വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ

ദീർഘക്ഷമ
June 26, 2016
എങ്കിൽ…
June 28, 2016

പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞി ഒരിക്കൽ തന്റെ പരിചാരികകളിൽ ഒരാളുടെ കുഞ്ഞു മരിച്ചതറിഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിക്കുവാൻ അവരുടെ വീട്ടിലേക്ക് പോയി. കുറെയേറെ നേരം അവരോടൊത്ത് ചിലവഴിച്ച ശേഷം രാജ്ഞി തിരികെ പോയിക്കഴിഞ്ഞപ്പോൾ, ഇത്ര കാര്യമായി രാജ്ഞി എന്താണ് സംസാരിച്ചെതെന്ന് അയൽക്കാർ ആ സ്ത്രീയോട് ചോദിച്ചു. അവരുടെ മറുപടി കേൾവിക്കാരെ സ്തബ്ദരാക്കി. "രാജ്ഞി എന്നോട് ഒന്നും സംസാരിച്ചില്ല. പക്ഷെ എന്റെ കൈ അവരുടെ കൈകൾക്കുള്ളിൽ വെച്ച് എന്നോടൊപ്പം അവരും കരഞ്ഞു". ഒരക്ഷരം പോലും സംസാരിച്ചില്ലെങ്കിലും ആ സ്ത്രീക്ക് വളരെയധികം ആശ്വാസം പകരുവാൻ വിക്ടോറിയ രാജ്ഞിക്ക് കഴിഞ്ഞു.

Spread the love

വായനാഭാഗം: ഇയ്യോബ് 2:7-13

7 അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ വല്ലാത്ത പരുക്കളാല്‍ ബാധിച്ചു.
8 അവന്‍ ഒരു ഔട്ടിന്‍ കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തില്‍ ഇരുന്നു.
9 അവന്റെ ഭാര്യ അവനോടുനീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
10 അവന്‍ അവളോടുഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യില്‍നിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതില്‍ ഒന്നിലും ഇയ്യോബ് അധരങ്ങളാല്‍ പാപം ചെയ്തില്ല.
11 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബില്‍ദാദ്, നയമാത്യനായ സോഫര്‍ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാര്‍ ഈ അനര്‍ത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോള്‍ അവര്‍ ഔരോരുത്തന്‍ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മില്‍ പറഞ്ഞൊത്തു.
12 അവര്‍ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയില്‍ വിതറി.
13 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവര്‍ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകല്‍ അവനോടുകൂടെ നിലത്തിരുന്നു.

പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞി ഒരിക്കൽ തന്റെ പരിചാരികകളിൽ ഒരാളുടെ കുഞ്ഞു മരിച്ചതറിഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിക്കുവാൻ അവരുടെ വീട്ടിലേക്ക് പോയി. കുറെയേറെ നേരം അവരോടൊത്ത് ചിലവഴിച്ച ശേഷം രാജ്ഞി തിരികെ പോയിക്കഴിഞ്ഞപ്പോൾ, ഇത്ര കാര്യമായി രാജ്ഞി എന്താണ് സംസാരിച്ചെതെന്ന് അയൽക്കാർ ആ സ്ത്രീയോട് ചോദിച്ചു. അവരുടെ മറുപടി കേൾവിക്കാരെ സ്തബ്ദരാക്കി. “രാജ്ഞി എന്നോട് ഒന്നും സംസാരിച്ചില്ല. പക്ഷെ എന്റെ കൈ അവരുടെ കൈകൾക്കുള്ളിൽ വെച്ച് എന്നോടൊപ്പം അവരും കരഞ്ഞു”. ഒരക്ഷരം പോലും സംസാരിച്ചില്ലെങ്കിലും ആ സ്ത്രീക്ക് വളരെയധികം ആശ്വാസം പകരുവാൻ വിക്ടോറിയ രാജ്ഞിക്ക് കഴിഞ്ഞു.

സഹിക്കുവാൻ കഴിയുന്നതിലും അപ്പുറമായ സങ്കടത്തിന്റെ ആഴത്തിൽ ആയിരിക്കുന്ന ഒരു വ്യക്തിയെ ആശ്വസിപ്പിക്കുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്. ആശ്വസിക്കുവാൻ ശ്രമിക്കുന്ന പലരും ആ ഉദ്യമത്തിൽ പരാജയപ്പെടുക മാത്രമല്ല, പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്ന നിലയിലേക്ക് ആയിപോകുന്നതും നമുക്കറിയാം. എന്നാൽ നേരെ മറിച്ച് വാക്കുകൾ കൊണ്ട് അമ്മാനമാടിയില്ലെങ്കിലും, മൃദുഭാഷിത്വം കൊണ്ടോ ആത്മാർത്ഥതയോടെ ഉള്ള ഭാവപ്രകടനം കൊണ്ടോ കരുണയോടെ ഉള്ള ചില പ്രവർത്തികൾ കൊണ്ടോ സാന്ത്വനത്തിന്റെ കൈത്താങ്ങാകുവാൻ കഴിയുന്നവരും ചുരുക്കമല്ല.

