നമ്മെ അറിയുന്ന ദൈവം

അവർ ചെയ്യേണ്ടതു നാം ചെയ്യുക
May 3, 2016
ഇതാ ഒരു കാവല്‍ക്കാരന്‍!!
May 5, 2016

ഒറ്റക്ക്‌ ആയി പോകുമ്പോഴാണു നമ്മെ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു നാം ചിന്തിക്കുന്നതു. അങ്ങനെ ആരെങ്കിലും കൂടെ ഉള്ളതു പലപ്പോഴും ഒരു ആശ്വാസവും ആകാറുണ്ട്‌. ഇന്നത്തെ കാലത്തു അധികം ആളുകളും സുഹൃത്തുക്കൾക്കും മാനുഷീക ബന്ധങ്ങൾക്കും അപ്പുറം സോഷ്യൽ മീഡിയകൾക്കും റ്റെക്നോളജികൾക്കും ആണു പ്രാധാന്യം കൊടുക്കുന്നതു എന്നു നമുക്ക് മനസിലാക്കാം. ഈ യാന്ത്രിക ജീവിതത്തിൽ പലപ്പോഴും തമ്മിൽ അറിയാനും സ്നേഹിക്കാനും സമയം ലഭിക്കുന്നില്ല. ഇതു മൂലം പലരും നിരാശയും സമ്മർദ്ദവും കൂടി രോഗികൾ ആയി തീരുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ചുറ്റിലും നിറയെ ആളുകൾ ഉള്ളപ്പോഴും നാം ഒറ്റക്ക്‌ ആണെന്നും ആരും നമ്മെ മനസിലാക്കുന്നില്ല എന്നും ഉള്ള ചിന്തകൾ മനസിലേക്ക്‌ കടന്നു വ ന്നേക്കാം.

Spread the love

വായനാഭാഗം: 1 കൊരിന്ത്യർ 8:3-6, 2 തിമൊഥെയൊസ് 2:19, ഗലാത്യർ 4:8,9

1 കൊരിന്ത്യർ
8:3 ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
8:4 വിഗ്രഹാർപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കർത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
8:5 എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
8:6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.

2 തിമൊഥെയൊസ് 2:19 എങ്കിലും ദൈവത്തിന്റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കർത്താവു തനിക്കുള്ളവരെ അറിയുന്നു എന്നും കർത്താവിന്റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്റെ മുദ്ര.

ഗലാത്യർ
4:8 എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.
4:9 ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ

ചിന്താഭാഗം: 1 കൊരിന്ത്യർ 8:3 “ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.”

ഒറ്റക്ക്‌ ആയി പോകുമ്പോഴാണു നമ്മെ അറിയുന്ന ആരെങ്കിലും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു നാം ചിന്തിക്കുന്നതു. അങ്ങനെ ആരെങ്കിലും കൂടെ ഉള്ളതു പലപ്പോഴും ഒരു ആശ്വാസവും ആകാറുണ്ട്‌. ഇന്നത്തെ കാലത്തു അധികം ആളുകളും സുഹൃത്തുക്കൾക്കും മാനുഷീക ബന്ധങ്ങൾക്കും അപ്പുറം സോഷ്യൽ മീഡിയകൾക്കും റ്റെക്നോളജികൾക്കും ആണു പ്രാധാന്യം കൊടുക്കുന്നതു എന്നു നമുക്ക് മനസിലാക്കാം. ഈ യാന്ത്രിക ജീവിതത്തിൽ പലപ്പോഴും തമ്മിൽ അറിയാനും സ്നേഹിക്കാനും സമയം ലഭിക്കുന്നില്ല. ഇതു മൂലം പലരും നിരാശയും സമ്മർദ്ദവും കൂടി രോഗികൾ ആയി തീരുകയും ചെയ്യുന്നു. ചില സാഹചര്യങ്ങളിൽ ചുറ്റിലും നിറയെ ആളുകൾ ഉള്ളപ്പോഴും നാം ഒറ്റക്ക്‌ ആണെന്നും ആരും നമ്മെ മനസിലാക്കുന്നില്ല എന്നും ഉള്ള ചിന്തകൾ മനസിലേക്ക്‌ കടന്നു വ ന്നേക്കാം.

