എന്നെ അനുഗമിക്ക

യഹോവയെ സ്തുതിപ്പിൻ
August 1, 2016
ആലയത്തിലെ പുഷ്ടി
August 3, 2016

കായിക രംഗത്തോ സിനിമ രംഗത്തോ ഒക്കെ പ്രശസ്തരായ വ്യക്തികൾക്ക് കടുത്ത ആരാധകരായി അനേകർ ഉണ്ടാവും. തങ്ങളുടെ ആരാധ്യതാരത്തെ ഒന്ന് കാണുവാനോ തൊടുവാനോ അടുപ്പം സ്ഥാപിക്കുവാനോ വേണ്ടി എന്ത് ചെയ്യുവാനും ഇവരിൽ ചിലർ മടിച്ചേക്കില്ല. ചില വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ പ്രചരാണാർത്ഥം ദുബായ് നഗരത്തിലെത്തിയ ഇമ്രാൻ ഖാൻ എന്നാ ബോളിവുഡ് നടന് ഹസ്തദാനം ചെയ്യുവാൻ  ആൾത്തിരക്കിലൂടെ വളരെ ബുദ്ധിമുട്ടി ഒരു യുവതി കടന്നു വന്നു. ഒരു വിധം നടന്റെ കരം ഗ്രസിച്ച ആ സ്ത്രീ  പക്ഷെ ഹസ്തദാനം കഴിഞ്ഞിട്ടും തന്റെ കരം വിടുവാൻ തയ്യാറാകാത്തതിനെ തുടർന്ന് നടന്റെ അംഗരക്ഷകർ ഇടപെട്ടപ്പെട്ടപ്പോൾ വളരെ ക്രുദ്ധയായി നടന്റെ കൈ കടിച്ച് മുറിക്കുവാൻ ഇടയായി. നടൻ വേദന കൊണ്ട് നിലവിളിച്ചിട്ട് പോലും ആരാധിക കടി നിറുത്തിയില്ല എന്നായിരുന്നു പത്രവാർത്ത!

Spread the love

വായനാഭാഗം. യോഹന്നാൻ 1:43-45

43 പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടു: “എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു.
44 ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.
45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടു: “ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ” എന്നു പറഞ്ഞു.

കായിക രംഗത്തോ സിനിമ രംഗത്തോ ഒക്കെ പ്രശസ്തരായ വ്യക്തികൾക്ക് കടുത്ത ആരാധകരായി അനേകർ ഉണ്ടാവും. തങ്ങളുടെ ആരാധ്യതാരത്തെ ഒന്ന് കാണുവാനോ തൊടുവാനോ അടുപ്പം സ്ഥാപിക്കുവാനോ വേണ്ടി എന്ത് ചെയ്യുവാനും ഇവരിൽ ചിലർ മടിച്ചേക്കില്ല. ചില വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ പ്രചരാണാർത്ഥം ദുബായ് നഗരത്തിലെത്തിയ ഇമ്രാൻ ഖാൻ എന്നാ ബോളിവുഡ് നടന് ഹസ്തദാനം ചെയ്യുവാൻ  ആൾത്തിരക്കിലൂടെ വളരെ ബുദ്ധിമുട്ടി ഒരു യുവതി കടന്നു വന്നു. ഒരു വിധം നടന്റെ കരം ഗ്രസിച്ച ആ സ്ത്രീ  പക്ഷെ ഹസ്തദാനം കഴിഞ്ഞിട്ടും തന്റെ കരം വിടുവാൻ തയ്യാറാകാത്തതിനെ തുടർന്ന് നടന്റെ അംഗരക്ഷകർ ഇടപെട്ടപ്പെട്ടപ്പോൾ വളരെ ക്രുദ്ധയായി നടന്റെ കൈ കടിച്ച് മുറിക്കുവാൻ ഇടയായി. നടൻ വേദന കൊണ്ട് നിലവിളിച്ചിട്ട് പോലും ആരാധിക കടി നിറുത്തിയില്ല എന്നായിരുന്നു പത്രവാർത്ത!

