സ്വയയുദ്ധം

ഇടവിടാതെയുള്ള പ്രാർത്ഥന
February 10, 2016
അഗ്നിശോധനയുടെ യാഥാർത്ഥ്യം.
February 12, 2016

പാപത്തിന്റെ അന്തസത്ത സ്വാർത്ഥതയാണ്. മോഹം ഗർഭം ധരിച്ചാണ് പാപത്തെ പ്രസവിക്കുന്നത് എന്ന് വചനം വ്യക്തമായി പറയുന്നു. ഹവ്വാ ദൈവം നിരോധിച്ച പഴം തിന്നുവാനിടയായത് ദൈവത്തെ പോലെ ആകുവാനാണ്. അബ്രഹാം തന്റെ ഭാര്യയെ കുറിച്ച് സഹോദരി എന്ന് വ്യാജം പറഞ്ഞത് സ്വന്തം ജീവനെ രക്ഷിക്കുവാനാണ്. ആഖാൻ യിസ്രായേലിന് പരാജയം വരുമാറു കൊള്ളമുതൽ ഒളിപ്പിച്ചത് തികച്ചും സ്വാർത്ഥതയായിരുന്നു.

Spread the love

വായനഭാഗം: യാക്കോബ്. 4: 1-3  

1 നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?
2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.
3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

ചിന്താവിഷയം: വാക്യം 3. നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.

പാപത്തിന്റെ അന്തസത്ത സ്വാർത്ഥതയാണ്. മോഹം ഗർഭം ധരിച്ചാണ് പാപത്തെ പ്രസവിക്കുന്നത് എന്ന് വചനം വ്യക്തമായി പറയുന്നു. ഹവ്വാ ദൈവം നിരോധിച്ച പഴം തിന്നുവാനിടയായത് ദൈവത്തെ പോലെ ആകുവാനാണ്. അബ്രഹാം തന്റെ ഭാര്യയെ കുറിച്ച് സഹോദരി എന്ന് വ്യാജം പറഞ്ഞത് സ്വന്തം ജീവനെ രക്ഷിക്കുവാനാണ്. ആഖാൻ യിസ്രായേലിന് പരാജയം വരുമാറു കൊള്ളമുതൽ ഒളിപ്പിച്ചത് തികച്ചും സ്വാർത്ഥതയായിരുന്നു.

സ്വാർത്ഥ ചിന്തകൾ അപകടകാരികളാണ്. അവ തെറ്റായ പ്രവൃത്തിയിലേക്ക് നയിക്കുക മാത്രമല്ല, തെറ്റായ രീതിയിൽ പ്രാർത്ഥിക്കുവാനും കാരണമായിത്തീരുന്നു(വാ. 3). മനുഷ്യന്റെ ലക്‌ഷ്യം സ്വർഗ്ഗത്തിൽ നിറവേറപ്പെടുകയല്ല, ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ  നിറവേറപ്പെടുകയാണ് പ്രാർത്ഥനയുടെ ഉദ്ദേശ്യം. സ്വാർത്ഥ ജീവിതവും സ്വാർത്ഥമായ പ്രാർത്ഥനയും സ്വയം പോരാട്ടത്തിലേക്ക് നയിക്കുകയും പിന്നത്തേതിൽ അത് ബാഹ്യതലങ്ങളിലേക്ക് വ്യാപിക്കുകയും പാപത്തിൽ മനുഷ്യനെ മുക്കിക്കളയുകയും ചെയ്യുന്നു.

സ്വാർത്ഥ മോഹങ്ങളാൽ തങ്ങളിൽത്തന്നെ പോരാട്ടം അനുഭവിക്കുന്നവർ എല്ലായ്പ്പോഴും അസന്തുഷ്ടരായി കാണപ്പെടുന്നു. അവർക്കു ജീവിതം ആസ്വദിക്കുവാൻ കഴിയുന്നില്ല. തങ്ങൾക്കു ലഭിച്ചിരിക്കുന്ന നന്മകളെയും അനുഗ്രഹങ്ങളെയും കുറിച്ചു നന്ദിയുള്ളവരാകേണ്ടതിനു പകരം അവർ ഇല്ലായ്മകളെ കണ്ടുപിടിച്ച് അവയെ ചൊല്ലി പരാതി പറയുന്നവരാണ്. മറ്റുള്ളവർക്കുളളതിനെക്കുറിച്ചു അസൂയപ്പെടുന്നതിനാൽ എല്ലാവരോടും യോജിച്ചു പോകുവാൻ ഇങ്ങനെയുള്ളവർക്ക് കഴിയുകയില്ല. അവർ തങ്ങളോടുതന്നെ ഒരു യുദ്ധത്തിലേർപ്പെട്ടിരിക്കുന്നു.

നമ്മുടെ പ്രാർത്ഥനകൾ ചിലപ്പോൾ എങ്കിലും യഥാർത്ഥ ലക്ഷ്യത്തെ മറയ്ക്കുന്ന മൂടുപടമായി തീരാറുണ്ട്. ദൈവഹിതം അന്വേഷിക്കുന്നതിനു പകരം ദൈവമെന്താണ് ചെയ്യേണ്ടത് എന്ന് നാം പറയുകയും അത് ദൈവം ചെയ്യുന്നില്ലെങ്കിൽ നാം കോപിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള ഈ കോപം പിന്നത്തേതിൽ ശിക്ഷയായി ഭവിക്കുന്ന കാര്യം പലപ്പോഴും നാം ശ്രദ്ധിക്കാതെപോകുന്നു. നാം നമ്മോടു തന്നെ പോരാട്ടത്തിലായിരിക്കുന്നതിന്റെ കാരണം മേൽപ്പറഞ്ഞ ചില കുറവുവശങ്ങളാണെന്നു തിരിച്ചറിഞ്ഞു നമുക്കു മനസ്സുപുതുക്കി രൂപാന്തരപ്പെടാം. ദൈവം അതിനായി നമ്മെ സഹായിക്കട്ടെ.

Shiny Jose
Shiny Jose
സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പത്തനാപുരമാണ് സ്വന്ത സ്ഥലം. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മൂന്ന് കുഞ്ഞുങ്ങൾ - ഫേബ, കെസിയ, ജൊഹാന

Comments are closed.