്‌ നമ്മുടെ ചിന്താവിഷയം.

Spread the love

വായനാഭാഗം: ഹഗ്ഗായി 2:1-9

2:1 ഏഴാം മാസം ഇരുപത്തൊന്നാം തിയ്യതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
2:2 നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:
2:3 നിങ്ങളിൽ ഈ ആലയത്തെ അതിന്റെ ആദ്യമഹത്വത്തോടെ കണ്ടവരായി ആർ ശേഷിച്ചിരിക്കുന്നു? ഇപ്പോൾ കണ്ടിട്ടു നിങ്ങൾക്കു എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?
2:4 ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
2:5 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോൾ ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ വചനം ഓർപ്പിൻ; എന്റെ ആത്മാവു നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങൾ ഭയപ്പെടേണ്ടാ.
2:6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.
2:7 ഞാൻ സകലജാതികളെയും ഇളക്കും; സകലജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2:8 വെള്ളി എനിക്കുള്ളതു, പൊന്നും എനിക്കുള്ളതു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
2:9 ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലേത്തതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാൻ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 ചിന്താഭാഗം:ഹഗ്ഗായി 2:4 ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

ഒന്നിനും സമയം തികയാത്ത ഈ ആധുനീക ജീവിതത്തിൽ ഏറ്റെടുത്തിരിക്കുന്നതോ ഏൽപിക്കപെട്ടിരിക്കുന്നതോ ആയ ജോലികൾ തക്ക സമയം തീർക്കാൻ പറ്റുമോ എന്നുള്ള ഭയം മനുഷ്യനെ മാനസീക പിരിമുറുക്കത്തിലേക്കും അതിന്റെ ഭവിഷ്യത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നത്‌ കാണുവാൻ കഴിയുന്നു. മനുഷ്യനെ ഏറ്റവും തളർത്തികളയുന്ന വികാരം ആണ്‌ ഭയം. ഭയം മനസിന്റെ ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു, ആത്മവിശ്വാസം നശിപ്പിക്കുന്നു , ചിന്താശക്തിയെ മരവിപ്പിക്കുന്നു. ക്രമേണ പലവിധമായ ശാരീരികാപ്രശ്നങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. പ്രതിസന്ധിയുടെ മുന്നിൽ വ്യസനിച്ച്‌ എങ്ങനെ മുന്നോട്ട്‌ പോകും എന്ന അവസ്ഥയിൽ ആയിരിക്കുന്ന ദൈവജനത്തെ ധൈര്യപെടുത്തുന്ന യഹോവയുടെ അരുളപാടാണ്‌ ആണ്‌ നമ്മുടെ ചിന്താവിഷയം.

എസ്രായുടെ പുസ്തകം വായിക്കുമ്പോൾ നമുക്ക്‌ ഈ ഭാഗത്തിന്റെ പശ്ചാത്തലത്തെ പറ്റി കൂടുതൽ മനസിലാക്കുവാൻ സാധിക്കുന്നു. ഇടിഞ്ഞും ശൂന്യവുമായിരിക്കുന്ന യെരുശലെം ദേവാലയവും അതിന്റെ പണിയോട്‌ അനുബന്ധിച്ച്‌ സെരുബാബേലിനും കൂടെ ഉള്ള ജനത്തിനും മുന്നിലുണ്ടായിരുന്ന തടസ്സങ്ങളെ പറ്റിയും അവിടെ പ്രതിപാദിച്ചിരിക്കുന്നു. ദേവാലയപണി തടസപെടുത്തുവാൻ തക്കവണ്ണം പലവിധമായ പ്രതികൂലങ്ങൾ ശത്രുപക്ഷം നിരത്തികൊണ്ടിരുന്നു. പേടിപ്പിച്ച്‌ ധൈര്യക്ഷയം വരുത്തിയും പരിഹസിച്ചും കാര്യസ്ഥന്മാർക്ക് കൈക്കൂലി കൊടുത്തും പണി നിർത്തലാക്കുന്നതിൽ തത്കാലത്തേക്ക്‌ അവർ വിജയിച്ചു.എന്നാൽ തക്കസമയത്ത്‌ ദൈവം തന്റെ ഭൃത്യന്മാരെ എഴുന്നേൽപ്പിച്ച്‌ ദൈര്യപ്പെടുത്തിയ വചനം ആണ്‌  ‘ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാടു; മഹാപുരോഹിതനായി യഹോസാദാക്കിന്റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകലജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളോടുകൂടെ ഉണ്ടല്ലോ’.  ഈ ദൈവീക അരുളപാടിൽ വിശ്വസിച്ച സെരുബ്ബാബേലും കൂട്ടരും സകല പ്രതിസന്ധികളും തരണം ചെയ്ത്‌ ആലയത്തിന്റെ പണി പൂർത്തിയാക്കിയതായി വായിക്കുന്നു.

