ക്രമങ്ങളുടെ ദൈവം!

താങ്ങും കരങ്ങള്‍
July 24, 2016
നാലാം ദിവസം
July 26, 2016

നമ്മുടെ ദൈവം ക്രമങ്ങളുടെ (order) ദൈവമാണ്. ദൈവം സൃഷ്ടിച്ച കോടാനുകോടി വസ്തുക്കളെ, പ്രതിഭാസങ്ങളെ വീക്ഷിച്ചാല്‍ അവയുടെ ക്രമീകരണം, അവയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദൈവത്തിന്‍റെ അനിര്‍വചനീയമായ ജ്ഞാനത്തിന്‍റെ പ്രദര്‍ശനശാലയാണെന്ന് മനസ്സിലാക്കുന്നതിനു മനുഷ്യന് അധികം തലപുകയേണ്ട ആവശ്യം വരില്ല. സര്‍വ്വജ്ഞാനിയായ ദൈവം കോലാഹങ്ങളുടെ (chaos) ദൈവമല്ല. പൂന്തോട്ടത്തിലെ വിവിധ വര്‍ണ്ണ പൂക്കളെപ്പോലെ ആകാശ നീലിമയില്‍ ചിന്നി ചിതറി പുഞ്ചിരി തൂകി നില്‍ക്കുന്ന ഗോളങ്ങളുടെ ചലനങ്ങള്‍ നാട്ടിലെ കൂട്ടയോട്ടം പോലെയോ ആള്‍ കൂട്ടത്തില്‍ ക്രൂരമൃഗം ഇറങ്ങിയത്‌ പോലെയോ ആയിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥ? ഇതൊന്നും ഗ്രഹിക്കാത്ത മനുഷ്യന്‍ അവന്‍റെ വികലമായ ബുദ്ധികൊണ്ട് ദൈവം ഇല്ലെന്ന് വീമ്പിളക്കി നടക്കുന്നു.

Spread the love

വായനാഭാഗം: സംഖ്യാ 2: 1-2, 34;

“യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം…………..
യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.”

ചിന്താവിഷയം: “യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം”

നമ്മുടെ ദൈവം ക്രമങ്ങളുടെ (order) ദൈവമാണ്. ദൈവം സൃഷ്ടിച്ച കോടാനുകോടി വസ്തുക്കളെ, പ്രതിഭാസങ്ങളെ വീക്ഷിച്ചാല്‍ അവയുടെ ക്രമീകരണം, അവയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദൈവത്തിന്‍റെ അനിര്‍വചനീയമായ ജ്ഞാനത്തിന്‍റെ പ്രദര്‍ശനശാലയാണെന്ന് മനസ്സിലാക്കുന്നതിനു മനുഷ്യന് അധികം തലപുകയേണ്ട ആവശ്യം വരില്ല. സര്‍വ്വജ്ഞാനിയായ ദൈവം കോലാഹങ്ങളുടെ (chaos) ദൈവമല്ല. പൂന്തോട്ടത്തിലെ വിവിധ വര്‍ണ്ണ പൂക്കളെപ്പോലെ ആകാശ നീലിമയില്‍ ചിന്നി ചിതറി പുഞ്ചിരി തൂകി നില്‍ക്കുന്ന ഗോളങ്ങളുടെ ചലനങ്ങള്‍ നാട്ടിലെ കൂട്ടയോട്ടം പോലെയോ ആള്‍ കൂട്ടത്തില്‍ ക്രൂരമൃഗം ഇറങ്ങിയത്‌ പോലെയോ ആയിരുന്നുവെങ്കില്‍ എന്തായിരുന്നു അവസ്ഥ? ഇതൊന്നും ഗ്രഹിക്കാത്ത മനുഷ്യന്‍ അവന്‍റെ വികലമായ ബുദ്ധികൊണ്ട് ദൈവം ഇല്ലെന്ന് വീമ്പിളക്കി നടക്കുന്നു.

ദൈവിക പ്രവര്‍ത്തിയാല്‍ ഇസ്രയേല്‍ ജനം അവരുടെ അടിമ വീട്ടില്‍ നിന്നും വിടുവിക്കപ്പെട്ടു. അവരുടെ പിതാക്കന്മാര്‍ക്ക് വാഗ്ദാനം ചെയ്ത സ്ഥലത്തേക്കുള്ള യാത്രയില്‍ സീനായി മലയുടെ താഴ്വാരത്തില്‍ അവര്‍ എത്തി, ദൈവം സീനായി മലയില്‍ വച്ച് ഇസ്രയേല്‍ ജനത്തിന് കൊടുക്കുവാനുള്ള കല്പനകളും, അവന്‍ അവരുടെ ഇടയില്‍ വസിക്കേണ്ടതിനു പണിയേണ്ട സമാഗമന കൂടാരത്തിന്‍റെ പണിക്കായുള്ള കല്പനകളും കൊടുത്തു. അവര്‍ ദൈവം കല്പിച്ചതുപോലെ സമാഹാമന കൂടാരം പണിതുയര്‍ത്തി പ്രതിഷ്ഠിച്ചു. അതിനു ശേഷം സമാഗമന കൂടാരത്തില്‍ വെച്ച് ദൈവം ജനത്തോടു സംസാരിച്ചു.

