ആലയത്തിലെ പുഷ്ടി

എന്നെ അനുഗമിക്ക
August 2, 2016
ഇഴുകിചേര്‍ന്ന ജാതിയതകളെ തുരത്തുക!
August 4, 2016

പുതിയ നിയമത്തിൽ അൻപതിൽ അധികം പ്രാവശ്യം 'അന്യോന്യം', 'തമ്മിൽ', 'ഒരുവന്നു വേണ്ടി ഒരുവൻ' എന്നീ പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവം നമ്മോടു കല്പിക്കുന്നു - അന്യോന്യം സ്നേഹിക്കുക, ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിക്കുക, അന്യോന്യം പ്രബോധിപ്പിക്കുക, അന്യോന്യം വന്ദനം ചെയ്യുക, അന്യോന്യം സേവിക്കുക, തമ്മിൽ പഠിപ്പിക്കുക, അന്യോന്യം കൈക്കൊള്ളൂക, അന്യോന്യം ബഹുമാനിക്കുക, തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക, അന്യോന്യം പൊറുക്കുക, തമ്മിൽ ക്ഷമിക്കുക, അന്യോന്യം കീഴ്പെട്ടിരിക്കുക, സഹോദരപ്രീതിയിൽ തമ്മിൽ ,....തുടങ്ങി അനേകം പ്രവർത്തികൾ നാം ചെയ്യേണ്ടതുണ്ട്. ഇവയൊക്കെയാണ് ബൈബിളിലെ അംഗങ്ങളുടെ കടമകൾ.

Spread the love

വായനാ ഭാഗം: സങ്കീർത്തനങ്ങൾ 36: 7-9

7. ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാർ നിന്റെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
8. നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
9. നിന്റെ പക്കൽ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു.

ചിന്താഭാഗം: സങ്കീർത്തനങ്ങൾ 36:8. നിന്റെ ആലയത്തിലെ പുഷ്ടി അവർ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു.

ആരോഗ്യപരമായ ശരീരത്തിന് ക്രമീകൃതമായ ആഹാരവും വ്യായാമ രീതിയും അടിസ്ഥാനപരമായ കാര്യങ്ങളാണ്‌. ആത്മീയ വളർച്ചയ്ക്കും ഇവ രണ്ടും അത്യന്താപേക്ഷിതമാണ് .

നമ്മുടെ ആത്മീയ ജീവിതത്തിന്റെ വളർച്ചയക്ക് നാം പങ്കെടുക്കുന്ന സഭയ്ക്ക് വലിയ പങ്കുണ്ട്. സഭ എന്നാൽ, പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളുമാണ്. (റോമർ 12:5, 1 കൊരിന്ത്യർ 12:12)

നമ്മുടെ ആത്മീക പേശികൾ പക്വത പ്രാപിക്കുന്നതിന് സഭാ കുടുംബത്തിൻറെ പങ്കു വലിയതാണ്. സഭയിൽ എല്ലാ ആഴ്ചയിലും പോയത് കൊണ്ടോ, വെറും കാഴ്ച്ചക്കാരനായി ഇരിക്കുന്നതു കൊണ്ടോ ആ പക്വത പ്രാപിക്കുവാൻ കഴിയുകയില്ല. ക്രമീകൃതമായ ആഹാര രീതികളെക്കുറിച്ച് എഴുതി വെച്ചിട്ടോ , ജിംനേഷ്യത്തിൽ കാണാൻ പോയിട്ടോ കാര്യമില്ലാത്തതു പോലെയാണ് അവ. പ്രത്യുത, നമ്മുടെ പ്രായോഗിക ജീവിതത്തിൽ ഇവ സ്വഭാവമായി മാറുകയാണ് വേണ്ടത് .

ദൈവ വചനം ഇപ്രകാരം പറയുന്നു;
ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിന്റെ അതതു വ്യാപാരത്തിന്നു ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു. (എഫെസ്യർ 4:16)

പുതിയ നിയമത്തിൽ അൻപതിൽ അധികം പ്രാവശ്യം ‘അന്യോന്യം’, ‘തമ്മിൽ’, ‘ഒരുവന്നു വേണ്ടി ഒരുവൻ’ എന്നീ പദം ഉപയോഗിച്ചിട്ടുണ്ട്. ദൈവം നമ്മോടു കല്പിക്കുന്നു – അന്യോന്യം സ്നേഹിക്കുക, ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിക്കുക, അന്യോന്യം പ്രബോധിപ്പിക്കുക, അന്യോന്യം വന്ദനം ചെയ്യുക, അന്യോന്യം സേവിക്കുക, തമ്മിൽ പഠിപ്പിക്കുക, അന്യോന്യം കൈക്കൊള്ളൂക, അന്യോന്യം ബഹുമാനിക്കുക, തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമക്കുക, അന്യോന്യം പൊറുക്കുക, തമ്മിൽ ക്ഷമിക്കുക, അന്യോന്യം കീഴ്പെട്ടിരിക്കുക, സഹോദരപ്രീതിയിൽ തമ്മിൽ,….തുടങ്ങി അനേകം പ്രവർത്തികൾ നാം ചെയ്യേണ്ടതുണ്ട്. ഇവയൊക്കെയാണ് ബൈബിളിലെ അംഗങ്ങളുടെ കടമകൾ. ദൈവം പ്രാദേശിക സഭാ കുടുംബത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങളാണ് ഇവയൊക്കെ.

ക്രിസ്തീയ ജീവിതത്തിലെ യഥാർത്ഥ പക്വത കാണിക്കേണ്ടത് നമ്മുടെ ബന്ധങ്ങളിലാണ്. വിശുദ്ധ വേദപുസ്തകത്തിൽ ചെയ്യേണം എന്നു പറയുന്നവ ചെയ്യാൻ നമുക്ക് സഹ വിശ്വാസികളുടെയും കൂടെ സഹായം ആവശ്യമാണ്. ദൈവ മക്കളുമായി കടപ്പെട്ടു അവരിൽ നിന്ന് നാം പഠിക്കുമ്പോൾ നാമും വേഗത്തിലും ശക്തിയിലും വളരുകയാണ്. ദൈവം നിങ്ങളെ പഠിപ്പിക്കുന്നത്‌ പങ്ക് വെക്കുമ്പോൾ ഞാനും പഠിക്കുന്നു, ഞാനും വളരുകയാണ്.

ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.(എബ്രായർ 10:24,25)

പ്രീയ സ്നേഹിതാ, നമ്മളിലെ ബാഹ്യ മനുഷ്യൻ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യൻ അനുദിനം പുഷ്ടി പ്രാപിച്ചു, ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ ഒരു നല്ല അവകാശത്തിന്നായി നമുക്ക് ഒരുങ്ങാം.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.