വ്യർത്ഥമാകാത്ത സുവിശേഷം

ദൈവത്തിന്റെ രാജ്യം
June 7, 2016
നല്ല കാലം
June 9, 2016

സുവിശേഷം പ്രസംഗിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമാശങ്കറിന് സർക്കാർ താക്കീത് നൽകിയത് അടുത്തയിടെ വാർത്താമാധ്യമങ്ങൾ വഴി നമ്മിൽ പലരും അറിഞ്ഞതാണ്. സർക്കാർ വിലക്ക് വരുന്നതിനു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരെ കൈയേറ്റവും നടന്നതായി വായിക്കുവാനിടയായി. ഭാരതത്തിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പരസ്യമായും രഹസ്യമായും നമ്മുടെ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അനേക ദൈവമക്കൾ സുവിശേഷം നിമിത്തം പീഡകൾ അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഒരു കാലത്ത് സുവിശേഷപ്രചാരണത്തിനു വളരെ സ്വന്തന്ത്ര്യമുണ്ടായിരുന്ന പല സ്ഥലങ്ങളിലും ഇന്ന് സ്ഥിതി നേരെ മറിച്ചാണ്.

Spread the love

വായനാഭാഗം: 1 തെസ്സലോന്യർ 2:1-3

2:1 സഹോദരന്മാരേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നതു വ്യർത്ഥമായില്ല എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
2:2 നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഫിലിപ്പിയിൽവെച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാൻ ഞങ്ങളുടെ ദൈവത്തിൽ ധൈര്യപ്പെട്ടിരുന്നു.
2:3 ഞങ്ങളുടെ പ്രബോധനം അബദ്ധത്തിൽനിന്നോ അശുദ്ധിയിൽനിന്നോ വ്യാജത്തോടെയോ വന്നതല്ല.

സുവിശേഷം പ്രസംഗിക്കുന്നതിനെതിരെ തമിഴ്നാട്ടിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഉമാശങ്കറിന് സർക്കാർ താക്കീത് നൽകിയത് അടുത്തയിടെ വാർത്താമാധ്യമങ്ങൾ വഴി നമ്മിൽ പലരും അറിഞ്ഞതാണ്. സർക്കാർ വിലക്ക് വരുന്നതിനു ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിനെതിരെ കൈയേറ്റവും നടന്നതായി വായിക്കുവാനിടയായി. ഭാരതത്തിൽ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. പരസ്യമായും രഹസ്യമായും നമ്മുടെ രാജ്യത്തിന്റെ അങ്ങോളമിങ്ങോളം അനേക ദൈവമക്കൾ സുവിശേഷം നിമിത്തം പീഡകൾ അനുഭവിച്ചു കൊണ്ടിരിക്കയാണ്. ഒരു കാലത്ത് സുവിശേഷപ്രചാരണത്തിനു വളരെ സ്വന്തന്ത്ര്യമുണ്ടായിരുന്ന പല സ്ഥലങ്ങളിലും ഇന്ന് സ്ഥിതി നേരെ മറിച്ചാണ്. ഒരു ഭാഗത്ത് അനേക കഷ്ടങ്ങളിലും പീഡകളിലും കൂടി കടന്നു പോകേണ്ടി വന്നിട്ടും കർത്താവിനു വേണ്ടി ധൈര്യത്തോടെ പോരാടുന്നവർ ഉണ്ടായിരിക്കുമ്പോൾ തന്നെ ക്രിസ്ത്യാനി എന്ന് ജീവിതത്തിൽ കൂടി കാണിക്കുന്നതിനോ യേശുവിനെ കുറിച്ച് സംസാരിക്കുന്നതിനോ സമൂഹത്തിലെ സ്ഥാനങ്ങളും മാനങ്ങളും തടസ്സമായി കരുതുന്നവരും ഉണ്ടെന്നത് നഗ്നമായ ഒരു സത്യമാണ്.

ഒരിക്കൽ സമൂഹത്തിൽ വളരെ ഉന്നത സ്ഥാനമുണ്ടായിരുന്ന പൗലോസിനു യേശുവിനെ കണ്ടെത്തിയതിനു ശേഷം സുവിശേഷത്തിനു വേണ്ടി അനുഭവിക്കേണ്ടി വന്ന കഷ്ടവും അപമാനവും പോരാട്ടവും വളരെ കടുത്തതാണ്. എന്നിരുന്നാലും തനിക്ക് ലാഭമായിരുന്നതൊക്കെയും ചേതമെന്ന് എണ്ണിയതിന്റെ ഫലമായി അനേക വ്യക്തികൾ ക്രിസ്തുവിലൂടെ ഉള്ള സന്തോഷത്തെ അറിയുവാനിടയായി എന്നത് വളരെ ചാരിതാർത്ഥ്യത്തോടെ താൻ ഇവിടെ ഓർക്കയാണ്! താൻ ഓടുന്നതും അദ്ധ്വാനിക്കുന്നതും വ്യർത്ഥമല്ല എന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനു ഉണ്ടായിരുന്നതിനാൽ ക്രിസ്തുവിനു വേണ്ടി അപമാനം സഹിക്കാൻ അദ്ദേഹത്തിനു ലജ്ജ ഇല്ലായിരുന്നു.