അധ്വാനഫലമായ സമ്പാദ്യവും ആറ്റുനോറ്റ് വളർത്തിയ മക്കളും മെച്ചമായിരുന്ന ശാരീരികാരോഗ്യവും നഷ്ടപ്പെട്ട് കഷ്ടതയുടെ തീച്ചൂളയിലൂടെ കടന്ന് പോയിക്കൊണ്ടിരുന്ന ദൈവഭക്തനായ ഈയോബിനെ ആശ്വസിപ്പിക്കുവാൻ ശ്രമിക്കുന്ന ഭാര്യയേയും സുഹൃത്തുക്കളേയും ആണ് നമ്മുടെ ചിന്താഭാഗത്തിൽ നാം കാണുന്നത്. തന്റെ ദുരിത പൂര്‍ണ്ണമായ ആ അനുഭവത്തിൽ നിന്ന് രക്ഷപ്പെടുവാൻ തക്ക തുണയായിരുന്ന ഭാര്യ കണ്ടെത്തിയ വഴി ആത്മഹത്യ ആയിരുന്നെങ്കിൽ സഹതപിക്കുവാൻ വന്ന സുഹൃത്തുക്കൾക്ക് ഒരു വാക്കെങ്കിലും പറയുവാൻ ഏഴു ദിവസം വേണ്ടി വന്നു!

ദൈവത്തോടുള്ള ഭക്തി വൃഥാവെന്ന് അപഗ്രഥിച്ച ഭാര്യയും ഈയോബിന്റെ പാപഫലമായി ആണ് തനിക്ക് ആ ദുരിതമൊക്കെയും ഭവിച്ചത് എന്ന് വിശകലനം ചെയ്ത സുഹൃത്തുക്കളും ഈയോബിന് ആ അവസ്ഥയിൽ വ്യസനിപ്പിക്കുന്ന ആശ്വാസകർ ആയിരുന്നു. (ഈയോബ് 16:2) മാനുഷീകമായ ബുദ്ധിയിൽ നിന്നുയർന്ന ആശ്വാസ വചനങ്ങൾ ഫലപ്രാപ്തിയിൽ എത്താതെയിരുന്നപ്പോൾ ഈയോബിനെ ആശ്വസിപ്പിക്കുവാൻ ദൈവം നേരിട്ടിടപെടുന്നത് ആ പുസ്തകത്തിന്റെ അവസാന അദ്ധ്യായങ്ങളിൽ നമുക്ക് കാണുവാൻ സാധിക്കും. ദൈവത്തിന് സകലവും കഴിയുമെന്നും തന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഈയോബ് തിരിച്ചറിഞ്ഞ നിമിഷം (ഈയോബ് 42:2) അവന്റെ നിരാശ മാറി!

നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. സങ്കീ 119:50

സർവ്വ ആശ്വസങ്ങളുടെയും ദൈവം ആശ്വസിപ്പിക്കുമ്പോൾ മാത്രമേ ഒരു വ്യക്തിക്ക് യഥാർത്ഥമായ ആശ്വാസം പ്രാപിക്കുവാൻ കഴിയുകയുള്ളൂ. കാരണം, ലോകം തരുന്നത് പോലെ വ്യർത്ഥമായ സമാധാനമല്ല (യോഹന്നാൻ 14:27), പ്രത്യുത ഒരു അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഹൃദ്യമായും ആത്മാർത്ഥമായുമാണ് ദൈവം നമ്മെ ആശ്വസിപ്പിക്കുന്നത് എന്ന് യെശയ്യാവ് (66:13) പറയുന്നു.

തണ്ടിന്മേൽ ഉള്ള വിളക്ക് പോലെ, മലമേൽ ഉള്ള പട്ടണം പോലെ, നാം മറ്റുള്ളവർക്ക് ഒരു ആശ്വാസമായിരിക്കുവാനും യേശുവിലൂടെയുള്ള ഉള്ള ദിവ്യസമാധാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനുമത്രേ യേശു തന്റെ സമാധാനം നമുക്ക് തന്നിട്ട് പോയത്. നമ്മിലൂടെ അനേകരെ ആശ്വസിപ്പിക്കേണ്ടതിനാണ് ദൈവം നമ്മെ ആശ്വസിപ്പിക്കുന്നത് എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. പൗലോസ് പറയുന്നത് ശ്രദ്ധിക്കുക:

ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. – 2 കൊരിന്ത്യർ 1:4

സഹോദരന്മാരേ, ഞങ്ങളുടെ സകലകഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു. – (1 തെസ്സലോനിക്യർ 3:7)

നമ്മുടെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് ദുഖത്തിന്മേൽ ദുഃഖം പകരുതിന് പകരം, കൊരിന്ത്യ സഭ തീത്തോസിന്റെ മനസ്സിനെ തണുപ്പിച്ചത് പോലെ (2 കൊരിന്ത്യർ 7:13) തിഹിക്കൊസും ഒനേസിമസും കൊലോസ്യ സഭയെ ആശ്വസിപ്പിച്ചത് പോലെ (കൊലോസ്യർ 4:8), തിമൊഥെയോസ് തെസ്സലോനിക്യ സഭയെ ധൈര്യപ്പെടുത്തിയത് പോലെ (1 തെസ്സലോനിക്യർ 3:2) തണുപ്പിന്റെയും ആശ്വാസത്തിന്റേയും പ്രബോധനത്തിന്റെയും ഫലമുളവാക്കുവാൻ നമുക്ക് ദൈവ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കാം. വ്യസനിപ്പിക്കുന്ന ആശ്വാസകർ ആകാതെ വ്യസനം അകറ്റുന്ന ആശ്വാസകർ ആകുവാൻ നമുക്ക് ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യാം

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

1 Comment

  1. Reny Augustine says:

    Good