എന്നാൽ  അമ്മയുടെ ഉദരത്തിൽ ഉരുവാകും മുൻപെ നമ്മെ അറിഞ്ഞവനാണ്  നമ്മുടെ ദൈവം എന്നാണ് ദൈവവചനം പറയുന്നത്. നാം ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവൻ അറിയുന്നു. നമ്മുടെ ഹൃദയത്തിലെ നിരൂപണങ്ങളെ മുന്നമേ അറിയുന്നവൻ, നമ്മുടെ ആവശ്യങ്ങളെയും അറിയുന്നു. അവൻ അറിയാതെ നമ്മുടെ തലയിലെ ഒരു മുടി പോലും നഷ്ടമാകുകയില്ല. നാം സന്തോഷിക്കുമ്പോൾ നമ്മോടൊപ്പം സന്തോഷിക്കുകയും നാം കരയുമ്പോൾ കരുണയോടെ തലോടി ആശ്വസിപ്പിക്കുകയും ചെയ്യുന്ന പിതാവ്. സർവ്വദാ കൂടെ ഇരുന്ന്, കൊച്ചു കുഞ്ഞിനെ എന്ന പോലെ കരങ്ങൾ പിടിച്ചു വഴി നടത്തുന്ന ഇത്ര വലിയ സ്നേഹവും കരുതലും ലോകത്തിൽ ആരാലും നൽകുവാൻ കഴികയില്ല . പെറ്റ അമ്മ മറന്നാലും മറക്കാത്തവൻ ആണല്ലോ നമ്മുടെ ദൈവം!

പ്രിയ സുഹൃത്തേ, ഈ സ്നേഹത്തെ തിരിച്ചറിയുവാൻ താങ്കൾക്ക്‌ ഇതുവരെയും കഴിഞ്ഞിട്ടില്ലേ? ലോകത്തിലെ ബന്ധുക്കൾ നമ്മെ കരുതുന്നതിനും സ്നേഹിക്കുന്നതിനും ഒരു പരിധി ഉണ്ട്‌. എന്നാൽ ലോകത്തിൽ നാം ഉരുവാകും മുൻപെ നമുക്കായി സർവ്വവും കരുതിയ ആ എക ദൈവത്തിനായി തന്നെത്താൻ ഒന്നു സമർപ്പിക്കുമോ? നേരിടുന്ന പ്രശ്നങ്ങളും ഭാരങ്ങളും എത്ര വലിയത് തന്നെ ആയിക്കൊള്ളട്ടെ, ആ പിതാവിന്റെ കരങ്ങളിൽ അവയെ നൽകൂ.. എങ്കിൽ ഓരോ നിമിഷവും ആ സ്നേഹവും കരുതലും രുചിച്ചറിയുവാൻ സർവ്വശക്തൻ താങ്കൾക്കും ഇട വരുത്തും.

പ്രാർത്ഥന: സ്നേഹവാനായ ദൈവമേ, അങ്ങയുടെ കരങ്ങളിൽ അടിയനെയും സമർപ്പിക്കുന്നു. മറ്റാരേക്കാളും എന്നെ നന്നായി അറിയുന്നവൻ അങ്ങായതിനാൽ അങ്ങയെ സ്തുതിക്കുന്നു. അങ്ങയെ അറിഞ്ഞ് അങ്ങിൽ അടിസ്ഥാനമിട്ട്‌ ആ ദിവ്യ സ്നേഹത്തിൽ ജീവിക്കുവാൻ അടിയനെ ഇടയാക്കേണമേ. ആമേൻ..

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.