തങ്ങൾ ആദരിക്കുന്ന വ്യക്തിയുടെ പ്രതാപ കാലത്ത് മാത്രമാണ് മിക്ക ആരാധകരുടേയും ആവേശവും സ്നേഹവും. മറ്റു ചിലർ വിജയപരാജയങ്ങളുടെ മാറ്റത്തിനനുസരിച്ച് ആരാധനാപാത്രങ്ങളെ മാറ്റുന്നവർ ആണ്. ഇനി ചിലർ അവർ പ്രതീക്ഷിക്കുന്ന നിലയിൽ ഉള്ള പ്രതികരണം താരങ്ങളിൽ നിന്ന് ലഭിക്കാതെ വരുമ്പോൾ ആരാധന മതിയാക്കുന്നു. യേശുവിനെ ഒരു നല്ല നേതാവായി, മാതൃകാപുരുഷനായി, പ്രവാചകനായി ഒക്കെ ആദരിക്കുന്ന “ആരാധകർ” അനേകർ ഇന്ന് ലോകത്തിലുണ്ട്. എന്നാൽ ആദരവും പ്രശംസയും എന്നതിനപ്പുറത്ത് അനുഗമനം എന്ന നിലയിലേക്ക് വളരുവാൻ പലർക്കും സാധിക്കുന്നില്ല. ക്രിസ്തുവിന്റെ ആരാധകൻ (FAN) ആയിരിക്കുവാനല്ല ഒരു ക്രിസ്ത്യാനിയെ കുറിച്ച് ദൈവം ആഗ്രഹിക്കുന്നത്. മറിച്ച് യേശുക്രിസ്തുവിന്റെ അനുയായി (FOLLOWER) അഥവാ ശിഷ്യൻ ആയിരിക്കുവാനാണ് ദൈവം കാലാകാലങ്ങളിൽ നമ്മെ ഓരോരുത്തരെയും വിളിച്ചത്. വിവിധ തലങ്ങളിലുള്ള ഒരു പുതുക്കത്തിന്റെ അനുഭവമാണ് ക്രിസ്തുവിന്റെ ശിഷ്യത്വം.

പുതിയ വെളിപ്പാട് (New Revelation)

ശരിയായ ശിഷ്യത്വത്തിന് യേശു ആരെന്ന വെളിപ്പാട് ആവശ്യമാണ്. ഫിലിപ്പോസിന് “ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവൻ” ആണ് യേശു എന്ന പൂർണ്ണ ബോധ്യം വന്നതായി ഇവിടെ വായിക്കുന്നു. അത് തന്റെ ജീവിതത്തെ തന്നെ മാറ്റി മറിക്കുവാനിടയായി. യേശു ഈ ഭൂമിയിലായിരുന്നപ്പോൾ തന്നെ രഹസ്യമായി അംഗീകരിക്കുകയോ പരസ്യമായി കാര്യസാധ്യത്തിനായ് അനുഗമിക്കുകയോ ചെയ്ത അനേക ‘ആരാധകർ’ ഉണ്ടായിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പമായ യേശു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അങ്ങനെ ഉള്ള പലർക്കും തുടർന്ന് അവന്റെ ശിഷ്യന്മാർ ആയിരിക്കുവാൻ കഴിഞ്ഞില്ല എന്ന് യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം പറയുന്നു. എന്നാൽ യേശു ആരെന്ന് ശരിയായ വെളിപ്പാട് ലഭിച്ച പന്തിരുവർക്ക് അവനെ വിട്ടു പോകുവാൻ കഴിയുമായിരുന്നില്ല.

ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്‍ മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്‍ മൂലം ജീവിക്കും. സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും. അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വെച്ചു ഇതു പറഞ്ഞു. അവന്റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ടുഇതു കഠിനവാക്കു, ഇതു ആര്‍ക്കും കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു. യോഹന്നാൻ 6:57-60

അന്നുമുതല്‍ അവന്റെ ശിഷ്യന്മാരില്‍ പലരും പിന്‍ വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല. ആകയാല്‍ യേശു പന്തിരുവരോടുനിങ്ങള്‍ക്കും പൊയ്ക്കൊള്‍വാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു. ശിമോന്‍ പത്രൊസ് അവനോടുകര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കല്‍ ഉണ്ടു. നീ ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 6:66-69

പുതിയ മുൻഗണകൾ (New Priorities)

