മടങ്ങിച്ചെല്ലുക

ദൈവീക തിരഞ്ഞെടുപ്പ്‌
June 3, 2016
ജീവജല ഉറവ്.
June 5, 2016

നാല് സുവിശേഷങ്ങളിൽ ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന "ധൂർത്തനായിരുന്ന പുത്രന്റെ" ഉപമയാകും (ലൂക്കോസ് 15:11-36) യേശു പറഞ്ഞ ഉപമകളിൽ ഒരു പക്ഷെ ഏറ്റവും പ്രസിദ്ധമായത്! "മുടിയനായ പുത്രന്റെ കഥ" എന്നാണു അതിനെ കൂടുതൽ പേരും അറിയുന്നതെങ്കിലും "മടങ്ങിവന്ന പുത്രന്റെ കഥ" എന്ന് വിളിക്കുവാനാണ് എനിക്കേറെ ഇഷ്ടം. പിതാവിങ്കലേക്ക് മടങ്ങി വന്ന ആ പുത്രനെ ലോകം ഇപ്പോഴും "മുടിയൻ" എന്ന് വിളിക്കുന്നു എങ്കിലും പിതാവ് വിളിക്കുന്നത് "എന്റെ മകൻ" എന്ന് തന്നെയാണ് (ലൂക്കോസ് 15:24).

Spread the love

വായനാഭാഗം: ഹോശയ 14:1-7 

1. യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നതു.
2. നിങ്ങൾ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു അവനോടു: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങൾ ഞങ്ങളുടെ അധരാർപ്പണമായ കാളകളെ അർപ്പിക്കും;
3. അശ്ശൂർ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങൾ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോടു: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന്നു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിൻ.
4. ഞാൻ അവരുടെ പിൻമാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും.
5. ഞാൻ യിസ്രായേലിന്നു മഞ്ഞുപോലെയിരിക്കും; അവൻ താമരപോലെ പൂത്തു ലെബാനോൻവനംപോലെ വേരൂന്നും.
6. അവന്റെ കൊമ്പുകൾ പടരും; അവന്റെ ഭംഗി ഒലിവുവൃക്ഷത്തിൻ ഭംഗിപോലെയും അവന്റെ വാസന ലെബാനോന്റേതുപോലെയും ഇരിക്കും.
7. അവന്റെ നിഴലിൽ പാർക്കുന്നവർ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിർക്കയും ചെയ്യും; അതിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റേതുപോലെ ഇരിക്കും.

ചിന്താഭാഗം: വാക്യം 1  – യിസ്രായേലേ, നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക;

നാല് സുവിശേഷങ്ങളിൽ ലൂക്കോസിന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന “ധൂർത്തനായിരുന്ന പുത്രന്റെ” ഉപമയാകും (ലൂക്കോസ് 15:11-36) യേശു പറഞ്ഞ ഉപമകളിൽ ഒരു പക്ഷെ ഏറ്റവും പ്രസിദ്ധമായത്! “മുടിയനായ പുത്രന്റെ കഥ” എന്നാണു അതിനെ കൂടുതൽ പേരും അറിയുന്നതെങ്കിലും “മടങ്ങിവന്ന പുത്രന്റെ കഥ” എന്ന് വിളിക്കുവാനാണ് എനിക്കേറെ ഇഷ്ടം. കാരണം, പിതാവിങ്കലേക്ക് മടങ്ങി വന്ന ആ പുത്രനെ ലോകം ഇപ്പോഴും “മുടിയൻ” എന്ന് വിളിക്കുന്നു എങ്കിലും പിതാവ് വിളിക്കുന്നത് “എന്റെ മകൻ” എന്ന് തന്നെയാണ് (ലൂക്കോസ് 15:24). പിതാവിൽ നിന്ന് അകന്നിരുന്നപ്പോൾ അവൻ ധൂർത്തനായിരുന്നു, അടിമയായിരുന്നു, എല്ലാവരാലും തള്ളപ്പെട്ടവനായിരുന്നു, വിശന്നവനായിരുന്നു, മൂഡനായിരുന്നു, ഏകാകിയായിരുന്നു, മരിച്ചവനായിരുന്നു, നഷ്ടപ്പെട്ടവനായിരുന്നു. എന്നാൽ മടങ്ങി വന്നപ്പോൾ അവന്റെ ആ അവസ്ഥകൾ വച്ചല്ല അവനെ പിതാവ് പരിചയപ്പെടുത്തുന്നത്, പ്രത്യുത പുത്രത്വത്തിന്റെ സകല മാന്യതകളോടും അധികാരങ്ങളോടും അവകാശങ്ങളോടും അത്രേ!

