നമ്മെ കാണുന്ന ദൈവം

എന്താകുന്നു നല്ലത്?
February 18, 2015
അപ്പോസ്തല പ്രവർത്തികൾ
February 20, 2015

വായനാഭാഗം :സങ്കീർത്തനം. 139:1-18

139:1 യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
139:2 ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
139:3 എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
139:4 യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേൽ ഇല്ല.
139:5 നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്റെ കൈ എന്റെമേൽ വെച്ചിരിക്കുന്നു.
139:6 ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
139:7 നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?
139:8 ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ടു; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ടു.
139:9 ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ
139:10 അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
139:11 ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാൻ പറഞ്ഞാൽ
139:12 ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
139:13 നീയല്ലോ എന്റെ അന്തരംഗങ്ങളെ നിർമ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.
139:14 ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
139:15 ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
139:16 ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു;
139:17 ദൈവമേ, നിന്റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
139:18 അവയെ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ നിന്റെ അടുക്കൽ ഇരിക്കുന്നു.

കുറിവാക്യം. സങ്കീർത്തനം .139:3

എൻറെ നടപ്പും കിടപ്പം നീ ശോധന ചെയ്യുന്നു ; എൻറെ വഴികൾ ഒക്കെയും നിനക്ക് മനസിലായിരിക്കുന്നു.

ഒരു വ്യക്തിയുടെ മനസിന്റെ ചിന്തകളും വിചാര വികാരങ്ങളും മറ്റൊരാൾക്ക് അറിയുവാൻ കഴിയുകയില്ല. പ്രവർത്തികൾ കൊണ്ടോ,പെരുമാറ്റം കൊണ്ടോ, സംസാര രീതി വച്ചോ, ഇടപെടുന്നതു  വച്ചോ കുറെയൊക്കെ സ്വഭാവം പിടികിട്ടുമെങ്കിലും മനസ്സിലുള്ളത് മറ്റൊരു വ്യക്തിക്ക് സാധ്യമല്ല. എന്നാൽ ഒരുവന്റെ മനസ്സിലിരിപ്പ് അറിയുവാൻ നമ്മെ ഉരുവാക്കിയ  കർത്താവിന് മാത്രമേ കഴിയുകയുള്ളൂ. യേശു കർത്താവ്‌ തെരഞ്ഞെടുത്ത 12 ശിഷ്യന്മാരിൽ ഒരുവൻ കർത്താവിനെ ഒറ്റികൊടുക്കുമെന്ന് നന്നായി അറിയാമായിരുന്നു.

നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചു കൊടുക്കും” ( മത്തായി 26 : 21 )

ദൈവം നമ്മെയും നമ്മുടെ വഴികളെയും അറിയുന്നു. ഒരിക്കൽ ഫിലിപ്പോസ് നഥനയേലിനെ കണ്ടിട്ട് ന്യായ പ്രമാണത്തിൽ മോശയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞു. യേശുവിനെ കാണുവാൻ  നഥനയേൽ ഫിലിപ്പോസിനോടൊപ്പം തന്റെ അടുക്കൽ വരുന്നത് യേശു കണ്ടിട്ട് ”ഇതു സാക്ഷാൽ ഇസ്രയെല്യൻ ഇവനിൻ കപടം ഇല്ല” ഇത് കേട്ട നഥനയേൽ തന്നെ എവിടെ വച്ച് അറിയും എന്ന് യേശുവിനോട് ചോദിച്ചപ്പോൾ “ഫിലിപ്പോസ് നിന്നെ വിളിക്കും മുൻപേ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നായിരുന്നു യേശുവിന്റെ മറുപടി.

ആരാധനയ്ക്ക് പോകുമ്പോൾ ഉള്ള ഭക്തി മതി അത് കഴിഞ്ഞാൽ എങ്ങനെയും ആകാം, കോളേജിൽ പോകുമ്പോൾ ആരും കാണുന്നില്ലല്ലോ കുട്ടുകാരും കൂടെ ചേർന്ന് ക്ലാസ്സ്‌ കട്ട് ചെയ്തു സിനിമക്കും, മദ്യപിക്കുവാനും പോകാം, പപ്പയും മമ്മിയും കാണില്ല എന്നൊക്കെ നാം കരുതും. പക്ഷെ പ്രിയ സഹോദരാ, ഒരു പക്ഷെ  നമ്മള്‍  ലോകത്തില്‍ പേടിക്കുന്ന, ബഹുമാനിക്കുന്ന പലരും നിന്നെ കണ്ടില്ല എങ്കിലും നമ്മെ കാണുന്ന ഒരുവൻ ഉണ്ട്  എന്നുള്ള കാര്യം മറക്കരുത് .

