ആത്മാവിനെ അനുസരിച്ചു നടക്കുക

ധൈര്യപ്പെടുത്തുന്ന ദൈവം
March 15, 2016
വേറൊരു സുവിശേഷം
March 17, 2016

നാം "ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നമ്മൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല". (ഗലാത്യർ 5:18). അതിനു അർഥം നമുക്ക് പാപം ചെയ്യുവാനുള്ള അധികാരപത്രം കിട്ടി എന്നല്ല. (റോമർ 6:1). പകരം ഇത് ഒരു നിർബന്ധമാണ്. നിയമത്തെക്കാൾ അധികം സ്നേഹവും , ഭയത്തെക്കാൾ അധികം വിശ്വാസവും നമ്മെ നിർബന്ധിക്കും.

Spread the love

വായനാ ഭാഗം: ഗലാത്യർ. 5: 24,25,26.

24. ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു.
25. ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
26. നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുതു.

ചിന്താഭാഗം: ഗലാത്യർ : 5: 25 

ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സർവ്വ സാധാരണമാണ്. എന്നാൽ ചില ചർച്ചകളിൽ വിഷയങ്ങൾ ഒരു പരിധി കഴിഞ്ഞാൽ ഞാൻ ഉൾവലിയും. കാരണം, അവ പറയാൻ/ എഴുതാൻ കഴിയാറില്ല. മനസ്സ് പറയും “നിനക്ക് പാടില്ല” എന്ന്. നമ്മളിൽ ഈ പരിധി നിർണയിക്കുന്നത് കോടതി വിധികളോ, ഭരണകൂട നിയമങ്ങളോ അല്ല എന്നതാണ്  സത്യം.

ചില സന്ദർഭങ്ങളിൽ പരിശുദ്ധാത്മാവ് ശക്തമായി നമ്മെ നിയന്ത്രിക്കും, “പലർക്കും അവ ചെയ്യാൻ കഴിയും; എന്നാൽ നിനക്ക് പാടില്ല”.

എന്നാൽ ചിലപ്പോൾ, നിയമം അനുശാസിക്കുന്നവയിലും കൂടുതൽ ചെയ്യാനും ആത്മാവ് പ്രേരിപ്പിക്കാറുണ്ട്.

യേശു പറഞ്ഞു ;
“ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക”. മത്തായി 5: 41

നാം “ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കിൽ നമ്മൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല”. (ഗലാത്യർ 5:18). അതിനു അർഥം നമുക്ക് പാപം ചെയ്യുവാനുള്ള അധികാരപത്രം കിട്ടി എന്നല്ല. (റോമർ 6:1). പകരം ഇത് ഒരു നിർബന്ധമാണ്. നിയമത്തെക്കാൾ അധികം സ്നേഹവും , ഭയത്തെക്കാൾ അധികം വിശ്വാസവും നമ്മെ നിർബന്ധിക്കും.

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ,ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല. (ഗലാത്യർ 5:22,23)

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? നിയമത്തിൽ നടക്കുന്നതിനെക്കാൾ കൂടുതൽ വിശ്വാസം വേണം ആത്മാവിൽ നടക്കുവാൻ. അതിനാൽ നമ്മിൽ പകർന്നിരിക്കുന്ന ആത്മാവിനെ കൂടുതൽ ആശ്രയിച്ചെ നമുക്ക് യാത്ര ചെയ്യുവാൻ കഴിയുകയുള്ളൂ.

സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും. (യോഹന്നാൻ 16:13)

യേശു ക്രിസ്തു ഈ ഭൂമിയിൽ വന്നത് നിയമം നീക്കാനല്ല, പകരം അവ നിവർത്തിപ്പാനാണ്‌.

യേശു പറഞ്ഞു;
“ഞാൻ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു”. (മത്തായി 5: 17)

നാം ആത്മാവിനെ അനുസരിച്ച് ജീവിക്കുമ്പോൾ ഈ നിയമത്തെയും, നിയമം തന്ന ദൈവത്തെയും ആഴമായി സ്നേഹിക്കുവാൻ നമുക്ക് കഴിയും. അവ നമ്മെ ‘ക്രിസ്തുവിൽ വളരുക’ എന്ന ലക്ഷ്യത്തിലേക്ക് വഴി നടത്തും.

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.