വീഴാതിരിപ്പാൻ നോക്കിക്കൊൾവീൻ.

നമ്മുടെ മദ്ധ്യേ നടക്കുന്ന ദൈവം
April 18, 2016
ക്രിസ്തുശിഷ്യന്മാരെ വാർത്തെടുക്കുന്ന ദൈവവേല.
April 20, 2016

വായനാഭാഗം: 1 കൊരിന്ത്യർ 10:1-13

10:1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻ കീഴിൽ ആയിരുന്നു ;
10:2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേർന്നു
10:3 എല്ലാവരും ഒരേ ആത്മികാഹാരം തിന്നു
10:4 എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു–അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
10:5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
10:6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
10:7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
10:8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
10:9 അവരിൽ ചിലർ പരീക്ഷിച്ചു സർപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കർത്താവിനെ പരീക്ഷിക്കരുതു.
10:10 അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
10:11 ഇതു ദൃഷ്ടാന്തമായിട്ടു അവർക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
10:12 ആകയാൽ താൻ  നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
10:13 മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.

ചിന്താഭാഗം: 1 കൊരിന്ത്യർ 10:12 ആകയാൽ താൻ  നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

ചില സ്ഥലങ്ങളിൽ തീരെ കുഞ്ഞുകുട്ടികളുടെ മുട്ടിൽ നീന്തിയുള്ള മത്സരം നടത്താറുണ്ട്‌. മത്സരകളത്തിന്റെ ഒരു വശത്ത്‌ പിതാവു എതിരെ നിൽക്കുന്ന  മാതാവിന്റെ അരികിലേക്ക്‌ കുട്ടികളെ ചൂണ്ടികാണിച്ച്‌ വിടുന്നു.ആദ്യം മാതാവിന്റെ അരികിലെത്തുക എന്നതാണ്‌ മത്സരം.പലപ്പോഴും കുട്ടികളിൽ അധികം പേരും പോകുന്ന വഴിയിൽ ഏതെങ്കിലും സാധനങ്ങിലേക്ക്‌ ശ്രദ്ധമാറുകയോ അല്ലെങ്കിൽ തമ്മിൽ തമ്മിൽ നോക്കി കളിച്ചൊ ഇരുന്നു പോകും. ഒരു കൂട്ടർ തിരികെ പിതാവിന്റെ അടുക്കലേക്ക്‌ ഓടിപ്പോകും.എന്നാൽ ചുരുക്കം ചില കുട്ടികൾ എതിരെ നിൽക്കുന്ന മാതാവിനെ മാത്രം നോക്കി  മുട്ടിലിഴഞ്ഞ്‌ ആ കരങ്ങളിൽ ചെന്നു ചേരും. അവരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വായനാഭാഗം ഒരേസമയം ഒരു മുന്നറിയിപ്പും അതോടൊപ്പം തന്നെ പ്രത്യാശയും നൽകുന്നതാണ്‌. ചെങ്കടൽ കടന്ന യിസ്രായേൽ മിസ്രായീമിന്റെ അടിമത്തത്തിൽ നിന്നും വിടുതൽ പ്രാപിച്ച്‌ ദൈവത്താൽ അനുഗ്രഹിക്കപെട്ടവരായി വാഗ്ദത്തനാടിനെ നോക്കി യാത്രയായി. പകൽ മേഘസ്തഭം ആയും രാത്രി അഗ്നിതൂണായും  സ്വർഗ്ഗീയ ഭക്ഷണം കൊടുത്തും ദൈവം അവരെ വഴി നടത്തി. എന്നാൽ യിസ്രായേല്യരോ അതൃപതരായി , ഈ ലോകത്തിലുള്ള പലതിനേയും മോഹിച്ചു അവരുടെ യാത്രയുടെ ഉദ്ധേശം മറന്നു കളഞ്ഞു.വിടുവിച്ചു പരിപാലിച്ച ദൈവത്തെ പരീക്ഷിച്ചു.ആയതിനാൽ ഒരേ ആത്മീക ആഹാരം ഭക്ഷിച്ചും ഒരേ പാറയിൽ നിന്നും കുടിച്ചും യാത്ര ചെയ്തവരിൽ പലരിലും ദൈവപ്രസാദമുണ്ടായില്ല. പലരും മരുഭൂമിയിൽ  തന്നേ പട്ടുപോകുവാനിടയായി.നമ്മുടെ ആത്മീയ ജീവിതവും  വാഗ്ദത്ത നാട്ടിലേക്കുള്ള  യിസ്രായേല്യരുടെ യാത്ര പോലെയാകുന്നു. നാം ക്രിസ്തുവിനെ രക്ഷിതാവായി കൈക്കൊണ്ട്‌ സ്നാനമേറ്റ്‌  സ്വർഗ്ഗീയ നാടിനെ ലാക്കാക്കി ഓടികൊണ്ടിരിക്കുമ്പോൾ ഈ ലോകത്തിന്റെ പലവിധമായ മോടികളും പ്രതാപങ്ങളും നമ്മെ ഓട്ടക്കളത്തിലെ കുട്ടികളെപ്പോലെ പകുതി വഴിയിൽ പരാജിതരാക്കിയേക്കാം.

ഉല്പത്തി 4:7 പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു  ലോകാരംഭത്തിന്റെ നാളുകളിൽ തന്നെ യഹോവ മനുഷ്യനു മുന്നറിയുപ്പു നൽകുന്നതായി വചനത്തിൽ നാം വായിക്കുന്നു.ആയതിനാൽ  വീണ്ടും ജനനം പ്രാപിച്ച നാം നമ്മുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിനായി സമർപ്പിച്ച്‌ മറുകരയിൽ നമുക്കായി കാത്തിരിക്കുന്ന  കർത്താവിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌  ഈ ലോകത്തിന്റെ പ്രതാപങ്ങളെ തുഛമെന്നെണ്ണുന്നുവെങ്കിൽ  മാത്രമേ  ഈ ഓട്ടക്കളത്തിൽ വിരുതുപ്രാപിക്കുവാൻ കഴികയുള്ളൂ. 1 കൊരിന്ത്യർ 10:12 ആകയാൽ താൻ  നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.

പ്രിയ ദൈവജനമേ, നാം മനുഷ്യരും ബലഹീനരും ആകുന്നു. എന്നാൽ നമ്മിൽ കർത്തൃത്വം നടത്തുന്ന ക്രിസ്തു ഈ ലോകത്തേയും പാപത്തേയും ജയിച്ചവൻ ആകുന്നു. ആയതിനാൽ സ്വന്തകഴിവിൽ ആശ്രയിക്കാതെ അവന്റെ കരങ്ങളിൽ നമ്മെ സമർപ്പിക്കുമെങ്കിൽ ബലഹീനതിയിൽ തുണയേകുന്ന കൃപ അനുഭവിക്കുവാൻ ഇടയായിതീരും. പരീക്ഷ അനുവദിക്കുന്ന ദൈവം നാമതിനാൽ നശിച്ചു പോകുവാൻ അവൻ  അഗ്രഹിക്കുകയില്ല, അനുവദിക്കുകയുമില്ല. അതുകൊണ്ട്‌ സഹിക്കുവാനും ജയിക്കുവാനുമുള്ള പോംവഴി ഒരുക്കിതരുകയും ചെയ്യും.

1 കൊരിന്ത്യർ 9:24 ഓട്ടക്കളത്തിൽ ഓടുന്നവർ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളു എന്നു അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ.

എബ്രായർ 12:1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Sissy (Siya Biji) Stephen
Sissy Stephen
സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.

Comments are closed.