നാം ഇന്ന് ആയിരിക്കുന്ന മേഖലകളിൽ ഒരു പക്ഷെ സുവിശേഷത്തിനെതിരെ വലിയ പീഡകളോ എതിർപ്പുകളോ ഉണ്ടെന്നിരിക്കില്ല. എങ്കിൽ പോലും അവസരം കിട്ടുമ്പോൾ പോലും, യേശുവിനെ കുറിച്ച് പറയുവാൻ പലപ്പോഴും പല കാരണങ്ങളും ഒഴിവ്കഴിവുകളും നിരത്തി നമ്മിൽ ചിലരെങ്കിലും മടിക്കാറില്ലേ? യേശുവിനു വേണ്ടി ജീവിക്കുന്നു എന്ന് പറയുവാൻ, വിശുദ്ധിക്ക് വേണ്ടി നിലനിൽക്കുവാൻ, യേശുവിന്റെ സാക്ഷി ആകുവാൻ സാമൂഹത്തിലെ നമ്മുടെ നിലയോ വിലയോ മാന്യതയോ തടസ്സമാകുന്നു എങ്കിൽ ഓർക്കുക, സ്വർഗ്ഗോന്നതി വെടിഞ്ഞ് നമുക്ക് വേണ്ടി നിന്ദാപാത്രമായ യേശുവിനെ കുറിച്ച് നാം ലജ്ജിക്കുന്നു എന്നാണതിന്റെ അർത്ഥം.

ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും. ലൂക്കോസ് 9:26, മർക്കൊസ് 8:38

സുവിശേഷം അറിയിക്കുന്നതോ യേശുവിന്റെ സാക്ഷി ആകുന്നതോ സഭയിലെ ശുശ്രൂഷകന്റെയോ മൂപ്പന്റെയോ ഉത്തരവാദിത്തം മാത്രമല്ല എന്നത് മറക്കാതിരിക്കുക. യേശുവിനെ കണ്ടെത്തിയ ഓരോ വ്യക്തിയുടെയും ചുമതലയും കർത്തവ്യവുമാണ് ഈ സന്തോഷം നമ്മുടെ ചുറ്റുപാടുള്ളവരോട് അറിയിക്കുക എന്നത്. അപമാനവും കഷ്ടവും പരിഹാസവും ഭയന്ന് ആ ഉത്തരവാദിത്തത്തിൽ നിന്ന് ഓടി ഒളിക്കുവാൻ നമുക്കിടയാകരുത്. ക്രിസ്തുവിനു വേണ്ടി ലജ്ജ അനുഭവിക്കുകയോ നഷ്ടം സഹിക്കയോ ചെയ്യുന്നത് ഒരിക്കലും വ്യർത്ഥമല്ല. ഒരു സഭാ ശുശ്രൂഷകൻ തന്റെ സഭയെ ഓർമ്മിപ്പിച്ച ഒരു കാര്യം ഉദ്ദരിച്ച് കൊണ്ട് ഞാൻ ഉപസംഹരിക്കട്ടെ: “ഒരു വർഷത്തിലെ 365 ദിവസം കൊണ്ട് സഭയിലെ ഓരോ കുടുംബത്തിനും മറ്റ് ഒരു കുടുംബത്തെ എങ്കിലും കർത്താവിനായി നേടാൻ കഴിഞ്ഞാൽ നമ്മുടെ പ്രാദേശിക സഭയുടെ വളർച്ച എല്ലാ വർഷവും നൂറു ശതമാനമായിരിക്കും

നശിച്ചു പോകുന്ന ആത്മാക്കൾക്കായി ഒരു ആത്മഭാരം നമുക്ക് ഉണ്ടായിരിക്കട്ടെ. ക്രിസ്തുവിനായി ചിലരെ നേടുവാൻ നമുക്ക് ആഗ്രഹിക്കാം. ദൈവത്തിന്റെ സുവിശേഷം വാക്കുകളിലൂടെയും ജീവിതത്തിലൂടെയും പ്രസംഗിക്കുവാൻ നമുക്ക് ധൈര്യപ്പെടാം! സമയം ഇനി അധികമില്ലെന്ന് അറിഞ്ഞ്, ക്രിസ്തുവിന്റെ നാൾ അടുക്കുന്തോറും അധികമധികമായി ദൈവത്തിനു വേണ്ടി പ്രയോജനപ്പെടുവാൻ നമുക്ക് ഏല്പ്പിച്ച് കൊടുക്കാം. അതിനായി ദൈവം നമ്മെ ഏവരേയും സഹായിക്കട്ടെ.

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.

Comments are closed.