എന്നെ കഴുകേണമേ…

നോഹയും കൃപയും
May 1, 2016
അവർ ചെയ്യേണ്ടതു നാം ചെയ്യുക
May 3, 2016

യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് നമ്മെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കാനാണ് . തന്റെ രക്തത്താൽ നമ്മെ കഴുകി ഹിമത്തെക്കാൾ വെളുപ്പിക്കേണ്ടതിനാണ്. നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിച്ച്, കർത്താവിനെ അനുസരിച്ച് യാത്ര ചെയ്താൽ ദൈവ കുടുംബത്തിലേക്ക് നമുക്ക് ധൈര്യത്തോടെ പ്രവേശനമുണ്ട് . ദൈവം നമ്മെ മകനായി മകളായി സന്തോഷത്തോടെ സ്വീകരിക്കും.

Spread the love

വായനാഭാഗം: സങ്കീർത്തനങ്ങൾ 51: 6-10

6. അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
7. ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
8. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
9. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

ചിന്താഭാഗം: സങ്കീർത്തനങ്ങൾ 51:7 

ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.

കുട്ടിക്കാലത്ത് സ്കൂൾ വിട്ടാൽ വീട്ടിലേക്ക് വന്നിട്ട് നേരെ ഒറ്റ ഓട്ടമാണ് കളി സ്ഥലത്തേക്ക്. കൊയ്ത്തു കഴിഞ്ഞ വയലാണ് ഞങ്ങളുടെ പ്രധാന കളി സ്ഥലം. സന്ധ്യാ സമയത്ത് ആകെ വൃത്തികേടായി ക്ഷീണിച്ച് വീട്ടിലേക്കു കയറി വരുമ്പോൾ തന്നെ കേൾക്കാം അമ്മയുടെ ഉറക്കെയുള്ള ശബ്ദം “കുളിച്ച് വൃത്തിയായിട്ടു വീട്ടിനു അകത്തോട്ടു കയറിയാൽ മതി”. മാതാപിതാക്കൾക്ക് എന്നെ ഇഷ്ടമാണെങ്കിലും ഈ സമയത്ത് വീടിനുള്ളിൽ കയറണമെങ്കിൽ കുളി നിർബന്ധമാണ്. അല്ലെങ്കിൽ എന്റെ മേലുള്ള ചെളി ഞാൻ അവിടെ എല്ലാം ആക്കും.

ഇതേ കാഴ്ച്ചപ്പാടാണ് ദൈവത്തിന് പാപത്തോടുള്ളതും. ദൈവത്തിനു നമ്മോട് സ്നേഹമാണ്, പക്ഷെ ഈ പാപത്തോടുകൂടെ സ്വർഗീയ വീട്ടിലേക്ക് കയറ്റുവാൻ കഴിയുകയില്ല.

ബൈബിളിലെ പഴയ നിയമത്തിൽ ദൈവം കർശനമായി പറഞ്ഞിട്ടുണ്ട്;

നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ടു അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം. (ആവർത്തന പുസ്തകം 23: 14)

യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത് നമ്മെ പാപത്തിൽ നിന്ന് ശുദ്ധീകരിക്കാനാണ്. തന്റെ രക്തത്താൽ നമ്മെ കഴുകി ഹിമത്തെക്കാൾ വെളുപ്പിക്കേണ്ടതിനാണ്. നമ്മുടെ പാപങ്ങളെ ഏറ്റു പറഞ്ഞു ഉപേക്ഷിച്ച്, കർത്താവിനെ അനുസരിച്ച് യാത്ര ചെയ്താൽ ദൈവ കുടുംബത്തിലേക്ക് നമുക്ക് ധൈര്യത്തോടെ പ്രവേശനമുണ്ട്. ദൈവം നമ്മെ മകനായി മകളായി സന്തോഷത്തോടെ സ്വീകരിക്കും.

ദൈവ വചനം നമുക്ക് ഉറപ്പ് തരുന്നു;

“അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു”. (യോഹന്നാൻ 1: 7)

ഇന്ന് ഈ സമയം നമുക്ക് ദൈവത്തിനു നന്ദി പറയാം. കാരണം നാം ശുദ്ധീകരണം പ്രാപിച്ചവരാണ്.

“പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവർക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ”. (പത്രൊസ്  1: 2)

Sam Adoor
Sam Adoor
പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍(U.A.E) ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Comments are closed.