അധികാരികൾക്ക് കീഴടങ്ങുക.

നല്ലവനായ ദൈവം
June 4, 2017
ആത്മാവെന്ന അച്ചാരം
June 6, 2017

ദൈവവചനം ശ്രദ്ധിച്ചാൽ രാജാക്കന്മാരെ ആക്കിവച്ചത് ദൈവമാണ് എന്ന് കാണുവാൻ കഴിയും. റോമർ 9:17 ൽ ഫറവോനെ കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. എല്ലാ അധികാരങ്ങളും ദൈവത്തിന്റെ സർവ്വാധികാരത്തിന്റെ കീഴിലാണ്. ആയതിനാൽ നമ്മുടെ ഭരണാധികാരികളെ ധിക്കരിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നത് ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നതിന് തുല്യമാണ്. ശിക്ഷ ഭയന്നു മാത്രമല്ല, നമ്മുടെ മനസ്സാക്ഷി വിചാരിച്ചുകൂടെ നാം അധികാരങ്ങൾക്ക് കീഴ്പ്പെടേണം

Spread the love

വായനഭാഗം: സഭാപ്രസംഗി  8:1-5 

1 ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവർ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.
2 ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.
3 നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.
4 രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും?
5 കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.

ചിന്താവിഷയം :വാക്യം 2. ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു.

സകലതും മായയാണ് എന്ന് പറയുന്ന സഭാപ്രസംഗി കല്പന പ്രമാണിക്കുന്നത് അഥവാ അനുസരണം ഒരു ബുദ്ധിപരമായ കാര്യമായി ഇവിടെ വിശേഷിപ്പിക്കുന്നു. ആരും നിയമങ്ങൾ അനുസരിക്കാതിരിക്കുന്ന ഒരു സാഹചര്യത്തെ കുറിച്ച് നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയുകയില്ല. അങ്ങനെയുള്ള ഒരു ദേശത്ത് വസിക്കുവാൻ നാം ആഗ്രഹിക്കുകയില്ല. അവിടെ എപ്പോഴും അക്രമങ്ങളും അനീതികളും നടമാടുന്ന ഒരു ചുറ്റുപാടായിരിക്കും ഉണ്ടാകുക. എന്നിട്ടും നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം നിയമലംഘനങ്ങൾ നടത്തുകയും കാണുകയും ചെയ്യുന്നു. അതുകൊണ്ടത്രേ റോമർ 13:1 ൽ പൌലോസ്‌ “ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു” എന്ന് പറഞ്ഞിരിക്കുന്നത്. മറ്റുള്ളവർ നിയമം ലംഘിച്ചാലും ദൈവവചനം അനുസരിക്കുന്ന ദൈവജനം ദൈവം സ്ഥാപിച്ചിരിക്കുന്ന ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങി ജീവിച്ചാൽ നമ്മുടെ ദേശം അനുഗ്രഹിക്കപ്പെടും.

എന്തുകൊണ്ട് നാം രാജാക്കന്മാർക്ക് അഥവാ അധികാരികൾക്ക് കീഴ്പ്പെടേണം? ദൈവവചനം ശ്രദ്ധിച്ചാൽ രാജാക്കന്മാരെ ആക്കിവച്ചത് ദൈവമാണ് എന്ന് കാണുവാൻ കഴിയും. റോമർ 9:17 ൽ ഫറവോനെ കുറിച്ച് പറഞ്ഞിരിക്കുന്നത് കാണാം. എല്ലാ അധികാരങ്ങളും ദൈവത്തിന്റെ സർവ്വാധികാരത്തിന്റെ കീഴിലാണ്. ആയതിനാൽ നമ്മുടെ ഭരണാധികാരികളെ ധിക്കരിക്കുകയും നിയമലംഘനം നടത്തുകയും ചെയ്യുന്നത് ദൈവത്തോട് അനുസരണക്കേട്‌ കാണിക്കുന്നതിന് തുല്യമാണ്. ശിക്ഷ ഭയന്നു മാത്രമല്ല, നമ്മുടെ മനസ്സാക്ഷി വിചാരിച്ചുകൂടെ നാം അധികാരങ്ങൾക്ക് കീഴ്പ്പെടേണം(റോമർ .13:5) എന്ന് മനസ്സിലാക്കാം. എന്നാൽ ദൈവവചനം ചെയ്യുവാൻ പറയുന്ന ഒരു കാര്യം രാജ്യനിയമം നിരോധിക്കുകയോ ദൈവവചനം നിരോധിക്കുന്ന ഒരു കാര്യം രാജ്യനിയമം ചെയ്യുവാൻ ആവശ്യപ്പെടുകയോ ചെയ്യുമ്പോൾ നാം ഇതിൽ നിന്നും ഒഴിവുള്ളവാരാകുന്നു. നമ്മുടെ രാജ്യത്തിന്റെ ഭരണാധികാരികൾക്ക് കീഴടങ്ങുമ്പോൾ തന്നെ സകലത്തിന്റെയും സകലരുടെയും ശ്രേഷ്ഠ അധികാരിയായ നമ്മുടെ ദൈവത്തെ നാം ഭയപ്പെടുകയും അനുസരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. ആത്മീയ കാര്യങ്ങളിൽ നാം മുൻ‌തൂക്കം കൊടുക്കേണം. താൻ ആയിരുന്ന ദേശത്തിന്റെ നിയമം ദാനിയേലിന്റെ പ്രാർത്ഥനയ്ക്ക് തടസ്സം നിന്നു. എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ നിയമമനുസരിച്ച് താൻ ദിവസം മൂന്ന് നേരം പ്രാർത്ഥിക്കുന്നവനായിരുന്നു. അപ്പോസ്തോലന്മാരായ പത്രോസിനോടും യാക്കോബിനോടും അധികാരികൾ യേശുവിനെക്കുറിച്ച് പ്രസംഗിക്കരുത് എന്ന് കല്പിച്ചു. എന്നാൽ തങ്ങൾ ദൈവത്തെ അനുസരിച്ച്, ദേശത്തെല്ലായിടവും യേശുവിനെ പ്രസംഗിച്ചു. അതുപോലെ തന്നെ കുലചെയ്യരുത് എന്ന് ദൈവവചനം കല്പിച്ചിരിക്കുമ്പോൾ മോശയെ നൈൽ നദിയിൽ എറിഞ്ഞു കൊല്ലുവാൻ കല്പിച്ച ഫറവോന്റെ കല്പനയെ മോശയുടെ മാതാപിതാക്കൾ അനുസരിച്ചില്ല. യാതൊരു വിഗ്രഹത്തെയും നമസ്കരിക്കരുത് എന്ന ദൈവകല്പനയുള്ളപ്പോൾ നെബുഖദ്നെസെർ രാജാവിന്റെ ബിംബത്തിനു മുമ്പിൽ വീണു നമസ്കരിക്കുവാനുള്ള കല്പന ദാനിയേലും കൂട്ടരും അനുസരിച്ചില്ല.

പ്രാർത്ഥന:

സർവ്വശക്തനായ ദൈവമേ, അങ്ങയെ അനുസരിക്കുകയും അങ്ങേയ്ക്ക് കീഴ്പ്പെടുകയും ചെയ്യുന്നതോടൊപ്പം ഞങ്ങളെ നടത്തുന്നവർക്കും വിശേഷാൽ ഞങ്ങളുടെ ഭരണാധികാരികൾക്കും രാജ്യനിയമങ്ങൾക്കും കീഴടങ്ങിയിരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. എല്ലാറ്റിലുമുപരി അങ്ങയെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങൾക്ക് കൃപ നൽകണമേ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.