12 വർഷം രക്ത സ്രാവം ഉള്ളവളായി ഉള്ള മുതൽ വൈദ്യന്മാര്ക്ക് കൊടുത്ത്, എല്ലാ ആശകളും നിരാശ ആയി മാറിയപ്പോൾ യേശുവിന്റെ വർത്തമാനം കേട്ട സ്ത്രീ കർത്താവിന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ തൊട്ടപ്പോൾ  ശക്തി പുറപ്പെടുകയും സൌഖ്യമാകുകയും ചെയ്തു. ആ തിക്കിലും തിരക്കിലും ആവശ്യബോധത്തോടെ തന്നെ തൊട്ട ആളെ കാണുവാന്‍ കര്‍ത്താവ്‌ ചുറ്റും നോക്കി! തന്നെ തൊടുന്നവരെ നോക്കുന്ന ദൈവം!

യേശുവിന്‍റെ ശിഷ്യന്‍ ആയിരുന്ന പത്രോസ് കര്‍ത്താവിനെ തള്ളി പറഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കിയ കര്‍ത്താവിനെ കണ്ടിട്ട് പത്രോസിന്റെ ഹൃദയം തകരുവാനും, തന്‍റെ മനസാക്ഷി കുറ്റം വിധിച്ചിട്ട് പുറത്ത് ഇറങ്ങി പൊട്ടികരയുകയും ചെയ്യുന്ന രംഗം നമുക്ക് മറക്കുവാന്‍ കഴിയില്ല. കര്‍ത്താവിന്റെ ആ ഒരു  നോട്ടത്തില്‍ തന്റെ പിന്മാറ്റ അവസ്ഥക്ക് വ്യതിയാനം വരുത്തുവാന്‍ കഴിഞ്ഞു. ദൈവ സന്നിധിയില്‍ നിന്നും പിന്മാറി പോകുന്നവരെ നോക്കുന്ന കര്‍ത്താവ്‌. ഒരു വ്യക്തിയും ദൈവത്തെ അറിഞ്ഞിട്ട് പിന്മാറി പോകുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല.

പ്രിയ സ്നേഹിതാ, നമ്മുടെ മനസ് അറിയുന്ന കര്‍ത്താവ്‌ നമ്മുടെ നിരൂപണങ്ങള്‍ വരെ അറിയുന്നവനാണ്. അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോള്‍ നമ്മെ കണ്ട ദൈവം! നാളെയെ കുറിച്ചുള്ള വ്യാകുലതകള്‍ നമ്മെ അലട്ടുന്നുണ്ടോ? ഭാരപ്പെടരുത്. കര്‍ത്താവ്‌ ഇന്നലെയും എന്നും എന്നേക്കും അനന്യന്‍ തന്നെ. ആ ദൈവസന്നിധിയിൽ നമുക്ക് സമർപ്പിക്കാം! കര്‍ത്താവ്‌ നമ്മെ അനുഗ്രഹിക്കട്ടെ.

ഇമെയിൽ വരിക്കാരാകുക

ഡെയിലി ലിവിംഗ് വോയിസ് നിങ്ങളുടെ ഈമെയിലിൽ ലഭിക്കുവാൻ പേരും ഇമെയിൽ വിലാസവും ഇവിടെ നൽകുക.

Das P Vilakudy
Pr. Das P Vilakudy
പാസ്റ്റർ ദാസ്‌ പി വിളക്കുടി ഇപ്പോള്‍ ഷാര്‍ജയില്‍ ജോലിയോടുകൂടെ ദൈവ വേല ചെയ്യുന്നു . സ്വന്ത സ്ഥലം: വിളക്കുടി. ഭാര്യ: മേഴ്സി ദാസ്. രണ്ട് മക്കള്‍ ഉണ്ട് ഫെബി പി ദാസ്, ജോ പോൾ ദാസ്.

Comments are closed.