മറ്റു പല വിഷയങ്ങളുടെയും കൂട്ടത്തിൽ ഒരു ചുമതലയോ കടമയോ എന്ന നിലയിൽ ആയിരിക്കുവാനുള്ള ഒന്നല്ല ശിഷ്യത്വം. ക്രിസ്ത്യാനി എന്നത് ഒരു പേരോ സ്ഥാനമോ മതമോ അല്ല. മറിച്ച് ഒരു ബാന്ധവമാണ്. (Christianity is a relationship). യേശുവിന് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്ന ഒരു അവസ്ഥയാണ് ക്രിസ്തീയത. യേശുവിന്റെ ശിഷ്യനാകുവാൻ ഒരു കാലപരിധിയോ ഒഴിവ് കഴിവോ മുൻ‌കൂർ പ്രവർത്തികളോ ഫിലിപ്പോസിനും കൂട്ടർക്കും ആവശ്യമായിരുന്നില്ല. അവരുടെ അനുസരണം സ്വയമേവയും തൽക്ഷണവും ആയിരുന്നു. പിറകോട്ട് വലിക്കുവാനോ പരിധികൾ നിശ്ചയിക്കുവാനോ ഒന്നിനേയും അവർ അനുവദിച്ചില്ല. ശിമോനെ വിളിച്ചപ്പോൾ “ഉടനെ അവർ വല വിട്ട് അവനെ അനുഗമിച്ചു” എന്നാണ് എഴുതിയിരിക്കുന്നത്. നിത്യജീവനെ അന്വേഷിച്ച് കർത്താവിന്റെ അടുക്കൽ വന്ന ചെറുപ്പക്കാരന് (മത്തായി 19:16-22) കല്പനകൾ പലതും അനുസരിക്കുവാൻ മടിയില്ലായിരുന്നു. എന്നാൽ വിടേണ്ട ചില വിഷയങ്ങൾ വിടുവാൻ കർത്താവ് അവനോട് പറഞ്ഞപ്പോൾ അവന്റെ മുൻഗണനകൾ അവനെ ശിഷ്യനാകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ചിലർക്ക് യേശുവിനെ അനുഗമിക്കുന്നതിന് തടസ്സം ലോകപ്രകരമുള്ള കടമകളും ചുമതലകളും സ്ഥാനങ്ങളും ഒക്കെ ആണ്. സാഹചര്യങ്ങൾ എല്ലാം അനുകൂലമായിട്ട് ശിഷ്യനാകുവാൻ അല്ല, പ്രത്യുത യേശു വിളിച്ച “ഉടൻ” അനുസരിക്കുവാൻ ആണ് ദൈവം നമ്മെ കുറിച്ച് ആഗ്രഹിക്കുന്നത്.

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു “ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും. ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും? (മത്തായി 16: 24-26)

ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടുകര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു. യേശു അവനോടു“നീ എന്റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ” എന്നു പറഞ്ഞു.(മത്തായി 8: 21,22)

പുതിയ ജീവിതശൈലി (A New Lifestyle)

യേശുവിനെ കണ്ടുമുട്ടിയ ഫിലിപ്പോസിന് ആ സന്തോഷം തന്റെ ഉള്ളിൽ വയ്ക്കുവാൻ കഴിഞ്ഞില്ല. താൻ കണ്ടെത്തിയ നല്ല വിശേഷം (സുവിശേഷം) സുഹൃത്തായ നഥനയേലിനെ അറിയിക്കുവാൻ അവന്റെ ഉള്ളം തുടിച്ചു. യേശു പത്രോസിനേയും സുഹൃത്തുക്കളേയും വിളിച്ചപ്പോൾ പറഞ്ഞതും “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നാണ്. അൽഭുതങ്ങളാലും അടയാളങ്ങളാലും ക്രിസ്തു തന്നെ ദൈവപുത്രൻ എന്നറിയിച്ച് കൊണ്ട് യെഹൂദർ മാത്രമല്ല, ലോകജനതയുടെ മൂന്നിലൊന്നും യേശുവിനെ അറിയുവാൻ തക്കവണ്ണം ദൈവം അവരെ ഉപയോഗിച്ചു. സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന പത്രോസിനെ, ധനമോഹിയായിരുന്ന സക്കായിയെ, പീഡകനായിരുന്ന പൗലോസിനെ ക്രിസ്തുവിന്റെ ശിഷ്യത്വം വ്യത്യസ്ഥ ജീവിത ശൈലിക്ക് ഉടമകളാക്കിത്തീർത്തു. ജീവിതം കൊണ്ട് ക്രിസ്തുവിന്റെ പ്രതിപുരുഷർ ആയി അവർ മാറി. ഇന്നും ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് ഉള്ള ദൌത്യം എന്നത് ക്രിസ്തുവിന്റെ സ്ഥാനപതികൾ (Ambassadors) ആയി വർത്തിക്കുക എന്നതാണ്. അതിന് പണ സഞ്ചിയോ പൊക്കണമോ വഴിയിലുള്ളവരുടെ വന്ദനമോ നോക്കി നിൽക്കുവാൻ വചനം നമ്മെ അനുവദിക്കുന്നില്ല.

കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന്‍. പോകുവിന്‍ ; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില്‍ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; – ലൂക്കോസ് 10: 2- 4

വ്യത്യസ്ഥമായ വെളിപ്പാട് നമ്മെ കൊണ്ടെത്തിക്കുന്നത് വ്യത്യസ്ഥമായ മുൻഗണകളിലേക്കാണ്. അത് വ്യത്യസ്ഥമായ ജീവിത ശൈലിയായി നമ്മുടെ പ്രവർത്തികളിൽ വെളിപ്പെടട്ടെ. ക്രിസ്തുവേശുവിലുള്ള ഭാവം തന്നെ നമ്മിലും ഉണ്ടായിരിക്കട്ടെ. നല്ല ശിഷ്യരായി യേശുവിനെ അനുഗമിക്കാം. ദൈവം അതിനായി സഹായിക്കട്ടെ.

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.