പ്രാർത്ഥനയുടെ ശക്തി

 പ്രസാദകാലം
June 19, 2016
ഫലം കായ്പ്പിൻ
June 21, 2016

ദൈവമക്കളെന്ന നിലയിൽ ദൈവസിംഹാസനത്തിന്റെ അടുക്കൽ ധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കടന്നുവന്ന് നമ്മുടെ ആവശ്യങ്ങൾ ദൈവവുമായി പങ്കുവക്കുവാനുള്ള അവകാശം ദൈവം നമുക്ക് നല്കിയിട്ടുണ്ട്. പല മതങ്ങളിലും ഒരു ചര്യയോ ചടങ്ങോ ആണ് പ്രാർത്ഥനയെങ്കിൽ, പിതാവും മക്കളും തമ്മിലുള്ള ആശയവിനിമയമാണ് ക്രിസ്തീയ പ്രാർത്ഥനകൾ. പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുവാൻ അഭ്യർത്ഥിച്ച ശിഷ്യന്മാർക്ക് ഒരു പിതാവിനോടുള്ള സമ്പർക്കമാണ്‌ യേശു പഠിപ്പിച്ചത്.

Spread the love

വായനഭാഗം: യാക്കോബ്. 5:13-18 

13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14 നിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ.
15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിന്നു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു.
17 ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
18 അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.

ചിന്താവിഷയം: വാക്യം 13. നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ

ദൈവമക്കളെന്ന നിലയിൽ ദൈവസിംഹാസനത്തിന്റെ അടുക്കൽ ധൈര്യത്തോടും സ്വാതന്ത്ര്യത്തോടും കടന്നുവന്ന് നമ്മുടെ ആവശ്യങ്ങൾ ദൈവവുമായി പങ്കുവക്കുവാനുള്ള അവകാശം ദൈവം നമുക്ക് നല്കിയിട്ടുണ്ട്. പല മതങ്ങളിലും ഒരു ചര്യയോ ചടങ്ങോ ആണ് പ്രാർത്ഥന എങ്കിൽ, പിതാവും മക്കളും തമ്മിലുള്ള ആശയവിനിമയമാണ് ക്രിസ്തീയ പ്രാർത്ഥനകൾ. യേശു ഈ ലോകത്തിൽ ആയിരുന്നപ്പോൾ പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുവാൻ അഭ്യർത്ഥിച്ച ശിഷ്യന്മാർക്ക് ഒരു പിതാവിനോടുള്ള സമ്പർക്കമാണ്‌ യേശു പഠിപ്പിച്ചത്.

നമ്മുടെ വായനാ ഭാഗത്ത് ഏഴു പ്രാവശ്യം പ്രാർത്ഥനയെക്കുറിച്ച് യാക്കോബ് സൂചിപ്പിക്കുന്നുണ്ട്. ജീവിതപ്രശ്നങ്ങൾ “പ്രാർത്ഥനയിൽ കർത്താവിനെ ഏൽപ്പിക്കുക” എന്നത് തീർച്ചയായും ആത്മീയപക്വതയുടെ അടയാളമാണ്. നമ്മുടെ സാഹചര്യത്തെക്കുറിച്ചു പരാതി പറയുന്നതിനു പകരം ദൈവാശ്രയത്തിന്റെ പ്രതിഫലനമായ പ്രാർത്ഥന ദൈവം കേട്ട് ഉത്തരമരുളുന്നു. കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കുവാൻ യാക്കോബ് പ്രബോധിപ്പിക്കുന്നു. ദൈവഹിതമാണെങ്കിൽ പ്രാർത്ഥനമൂലം ചില കഷ്ടത നീങ്ങിപ്പോകാം. എന്നാൽ ചിലപ്പോൾ പ്രയാസങ്ങളെ തരണം ചെയ്യുവാനുള്ള ദൈവകൃപ ലഭിക്കുന്നതും പ്രാർതനയ്ക്കുള്ള മറുപടിയാണ്. ദൈവത്തിന്റെ സമ്പൂർണ്ണഹിതം നിറവേറുവാൻ അത് സഹായിക്കും. ദൈവാശ്രയത്തോടെ ഉള്ള പ്രാർത്ഥന കഷ്ടത സന്തോഷത്തോടെ നേരിടുവാനും തരണം ചെയ്യുവാനും നമ്മെ സഹായിക്കുന്നു. കഷ്ടത മാറിയശേഷം അഥവാ സുഖം അനുഭവിക്കുമ്പോൾ പാട്ട് പാടുവാൻ എല്ലാവർക്കും കഴിഞ്ഞേക്കാം. എന്നാൽ ആത്മീയ പക്വത പ്രാപിച്ച ഒരുവന് കഷ്ടതയിലും പാടുവാൻ കഴിയും. ഫിലിപ്പിയിലെ കാരാഗ്രഹത്തിൽ കഷ്ടതകളുടെ നടുവിൽ പൌലോസിനും ശീലാസിനും പാടുവാൻ ദൈവകൃപ ലഭിച്ചതും അത് അവരുടെ ജീവിതത്തിൽ വിടുതലിനു കാരണമായതും ഓർക്കുക. (അപ്പൊ.പ്രവൃ :16:25)

രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള യാക്കോബിന്റെ ആഹ്വാനത്തിൽ പ്രാർത്ഥന എങ്ങനെ ഉള്ളതായിരിക്കണമെന്നും അതിന്റെ ഫലം അഥവാ ശക്തി എന്തെന്നും വ്യക്തമാക്കുകയാണ്. വിശ്വാസത്തോടും ശ്രദ്ധയോടും കൂടിയ പ്രാർത്ഥന ഒരുവന്റെ പാപങ്ങളെ ക്ഷമിക്കുവാനും രോഗങ്ങളെ സൗഖ്യമാക്കുവാനും പര്യാപ്തമാണ്. അത് വളരെ ഫലം ചെയ്യുന്നു. ഏലിയാവിന്റെ പ്രാർത്ഥന നമുക്ക് വെല്ലുവിളി ആകട്ടെ. ഏലീയാവു നമുക്ക് സമസ്വഭാവമുള്ള മനുഷ്യനായിരുന്നു, എങ്കിലും പ്രകൃതിയെ നിയന്ത്രിക്കുവാന്തക്ക ശക്തി,  വിശ്വാസത്തോടെ ഉള്ള തന്റെ പ്രാർത്ഥനയ്ക്കുണ്ടായിരുന്നു. ആര് പ്രാർത്ഥിക്കുന്നു എന്നല്ല, എങ്ങനെ പ്രാർത്ഥിക്കുന്നു എന്നതാണ് പ്രാധാന്യം എന്ന് അപ്പോസ്തലൻ നമ്മെ ഓർപ്പിക്കുകയാണ്. നമ്മുടെ പ്രാർത്ഥനകൾ ആശ്രയവും വിശ്വാസവും നിറഞ്ഞതാകട്ടെ.

ആകയാൽ നമ്മുടെ പ്രാർത്ഥന എങ്ങനെയുള്ളത് എന്നു നമുക്ക് വിലയിരുത്താം. ആത്മാർത്ഥമായി അപ്പനോട് മനസ്സ് തുറക്കുന്ന സമയങ്ങൾ ആകട്ടെ നമ്മുടെ പ്രാർത്ഥനകൾ. വിശ്വാസത്തോടും ശ്രദ്ധയോടും കൂടി മറ്റുള്ളവർക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കാം. ദൈവം ദേശത്ത് പാപബോധവും ഉണർവ്വും വരുത്തി ദേശത്തെ പുഷ്ടിപ്പെടുത്തുവാൻ ഏലിയാവിനെ പോലെ നമുക്കും ദേശത്തിനുവേണ്ടി പ്രാർത്ഥിക്കാം. ദൈവം നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.