നാം വായിച്ച വേദ ഭാഗത്തിൽ കാണുന്നതും സമാനമായ ഒരു അവസ്ഥയാണ്. ദൈവമായ യഹോവയിൽ നിന്ന് അകന്ന് പോയ യിസ്രായേൽ തങ്ങളുടെ അകൃത്യങ്ങളിൽ വീണു കിടക്കുന്നത് കണ്ട് ദൈവത്തിലേക്ക് മടങ്ങി വരുവാൻ പ്രവാചകൻ ബുദ്ധി ഉപദേശിക്കുകയാണ്. അതിന് ആദ്യം വേണ്ടത് ഒരു തിരിച്ചറിവാണ്! അശ്ശൂരിനു തങ്ങളെ രക്ഷിക്കാൻ കഴിയില്ല എന്നും തങ്ങളുടെ കൈവേലകൾക്ക് ദൈവമായിരിക്കാൻ കഴിവില്ലെന്നും മടങ്ങി വന്നാൽ കൃപയോടെ കൈകൊള്ളുന്നത് ഏകസത്യദൈവമായ യഹോവ മാത്രമാണെന്നും ഉള്ള തിരിച്ചറിവ്! അപ്പന്റെ ഭവനത്തിലെ സേവകർ പോലും തന്നെക്കാൾ സുഭിക്ഷതയോടെ കഴിയുന്നു എന്ന് ആ പുത്രൻ തിരിച്ചറിഞ്ഞതാണ് അവന്റെ മടങ്ങി വരവിന്റെ കാരണം എന്നത് പോലെ സ്വന്ത കഴിവ് കൊണ്ടോ സുഹൃത്തുക്കളുടെയോ വ്യാജ ദൈവങ്ങളുടെയോ സഹായം കൊണ്ടോ രക്ഷ നേടുവാൻ സാധിക്കില്ല എന്ന് ബോധ്യപ്പെട്ട് യഹോവയിലേക്ക് മടങ്ങി വരുവാൻ ഹോശയ പ്രവാചകനിലൂടെ ദൈവം യിസ്രായേലിനെ ബുദ്ധിയുപദേശിക്കുന്നു.

പ്രീയ സഹോദരാ/സഹോദരീ, യേശുവിന്റെ കാൽവറി യാഗം പരിഹാരമാകാത്ത ഒരു പാപവുമില്ല. ദൈവത്തോട് അടുക്കുവാൻ, ദൈവത്തിലേക്ക് മടങ്ങി ചെല്ലുവാൻ നമ്മുടെ ഒരു പാപവും തടസമായിരിക്കില്ല. ഒരു മനുഷ്യനും ക്ഷമിക്കുവാൻ കഴിയാത്ത പാതകവും യേശുവിന് ക്ഷമിക്കുവാൻ കഴിയും എന്ന് ഓർക്കുക.

മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. (അപ്പോ. പ്രവ. 4:12)

നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും. (യെശയ്യാ 1:18)

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. (1 യോഹന്നാൻ 1:9)

ദൈവത്തിലേക്ക് മടങ്ങിവന്നാൽ നമ്മുടെ അറിയായ്മയുടെ കാലങ്ങളെ ഗണ്യമാക്കാതെ, നമ്മെ കൃപയോടെ കൈകൊള്ളുന്ന ഒരു പിതാവാണ് സ്വർഗത്തിൽ നമുക്കുള്ളത് എന്ന് ഓർക്കുക. എത്ര തന്നെ ക്ഷമിച്ചെന്നു പറഞ്ഞാലും ഒരു സാഹചര്യം വരുമ്പോൾ പഴയ അവസ്ഥയെ ഓർമിപ്പിക്കുന്നവനാണ് മനുഷ്യനെങ്കിൽ, ദൈവം നമ്മുടെ അകൃത്യങ്ങളെ ക്ഷമിച്ചത് നിത്യമായാണ്! അത്കൊണ്ട് തന്നെ അനുതപിച്ച് ക്ഷമ പ്രാപിച്ച ഒരു പാപത്തെ കുറിച്ചും കുറ്റബോധം തോന്നേണ്ട കാര്യമില്ല. പാപത്തിൽ ആയിരുന്നപ്പോൾ നാം അതിന് അടിമ ആയിരുന്നെങ്കിൽ ക്രിസ്തുവിൽ ആകുമ്പോൾ നാം പുത്രത്വം പ്രാപിക്കയാണ്. ക്രിസ്തുവിന്റെ കൂട്ടവകാശികളാകുകയാണ്. നിത്യജീവന്റെ പങ്കാളികളാകുകയാണ്.

താങ്കൾ ക്രിസ്തുവിലൂടെ ഉള്ള പാപക്ഷമയുടെ നിത്യജീവന്റെ സന്തോഷത്തിന്റെ ഭാഗമായിട്ടില്ല എങ്കിൽ, അറിയുക, അതിന് പ്രവർത്തിയുടെയോ പ്രായശ്ചിത്തങ്ങളുടേയോ പുണ്യകർമ്മങ്ങളുടേയോ അകമ്പടി ആവശ്യമേ ഇല്ല. സ്വർഗ്ഗോന്നതികളെ വെടിഞ്ഞ് ഈ താണ ലോകത്തിൽ വന്നു സകല മനുഷ്യരുടേയും പാപങ്ങൾക്ക് പ്രായശ്ചിത്തമായ യേശു ക്രിസ്തു രക്ഷിതാവും കർത്താവും ആണെന്ന് വിശ്വസിക്കുകയും ഏറ്റു പറയുക മാത്രമാണ് ഈ സൗജന്യ രക്ഷയുടെ മാർഗ്ഗം. അതിനായി താങ്കളെ ദൈവം സഹായിക്കട്ടെ.

 

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.