ഭയപ്പെടേണ്ട, ഞാൻ നിന്റെ ദൈവമാകുന്നു, ഞാൻ നിന്നോട്‌ കൂടെയിരിക്കുന്നു എന്നിങ്ങനെ പ്രോത്സഹിപ്പിക്കുകയും ധൈര്യപെടുത്തുകയും ചെയ്യുന്ന വാക്കുകൾ ദൈവവചനത്തിൽ പലഭാഗങ്ങളിലും എഴുതിയിരിക്കുന്നു. ദൈവം തന്റെ ജനത്തെ ഒരുനാളും കൈവിടുകയില്ല എന്നു ഈ വചനങ്ങൾ വ്യക്തമാക്കുന്നു. ദൈവം നമ്മോട്‌ കൂടെ ഉണ്ടെങ്കിൽ നമുക്ക്‌ ആരെയും ഭയക്കേണ്ടതായി വരികയില്ല. അവൻ നമുക്ക്‌ അനുകൂലം എങ്കിൽ ആരു പ്രതികൂലമായി വന്നാലും അതിന്മേൽ നമുക്ക്‌ വിജയം ലഭിയ്കുക തന്നെ ചെയ്യും. നാം ചെയ്യേണ്ടത്‌ എന്തെന്നാൽ , വഴികളെ അവനെ ഭരമേൽപ്പിച്ച്‌, അവനിൽ തന്നെ ആശ്രയിക്ക, അപ്പോൾ അവൻ അതു നിർവ്വഹിക്കും.

പ്രിയരേ, ദൈവരാജ്യത്തിന്റെ കെട്ടുപണിക്കായി ദൈവം നമ്മെ അവിടെയിവിടങ്ങളിലായി ആക്കി വച്ചിരിക്കുന്നു. എന്നാൽ ഉയർന്നു നിൽക്കുന്ന മാനൂഷീകവും ലൗകീകവുമായ തടസങ്ങളുടെ മുന്നിൽ പലപ്പോഴും നാം ഭയപ്പെട്ട്‌ പതറിപോകുന്നു. ചിലപ്പോൾ സൻബല്ലത്തിനെയും തോബിയാവിനെയും പോലെയുള്ളവർ നമ്മെ പരിഹസിച്ചുവെന്നു വന്നേക്കാം. ദേശത്തിന്റെ അധികാരികൾ നമ്മുടെ വാതിലുകളെ അടച്ച്‌ കളഞ്ഞേക്കാം. സംശയവും മനോഭാരവും ലക്ഷ്യം മറയ്ക്കുന്ന ഉയരത്തിൽ പർവ്വതം പോലെ ഉയർന്നു വന്നേക്കാം. എന്നാൽ ധൈര്യം ചോർന്ന് ലക്ഷ്യത്തിൽ നിന്നും ഓടി ഒളിക്കാതെ ദൈവസന്നിധിയിൽ ചെവിയോർക്കുമെങ്കിൽ “ഭയപെടേണ്ട, ഞാൻ നിന്നോട്‌ കൂടെ ഉണ്ട്‌” എന്ന ഇമ്പമേറിയ ദൈവ ശബ്ദം നമുക്കും കേൾക്കുവാൻ കഴിയും. അതുകൊണ്ട്‌ മനസ്‌ മടുത്തു പോകാതെ കർത്താവിൽ ആശ്രയിച്ച്‌ തമ്മിൽ തമ്മിൽ ഉത്സാഹിപ്പിച്ച്‌ അവന്റെ വേല ചെയ്യാം, ദൈവത്തിന്റെ  മഹത്വം ദേശത്ത്‌ ദർശ്ശിക്കുവാനിടയായി തീരും.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.