ജീവശബ്ദം

നിരപ്പു പ്രാപിച്ചു
July 4, 2016
ജീവിതമാകുന്ന പരീക്ഷ
July 6, 2016

പുതിയതായി രക്ഷിക്കപ്പെട്ട ഒരു സഹോദരിക്ക് ഒരാൾ ഒരു വേദപുസ്തകം സമ്മാനിച്ചിട്ട് അത് തുടർമാനമായി വായിക്കണമെന്ന് ഉപദേശിച്ചു. ആ ബൈബിൾ സമ്മാനിച്ച വ്യക്തി പിന്നീട് ആ സഹോദരിയെ കണ്ടപ്പോൾ അത് തുടർച്ചയായി വായിക്കുന്നുണ്ടോ എന്ന ചോദിച്ചതിന് ആ സഹോദരി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്: "ഞാൻ ഈ വേദപുസ്തകം വായിക്കുക അല്ല, ഈ വേദപുസ്തകം എന്നെ വായിക്കുകയാണ്. എന്നെ തിരുത്തേണ്ട ഇടത്ത് തിരുത്തുകയും, ധൈര്യപ്പെടുത്തേണ്ട ഇടത്ത് ധൈര്യപ്പെടുത്തുകയും, ഉപദേശിക്കേണ്ട ഇടത്ത് ഉപദേശിക്കയും, ആശ്വസിപ്പിക്കേണ്ട ഇടത്ത് ആശ്വസിപ്പിക്കയും ചെയ്യുന്ന ഈ അത്ഭുത പുസ്തകം ഞാൻ എന്നെ മനസ്സിലാക്കുന്നതിലും നന്നായി എന്നെ മനസിലാക്കുന്നു".

Spread the love

വായനാഭാഗം. 1 തെസ്സലോനിക്യർ 2:10-13

10. വിശ്വസിക്കുന്ന നിങ്ങളുടെ ഇടയിൽ ഞങ്ങൾ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിന്നു നിങ്ങളും ദൈവവും സാക്ഷി.
11. തന്റെ രാജ്യത്തിന്നും മഹത്വത്തിന്നും നിങ്ങളെ വിളിക്കുന്ന ദൈവത്തിന്നു യോഗ്യമായി നടപ്പാൻ തക്കവണ്ണം
12. ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.
13. ഞങ്ങൾ പ്രസംഗിച്ച ദൈവവചനം നിങ്ങൾ കേട്ടു, മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ കൈക്കൊണ്ടതിനാൽ ഞങ്ങൾ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളിൽ അതു വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

ചിന്താഭാഗം – വാക്യം 13: ഞങ്ങൾ പ്രസംഗിച്ച ദൈവവചനം… വിശ്വസിക്കുന്ന നിങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്നു.

ഒരിക്കൽ പുതിയതായി രക്ഷിക്കപ്പെട്ട ഒരു സഹോദരിക്ക് ഒരാൾ ഒരു വേദപുസ്തകം സമ്മാനിച്ചിട്ട് അത് തുടർമാനമായി വായിക്കണമെന്ന് ഉപദേശിച്ചു. ആ ബൈബിൾ സമ്മാനിച്ച വ്യക്തി പിന്നീട് ആ സഹോദരിയെ കണ്ടപ്പോൾ അത് തുടർച്ചയായി വായിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആ സഹോദരി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്: “ഞാൻ ഈ വേദപുസ്തകം വായിക്കുക അല്ല, ഈ വേദപുസ്തകം എന്നെ വായിക്കുക ആണ്. എന്നെ തിരുത്തേണ്ട ഇടത്ത് തിരുത്തുകയും, ധൈര്യപ്പെടുത്തേണ്ട ഇടത്ത് ധൈര്യപ്പെടുത്തുകയും, ഉപദേശിക്കേണ്ട ഇടത്ത് ഉപദേശിക്കയും, ആശ്വസിപ്പിക്കേണ്ട ഇടത്ത് ആശ്വസിപ്പിക്കയും ചെയ്യുന്ന ഈ അത്ഭുത പുസ്തകം ഞാൻ എന്നെ മനസ്സിലാക്കുന്നതിലും നന്നായി എന്നെ മനസിലാക്കുന്നു”.

ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. – എബ്രായർ 4:12

അക്ഷരത്തിന്റെ പഴക്കത്തിലും വാക്കുകളുടെ പ്രഭാവത്തിലുമല്ല പുതിയനിയമ അപ്പോസ്തലന്മാർ ദൈവ വചനം പ്രഘോഷിച്ചത്! പ്രത്യുത, അവരെ വിളിച്ച ദൈവത്തിനു യോഗ്യമായി നടക്കുവാൻ മാതൃക കാണിച്ച് പവിത്രമായും നീതിയായും അനിന്ദ്യമായും, സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കിയ ഉപദേശമാണ് അവർ പ്രസംഗിച്ചത് (വാക്യം 10-12). അത്കൊണ്ട് തന്നെ, തെസ്സലോനിക്യ സഭയിൽ അപ്പോസ്തലനായ പൗലോസും കൂട്ടാളികളും പ്രസംഗിച്ച വചനം മനുഷ്യന്റെ ശബ്ദമെന്നോ മനുഷ്യന്റെ ആലോചനയെന്നോ എന്ന് കരുതി തള്ളി കളയാതെ, അതിനെ ദൈവശബ്ദമായിട്ട് തന്നെ കൈകൊണ്ട വിശ്വാസികളുടെ ജീവിതത്തിൽ ആ വചനം ജീവനായി വ്യാപരിച്ച് കൊണ്ടിരുന്നു. ജീവിക്കുന്നതും ജീവിപ്പിക്കുന്നതുമായ ദൈവശബ്ദം സഭയിലും കുടുംബത്തിലും ദേശത്തും ക്രിയ ചെയ്യുവാനിടയായതിന്റെ ഫലമെന്താണെന്ന് ആ ലേഖനത്തിൽ ഇതര ഇടങ്ങളിൽ നാം കാണുന്നു.

  • സഭ ക്രിസ്തുയേശുവിലുള്ള ദൈവസഭകൾക്കും അപ്പോസ്തലന്മാർക്കും ദൈവത്തിനും  അനുകാരികളായിത്തീർന്നു (1:6, 2:14).
  • ബഹു കഷ്ടത്തിലും വിശ്വാസത്തിൽ നിലനിന്നു (1:6, 3:7).
  • വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു (1:7,8).
  • ദൈവപ്രസാദം ലഭിപ്പാന്തക്കവണ്ണം എങ്ങനെ നടക്കേണം എന്നതിൽ പരിജ്ഞാനം പ്രാപിച്ചു (4:1).
  • സ്നേഹത്തിലും സഹോദരപ്രീതിയിലും മുന്നിട്ട് വന്നു (4:9,10).
  • അന്യോന്യം പ്രബോധിപ്പിക്കയും ആത്മീക വർദ്ധനവ് വരുത്തുകയും ചെയ്തു.

വിശ്വസിക്കുന്നവരിൽ ദൈവ വചനം എങ്ങനെ വ്യാപരിക്കുന്നു എന്ന് തെസ്സലോനിക്യ സഭ നമുക്ക് കാണിച്ച് തരുന്നു. ജീവനുള്ള ദൈവവചനം, അത് യഥാർത്ഥത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയിൽ അത്ഭുതകരമായ പരിവർത്തനം നടത്തിയിരിക്കും. വചനത്തിനു നമ്മുടെ ജീവിതത്തിൽ സ്വാധീനമുണ്ടാകുന്നില്ല എങ്കിൽ ക്രിസ്തുവിലുള്ള വിശ്വാസം പുനപരിശോധിക്കേണ്ടിയിരിക്കുന്നു.

മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു – മത്തായി.4:4

ഒരു നവജാത ശിശു എങ്ങനെ പാലിനായി ആഗ്രഹിക്കുന്നുവോ അത് പോലെ നമ്മുടെ ആത്മീക വളർച്ചയ്ക്കായി അനുദിനം വചനമെന്ന മായമില്ലാത്ത പാൽ വാഞ്ചിക്കുവാൻ പത്രോസ് അപ്പോസ്തലനും നമ്മെ ബുദ്ധി ഉപദേശിക്കുന്നു. (1 പത്രോസ് 2:2) വചനത്തെ ദൈവശബ്ദമായി കൈകൊണ്ടാൽ നാം വചനം വായിക്കുന്നതിനേക്കാൾ വചനം നമ്മെ വായിക്കുവാനിടയാകും. ഒരു മുഖകണ്ണാടി പോലെ നാം ക്രമീകരിക്കപ്പെടേണ്ട ഇടങ്ങൾ ഏവ എന്നത് ദൈവ വചനം നമുക്ക് കാട്ടി തരുവാൻ ഇടയാകും. നമ്മുടെ സമസ്ത മേഖലകളിലുംജീവനുള്ള ദൈവശബ്ദം നമ്മെ ജീവിപ്പിക്കുവാൻ നമുക്ക് ഏല്പ്പിച്ച് കൊടുക്കാം.

നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. – സങ്കീ. 119:105

 

 

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.