ദൈവം അവിടെവച്ചു അവരോട് സംസാരിച്ചത് പ്രധാനമായും അവരുടെ ഇടയില്‍ ഉണ്ടായിരിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ചായിരുന്നു. ഇസ്രയേല്‍ ജനം ഏതു ക്രമത്തില്‍ പാളയം അടിക്കണമെന്നും, എങ്ങനെ അവര്‍ യാത്ര ചെയ്യണമെന്നും അവരോട് വീണ്ടും കല്പിച്ചു. കുത്തഴിഞ്ഞ പുസ്തകം പോലെ അവര്‍ ആയിരിക്കാന്‍ ദൈവം ആഗ്രഹിച്ചില്ല. ദൈവം സൂഷ്മതയുടെ ദൈവം കൂടെയാണ്. ഇസ്രയേല്‍ ജനത്തിന്‍റെ പാളയം ശ്രദ്ധിക്കുന്നു എങ്കില്‍ ദൈവം പ്രത്യേകിച്ചു അവന്‍റെ ജനത്തിന്‍റെ ഇടയില്‍ എല്ലാത്തിനും ഒരു ക്രമീകരണം ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്നുവെന്ന് മനസ്സിലാകും. എന്നാല്‍ ഇന്ന് നാം നമ്മുടെ സമകാലിക ലോകത്തെ സഭകളെ ശ്രദ്ധിക്കുകയാണെങ്കില്‍ യാതൊരുവിധ ക്രമീകരണങ്ങളും ഇല്ലെന്നു തോന്നിപോകുന്ന വിധത്തില്‍ ആണ് കാര്യങ്ങള്‍ പോയ്കൊണ്ടിരിക്കുന്നതെന്ന് നിസംശയം പറയാന്‍ സാധിക്കും.

നിങ്ങള്‍ ഒരു ക്രമവും, ക്രമീകരണവും ഇല്ലാത്ത ജീവിതത്തിനു ഉടമയാണോ? ക്രമമായുള്ള നിങ്ങളുടെ ജീവിതശൈലി നിങ്ങള്‍ പ്രതിനിധികരിക്കുന്ന മേഖലകളില്‍ നിങ്ങള്‍ നിമിത്തം ഉണ്ടായേക്കാവുന്ന കോലാഹലം കുറയ്ക്കുമെന്ന് അറിയാമോ? കുടുംബം, നിങ്ങളുടെ സഭ, സമൂഹം ഇവിടെയെല്ലാം അലങ്കോലവും കോലാഹലവും ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന് അറിയാമോ? നിങ്ങള്‍ ആയിരിക്കുന്ന കാലഘട്ടത്തെ വചനപ്രകാരം നിര്‍വചിച്ചു നിങ്ങള്‍ക്ക് ലഭിക്കുന്ന സമയത്തെ മുന്‍ഗണനയുടെ അടിസ്ഥാനത്തില്‍ ക്രമികരിച്ചു നിങ്ങള്‍ ജീവിക്കുന്നോ? പ്രയോഗിക വിശുദ്ധി, ധാര്‍മികത, ജീവിതശൈലി രൂപപ്പെടുന്നത് കുടുംബത്തില്‍ ആകയാല്‍ ക്രമമായ ജീവിത ശൈലികൊണ്ട് നമ്മുടെ വിശ്വാസത്തിന്‍റെ അന്തസത്തയുടെ മായാത്ത മുദ്ര നമ്മുടെ തലമുറയുടെ ഹൃദയങ്ങളില്‍ മുദ്രണം ചെയ്യപ്പെടാന്‍ ഇടയാകട്ടെ. ക്രമീകരിക്കപ്പെട്ട ജീവിതത്തിന് ഉടമയാകുവാന്‍ ദൈവം നിങ്ങൾക്ക് ജ്ഞാനം നല്‍കട്ടെ!

ഓര്‍മ്മക്കായി: കെട്ടുപൊട്ടിയ പട്ടം ഉദ്ദേശിച്ച സ്ഥലത്ത് ഉയര്‍ന്നു പറക്കില്ല !

Reji Philip
Reji Philip
പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Comments are closed.