നല്ല കാലം

വ്യർത്ഥമാകാത്ത സുവിശേഷം
June 8, 2016
തെറ്റായ ബോധ്യം
June 10, 2016

ഭൂമിയിലെ സകല മനുഷ്യരുടെയും ഉദ്ദേശ്യങ്ങളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നിത്യമായ പരിപാടി ദൈവത്തിനുണ്ട്. സൃഷ്ടിപ്പിൽ തന്നെ ദൈവം തന്റെ ഹിതപ്രകാരമുള്ള ഒരു സമയം പ്രകൃതിയിലുള്ള സകലത്തിനും വേണ്ടി നിയമിച്ചു. അത് അതാതിന്റെ കാലമായി ഇന്നും നിലകൊള്ളുന്നു. ആ സമയത്തിനു വ്യത്യാസം വരുത്തുവാൻ മനുഷ്യനോ അവന്റെ കണ്ടുപിടുത്തങ്ങൾക്കോ സാധ്യമല്ല. അതിനു ശ്രമിച്ചാൽ അത് താറുമാറാകുകയേ ഉള്ളൂ.

Spread the love

വായനഭാഗം:സഭാപ്രസംഗി  3:1-15   

1 എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
2 ജനിപ്പാൻ ഒരു കാലം, മരിപ്പാൻ ഒരു കാലം; നടുവാൻ ഒരു കാലം, നട്ടതു പറിപ്പാൻ ഒരു കാലം; കൊല്ലുവാൻ ഒരു കാലം, സൌഖ്യമാക്കുവാൻ ഒരു കാലം;
3 ഇടിച്ചുകളവാൻ ഒരു കാലം, പണിവാൻ ഒരു കാലം,
4 കരവാൻ ഒരു കാലം ചിരിപ്പാൻ ഒരുകാലം; വിലപിപ്പാൻ ഒരു കാലം, നൃത്തം ചെയ്‍വാൻ ഒരു കാലം;
5 കല്ലു പെറുക്കിക്കളവാൻ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാൻ ഒരു കാലം; ആലിംഗനം ചെയ്‍വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം;
6 സമ്പാദിപ്പാൻ ഒരു കാലം, നഷ്ടമാവാൻ ഒരു കാലം; സൂക്ഷിച്ചുവെപ്പാൻ ഒരു കാലം, എറിഞ്ഞുകളവാൻ ഒരു കാലം;
7 കീറുവാൻ ഒരു കാലം, തുന്നുവാൻ ഒരു കാലം; മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം;
8 സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
9 പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
10 ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാൻ കണ്ടിട്ടുണ്ടു.
11 അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.
12 ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു.
13 ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.
14 ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാൻ അറിയുന്നു; അതിനോടു ഒന്നും കൂട്ടുവാനും അതിൽനിന്നു ഒന്നും കുറെപ്പാനും കഴിയുന്നതല്ല; മനുഷ്യർ തന്നെ ഭയപ്പെടേണ്ടതിന്നു ദൈവം അതു ചെയ്തിരിക്കുന്നു.
15 ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പു ഉണ്ടായിരുന്നതു തന്നേ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.

ചിന്താവിഷയം: വാക്യം 11. അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.

ഭൂമിയിലെ സകല മനുഷ്യരുടെയും ഉദ്ദേശ്യങ്ങളെയും പ്രവർത്തനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു നിത്യമായ പരിപാടി ദൈവത്തിനുണ്ട്. സൃഷ്ടിപ്പിൽ തന്നെ ദൈവം തന്റെ ഹിതപ്രകാരമുള്ള ഒരു സമയം പ്രകൃതിയിലുള്ള സകലത്തിനും വേണ്ടി നിയമിച്ചു. അത് അതാതിന്റെ കാലമായി ഇന്നും നിലകൊള്ളുന്നു. ആ സമയത്തിനു വ്യത്യാസം വരുത്തുവാൻ മനുഷ്യനോ അവന്റെ കണ്ടുപിടുത്തങ്ങൾക്കോ സാധ്യമല്ല. അതിനു ശ്രമിച്ചാൽ അത് താറുമാറാകുകയേ ഉള്ളൂ.

ഈ ഭാഗത്ത് എട്ട് വാക്യങ്ങളിലായി ശലോമോൻ ഓരോ കാര്യങ്ങളുടെയും പേരെടുത്തുപറഞ്ഞ്, ഓരോന്നിനും ഒരു സമയമുണ്ടെന്ന് പ്രസ്താവിക്കുന്നു. എന്നിട്ട് താൻ, മനുഷ്യന്റെ പ്രയത്നം കൊണ്ട് ഒരു ലാഭവും ഇല്ല എന്നും പറയുന്നു. ദൈവം സകലവും അതാതിന്റെ സമയത്ത് നന്നായി ചെയ്യുന്നു. ദൈവം ചെയ്യുന്നതെല്ലാം പൂർണ്ണതയുള്ളതാണ്.  ദൈവത്തിന്റെ സമയം തക്കസമയമാണ്. അതുകൊണ്ടത്രേ, 1 പത്രോസ് 5:6 ൽ

അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.”

എന്ന് പത്രോസ് പറയുന്നത്. നാം നമ്മുടെ സമയം നിശ്ചയിക്കുന്നതിനു പകരം ദൈവത്തിന്റെ തക്കസമയത്തിനായി കാത്തിരുന്നാൽ അത് ഭംഗിയായി നിവർത്തിക്കപ്പെടും. അത് ഒരുപക്ഷെ തൽക്കാലം നമുക്ക് തിന്മയായി തോന്നാമെങ്കിലും പിന്നത്തേതിൽ ദൈവം അതിനെ നന്മയായി മാറ്റും. എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു (റോമർ 8:28) എന്ന് പൗലോസ്‌ അപ്പോസ്തോലനും പറയുന്നു. 

ദൈവം പ്രവർത്തിക്കുന്നതൊക്കെയും ശാശ്വതമാണ്(വാ.14). എന്നാൽ വ്യക്തികളുടെ സ്വതന്ത്രവും ബുദ്ധിപരവുമായ പ്രവർത്തികളെ സംബന്ധിച്ച്, തന്റെ നിത്യപദ്ധതികളോടുള്ള അവരുടെ അനുസരണത്തിനോ അനുസരണമില്ലായ്മയ്ക്കൊ അനുസരിച്ച് ദൈവം മാറ്റങ്ങൾ വരുത്തുന്നു. അനുകൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുമ്പോൾ നല്ല കാലമാണെന്നും പ്രതികൂലങ്ങളിൽ കൂടി പോകേണ്ട സമയങ്ങൾ മോശം സമയമാണെന്നും മനുഷ്യൻ വിലയിരുത്തുമ്പോൾ ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവ പൈതലിനെ സംബന്ധിച്ച് ദൈവഹിത്തിനു സ്വയം ഏൽപ്പിക്കുമ്പോൾ ഏത് സാഹചര്യവും ശരിയായ സമയമാണെന്ന് ഉറപ്പ് വരുന്നതിനാൽ ആശങ്കാരഹിതമായി ജീവിതത്തെ നേരിടുന്നു. ആകയാൽ നമുക്ക് ദൈവീകപദ്ധതിപ്രകാരം തന്റെ ഹിതത്തിനായി നമ്മെ ഏൽപ്പിച്ചു കൊടുക്കാം. ദൈവീക ഉദ്ദേശ്യത്തിനായി സമർപ്പിച്ചു അവനോടുള്ള അനുസരണത്തിൽ ജീവിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.

 

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.